നാലാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
വാട് നോൺസെൻസ് ആർ യൂ ടോക്കിങ് മിസ് ജാനകി സത്യമൂർത്തി…മനു ചോദിച്ചു.
സോറി മനുവർമ്മ. മിസ് ജാനകി സത്യമൂർത്തിയല്ല…അവൾ ഒന്നു നിർത്തി.
ഉള്ളിൽ ഉള്ള സർവ പ്രതീക്ഷയും തീർന്നോ കൃഷ്ണാ…അവൻ ഉള്ളിൽ പ്രാർത്ഥിച്ചു.
അഡ്വക്കേറ്റ് ജാനകി സത്യമൂർത്തി…ന്റെ വീട്ടിൽ അരിയും മുളകും വാങ്ങണ കാര്യമല്ല ഞാനിവിടെ പറയുന്നത്…അവൾ അവനോടു പറഞ്ഞു.
അവൾ ഒരു താങ്ങു താങ്ങിയതാണെങ്കിലും മിസ്സിസ് എന്നു പറയാഞ്ഞതിനാൽ അവനൊരല്പം ആശ്വാസം തോന്നി.
സീ ജാനകി..കുട്ടിയോട് എനിക്കോ ന്റെ കുടുംബത്തിനോ പേഴ്‌സണൽ ആയിട്ടു ഒരു ബന്ധവും ഇല്ല. പിന്നെ കൃഷ്ണസ്വാമി…സ്വന്തം അനുജത്തി ഒരാളോടൊപ്പം ഇറങ്ങിപ്പോയപ്പോൾ അവൾ നന്നായി ജീവിക്കുന്നോ..അയാൾ അവളെ നോക്കുന്നുണ്ടോ അവൾ സുഖമായിരിക്കുന്നോ..ഈ വക എന്തെങ്കിലും അയാൾ അന്വേഷിച്ചോ…?
വർഷങ്ങളോളം അവൾ എവിടെ എന്നു പോലും അന്വേഷിക്കാതെ ഇരുന്നിട്ട് പെട്ടെന്നൊരു ദിവസം വന്നു അവളെ കാണാനില്ല എന്നു പറയുകയാണോ ചെയ്യേണ്ടത്. അറ്റ്ലീസ്റ്റ് എന്നോട് നേരിട്ടയാൾക്കു അന്വേഷിക്കമായിരുന്നു എന്താണ് സംഭവിച്ചതെന്ന്…അതിനൊരു മീഡിയേറ്റർ പുറത്തുനിന്നും ആവശ്യം ഇല്ലായിരുന്നല്ലോ…അനന്തവർമ്മ അൽപ്പം ശാന്തനായി സംസാരിച്ചു.
ശരിയാണ് സർ ഇപ്പോൾ പറഞ്ഞതു…പക്ഷെ സ്വന്തം പെങ്ങളെ കാണാൻ വർഷങ്ങൾക്കിപ്പുറം ഓടിവന്ന കൃഷ്ണസ്വാമിയെ സ്വീകരിച്ചത് നിങ്ങളുടെ ഇപ്പോഴത്തെ ഭാര്യയായ മൃണാളിനി ആണ്. നിങ്ങൾക്ക് പല സ്ത്രീകളുമായും ബന്ധമുണ്ട്. അവയൊക്കെ അന്വേഷിച്ചു ആളുകൾ ചെന്നാൽ അവർ അതിനായി നിങ്ങൾ ഇപ്പോൾ ഉണ്ടാക്കി വെച്ചിരിക്കുന്നതിലും വലിയ ഒരു ഓഫീസും കോടതിയും വേറെ ഉണ്ടാക്കേണ്ടി വരും എന്നാണ് അറിയിച്ചത്…പിന്നെ നിങ്ങൾക്കിഷ്ടമല്ലാത്തവരെ നിങ്ങൾ ഇല്ലാതാക്കും അതോണ്ട് ഒരു കാര്യം ചെയ്യൂ പോയി പോലീസിനെ കാണു എന്നും പറഞ്ഞു. ആ അവസ്ഥയിൽ അദ്ദേഹം എന്നെ കോണ്ടാക്ട് ചെയ്തു. അത്രേയുള്ളൂ..ജാനകി സൗമ്യമായി സംസാരിച്ചു.
അനന്തവർമ്മയുടെ മുഖം ദേഷ്യത്താൽ ചുവന്നു. മനുവിനും ഉള്ളിൽ മൃണാളിനിയോട് ദേഷ്യം തോന്നി. ഇങ്ങനെയാണോ ഒരാളോട് സംസാരിക്കേണ്ടത്.
അടുത്ത നിമിഷമാ ഗംഗാലക്ഷ്മി എന്ന പേരവന്റെ ഉള്ളിൽ നിറഞ്ഞു. അവർ എവിടെ ആയിരിക്കും ഇപ്പോൾ…
ഓകെ…ഇപ്പോൾ ഞാൻ എന്താ ചെയ്യേണ്ടത്…? അനന്തവർമ്മ കോപത്തെ നിയന്ത്രിച്ചു ചോദിച്ചു.
വേറൊന്നും വേണ്ട. കൃഷ്ണസ്വാമിക്കു അദ്ദേഹത്തിന്റെ പെങ്ങളെ കാണണം. അവർ എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകണം. അത്രയും മാത്രം.
നൊ വേ…അനന്തവർമ്മ പറഞ്ഞു.
വൈ…ജാനകി വിടാൻ ഭാവമില്ലായിരുന്നു.
അവർ എന്റെ കൂടെയില്ല…ഞങ്ങൾ പിരിഞ്ഞു…അനന്തവർമ്മ പറഞ്ഞു.
ഗ്രെയ്റ്റ് സർ, അവരിപ്പോൾ അങ്ങയുടെ കൂടെ ഉണ്ടോ ഇല്ലേ എന്നതല്ല നിലവിലെ പ്രശ്നം. അവരിപ്പോൾ ജീവനോടെ ഉണ്ടോ ഇല്ലേ എന്നതാണ്…ജാനകി സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
അനന്തവർമ്മയുടെ ഉള്ളിൽ ഒരു തീകൊള്ളി വീണു. അവൾ…അവൾക്കെന്തെങ്കിലും…നൊ…
സീ ജാനകി..ഗംഗാലക്ഷ്മിയും ഞാനും പ്രണയത്തിലായിരുന്നു. കുറച്ചുകാലം ഒന്നിച്ചു ജീവിച്ചു. സത്യമാണ്…ബട് ഒന്നിച്ചു ജീവിക്കാൻ കഴിയില്ല എന്നായപ്പോൾ ഞങ്ങൾ പിരിഞ്ഞു. അവർ അവരുടെ വഴിക്ക് പോയി…ഞാൻ പിന്നീട് ആവർ എവിടെ എന്നന്വേഷിക്കേണ്ട കാര്യം എന്താണ്…? അതിനൊരു നിയമവശം ഇല്ലല്ലോ…അയാൾ പറഞ്ഞു.
പറഞ്ഞപ്പോൾ അവളെ ജയിച്ച ഒരു സന്തോഷം അയാളിൽ നിറഞ്ഞു.
ശരിയാണ് സർ…അങ്ങു ആ വിവാഹ മോചന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. അല്ലെങ്കിൽ വേണ്ട…അതിന്റെ ഒരു പകർപ്പ് എനിക്ക് നൽകിയാൽ മതി. ഞാൻതന്നെ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കിക്കോളാം…അവൾ പറഞ്ഞു.
അനന്തവർമ്മ ഒന്നു ഞെട്ടിപ്പിടഞ്ഞു…വിവാഹമോചന സർട്ടിഫിക്കറ്റ്..അത്..അയാൾ ഇരുന്നു വിക്കി.
ഇല്ല അല്ലെ…? അവൾ പുഞ്ചിരിയോടെ ചോദിച്ചു.
ഇല്ല…അങ്ങനെ ഒരു പെറ്റിഷൻ ഞങ്ങൾ സൈൻ ചെയ്തിട്ടില്ല.
പെട്ടെന്നവിടൊരു പൊട്ടിച്ചിരി മുഴങ്ങി. മനുവും അനന്തവർമ്മയും ഞെട്ടി ജനാകിയെ നോക്കി.
സോറി സർ…അപ്പോൾ ഇത്രയും കാലം സുപ്രീം കോടതിയിൽ പോലും പോയി ചീഫ് ജസ്റ്റീസ് വരെ ഞെട്ടുന്ന തരത്തിൽ വാദിച്ചു ജയിക്കുന്ന…നിയമം വഴി സ്ഥാപിതമായ എല്ലാ അവകാശങ്ങളും തന്നാൽ കഴിയും വിധം തന്നെ തേടി വരുന്നവർക്ക് നേടിക്കൊടുക്കും എന്നുറക്കെ പ്രഖ്യാപിക്കുന്ന അഡ്വക്കേറ്റ് അനന്തവർമ്മയ്ക്കു സ്വന്തം ജീവിതത്തിൽ ആ നീതി ഭാര്യയ്ക്ക് നൽകാൻ കഴിഞ്ഞിട്ടില്ല എന്നോ…?
സ്റ്റോപ് ഇട് ജാനകി…അയാൾ പൊട്ടിത്തെറിച്ചു.
എന്തും പറയാം എന്നായോ നിനക്ക്…ഞാനാരാണെന്നു നിനക്കറിയുമോ…? അനന്തവർമ്മ ചോദിച്ചു.
ഓകെ സർ..കൂൾ..ഞാൻ പറയട്ടെ..ഇന്ത്യൻ നിയമം അനുസരിച്ചു ഒരാൾക്ക് ഒരു ഭാര്യ എന്നാണ്. വിവാഹേതര ബന്ധം കോടതി അംഗീകരിച്ചിട്ടു അധികം ആയിട്ടുമില്ല. അതുമല്ല അതിനു യാതൊരു നിയമാനുസൃതമായ മുൻകാല പ്രാബാല്യവും കല്പിച്ചിട്ടുമില്ല…
സോ..ഇപ്പോൾ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ ഭാര്യ എന്ന പദവിയിൽ ഇരിക്കുന്ന സ്ത്രീയുടെ ശരിക്കുള്ള പോസ്റ്റ് എന്താ…ഭാര്യ എന്നല്ലെങ്കിൽ…
ജാനകി…അവളെ ശാസിക്കും വിധം വിളിച്ചുകൊണ്ടു അനന്തവർമ്മ പിടഞ്ഞെഴുന്നേറ്റു. അനന്തവർമ്മയുടെ ഭാവം കണ്ടു മനുവും ഞെട്ടിയെഴുന്നേറ്റു.
പക്ഷെ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്ന ഭാവത്തിൽ ഇരിക്കുകയായിരുന്നു ജാനകി.
തന്നെ കണ്ടാൽ ഒരു 25 വയസ്സിനു മുകളിൽ തോന്നില്ല…അതായത് എങ്ങനെ പോയാലും പ്രാക്ടീസ് തുടങ്ങിയിട്ടെ ഉള്ളു എന്നു സാരം. തന്നെപ്പോലെയുള്ള 12 ജൂനിയർ അഡ്വക്കേറ്റ്സ് എന്റെ കീഴിൽ വർക്ക് ചെയ്യുന്നുണ്ട്…ആ താൻ എന്നെ നിയമം പഠിപ്പിക്കാൻ ശ്രമിക്കുകയാണോ…? അയാൾ പുച്ഛം കലർന്ന ചിരിയോടെ ചോദിച്ചു.
നെവർ സർ…അങ്ങാരാണെന്നും അങ്ങയുടെ ചരിത്രം എന്തെന്നും ചികഞ്ഞു അന്വേഷിച്ചിട്ടു തന്നെയാണ് ഞാൻ വന്നിരിക്കുന്നത്. തുറന്നുപറയട്ടെ മിസ്റ്റർ അനന്തവർമ്മ…ഇതൊരു പൂട്ടാണ്…നല്ല ഒന്നാംതരം പാര…പാര വെച്ചത് ജാനകിയാണ്, അഡ്വക്കേറ്റ് ജാനകി സത്യമൂർത്തി….കാത്തിരുന്നു കാണാം.
ജാനകിയുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ അഗ്നി തിളച്ചു മറിയുന്നത് അയാൾ കണ്ടു.
ആരാ നീ…തിരഞ്ഞു പിടിച്ചു സഖറിയായുടെ കേസുമായി വന്ന നീ ആരാ…? അനന്തവർമ്മ അവളെ നോക്കി ചോദിച്ചു.
പുഞ്ചിരിയോടെ അവൾ എഴുന്നേറ്റു. ജാനകി…ഞാൻ ജാനകിയാണ് അനന്തവർമ്മ…അതാണ് ഞാൻ. അതാണെന്റെ ഐഡന്റിറ്റി. കൂടുതൽ അറിയണമെങ്കിൽ അന്വേഷിച്ചാൽ മതി. കാത്തിരിക്കാം ഞാൻ…
നാളെ ഞാൻ ഈ കേസ് കോടതിയിൽ സമർപ്പിക്കും. കോടതി ആദ്യ വാദം നാളെ കേൾക്കും. മറ്റാരും അറിഞ്ഞു നാണക്കേടാക്കേണ്ട എങ്കിൽ നാളെ എത്തിക്കു അങ്ങയുടെ ഭാര്യയെ…
ഭാര്യ എന്നത് അൽപ്പം സ്‌ട്രെസ് ചെയ്താണ് അവൾ പറഞ്ഞതു. അവളുടെ മുഖത്തു ഒരു പുച്ഛം കലർന്ന പുഞ്ചിരി വിരിഞ്ഞു.
ഓഹ് സോറി. 10 അര ആകുന്നു…11 കഴിയുമ്പോൾ എനിക്കൊരു ഹിയറിങ് ഉണ്ട്..കാണാം…അതും പറഞ്ഞവൾ ഇറങ്ങി.
അവൾ പോകുന്നതും നോക്കി അനന്തവർമ്മയും മനുവും നിന്നു. ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ് അവളെന്നു അവനു മനസ്സിലായി.
മനു…അനന്തവർമ്മ വിളിച്ചു.
ആ അമ്മാവാ…
നാളെ രാവിലെ 10 മണിക്ക് മുൻപെനിക്കറിയണം അവളുടെ ചരിത്രം. നാളെ അവൾ കോടതിയിൽ എനിക്കെതിരെ പേപ്പർ ഹാജരാക്കും മുൻപെനിക്കറിയണം അവളുടെ ജീവചരിത്രം…
അതൊരു ആജ്ഞയായിരുന്നു. അതും പറഞ്ഞദ്ദേഹം നടന്നു നീങ്ങി. പിറകെ മനുവിന്റെ കാലുകൾ ചലിച്ചു.
****** ****** ******
മനു അനന്തവർമ്മയെ കൊണ്ട് നിളയിൽ വിട്ട ശേഷം ആദ്യം പോയത് കാശിയുടെ അടുത്തേയ്ക്കാണ്. കാര്യങ്ങൾ അവൻ വിശദീകരിച്ചു പറഞ്ഞു. കേട്ടിടത്തോളം കാര്യങ്ങൾ അൽപ്പം കോംപ്ലിക്കേറ്റഡ് ആണല്ലോടാ…കാശി പറഞ്ഞു.
സിറ്റിയിലെ കോഫി ഹൗസിൽ ഇരുന്നു ബിരിയാണി കഴിക്കുകയായിരുന്നു അവർ.
ടാ..എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല. നാളെ 10നു മുൻപേ അവളുടെ ഫുൾ ഡീറ്റൈൽസ് ഒപ്പിക്കണം. പക്ഷെ അതൊപ്പിച്ചാലും അവൾ അമ്മാവന്റെ ശത്രുവാ…ആ അവളെ ഞാൻ ന്റെ ജീവിതത്തിലോട്ടു എങ്ങനെയാ…അതിനൊരു വഴി പറയെടാ…മനു പറഞ്ഞു.
ടാ..ഞാൻ അതല്ല ആലോചിക്കുന്നത്. ഈ ബിരിയാണിക്കു പകരം ഒരു മസാല ദോശ പറഞ്ഞാൽ മതിയായിരുന്നു അല്ലെടാ…കാശി പറഞ്ഞത് കേട്ടു അന്തം വിട്ടു മനു അവനെ നോക്കി.
എന്തോന്നാടാ നീ ഈ പറയുന്നേ…ഇല്ലാത്ത കാശും ഉണ്ടാക്കി നിന്നെ ബിരിയാണി തീറ്റിക്കാം എന്നെനിക്കു നേർച്ചയൊന്നുമില്ല…മനു പറഞ്ഞു.
കൂൾ മനു…ടാ നിന്റെ പ്രോബ്ലെം അത് ജാനകിയല്ലേ…?
മ്…
നിനക്കവളെ ഇഷ്ടമാ..നിന്റെ അമ്മാവന് ശത്രുവും…രണ്ടുപേർക്കും അറിയേണ്ടത് അവളെപ്പറ്റിയും…പോയി അന്വേഷിച്ചറിയെടാ പുല്ലേ…കാശി പറഞ്ഞത് കേട്ടു മനു അവനെ നോക്കി.
കാര്യം വലിയ അഡ്വക്കേറ്റ് ഒക്കെയാണെങ്കിലും പത്തു പൈസയ്ക്കു വിവരം ഇല്ലെങ്കിലും ചില നേരം അവന്റെ വാക്കുകൾ മനുവിന് പുതു ജീവനാണ്.
അപ്പൊ അന്വേഷിക്കാം അല്ലെ…
ഓഹ്..ഒന്നു പോയി അന്വേഷിക്കേടാ…കാശി പറഞ്ഞു.
ഓകെ ടാ..ആരെയേലും ഫോണിൽ കിട്ടുമോന്നു നോക്കട്ടെ…അതും പറഞ്ഞു മനു ചാടി എഴുന്നേറ്റു.
ടാ..ബില്ല് വെച്ചിട്ടു പോണേ…നിന്റെ അമ്മാവൻ ആയോണ്ട് പറയുവല്ല. കിട്ടുന്നത് നക്കാപ്പിച്ചയാ…ന്റെ വീട്ടിൽ പാവം ഒരമ്മയും അനിയത്തിയും ചേച്ചിയും അവളുടെ മോളുമുണ്ടെ…
ഹേ..നിന്റെ ചേച്ചീടെ ഭർത്താവുപേക്ഷിച്ചോ…?
ടാ കൊപ്പേ..മനുവിന്റെ പറച്ചിൽ കേട്ടു കാശി വിളിച്ചു.
പിന്നല്ലാതെ…പറച്ചിൽ കേട്ടാൽ തോന്നും എല്ലാവരെയും അവനാ നോക്കുന്നതെന്നു. ഗൾഫിൽ കിടക്കുന്ന അവന്റെ അച്ഛനും അളിയനും ഉണ്ടാക്കുന്നത് വെച്ചിട്ടാ ശവം വെട്ടി വിഴുങ്ങുന്നെ..എന്നിട്ടു…മനു ചിരിച്ചുകൊണ്ട് പറഞ്ഞു.
സോറി അളിയാ..പേഴ്സ്..
അതു കാലിയാണെന്നറിയാം. ഞാൻ കൊടുത്തോളാം ബിൽ. ഒന്നു വേഗം വാ…അതും പറഞ്ഞു വെയിറ്ററെ വിളിച്ചു ബില്ലും വാങ്ങി പേ ചെയ്തവൻ ഇറങ്ങി.
അവൻ ആരെയൊക്കെയോ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചു അന്വേഷിച്ചു. കയ്യും കഴുകി കാശിയും ഇറങ്ങി വന്നു…എന്തായി…നിന്റെ ജാനകിയെ കുറിച്ചുള്ള അന്വേഷണം…?
ഒന്നുമായില്ല. കോടതിയിൽ എനിക്കൊരു ഫ്രണ്ടുണ്ട്. ദീപക്…പ്രാക്ടീസ് നമ്മുടെ വേതാളം വക്കീലിന്റെ കൂടെയാ…അവനോടു അവളുടെ വീടെവിടാണെന്നു അന്വേഷിക്കാൻ പറഞ്ഞു.
അതു പറഞ്ഞതും മനുവിന്റെ ഫോണിൽ ദീപക്കിന്റെ കാൾ വന്നു. ആ എടാ പറയ്..ആണോ..ഓകെ ടാ..താങ്ക്സ് എലോട്..ഓകെ ടാ..അതും പറഞ്ഞവൻ ഫോൺ വെച്ചു.
ഈ സമയം അത്രയും ഓപ്പോസിറ്റുള്ള തുണിക്കടയിൽ നിൽക്കുന്ന സെൽസ് ഗേൾസിനെ നോക്കുകയായിരുന്നു കാശി.
ടാ…മനു അവനെ തട്ടി വിളിച്ചു. കിട്ടി..ഇപ്പോൾ ഇടപ്പള്ളിക്കടുത്തു ഒരു ഫ്ലാറ്റിലാ അവൾ താമസിക്കുന്നത്..വാ അവിടെ പോണം..അതും പറഞ്ഞവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. കാശി കയറി..ഹെൽമറ്റ് വെച്ചു മനു ബൈക്ക് എടുത്തു. ഇടപ്പള്ളിക്കടുത്തുള്ള അസെറ്റ് അപ്പർട്മെന്റ്‌സ് എന്ന വലിയ കവാടത്തിനടുത്തായി അവൻ ബൈക്ക് പാർക്ക് ചെയ്തു.
അവൻ സെക്യൂരിറ്റിക്കടുത്തു ചെന്നു എന്തൊക്കെയോ ചോദിച്ചു. തിരിച്ചു വരുമ്പോഴും കാശി വഴിയില്നിന്നും വാങ്ങിയ കപ്പലണ്ടി കൊറിക്കുകയായിരുന്നു. നിനക്കീ തീറ്റി തന്നെയുള്ളോടാ വിചാരം…മനു സഹികെട്ട് അവനോടു ചോദിച്ചു.
പിന്നേ…നേരം വെളുത്തു നിന്റെ അമ്മാവന്റെ കൂടെ കയറിയാൽ അങ്ങേരാകെ ഉച്ചയ്ക്കൊരൂണിനാ കാശു കിട്ടുന്നെ…പുറത്തിറങ്ങിയാൽ പിന്നിതല്ലാതെ എന്തോർക്കാനാ…കാശി പറഞ്ഞു.
എന്തായി അന്വേഷണം..മിഷൻ ജാനകി…കാശി മനുവിനോടായി ചോദിച്ചു.
ഒന്നുമായില്ല..ഇവിടുള്ളവർക്കു ആകെ അറിയുന്നത് 3 കാര്യമാ..അവൾ അഡ്വക്കേറ്റ് ആണ്…വീട്ടിൽ അമ്മയും അവളും ആകെ ഒരു പെൺകുട്ടിയും..സഹായത്തിനു നിൽക്കുന്നതാ..ഒരാങ്ങളയുണ്ട് എവിടെയോ പഠിക്കുകയാണ്..
പിന്നെ ആള് തമിഴ്നാട്ടിൽ ആയിരുന്നു. ചെന്നൈയിൽ…
തീർന്നു..അപ്പൊ ഇനി എന്താ ചെയ്യുക…?
അന്വേഷണം ചെന്നൈയ്യിലേക്കാണ് പോകേണ്ടത്. അവിടെ ആരുണ്ട് ഒരു സഹായത്തിന്…മനു കാശിയോടായി എന്നാൽ സ്വയം ചോദിച്ചു.
ടാ..നമ്മുടെ കൂടെ 8ആം ക്ലാസ്സിൽ പഠിച്ച കോഴി രാഹുൽ അവനിപ്പോൾ ചെന്നെയ്യിലാ..പൊലീസാ…കാശി പെട്ടെന്നെന്തോ ഓർത്തതുപോലെ പറഞ്ഞു.
എന്നിട്ടാണോടാ മിണ്ടാതെ നിന്നെ..നമ്പർ ഉണ്ടോ..
ആ ക്ലാസ് ഗ്രൂപ്പിൽ ഉണ്ടായിരുന്നു..തപ്പട്ടെ…അതും പറഞ്ഞു കാശി നമ്പർ തപ്പിയെടുത്തു. അവർ രാഹുലിനെ വിളിച്ചു. ജാനകിയുടെ വിവരം അവനോടന്വേഷിച്ചു. അയാൾ അവനോടു ഒരു ഫോട്ടോ ആവശ്യപ്പെട്ടു.
ടാ..നീ ഫോട്ടോ അയയ്ക്കാൻ പോകുവാണോ…? അവൻ പണ്ടേ കോഴിയാട്ടോ…കാശി ഓർമിപ്പിച്ചു.
എനിക്കിപ്പോ അവൾ ആരെന്നറിയണം. അതാണ് ഇമ്പോർട്ടന്റ്…അതും പറഞ്ഞു മനു ഫോട്ടോ രാഹുലിന് അയയ്ച്ചു. 10 മിനിറ്റിനകം അവൻ ആ മെസ്സേജ് കണ്ടു അപ്പോൾ തന്നെ മനുവിന്റെ ഫോണിലേക്കു രാഹുലിന്റെ കാൾ വന്നു.
അയാൾ പറഞ്ഞ കാര്യങ്ങൾ കേട്ടു മനു സ്തബ്ധനായി നിന്നു.
തുടരും…