ഒരു നാൾ വരും – രചന: അരുൺ കാർത്തിക്
“ജീവിതത്തിൽ പരാജയപ്പെട്ടവന്റെ കഥകൾ കൂടി കേൾക്കണം…വിജയിച്ചവനേക്കാൾ ഒരുപാട് പറയാനുണ്ടാവും അവർക്ക്…”
ഒരിക്കൽ ഒരാൾ എന്നോട് ഇങ്ങനെ പറഞ്ഞു, എന്തിനാണ് ഇങ്ങനെ പറഞ്ഞത്…? അറിയില്ല…
അതു പോട്ടെ…ഈ പ്രണയം എന്നു പറയുന്നത് പഴത്തിന്റെ തൊലിയുരിഞ്ഞു കളയുന്നത് പോലെ നിസ്സാരമായ കലയാണെന്ന് കുറച്ചു വൈകിയാണ് ഞാനറിഞ്ഞത്. അറിഞ്ഞു വന്നപ്പോഴേക്കും പെണ്ണ് കെട്ടാൻ പ്രായവുമായി.
അറിയാവുന്നവളുമാരെല്ലാം തേച്ചിട്ടു പോയി. പിന്നെ കൊടുത്താൽ കൊല്ലത്തും കിട്ടും എന്നറിയാവുന്നത് കൊണ്ടു എനിയ്ക്കൊട്ടു വിഷമവുമില്ല.
സ്ത്രീകളും പ്രണയവും ഇല്ലാത്ത ലോകത്തു ഇനി പുരുഷാധിപത്യത്തോടെ വിരാജിക്കണമെന്നു ആലോചിച്ചിരിക്കണ സമയത്താണ് എന്റെ ചേട്ടനു കെട്ടു പ്രായമായെന്നു ഞാനറിഞ്ഞത്. എങ്കിൽ പിന്നെ ഒട്ടും കുറയ്ക്കണ്ട…പോയി ചായയും ബിസ്കറ്റ് കഴിച്ചു ഇത്തിരി ജാഡയൊക്കെയിട്ട് വരാമെന്നു കരുതി ഏട്ടന്റെ ഒപ്പം പെണ്ണുകാണാൻ പോയി.
മിണ്ടാപ്പൂച്ച കലമുടയ്ക്കും എന്നു പറയണ പോലെ ഒരു പെണ്ണിന്റെ മുഖത്തു പോലും നോക്കാത്ത ഏട്ടൻ, പെണ്ണു കാണാൻ ചെന്ന വീട്ടിലെ പെണ്ണുമായിട്ട് നേരത്തെ തന്നെ ഒടുക്കത്തെ പ്രേമത്തിലായിരുന്നുവെന്ന് പോകുന്ന വഴിക്കാണ് ഞാൻ അറിയുന്നത്.
ഇതെങ്ങനെ ഒപ്പിച്ചു എന്നു ചോദിച്ചപ്പോൾ, ഫേസ് ബുക്ക് വഴി സംഭവിച്ചതാണത്രേ…
ബാക്കിയുള്ളവൻ fb യും വാട്ട്സ് ആപ്പും ഇൻസ്റ്റഗ്രാമും തുടങ്ങി എല്ലാത്തിലും അക്കൗണ്ട് എടുത്തു രാത്രി പോലീസ് ചെക്കിങ്ങിനിറങ്ങുന്നത് പോലെ ഒരാളേലും ലൈനിൽ ഉണ്ടോന്നു ഉറക്കമിളച്ചിരുന്നത് വെറുതെയായി.
എന്തായാലും ബ്രോയ്ക്ക് കട്ട സപ്പോർട്ടുമായി ഞാനും കൂടി. ഏടത്തിയെ കണ്ടു. ഇഷ്ടമായി, ആള് കുറച്ചു പൊക്കം കുറവാണേലും ഒരുപാട് കണ്ടു പഠിക്കാനുണ്ടെന്ന് മനസ്സിലായി. ഏട്ടന്റെ കാര്യം അമ്മയോട് പറഞ്ഞു ഏറെക്കുറെ സമ്മതിപ്പിച്ചു ചായയും ബിസ്കറ്റും കഴിക്കുമ്പോഴാണ് അവൾ വരുന്നത്…
ഏടത്തിയുടെ അനിയത്തി…
അവളെ കണ്ടപ്പോഴേ മനസ്സിൽ ലഡ്ഡു പൊട്ടി. ഇടതു നെഞ്ചിൽ ഒരു ലൗവ്വിന്റെ ഹോർമോൺ കിടന്നു ഇടിക്കുന്നുണ്ടോ എന്നൊരു സംശയം…?
അവൾ ഡിഗ്രി ആദ്യ വർഷമാണ്. അപ്പോൾ സമയം കുറെ കിട്ടും. പെട്ടെന്നാരും കെട്ടികൊണ്ടു പോകില്ല. ഇതിനിടയിൽ അമ്മാവന്റെ വകയൊരു ചോദ്യം അവളോട്…
എന്താ നിന്റെ പേര്…?
സീത…
എന്നിട്ട് രാമൻ കൂടെ വന്നില്ലേ…എന്നൊരു അവിഞ്ഞ കോമഡി ഡയലോഗ് അമ്മാവന്റെ വക. അവളുടെ രാമനാണ് ഇവിടെ ഇരിക്കുന്ന ഞാൻ എന്നു പറയാൻ തുടങ്ങിയെങ്കിലും അമ്മാവനല്ലേ എന്നോർത്ത് ഞാൻ ക്ഷമിച്ചു. അതു വരെ രാവണനായിട്ടു നടന്ന ഞാൻ ഏതായാലും രാമൻ ആവാൻ തീരുമാനിച്ചു.
ഇനി വില്ലൊടിച്ചു സീതയെ കെട്ടാൻ പറയുമോ ആവോ…
അങ്ങനെ ഏട്ടന്റെ കല്യാണം ഉറപ്പിച്ചു. കല്യാണദിവസം ഏട്ടന്റെ വാലായിട്ട് ഞാനും കൂടെ കൂടി. മണ്ഡപത്തിൽ തിരുമേനിയ്ക്കൊപ്പം ഞാനും കൂടി, നെല്ല് പറയിൽ നിറയ്ക്കാനും പൂക്കുലയും തേങ്ങയും എടുത്തു വയ്ക്കാനും ചന്ദനം ചാലിക്കാനും എന്തിനു ഏട്ടന്റെ താലിമാല വരെ എന്റെ കയ്യിൽ ആണുള്ളത്. എല്ലാം സീതയെ ഇമ്പ്രെസ്സ് ചെയ്യിക്കാനും കൂടിയായിരുന്നു…
അന്നുവരെ കല്യാണത്തിന് പോയാൽ വായ്നോട്ടം, ഫുഡ് അടിക്കുക, എന്നല്ലാതെ വധുവരന്മാരെയൊന്നും നമ്മൾ ശ്രദ്ധിക്കാറില്ല…
കുറച്ചു കഴിഞ്ഞു വധു വരന്മാർക്കുള്ള മാലയുമായിട്ട് ഞാൻ കതിർ മണ്ഡപത്തിലേക്ക് പോകുമ്പോൾ സീത കല്യാണച്ചെറുക്കനെ ആനയിക്കാനായി കത്തിച്ചു വച്ച നിലവിളക്കുമായി എനിക്ക് എതിരായി വരുന്നു. ആ വിളക്ക് പിടിച്ചു മേടിച്ചു എന്റെ കയ്യിലിരുന്ന കല്യാണമാല ഞാനവളുടെ കഴുത്തിലേക്ക് ഇട്ടാലോ എന്നൊരു നിമിഷം ആലോചിച്ചു. അപ്പോഴേക്കും, അതു വഴി വന്ന ആരോ ഒരാൾ എന്നെപിടിച്ചു സൈഡിലേക്ക് നിർത്തി.
ഏതായാലും തല്ക്കാലം സീതയുടെ ഒരു പുഞ്ചിരി കിട്ടി…അതുമതി നിന്നെ ഞാൻ എടുത്തോളാം എന്നു മനസ്സിൽ പറഞ്ഞു മുന്നോട്ടു നടന്നു…
കെട്ടു കഴിഞ്ഞു ഫോട്ടോ എടുക്കാൻ നേരം അവളോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ, നാട്ടിൽ നിന്നു വന്ന ടൂറിസ്റ്റ് ബസ്സിൽ ആള് ഫുൾ ആയി, ഡ്രൈവറേ കാണുന്നില്ലത്രെ…ഒടുവിൽ ഡ്രൈവറെ റെഡിയാക്കി വന്നപ്പോൾ ഫോട്ടോഷൂട്ട് കഴിഞ്ഞു സീത പോയി.
എല്ലാം കഴിഞ്ഞു തിരിച്ചു പോരാൻ നേരം ഏടത്തിയുടെ മുത്തശ്ശി വധു വരന്മാരെ എല്ലാവർക്കും പരിചയപ്പെടുത്തുവാണ്. സീതയും കൂടെയുണ്ട് (മുത്തശ്ശിയ്ക്ക് ഇത്തിരി ഓർമ്മ കുറവ് ഉണ്ട് ട്ടോ )
അതിലെ നടന്നു പോയ എന്നെ ചൂണ്ടി മുത്തശ്ശി പറഞ്ഞു, ആ നിക്കുന്ന ചെക്കനാണ് സീതയുടെ ഭർത്താവ്. ഒരു നിമിഷം ഞങ്ങളെല്ലാം ഞെട്ടി…എനിക്ക് പിറക്കാതെ പോയ മുത്തശ്ശിയാണല്ലോ എന്നു മനസ്സിൽ പറഞ്ഞു ഞാൻ അവിടെ നിന്നു യാത്രയായി…
പിന്നീട് വീട്ടിൽ എത്തിയിട്ട് ആകെ ഒരു സ്വസ്ഥത കുറവ്. ഒരു വശത്തു ചേട്ടനും ഏടത്തിയും വിരുന്നിനു പോക്കും അമ്പലത്തിൽ പോക്കും ആകപ്പാടെ ഒരു പ്രിയദർശൻ പടം ഓടുന്ന ഫീലിംഗ്. മറുവശത്തു അടൂർ ന്റെ പടവുമായി ഞാനും ഏകാന്തതയും…
ഇതൊന്നും പോരാഞ്ഞിട്ട് ഏടത്തി വീട്ടിൽ പോയി വരുമ്പോഴെല്ലാം സീത നിന്നെ അന്വേഷിച്ചു എന്നൊരു ഡയലോഗും…
അതിനിടയിൽ ഒരു ദിവസം വീണു കാലു ഉളുക്കി ഒരാഴ്ച ഞാൻ വീട്ടിൽ ഇരുന്നു. അന്ന് സീത എന്നെ കാണാൻ വന്നിരുന്നു. തിരിച്ചു പോവാൻ ബസ് സ്റ്റോപ്പിൽ പോയപ്പോൾ കാലു വയ്യാത്ത കൊണ്ടു സീതയെ ബൈക്കിൽ കൊണ്ടു പോകാൻ പറ്റാത്തതിൽ സ്വയം ശപിച്ചു ഞാനിരുന്നു.
പിന്നീട് ഏടത്തിയും ഞാനും ഫ്രണ്ട്സ് ആയപ്പോൾ ഏടത്തി എന്നോട് ചോദിച്ചു…സീതയെ നമുക്കിങ്
കൊണ്ടു വന്നാലോ എന്ന്…വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്ന്, എന്നപോലെ ഞാൻ ഇരുന്നൂർ വട്ടം സമ്മതം മൂളി. ഞാൻ സീതയെ വിളിച്ചു ചോദിച്ചിട്ട് നിന്നോട് പറയാം…ഓക്കേ ഏടത്തി…
ഏടത്തി സീതയെ വിളിച്ചു ചോദിച്ചപ്പോൾ അവൾക്കു അങ്ങനെയൊന്നുമില്ല. നമ്മുടെ ഇഷ്ടത്തിന് എതിരും ഇല്ലത്രെ…സമയമാവട്ടെന്നു ഏടത്തിയും പറഞ്ഞു. ഏതായാലും ടൈം ഉണ്ടല്ലോ എന്നു കരുതി ഞാനും കാത്തിരുന്നു. കുറെ നാളുകൾ കടന്നു പോയി.
ഒരു ദിവസം സീത എന്റെ ഫോണിൽ വിളിച്ചു…അവൾക്കു മറ്റൊരാളെ ഇഷ്ടമാണത്രെ, ദയവായി ഏടത്തിയോട് പറയരുത് പോലും…ബാക്കി കഥയൊന്നും പറയണ്ടല്ലോ…
കയ്യിൽ കിട്ടിയ പെട്ടിയുമെടുത്തു ഞാൻ വിദേശത്തേക്ക് പുറപ്പെട്ടു. ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മ ഫോൺ വിളിച്ചിട്ടു പറഞ്ഞു. നിനക്കൊരു പെണ്ണ് കണ്ടിട്ടുണ്ട്…പേര് രേവതി അത്തം നക്ഷത്രം, എട്ടു പൊരുത്തമുണ്ട്, ആലോചിക്കട്ടെ…
അതു കേട്ട് ഞാൻ അമ്മയോട് പറഞ്ഞു… “പെട്ടെന്നായിക്കോട്ടെ, ഇനി അവളെ കുറിച്ച് ഒന്നു പഠിച്ചിട്ടു വേണം ഒരു കഥ എഴുതാൻ”
എന്താടാ കഥയോ…നീ എന്താ പറയുന്നേ…?
ഒന്നൂല്ല. ഫോൺ വച്ചോ…
രണ്ടു വർഷത്തിന് ശേഷം ഞാൻ നാട്ടിലേക്കു പുറപ്പെട്ടു. അവിടെ ചെന്നപ്പോൾ എന്നെ പിക് ചെയ്യാൻ സീതയും ഉണ്ടായിരുന്നു. ആദ്യം ഇഷ്ടമായില്ലേലും മറ്റൊരാളെ ഇഷ്ടപ്പെട്ടവളോട് എന്തു പറയാൻ എന്നോർത്ത് ഞാൻ ഒന്നും മിണ്ടിയില്ല.
അടുത്ത ദിവസം ഏടത്തി വന്നു പറഞ്ഞു, പെണ്ണു കാണാൻ സീതയും വന്നോട്ടെന്നു ചോദിച്ചു. ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനെ അവളും ഒന്ന് കൊതി തീരെ കണ്ടോട്ടെ എന്നോർത്ത് ഞാൻ സമ്മതം മൂളി.
വണ്ടി നേരെ സീതയുടെ വീട്ടിൽ ചെന്നു നിർത്തി. അവിടെ ഇറങ്ങി സീത ചായ കൊണ്ടു വന്നപ്പോഴാണ് എനിക്ക് കാര്യം ഏറെക്കുറെ പിടികിട്ടിയത്. ഞാൻ ഏടത്തിയോട് ചോദിച്ചു…
അപ്പോൾ രേവതി എവിടെ…? സീതയുടെ പ്രണയത്തിന് എന്തു പറ്റി…?
ഡാ പൊട്ടാ, രേവതിന്നാണ് സീതയുടെ യഥാർത്ഥ പേര്. പിന്നെ അവൾക്കു വേറെ പ്രണയം ഒന്നുമില്ല. നിന്നോട് മാത്രമേ പ്രണയമുള്ളൂ…അതിനാണ് ഇതുവരെ അവൾ കാത്തിരുന്നത്. പക്ഷെ അന്ന് നിന്നോട് ഇഷ്ടമാണെന്ന് പറയണ്ടാന്നു അമ്മ തന്നെയാ പറഞ്ഞത്. അങ്ങനെ പറഞ്ഞാൽ നീ ഒരിക്കലും വിദേശത്ത് പോകില്ല അതുകൊണ്ടാ…
ഓഹോ അപ്പോൾ ഇതായിരുന്നല്ലേ വില്ല്…?
വില്ലോ, ഏത് വില്ല്…?
പണ്ട് ശ്രീരാമൻ സീതയെ കെട്ടാൻ ഒടിച്ചില്ലേ ഒരു വില്ല്. അതു പോലെ എന്റെ രണ്ടു കൊല്ലം നിങ്ങൾ മാറ്റി നിർത്തിയില്ലേ…
ഏതായാലും രാമൻ ചെല്ല്, സീത കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിപ്പുണ്ട് ഇത്തിരി സ്നേഹത്തിനായി…