ഹൃദ്യം – ഗൗരിലക്ഷ്മി എഴുതുന്ന തുടർക്കഥ – ഭാഗം 6

അഞ്ചാമത് ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അന്വേഷണങ്ങൾ കഴിഞ്ഞു മനു വീട്ടിൽ എത്തിയപ്പോൾ തന്നെ 8 മണി കഴിഞ്ഞിരുന്നു. ഓപി തിരക്ക് കൂടുതലായതിനാൽ രുദ്രപ്രതാപും താമസിച്ചാണ് വന്നത്. എത്ര വൈകിയാലും 3 ആളുകളും കൂടിയേ അവിടെ ഭക്ഷണം കഴിക്കാറുള്ളൂ. അതു രുദ്രപ്രതാപിന് നിർബന്ധമാണ്…

കഴിച്ചു കഴിഞ്ഞു ക്ഷീണമുള്ളതിനാൽ അവൻ നേരത്തെ കിടന്നു. കാലത്തു എഴുന്നേറ്റു അവൻ കുളിച്ചിറങ്ങി. ഇന്നും നേരത്തെ പോകുവാണോ…6 ആയതെയുള്ളൂ…രുദ്രൻ ചോദിച്ചു.

അല്ലച്ചാ..ഒരത്യാവിശ്യം ഉണ്ട്. കഴിക്കാൻ ടൈമില്ല..ഒരാളെ കാണണം…അതും പറഞ്ഞു യാത്രപറഞ്ഞു അവനിറങ്ങി. ബൈക്കിലാണ് പോയത്.

ബൈക്ക് അസെറ്റ് അപ്പർട്ട്മെന്റിറ്റിലേയ്ക്കു തിരിഞ്ഞു. അവൻ തലേന്ന് കണ്ട പരിചയം വെച്ചു സെക്യൂരിറ്റിയെ ചിരിച്ചു കാണിച്ചു. അവരെ കാണാനാണോ…? സെക്യൂരിറ്റി ചോദിച്ചു.

ആ ചേട്ടാ..ഇപ്പോഴാകുമ്പോ ഇവിടെ കാണുമല്ലോ…അവൻ പുഞ്ചിരിയോടെ പറഞ്ഞു.

ആ കാണും. ആ കൊച്ചു വീട്ടിൽ കേസൊന്നും എടുക്കാറില്ല. അല്ല..ഇതുവരേം അവരെ തിരക്കി ആരും വന്നിട്ടില്ല…സെക്യൂരിറ്റി പറഞ്ഞു.

നോക്കാം..അത്യാവിശ്യകാര്യമാ ചേട്ടാ..നോക്കട്ടെ…

ചെല്ലു ഫ്ലാറ്റ് നമ്പർ അറിയുമോ…?

15 c അല്ലെ…

ആ..അതുതന്നെ..ചെല്ലു ആ കൊച്ചു 7 മുക്കാലൊക്കെയാകുമ്പോ പോകും.

ശരി ചേട്ടാ…സെക്യൂരിട്ടിയോട് അത്രയും പറഞ്ഞു അവൻ അകത്തേയ്ക്കു കയറി.

ലിഫ്റ്റിൽ കയറി 15 പ്രസ് ചെയ്തു കാത്തു നിന്നു. അവരുടെ ഫ്ലാറ്റിനു മുൻപിലെത്തി കാളിങ് ബെൽ അടിച്ചു. വാതിൽ തുറന്നതു 20 വയസ്സിനടുത്തു പ്രായം വരുന്ന ഒരു പെണ്കുട്ടിയായിരുന്നു.

ആരാ…മനുവിനോട് ആ കുട്ടി ചോദിച്ചു.

അഡ്വക്കേറ്റ് ജാനകി സത്യമൂർത്തിയുടെ ഫ്ലാറ്റ് ആണോ…? മനു ചോദിച്ചു.

അതേ…ചേച്ചിയെ കാണാൻ വന്നതാണോ…?

മ്..തന്റെ ചേച്ചിയാണോ…? അവൻ പുഞ്ചിരിയോടെ ചോദിച്ചു.

ഹേയ്..ഞാനിവിടെ ജോലിക്കു നിൽക്കുന്നതാ..കയറി വരൂട്ടോ…അവൾ അവനെ അകത്തേയ്ക്കു ക്ഷണിച്ചു. ജാനിയേച്ചി..ദേ ഒരാള് കാണാൻ വന്നിട്ടുണ്ടേ…അവൻ അകത്തേയ്ക്കു നടക്കുമ്പോൾ തന്നെ ആ കുട്ടി അകത്തേയ്ക്കു നോക്കി വിളിച്ചു പറഞ്ഞു.

സമയം 7 ആകുന്നതെ ഉണ്ടായിരുന്നുള്ളു. അവൻ അകത്തേയ്ക്കു നോക്കി. വെങ്കിടാചലപതിയുടെ ചിത്രത്തിനൊപ്പം കൃഷ്ണന്റെയും ദുർഗയുടെയും ചിത്രവും വിഘ്‌നേശ്വരന്റെ ഒരു പ്രതിമയും വെച്ചിട്ടുണ്ട്. വിളക്ക് കത്തിച്ചു വെച്ചിരിക്കുകയാണ്. കത്തിത്തീർന്ന സാബ്രാണിതിരി വിളക്ക് നല്ല പുലർച്ചെ കത്തിച്ചതാണെന്നു ഓർമിപ്പിച്ചു. അവിടം നിറയെ അതിന്റെ സുഗന്ധമായിരുന്നു.

ഗ്ലാസ് ടീപ്പോയിൽ അന്നത്തെ മനോരമ പത്രം കിടപ്പുണ്ടായിരുന്നു. ഹാളിന്റെ മൂലയ്ക്ക് വെച്ചിരിക്കുന്ന ഫ്‌ളവർ വേസിൽ കുറച്ചു റോസാ പൂക്കളും അതിനടുത്തായി സിത്താർ വായിക്കുന്ന നാടോടി സ്ത്രീയുടെ പ്രതിമയും…ഭിത്തിയിൽ കുറച്ചു പൂക്കളുടെ പടം. ഒപ്പം ജാനകിയുടെ നൃത്തം ചെയ്യുന്ന ഒരു ചിത്രം. അതിനപ്പുറം മറ്റൊരു ചിത്രം. ജാനകിയും അമ്മയും സഹോദരനും നിൽക്കുന്ന ഒരു ചിത്രം.

അമ്മ ഇരിക്കുകയാണ്, രണ്ടു പേരും അവർക്ക് ഇരുവശവും നിൽക്കുന്നു.

എന്താണ് തൃക്കോവൂർ കോവിലകത്തെ മനു വർമ്മ തമ്പുരാൻ ഇവിടെ…? പെട്ടെന്ന് ഗംഭീര്യമുള്ള ഒരു ശബ്ദം കേട്ടവൻ തിരിഞ്ഞു നോക്കി.

ജാനകി…കടും ചുവപ്പ് നിറത്തിലുള്ള ചുരിദാർ ആണ് വേഷം. പുഞ്ചിരിയോടെ നിൽക്കുന്നു. മുഖത്തൊരു കുഞ്ഞു പൊട്ടും അതിനു മുകളിൽ ഭസ്മകുറിയും. അവൾ കൈ കെട്ടി നിൽക്കുകയായിരുന്നു. മൂക്കിൻ തുമ്പിലെ വൈരക്കൽ മൂക്കുത്തി വെട്ടി തിളങ്ങുന്നു. അവളുടെ നിറത്തിനു മുൻപിൽ സ്വർണ്ണം തോറ്റു പോകുമെങ്കിലും ആ മൂക്കുത്തിയുടെ തിളക്കം അവളുടെ മുഖത്തിന്റെ ശോഭ കൂട്ടി.

ചോദിച്ചത് കേട്ടില്ല എന്നുണ്ടോ…? അവൾ വീണ്ടും ചോദിച്ചു.

ഓഹ്..സോറി..ആക്ച്വലി ഞാൻ തന്നോടൽപ്പം സംസാരിക്കാൻ വന്നതാ…മനു പറഞ്ഞു.

മ്. ഇരിക്കു…അവൾ സോഫയിലേയ്ക്കു കൈ കാണിച്ചു പറഞ്ഞു. അവൻ ഇരുന്നു.

ആരാ ജാനകി വന്നത്…?

അകത്തു നിന്നും അതും ചോദിച്ചാണ് ജാനകിയുടെ അമ്മ ഇറങ്ങി വന്നത്. മനുവിനെ കണ്ടതും പുഞ്ചിരിയോടെ ആ സ്ത്രീ നമസ്കാരം പറഞ്ഞു. വെണ്ണയുടെ നിറമുള്ള 35നടുത്തു പ്രായം തോന്നുന്ന ഒരു സ്ത്രീ. ജാനകിയുടെ അമ്മ എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. സെറ്റ് സാരി ആയിരുന്നു വേഷം. മൂക്കിൽ വൈരക്കല്ലിൽ കൊത്തിയ മൂക്കുത്തി.

അമ്മായി…അവന്റെ നാവ് അവൻ പോലുമറിയാതെ ചലിച്ചു. അവരപ്പോഴും പുഞ്ചിരിയോടെ അവന്റെ മുഖത്തും ജാനകിയെയും മാറി മാറി നോക്കുകയായിരുന്നു.

അമ്മ അറിയും ആളെ…പേര് മനുവർമ്മ…തൃക്കോവൂർ കോവിലകത്തെ ശാരദ തമ്പുരാട്ടിയുടെ മകനാണ്. ജാനകി പുഞ്ചിരിയോടെ തന്നെ പറഞ്ഞു.

അപ്പോഴും അവളുടെ മുഖത്തു ഗൗരവം നിറഞ്ഞിട്ടുണ്ടായിരുന്നത് അവനു മനസ്സിലായി. അറിയാതെ ഗംഗാലക്ഷ്മിയുടെ കണ്ണുകൾ ഈറനണിഞ്ഞു.

മനു…അവർ ചിലമ്പിച്ച സ്വരത്തിൽ വിളിച്ചു. നീയ് ഒത്തിരി വലുതായി..കണ്ടാൽ മനസ്സിലാകേ ഇല്യാ…അവർ നിറകണ്ണുകളോടെ അതേ സമയം പുഞ്ചിരിയോടെ പറഞ്ഞു.

അവനപ്പോഴും ആ മുഖത്തു നിന്നും കണ്ണെടുത്തിട്ടുണ്ടായിരുന്നില്ല. അവൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു യാന്ത്രികമായി അവരുടെ അടുത്തേയ്ക്ക് നടന്നു. തന്റെ അമ്മയോളം അല്ലെങ്കിൽ അതിനും ഒരൽപ്പം മുകളിൽ താൻ ബഹുമാനിക്കുന്ന ഒരു സ്ത്രീത്വമാണ് തന്റെ മുൻപിൽ നിൽക്കുന്നത്. ആ ചിന്ത മനുവിന്റെ കണ്ണുകളിലും ഈറണനിയിച്ചു.

ഓർമയുണ്ടോ നിനക്കെന്നെ…

ഉവ്വ്..അങ്ങനെ മറക്കാൻ പറ്റുന്ന മുഖമല്ലല്ലോ ഇതു…മനു പറഞ്ഞു.

അമ്മ, അച്ഛൻ…അവർ ചോദിച്ചു.

വീട്ടിലുണ്ട്. സുഖമായിരിക്കുന്നു.

മ്…കല്യാണി കാപ്പിയെടുക്കു…അവർ ഒന്നു മൂളിയ ശേഷം അടുക്കളയിലേക്കു നോക്കി വിളിച്ചു. അവൾ ഇപ്പൊ കൊണ്ടുവരും അമ്മേ…ജാനകി അവരോടായി പറഞ്ഞു.

സഹായത്തിനു നിൽക്കണ കുട്ടിയാ…ആരോരുമില്ല അതിന്, പാവമാ…ഗംഗ പറഞ്ഞു.

അമ്മായിക്ക് സുഖമല്ലേ…?

മ്…

കുറച്ചു നേരത്തേയ്ക്ക് നിശബ്ദത അവിടെ തളം കെട്ടി നിന്നു. കേസ് കൊടുത്തപ്പോഴേ അറിയാമായിരുന്നു അമ്മാവന്റെ വാലായ അനന്തിരവൻ അന്വേഷണവുമായി ഇറങ്ങുംന്നു…കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ജാനകി സംസാരിച്ചു തുടങ്ങി…

ഈ വരവ് കേസ് പിൻവലിക്കാനുള്ള ശ്രമമാണെങ്കിൽ നടക്കില്ല. അതാദ്യമേ പറയുകയാ…അവൾ പറഞ്ഞു നിർത്തി.

ഞാൻ അമ്മാവനെ ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല…മനു പറഞ്ഞു. താൻ ആരാണെന്നു ഇതുവരെ അമ്മാവന് മനസ്സിലായിട്ടില്ല. അതുകൊണ്ടാ ഈ വാശി…മനു അവരെ മാറി മാറി നോക്കിക്കൊണ്ടു പറഞ്ഞു.

മനസ്സിലായാലും ഇല്ലെങ്കിലും ഇന്നുവരെ ഇല്ലാത്ത ഒരു ബന്ധവും പുതുമയായി ഞാൻ ആഗ്രഹിക്കുന്നില്ല മിസ്റ്റർ മനു വർമ്മ…അവൾ അൽപ്പം ദേഷ്യത്തിലാണ് അതു പറഞ്ഞതു. അച്ഛൻ എന്ന സ്നേഹത്തോടെ അയാളോട് ഇങ്ങോട്ടു വരേണ്ട എന്നു പ്രത്യേകം പറയണം.

എനിക്കാ സ്നേഹത്തിനോട് പണ്ടേ വെറുപ്പാണ്. ആഗ്രഹിച്ചിട്ടുണ്ട്…ഒരു 8 വയസ്സുള്ളപ്പോൾ വരെ. പക്ഷെ അറിവ് വെച്ച ആ സമയത്തു ഞാൻ ന്റെ ഓർമകളിൽ നിന്നും പഠിച്ചെടുത്ത ഒരു മുഖമുണ്ട് എന്റെ അച്ഛന്…വെറുപ്പോടെ മാത്രം ഞാൻ ഓർക്കുന്ന അവയൊന്നും ഇന്നും മാറിയിട്ടില്ല…

അവൾ ഗംഗാലക്ഷ്മിയെ ഒന്നു നോക്കി. അവർ പ്രത്യേകിച്ചു ഭാവ വ്യത്യാസം ഒന്നുമില്ലാതെ നിൽക്കുകയാണ്.

പിന്നെ ഞങ്ങൾ ഇങ്ങോട്ടു വന്നത് ആരുമായുമുള്ള ബന്ധം പുതുക്കാനല്ല. ന്റെ അമ്മയെ നിയമപരമായി വിവാഹം കഴിച്ച ആളാണ് അഡ്വക്കേറ്റ് അനന്തവർമ്മ. ഓഫീഷ്യലി ന്റെ അച്ഛനും…സോ തൃക്കോവൂർ കോവിലകത്തിനും കോവിലകം വഴി ബന്ധപ്പെട്ട എല്ലാ സ്വത്തു വകകളിലും ന്റെ അമ്മയ്ക്ക് അവകാശമുണ്ട്. അതു പലരും ചേർന്നു നശിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്തിനാൽ ആണ് ഞങ്ങൾ ഇടപെട്ടത്. കേസ് അതിന്റെ പേരിലാണ് ഞങ്ങൾ നൽകിയത്. നത്തിങ് എൽസ്…ജാനകി പറഞ്ഞു.

മനുവിന്റെ മുഖത്തെ പ്രതീക്ഷ നിറഞ്ഞ പുഞ്ചിരി അൽപ്പം മങ്ങി. ജാനകി…താൻ കരുതുംപോലെ ആവില്ല ചിലപ്പോൾ കാര്യങ്ങൾ. തെറ്റും ശരിയും സാഹചര്യങ്ങൾക്ക് അനുസരിച്ചു മാറി മറിയും. അന്നങ്ങനെ ഒക്കെ സംഭവിച്ചു പോയി. ഇന്നും അതിന്റെ വേദന സഹിക്കുന്ന ജീവിതങ്ങളാണ് നിങ്ങൾ. പക്ഷെ അതിന്റെയൊക്കെ കുറ്റബോധം പേറി ജീവിക്കുകയാണ് ഇന്നും അമ്മാവൻ. നിന്നെ അദ്ദേഹം ഒരുപാട് സ്നേഹിക്കുന്നുണ്ട്. മറ്റാർക്കും അറിയില്ലെങ്കിലും അതെനിക്കറിയാം.

എല്ലാ വർഷവും സ്വന്തം പിറന്നാൾ മറന്നാലും നിന്റെ പിറന്നാൾ അമ്മാവൻ മറക്കാറില്ല. ചിങ്ങമാസത്തിലെ മകം നാളിൽ ഇന്നും മുടങ്ങാതെ കുടുംബക്ഷേത്രത്തിൽ പാൽപ്പായസം കഴിക്കാറുണ്ട് അമ്മാവൻ. നിന്നെ അദ്ദേഹം തിരിച്ചറിയാഞ്ഞിട്ടാ…അറിഞ്ഞിരുന്നുവെങ്കിൽ ഗൗരവത്തിന്റെ മുഖം മൂടിയണിഞ്ഞ അനന്തവർമ്മയിൽ നിന്നും വാത്സല്യമുള്ള ഒരച്ഛനിലേയ്ക്കു അദ്ദേഹം മാറിയേനെ…മനു പറഞ്ഞു നിർത്തി.

എന്നാൽ മനുവേട്ടൻ ഒരു കാര്യം ചെയ്യൂ…ആദ്യം അമ്മാവനെ ചെന്നു കാണു. ഒറ്റകാര്യം പറഞ്ഞേക്കണം. കോർട്ടിലോ പുറത്തോ എന്റെ മുൻപിൽ വരുമ്പോൾ ആ മുഖം മൂടി എടുത്തണിഞ്ഞോളാൻ പറഞ്ഞേക്കണം. സ്നേഹത്തിന്റെ മുഖവുമായി വരുന്ന അനന്തവർമ്മയെ വിഷത്തിന്റെ പ്രതീകമായി മാത്രം കാണുന്ന മകളാണ് ഞാൻ…

അവൾ പറഞ്ഞുകൊണ്ടിരിക്കെ കല്യാണി കാപ്പി കൊണ്ടുവന്നു. മനു അതു കുടിച്ചു. കേസിൽ അമ്മ ഉറച്ചു നിൽക്കുന്നു. സോ ഞാൻ അതുമായി മുൻപോട്ടു പോകും. അമ്മ കേസ് പിൻവലിച്ചാൽ ഞങ്ങൾ മടങ്ങും. വന്നതുപോലെതന്നെ…അത്രയും പറഞ്ഞവൾ അകത്തേയ്ക്കു കയറിപ്പോയി.

അമ്മായി…മനു ഒരു സപ്പോർട്ടിനെന്നോണം വിളിച്ചു. അവർ പുഞ്ചിരിച്ചു. മനു..ഒരുപാട് സഹിച്ചവളാണ് അവൾ. തീയിൽ കുരുത്തവൾ ആണ്. സൂര്യതാപത്തിൽ ഒതുങ്ങില്ല അവൾ. മനു വന്നത് കേസിന്റെ കാര്യത്തിനാണെങ്കിൽ നടക്കില്ല. തൃക്കോവൂർ കോവിലകത്തിന്റെ സ്വത്തുക്കൾ മൃണാളിനി റെഡ്ഢിയാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത് എന്നറിയാം. ഇനി അത് വേണ്ട. നിയമപരമായി അവർക്കത്തിനുള്ള യാതൊരു അവകാശവും ഇല്ല. സത്യസായി ഗ്രൂപ്പിന്റെ തകർച്ചയിൽ കോടികൾ അവർ അവിടേയ്ക്ക് മറിച്ചിട്ടുണ്ട്. കണക്കു ഞാൻ പറയിപ്പിക്കും അവരെക്കൊണ്ട്…ന്റെ കണ്ണീരിന്റെ കണക്കുകൾ ചോദിക്കാൻ ഞാൻ നിൽക്കില്ല. എനിക്ക് വേണ്ട അവർ ഇപ്പോൾ ഇരിക്കുന്ന അനന്തവർമ്മ എന്ന മനുഷ്യന്റെ ഭാര്യാ സ്ഥാനം. പണ്ടേയ്ക്കു പണ്ടേ അതു ഞാൻ സ്വമനസ്സാലെ ഉപേക്ഷിച്ചതാണ്. പക്ഷെ എന്റെ മോൾക്ക്‌ കൂടി അവകാശപ്പെട്ടതെല്ലാം അന്യാധീനപ്പെട്ടു പോകാൻ ഞാൻ ആനുവദിക്കില്ല…

ഗംഗയുടെ കണ്ണിൽ പകയുടെ ജ്വാലകൾ തിളങ്ങി. മൃണാളിനിയുടെ തേരോട്ടത്തിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു എന്നു അവനു മനസ്സിലായി. അവരോടു യാത്ര പറഞ്ഞിറങ്ങുമ്പോഴേയ്ക്കും മനുവിന്റെ മനസ്സിൽ കണക്കു കൂട്ടലുകൾ പലതും നടന്നിരുന്നു.

******* ******* *******

ഓഫീസിനു മുൻപിൽ അനന്തവർമ്മ വരാന്തയിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് കാശി അവിടേയ്ക്ക് ചെന്നത്. അവനെ അദ്ദേഹം അടുത്തേയ്ക്ക് വിളിച്ചു.

മനുവിനോട് 10 മണിക്ക് മുൻപ് കാണണം എന്ന് പറഞ്ഞിരുന്നതാണ്. ഇതുവരെ അവനെ കണ്ടില്ല. വിളിച്ചിട്ടാണേൽ എടുക്കുന്നുമില്ല. ഓപ്പയെ വിളിച്ചപ്പോ 6 മണിക്ക് മുൻപവിടുന്നു ഇറങ്ങി എന്നാ പറഞ്ഞേ…നിന്നെ വിളിക്കുകയോ മറ്റോ ചെയ്തിരുന്നോ…?

ഇല്ലല്ലോ സർ. ഇന്നലെ വൈകീട്ട് ഞങ്ങൾ തമ്മിൽ കണ്ടിരുന്നു. സർ പറഞ്ഞപോലെ ആ ജാനകിയെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു. ഡീറ്റൈൽസ് ഇന്ന് പറയാം എന്നും പറഞ്ഞാ അവൻ പോയേ…ചിലപ്പോൾ അതിന്റെ ബാക്കി എന്തെങ്കിലും അന്വേഷണത്തിലാകും.

കാശി പറഞ്ഞുകൊണ്ട് നിൽക്കവേ മനുവിന്റെ ബൈക്ക് അവിടേയ്ക്ക് വന്നു. ഇറങ്ങിയപാടെ അവൻ ഓടി അനന്തവർമ്മയുടെ അടുത്തേയ്ക്ക് ചെന്നു. സോറി അമ്മാവാ…അൽപ്പം തിരക്കിലായിപ്പോയി.

മ്..എന്തായി ഞാൻ പറഞ്ഞ കാര്യം…? അനന്തവർമ്മ അവനോടായി ചോദിച്ചു.

കാര്യം നടന്നു പക്ഷെ…മനു ഒന്നു നിർത്തി. നമുക്കൽപ്പം ഇരുന്നു സംസാരിക്കാം അമ്മാവാ…അവൻ അദ്ദേഹത്തിനോടായി പറഞ്ഞു.

മ്..വാ…കാശി ഇന്ന് അപ്പിയർ ചെയ്യേണ്ട. കേസുകളുടെ ഡീറ്റൈൽസ് അര മണിക്കൂറിനുള്ളിൽ ന്റെ ടേബിളിൽ ഉണ്ടാകണം. കാശിക്ക് ഒരു മുന്നറിയിപ്പും കൊടുത്തു അദ്ദേഹം മനുവുമായി ക്യാബിനിലേയ്ക്കു പോയി.

ഇരിക്കു…കാബിനിൽ എത്തിയതോടെ മനുവിനോടായി അദ്ദേഹം പറഞ്ഞു. അവൻ ഇരുന്നു.

അമ്മാവാ…ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം. എടുത്തു ചാടി ഒന്നും ചെയ്യാൻ ശ്രമിക്കരുത്…അവൻ ആദ്യമേ പറഞ്ഞു.

മ് പറയ്…അനന്തവർമ്മ പറഞ്ഞു.

ജാനകിയെ പറ്റി ഞാൻ അന്വേഷിച്ചു. അവൾ അത്ര നിസ്സാരയല്ല. കുട്ടിക്കാലം വളരെ കുറച്ചു നാളേ അവൾ കേരളത്തിൽ ഉണ്ടായിരുന്നുള്ളു. LP സ്കൂൾ കാലഘട്ടം മുതൽ ചെന്നൈയ്യിലാണ് പഠിച്ചതും വളർന്നതും. അവളുടെ അമ്മയ്ക്ക് അവിടെ ഒരു ഡാൻസ് സ്കൂൾ ഉണ്ട്. പ്ലസ് 2 ആയപ്പോൾ നല്ല മാർക് ഉണ്ടായിട്ടു കൂടി ഹുമാനിറ്റിസ് എടുത്തു. LLBയ്ക്ക് ചേർന്നു. നല്ല മാർക്കോടെ പാസ്സായി. ജൂനിയർ ആയി അഡ്വക്കേറ്റ് ശങ്കരനാരായണ അയ്യരുടെ കീഴിൽ ജോയിൻ ചെയ്തു…മനു പറഞ്ഞു.

വാട്…ജസ്റ്റിസ് ശങ്കരനാരായണ അയ്യരുടെയോ…?അനന്തവർമ്മ ഞെട്ടി ചോദിച്ചു.

മ് അതേ അമ്മാവാ…ചെന്നൈയ്യിലെ ഏറ്റവും പ്രസിദ്ധമായ ലോ കോളേജിൽ റാങ്കോടെയാ അവൾ L L B പാസായത്. പാസ്സായ ഉടനെ ശങ്കരനാരായണൻ സാറിന് കീഴിൽ ജോയിൻ ചെയ്തു. അദ്ദേഹത്തിന് കീഴിൽ വർക് ചെയ്യേ തന്നെ പാർട് ടൈമായി L L M പഠിച്ചു. യൂണിവേഴ്സിറ്റി ടോപ്പറായി പാസ്സായി. അഡ്വക്കേറ്റ് ശങ്കരനാരായണ അയ്യർ സാറിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യ. ഹൈകോടതിയിൽ പോലും അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേസുകൾ ഹാൻഡിൽ ചെയ്യാൻ ഏല്പിച്ചിരുന്നത് ജാനകിയെ ആയിരുന്നു. ഒടുവിൽ അവൾ ഒറ്റയ്ക്ക് കേസുകൾ ഏൽക്കാൻ തുടങ്ങിയതും സാറിന്റെ ഹെൽപ്പോടെ തന്നെയാണ്. ഒറ്റയ്ക്ക് 1 വർഷത്തിനിടയിൽ 14 കേസുകൾ അവൾ ഹാൻഡിൽ ചെയ്തു. അതിൽ ഒന്നിൽ പോലും അവൾ തോറ്റിട്ടില്ല. മിക്കതും എതിർവശത്തു പ്രമുഖരായ ആളുകൾ ആയിരുന്നു. ശത്രുക്കൾ ഇഷ്ട്ടം പോലെ ഉണ്ട്. ഒടുവിൽ ഹാൻഡിൽ ചെയ്ത ഒരു പീഡന കേസിൽ തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ അനന്തിരവനെ തൂക്കിലേറ്റാൻ വിധി വാങ്ങി നൽകി. പിന്നെ അവൾ കേസുകൾ എടുത്തില്ല. ഒരു മാസത്തോളം ലീവ്. അതിനിടയിലാണ് ഗോഡ് ഫാദർ കൂടിയായ സഖറിയ തോമസ് കേസ് അവൾ എടുക്കുന്നത്. അതും ആദ്യമായി നേരിട്ടു കേരള ഹൈകോടതിയിലേക്ക്. അതിനുള്ള ഫുൾ സപ്പോർട്ടും പ്രൊവൈഡ്‌ ചെയ്തിരിക്കുന്നത് തമിഴ്നാട് ഹോം മിനിസ്റ്റർ ആണ്. അദ്ദേഹത്തിന്റെ ഏക പുത്രന്റെ പ്രിയ കൂട്ടുകാരിയാണ് ജാനകി. മനു പറഞ്ഞു നിർത്തി.

അവളുടെ ചരിത്രം അനന്തവർമ്മയെ ഞെട്ടിപ്പിച്ചു. അവളുടെ പേരന്റ്സ്…അനന്തവർമ്മ ചോദ്യ രൂപത്തിൽ അവനെ നോക്കി. മനു ഒന്നു പതറി. പെട്ടെന്നവൻ സംയമനം വീണ്ടെടുത്തു.

അമ്മ ദേവർമഠത്തിൽ ഗംഗാലക്ഷ്മി…അച്ഛൻ തൃക്കോവൂർ കോവിലകത്തെ അനന്തവർമ്മ തമ്പുരാൻ…

മനുവിന്റെ ശബ്ദം ക്യാബിനുള്ളിൽ മാത്രമല്ല ഒരായിരം വട്ടം അനന്തവർമ്മയുടെ ഹൃദയത്തിനുള്ളിലും ആയിരം വട്ടം പ്രതിധ്വനിച്ചു…

തുടരും…

എല്ലാവരും പ്രതീക്ഷിച്ച പോലെ തന്നെ ജാനകി അനന്തവർമ്മയുടെ മകളാട്ടോ…ഇനി പറയാൻ പോകുന്നത് അവളുടെ കഥയാണ്..ഗംഗാലക്ഷ്മിയുടെ കഥയാണ്..കാത്തിരിക്കുക..