ഓവർ സ്പീഡും പിന്നേ അടുത്തിരിക്കുന്നവന്റെ കൈ ക്രിയ കൂടിയായപ്പോൾ ഞാൻ ഒന്നു പൊട്ടിച്ചു…അതാണ് സംഭവം

ഒരു മൂക്കുത്തി കല്ലിന്റെ തിളക്കം – സ്നേഹപൂർവ്വം, ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

മൂന്നാറിലെ തണുപ്പത്തു കാശി അണ്ണന്റെ കടയിലെ കാപ്പിയും കുടിച്ചു നമ്മുടെ ജീപ്പിന്റെ ബോണറ്റിൽ കയറിയിരുന്നു ഒരു സിഗരറ്റ് കത്തിച്ചു.

വലിക്കാൻ തുടങ്ങുമ്പോഴാണ് ഞാൻ അവളെ ശ്രദ്ധിച്ചത്. ജീൻസും ഒരു ചെക്ക് ഷർട്ടും ഇട്ട ഒരു പെൺകുട്ടി. മുഖത്തു എന്തോ നിസഹായത…കടയുടെ മുന്നിലെ…ബൾബിന്റെ പ്രകാശത്തിൽ അവളുടെ മൂക്കുത്തികല്ല് തിളങ്ങുന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് ഈ നേരത്ത്….ആ എന്തേലുംമാകട്ടെ…നമ്മളെന്തിനാ ഭാരിച്ച കാര്യം ചിന്തിക്കണെ…

കാശിയേട്ടാ…എന്നാൽ ഞാൻ ചെല്ലട്ടെ…

കാശിയേട്ടൻ നമ്മുടെ ഇരിങ്ങാലക്കുടകാരണാണ്. അടുത്ത വീട്ടിലെ പെണ്ണിനെ പ്രേമിച്ചു ഒളിച്ചോടിയതാ…അതോടെ നാട്ടിൽ നിൽക്കാൻ പറ്റാതെയായി. രണ്ടു പെൺകുട്ടികളാണ്…വീണയും ശ്രുതിയും…

നല്ലൊരു പാട്ടുകാരനാണ്. അങ്ങേരുടെ പാട്ടുകേട്ടിട്ടാണ് ശാരിക ചേച്ചി വീണത്. ഇപ്പോഴും വീട്ടുകാരുടെ എതിർപ്പ് ശമിച്ചിട്ടില്ല. മനുഷ്യരുടെ വാശിയുടെ ആഴം ചിന്തിച്ചാൽ ഒരെത്തും പിടിയും കിട്ടില്ല, അല്ലേ..?

ഒറ്റമുറി വീടാണെങ്കിലും സ്നേഹം കൊണ്ടു അതൊരു കൊട്ടാരമാണ്. സ്നേഹകൊട്ടാരം…

അങ്ങിനെ കാശിയേട്ടനോട് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം…ഞാൻ ചോദിച്ചു ഏതാ കാശിയേട്ടാ ഈ കുട്ടി…? ഒറ്റയ്ക്ക് ഈ നേരത്ത്…

അതു മോനെ ഒന്നും പറയണ്ട. കൂട്ടുകാരുമൊത്തു വന്നതാ. കൂടെയുള്ള ഒരുത്തൻ തെമ്മാടിത്തരം കാണിച്ചപ്പോൾ ചെവിക്കുറ്റിക്കു പൊട്ടിച്ചു. ആകെ വഴക്കായി ഇനി അവരുടെ കൂടെ പോണില്ല എന്നും പറഞ്ഞു ഇവിടെ നിന്നതാ…

പുതു തലമുറയല്ലേ ബന്ധങ്ങൾക്കൊക്കെ അത്ര വിലയേ കല്പിച്ചിട്ടുണ്ടാവുള്ളു…അവരിതിനെ കൂട്ടാതെ പോവുകയും ചെയ്തു. പോണകൂട്ടത്തിൽ ഈ കൊച്ചിന്റെ ബാഗും ഫോണും എല്ലാം ഈ ആ വണ്ടിയിൽ ആയിപോയി.

എന്റെ ഫോണിൽ നിന്നു വിളിച്ചപ്പോൾ കാന്തല്ലൂർ എത്തിയെന്നു, അവിടെയാ സ്റ്റേ എന്ന്…അവിടെ ചെന്നാൽ തരാമെന്നു…ഈ നേരത്ത് ഈ കുട്ടി എങ്ങിനെ പോവാനാ…?

അപ്പോ അതാണ് കാര്യം. ശരി കാശിയേട്ടാ…ഞാൻ പോട്ടെ എന്നാൽ…കാശിയേട്ടനോട് യാത്ര പറഞ്ഞു ഞാൻ ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു മുൻപിലേക്കെടുത്തു.

എന്തോ പോവാൻ തോന്നിയില്ല. ഞാൻ പോലും അറിയാതെ ബ്രേക്കിൽ കാലമർന്നു. വണ്ടി റിവേഴ്‌സ് എടുത്തു. എന്നിട്ട് കാശിയേട്ടനോട് പറഞ്ഞു…കാശിയേട്ടാ കാന്തല്ലൂർക്കു ഇവിടുന്നു എത്ര ദൂരം ഉണ്ടാവും…?

ശരിക്കു അറിയില്ല മോനെ എന്നാലും കുറച്ചു അധികം ഉണ്ട്‌. എന്നാൽ അയാളോട് വന്നു കേറാൻ പറ. അതും കേട്ടതും അവളുടെ മുഖത്തു ഒരു അമ്പരപ്പ് ഞാൻ കണ്ടു. അതു കണ്ടിട്ടാവണം കാശിയേട്ടൻ പറഞ്ഞു എന്തായാലും മോൾടെ കൂട്ടുകാരെ പോലെ ആവില്ല. ധൈര്യായിട്ട് പൊയ്ക്കോ…പോയി ഫോണും പേഴ്സും വാങ്ങിക്കു…

വേറൊരു വഴിയും ഇല്ലാത്തതിനാലാവാം, അവൾ വന്നു ജീപ്പിൽ കയറി. വണ്ടി എടുക്കാൻ നേരം കാശിയേട്ടൻ കയ്യിൽ പിടിച്ചു പറഞ്ഞു…പ്രശ്നത്തിനൊന്നും നമ്മളായിട്ട് നിക്കണ്ട…പിന്നേ ഇങ്ങോട്ടു വന്നാൽ…

ഞാൻ ചെറുതായി ഒന്നു ചിരിച്ചു. കാശിയേട്ടനും ചിരിച്ചു ആ ചിരിയുടെ അർത്ഥം ഞങ്ങൾക്ക് മാത്രമേ മാനസിലായിള്ളൂ…

അങ്ങിനെ ആ മൂക്കുത്തിയിട്ട കാന്താരിയെയും കൊണ്ടു ജീപ്പ് ഹൈറേൻജ് കേറിതുടങ്ങി. ഞാൻ ചോദിച്ചു, എവിടുന്നാ കുറ്റിയും പറിച്ചു പോന്നെ…?

ഞങ്ങളു ബാംഗ്ലൂർ നിന്നാണ് വന്നത്. അവിടെ എംബിഎ ചെയ്യുവാ…എറണാകുളത്തു കല്യാണം ഉണ്ടായിരുന്നു, ഞങ്ങളുടെ ഫ്രണ്ടിന്റെ, അതിനു വന്നതാ…കല്യാണം കഴിഞ്ഞപ്പോൾ എല്ലാരും പ്ലാൻ ചെയ്തതാ…മൂന്നാർ പോയിട്ട് പോവാന്ന്. മുൻകൂട്ടി പ്ലാൻ ചെയ്തതൊന്നും അല്ലായിരുന്നു ഈ ട്രിപ്പ്‌. പക്ഷേ കള്ള് കുടിച്ചപ്പോൾ ഇവൻമാരുടെ സ്വഭാവം മാറി. ഓവർ സ്പീഡും പിന്നേ അടുത്തിരിക്കുന്നവന്റെ കൈ ക്രിയ കൂടിയായപ്പോൾ ഞാൻ ഒന്നു പൊട്ടിച്ചു…അതാണ് സംഭവം.

കൂട്ടത്തിൽ പെൺപിള്ളേരും ഇല്ലേ…?

ഒക്കെ കണക്കാ…ചേട്ടനു ബുദ്ധിമുട്ട് ആയിണ്ടാവും അല്ലേ…?

ആ കുറച്ചു ബുദ്ധിമുട്ടായി. അല്ലെങ്കിലും അമ്മ പറയാറുണ്ട് ആവശ്യമില്ലാത്തകാര്യത്തിൽ പോയി തലഇടാൻ പോക്ക് ഇത്തിരി കൂടുതലാ നിനക്കെന്നു….

പറഞ്ഞു ഇരിക്കല്ല, പെണ്ണു ഒറ്റ വാള് വെയ്പ്പ്…

ഇതു കുരിശായല്ലോ ഈശ്വരാ…വണ്ടി ഞാൻ സൈഡ് ആക്കി നിർത്തി. പറന്നു വാള് വെക്കേണ്ട, സമാധാനമായിട്ടു വെച്ചോ എന്നും പറഞ്ഞു ഒരു കുപ്പി വെള്ളവും എടുത്തു കൊടുത്തു…ശീലമില്ലാത്തോണ്ടാ ഹൈറേൻജ് കേറുമ്പോൾ മിക്കവർക്കും പതിവാ…

ഞാൻ ഒരു സിഗരറ്റു എടുത്തു കത്തിച്ചു. വലിച്ചു തീരുമ്പോഴേക്കും പരിപാടി കഴിഞ്ഞു അവള് വന്നു…ഇപ്പൊ ഒരു ആശ്വാസം ഇല്ലേ…? ഒരു അഞ്ചു മിനുട്ട് കഴിഞ്ഞു പോവാം.

ചേട്ടോ..ഒരു ദിവസം എത്ര സിഗരറ്റു വലിക്കും…?

അങ്ങിനെ കണക്കൊന്നുമില്ല. എന്തിനാ അറിഞ്ഞിട്ടു…?

ആയുസുണ്ടാവില്ലാട്ടാ…ഞാൻ പറഞ്ഞുന്നേ ഉള്ളു…

അല്ലെങ്കിലും കുറേ കാലം ജീവിച്ചിട്ട് കാര്യമൊന്നുമില്ല പെണ്ണെ…പ്രത്യേകിച്ച് കാത്തിരിക്കാൻ ആരുമില്ലാത്തവർക്ക്…

അതെന്താ…?

അതേയ് കഥ പറഞ്ഞു നിൽക്കാൻ നേരം ഇല്ല. കലാപകാരി വന്നു വണ്ടിയിൽ കയറൂ…

പറയാൻ ഇഷ്ടമല്ലെങ്കിൽ പറയണ്ട. ഞാൻ ഇങ്ങനാ ഓരോന്ന് ചോദിച്ചോണ്ടിരിക്കും സോറി.

ആ വരവ് വെച്ചിരിക്കുന്നു.

അങ്ങിനെ കത്തിയടിച്ചു, കത്തിയടിച്ചു…കാന്തല്ലൂർ എത്തി. അവര് താമസിക്കുന്ന കോട്ടജിനു മുറ്റത്തു ജീപ്പ് ചെന്നു നിന്നു…

മുറ്റത്തു തന്നെ തീയിട്ടു അതിനു ചുറ്റും ഇരുന്നു കള്ളു കുടിയാണ്, പെൺപിള്ളേരും ഉണ്ട്‌. എന്തെ..ഇറങ്ങണില്ലേ…?

ഏട്ടനും കൂടി വരോ..

അവളെ കണ്ടതും അവൻമാരുടെ ഡയലോഗ്. ഓ തമ്പുരാട്ടി വന്നോ…? അവളെന്റെ മുഖത്തേക്ക് നോക്കി.

പോയി ഫോണും പേഴ്സും എടുത്തിട്ട് വാ…

ഇതേതാടീ…? നീ വഴിയിൽ നിന്നു വല വീശി പിടിച്ചതാനോടീ…?

പെരുവിരലിൽ നിന്നു കേറിയ ദേഷ്യം അടക്കി നിർത്താൻ എനിക്കു കഴിഞ്ഞില്ല. എന്നാലും ഒരു സീൻ ഉണ്ടാക്കണ്ട എന്ന്‌ കരുതി അടങ്ങി. പിന്നേ ഇവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല, എന്നാലും ഞാൻ പറഞ്ഞു…

കൂടെ നടക്കുന്നവളെ കേറിപിടിച്ചിട്ടല്ലടാ ആണത്തം കാണിക്കേണ്ടത്. പിന്നേ, ഒരു പെൺകുട്ടിയുടെ അടുത്ത് നടക്കും നിന്റെ അഭ്യാസം. ചങ്കുറപ്പുള്ള ആൺപിള്ളേരുടെ അടുത്ത് നീ ആ അഭ്യാസമായി ഇറങ്ങിയാൽ ഉണ്ടല്ലോ തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടിന് അവസാനം ഒരു കൂട്ടപൊരിച്ചൽ ഉണ്ട്‌. അതു നിന്റെ ചങ്കില് നടത്തും ഞാൻ എന്നും പറഞ്ഞു.

അവിടിരുന്ന ബീയർ ബോട്ടിൽ കെട്ടിമാറപ്പുള്ളവന്റെ തലയിൽ അടിച്ചു പൊട്ടിച്ചതോടെ…ബർഗറും പിസ്സയും തിന്നുവീർത്തവൻമാർ പേടിച്ചു.

വന്നു വണ്ടിയിൽ കേറടീ എന്ന്‌ പറഞ്ഞപ്പോഴേക്കും അവള് വണ്ടിയിൽ കേറി കഴിഞ്ഞിരുന്നു. അല്ലെങ്കിലും അമ്മ പറയാറുണ്ട് എടുത്തു ചാട്ടം കൂടുതലാണെന്നു എനിക്ക്. ചിലതൊക്കെ അങ്ങിനെയാണ് ജീവിതത്തിൽ നമ്മളുപോലും അറിയാതെ ഓരോന്ന് സംഭവിച്ചു പോകും.

അവളെ പൊള്ളാച്ചിയിൽ നിന്നു ബസ് കയറ്റി വിടാൻ നേരം അവള് ചോദിച്ചു…ഒരു പരിചയമില്ലാത്ത എനിക്കു വേണ്ടി ഇത്രയുമൊക്കെ ബുദ്ധിമുട്ടാൻ മാത്രം…?

ഞാൻ പറഞ്ഞു…ആ മൂക്കുത്തികല്ലിന്റെ തിളക്കം ഇല്ലേ…? അതുമാത്രം ആണ്. എന്റെ അമ്മയ്ക്കും ഉണ്ടായിരുന്നു കല്ല് വെച്ച മൂക്കുത്തി…അമ്മ പോയതിൽ പിന്നേ മൂക്കുത്തിയിട്ടവരെ കാണുമ്പോൾ അമ്മേനെ ഓർക്കും. അച്ഛനും അമ്മയും ഓർമ്മകളിലാടോ ഇപ്പോ ജീവിക്കുന്നത്. ഓർത്തോർത്തു ഭ്രാന്ത് പിടിക്കുമ്പോൾ ജീപ്പെടുത്തു ഇറങ്ങും. യാത്രകൾ, യാത്രകൾ, യാത്രകൾ…പിന്നേ അമ്മേടെ മൂക്കുത്തിയാ എന്റെ കാതിലെ കമ്മല്…

എന്നാൽ ശരി എപ്പോഴെങ്കിലും എവിടേലും വെച്ചു കാണാം എന്ന്‌ പറഞ്ഞപ്പോൾ, അവളൊരു കടലാസെടുത്തു എന്തോ എഴുതി എനിക്കു തന്നു. ഞാൻ അതു തുറന്നു നോക്കി…

പിന്നേ ആ സിഗരറ്റു വലിയങ്ങു നിർത്തിക്കോളൂട്ടോ…കാത്തിരിക്കാൻ ആളുണ്ട്…കൂടെ ഫോൺ നമ്പറും. അവളെയും കൊണ്ടു ആ ബസ് കണ്ണിൽ നിന്നു മറഞ്ഞുവെങ്കിലും മൂക്കുത്തിയിട്ട അവളുടെ മുഖം മനസ്സിൽ മായാതെ നിന്നിരുന്നു.