ഇത്രേം ഓജസ്സും തേജസ്സുമുള്ള ഭാര്യ ഒരുത്തി ഇവിടെ ഇരിക്കുമ്പോൾ മൊബൈലിൽ വെടി വെക്കാൻ പോയിരിക്കുന്നു നാശം പിടിക്കാൻ…

രചന : ശാരിക

കൊറോണ കാരണം എവിടേം പോകാൻ കഴിയാത്ത അവസ്ഥ…

ഒരു മിനിറ്റ് പോലും വീട്ടിൽ ഇരിക്കാതെ കറങ്ങി നടക്കുന്ന എന്റെ കെട്ടിയോൻ മൊബൈലും പിടിച്ചു കസേരയിൽ ആസനസ്ഥനായപ്പോൾ അദ്ദേഹത്തിന് മൂലക്കുരു ഇല്ല എന്ന സത്യം ഞാൻ മനസ്സിലാക്കി. അല്ലെങ്കിൽ എന്തിനാ ഇരുപത്തിനാലു മണിക്കൂറും കറങ്ങിക്കൊണ്ടിരിക്കുന്നെ…?

ജോലിക്കു പോകാതെ ഞാനും ഒരു മൂലയിലേക്കൊതുങ്ങി…

സമയം പോകാൻ വേണ്ടി പ്രതിലിപിയിലെ കുറെ പ്രണയകഥകളും പിന്നെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, സില്ലിനൊരു കാതൽ, എന്നീ സിനിമകളും ഒറ്റ ഇരിപ്പിന് കണ്ടു തീർത്തു.

അല്ലെങ്കിലും ഇതൊക്കെ എത്ര തവണ കണ്ടതാണ്…പക്ഷെ, ഇന്നാണ് മുക്കും മൂലയും അരിച്ചു പെറുക്കി കണ്ടത്. അതിൽ പറയുന്നതോ വിവാഹ ശേഷമുള്ള പ്രണയത്തെ കുറിച്ചു…

ലാപ്ടോപ്പിൽ സിനിമ കണ്ടു കൊണ്ടിരിക്കെ ഞാൻ പതുക്കെ തല ഉയർത്തി നോക്കി. പുള്ളിക്കാരൻ പബ്‌ജി കളിക്കുന്നുണ്ട്. ആരൊക്കെയോ ഓടുന്നതിന്റെയും ചാടുന്നതിന്റെയും ശബ്ദം അവ്യക്തമായി ഞാൻ കേൾക്കുന്നുണ്ട്.

അഹങ്കാരി, ഇത്രേം ഓജസ്സും തേജസ്സുമുള്ള ഭാര്യ ഒരുത്തി ഇവിടെ ഇരിക്കുമ്പോൾ മൊബൈലിൽ വെടി വെക്കാൻ പോയിരിക്കുന്നു നാശം പിടിക്കാൻ…എനിക്കാകെ ദേഷ്യം വന്നു തുടങ്ങി.

ലാപ്ടോപ്പ് താഴെ ഇട്ടു പൊട്ടിക്കാൻ തോന്നിയെങ്കിലും അത് ഞാൻ അടക്കി. അത് കമ്പനി തന്നതാണ്. പൊട്ടിയാൽ പുള്ളിക്കാരന് ഒരു ചുക്കും ഇല്ല…

സിനിമയിൽ ലാലേട്ടൻ എത്ര റൊമാന്റിക് ആയാണ് മീന ചേച്ചിയെ കെട്ടിപ്പിടിക്കുന്നത്. ഹോ, ഇവിടൊരാൾക്ക് എന്നോട് മിണ്ടാൻ കൂടി നേരമില്ല. കല്യാണത്തിന് മുന്നേ എന്തൊരു സ്നേഹമായിരുന്നു…മുത്തേ, പൊന്നേന്നു തികച്ചും വിളിക്കില്ലായിരുന്നു. ഇനിപ്പോ എന്റെ പേര് പുള്ളിക്കാരന് അറിയുമോ എന്ന സംശയം പോലും എനിക്കില്ലാതില്ല…

കല്യാണം കഴിഞ്ഞാൽ പിന്നെ ഇഷ്ടം ഉണ്ടാവില്ലെന്ന് ആരോ പറഞ്ഞതു ശരിയാ…അതാ എന്റെ കൂട്ടുകാരി പറഞ്ഞത് പ്രേമിച്ചു നടക്കുമ്പോളേ ശരിക്കും പ്രേമിച്ചോണം, പിന്നെ അവസരം കിട്ടീല്ലന്നു പറയരുത് എന്ന്…ഇതിപ്പോ എന്റെ അവസ്ഥ അത് പോലെ ആയി…

ഞാൻ ലാപ്ടോപ്പ് മടക്കി വെച്ചു കെട്ടിയോന്റെ മുഖത്തേക്ക് സൂഷ്മമായി നോക്കി. ഹോ, ഓരോരോ ഭാവങ്ങള്…കൊല്ലാനും ചാകാനും ഇത്ര ഭാവങ്ങള് വേണോ…? ഞാൻ അന്ധം വിട്ടു കുറെ സമയം ആ ഭാവപ്പകർച്ച നോക്കി. അത്രേം നേരമായിട്ടും ഒരു പ്രാവശ്യം പോലും പുള്ളി എന്റെ മുഖത്തേക്ക് നോക്കിയില്ല. ഒന്നുമില്ലെങ്കിലും ഞാൻ പുള്ളിക്കാരന്റെ ഭാര്യ അല്ലേ…

ഒരുതരത്തിലും എന്നെ ഗൗനിക്കാത്തത് കണ്ടപ്പോൾ ഞാൻ എന്റെ തനതായ കലാരൂപം പുറത്തെടുത്തു. മൂക്ക് ചീറ്റലും കള്ള കരച്ചിലും…പിന്നെ കുറെ സിനിമ ഡയലോഗും…

“എന്നെ ആർക്കും ഇഷ്ടല്ല, ഞാൻ എന്തിന് വേണ്ടിയാ ജീവിക്കുന്നെ, ഇഷ്ടത്തോടെ എന്നോടാരും സംസാരിക്കുന്നില്ല…”

എന്റെ ശബ്ദം ഒരു ശല്യമായി തോന്നിയത് കൊണ്ടാണോ…അതോ പബ്‌ജി ഗെയിമിൽ തോറ്റു തുന്നം പാടിയത് കൊണ്ടാണോ…എന്തോ പുള്ളി മൊബൈൽ മേശമേൽ വെച്ചു വലിയ വായിൽ നിലവിളിക്കുന്ന എന്നെ നോക്കിയത്.

“നീ ഈ സിനിമായൊക്കെ കാണുമ്പോഴേ ഞാൻ കരുതിയതാ അവസാനം എനിക്കിട്ട് പണിയും എന്നു…സിനിമയും സാഹിത്യവും അല്ല ജീവിതം…”

പുള്ളി തത്വം പറഞ്ഞു തുടങ്ങുമ്പോഴേ ഞാൻ എണീച്ചു. എന്റെ കൈ പിടിച്ചു നെഞ്ചോടു ചേർത്തു പുള്ളി വീണ്ടും പറഞ്ഞു തുടങ്ങി…

“പണ്ട് നീ എനിക്കെന്റെ കാമുകി മാത്രമായിരുന്നു. ഇനിപ്പോ ഭാര്യയായി, എന്റെ കുഞ്ഞിൻറെ അമ്മയായി, അടുക്കളക്കാരി ആയി, വീട്ടിലെ എല്ലാം എല്ലാമായി. പണ്ട് ഒരു ഉത്തരവാദിത്വവും ഇല്ലാതെ കറങ്ങി തിരിഞ്ഞിരുന്ന് സ്വപ്നം കണ്ട നമ്മൾ ഇപ്പൊ ജീവിതത്തിലേക്ക് കടന്നിരിക്കുന്നു. ഇവിടെ ഇഷ്ടം, ഉത്തരവാദിത്വവും കടമകളും വിട്ടുവീഴ്ചകളും എല്ലാം കൂടിക്കലർന്നതാണ്…”

പുള്ളി പറഞ്ഞു തീർന്നെന്നെ നോക്കി, ഞാൻ പല്ലു ഇരുപതെട്ടും വെളിയിൽ കാണിച്ചു ചിരിച്ചു. അല്ലെങ്കിലും പുള്ളിക്കാരൻ തത്വം പറഞ്ഞു തുടങ്ങിയാൽ ചിരിക്കണം എന്നാണ് എന്റെ ഒരിത്.

“ഇനിപ്പോ ഇഷ്ടത്തിന് വേറെ വല്ല അർത്ഥവും പ്രിയതമ കല്പിച്ചിട്ടുണ്ടോ…?” എന്റെ കയ്യിലെ പിടിത്തം മുറുകുന്നതും കെട്ടിയോന്റെ ഭാവം മാറുന്നതും എനിക്ക് മനസ്സിലായി…

അപ്പോളും ഞാൻ ചിന്തിക്കുകയായിരുന്നു… ഇനിപ്പോ പ്രണയത്തിന് വേറെ വല്ല അർത്ഥവും ഉണ്ടോ…?