ബൈക്കിന്റെ മുകളിൽ കയറി ഇരുന്ന് ബൈക്കിന്റെ ടാങ്കിൽ കുഞ്ഞാവ വിരൽ കൊണ്ട് താളം പിടിച്ചിരിക്കുന്നത് കണ്ട് പൊട്ടൻ പുട്ടു വിഴുങ്ങിയ അവസ്ഥയായി എന്റേത്…

പാവം കുഞ്ഞാവ – രചന: സുധിൻ സദാനന്ദൻ

നീ ഇത് എന്ത് അറിഞ്ഞിട്ടാ അനു, കുഞ്ഞാവ അറിഞ്ഞാൽ എന്റെ പൊക കണ്ടേ അവൾ അടങ്ങൂ…കുഞ്ഞാവ എങ്ങാനും നമ്മുടെ കാര്യം അറിഞ്ഞാൽ എന്താ ഉണ്ടാവുക എന്ന് ചിന്തിക്കാൻ പോലും പറ്റില്ല.

ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും അനുവിന്റെ പൊട്ടി ചിരിയാണ് കേൾക്കുന്നത്. ലോകത്തിൽ കുഞ്ഞാവയെ ഇത്രയും പേടിയുള്ള ഒരേ ഒരു മാമനെ ഉണ്ടാവൂ,അത് വിനുഏട്ടനാവും…

ഹോ…അത് ഞാനങ്ങ് സഹിച്ചു. നിനക്ക് എന്റെ കുഞ്ഞാവയെ ശരിക്കും അറിയില്ല, അതു കൊണ്ടാണ് നീ ഇങ്ങനെ എന്നെ കളിയാക്കുന്നേ…മതി, മതി നീ ഫോൺ വച്ചേ അനു…ബാക്കി എല്ലാം നേരിൽ കാണുമ്പോൾ…കുഞ്ഞാവ ഉറക്കത്തിൽ നിന്നും ഉണരുമ്പോഴേക്കും എനിക്ക് ഇവിടെ നിന്നും ചാടിയേ പറ്റൂ…ഓക്കെ, ഓക്കെ ഞാനവിടെ കാണും.

വേഗം അങ്ങു എത്തിയേക്കണേ വിനുഏട്ടാ…

മം…ബൈ…

ഫോൺ ബെഡിലേക്ക് ഇട്ട് ഓടി ബാത്ത് റൂമിൽ കയറി, കുളി കഴിഞ്ഞ് അമ്മയോട് പുറത്തേക്ക് പോയിട്ടു വരാം എന്ന് യാത്ര പറഞ്ഞ് അടുക്കളയിൽ നിന്നും വരുമ്പോൾ കുഞ്ഞാവയുടെ മുറിയിലേക്ക് ഞാനൊന്ന് എത്തി നോക്കി.

കുഞ്ഞാവയുടെ മുറി അടഞ്ഞുതന്നെ കിടക്കുന്നുണ്ട്. കുഞ്ഞാവ ഉറക്കത്തിൽ നിന്ന് എണീറ്റിട്ടുണ്ടാവില്ല. ഉള്ളിൽ സന്തോഷത്തിന്റെ പൂത്തിരികൾ കത്തുകയായിരുന്നു. കുഞ്ഞാവയെ കൂട്ടാതെ ഞായറാഴ്ച പുറത്തു പോവുന്നത് സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യം ആണ്…എന്നാൽ ഇതാ ഇന്ന് ഞാനത് സാധിച്ചെടുത്തിരിക്കുന്നു.

ബൈക്കിന്റെ താക്കോൽ വിരലിൽ ഇട്ടു കറക്കി കറക്കി ചാടിതുള്ളി വീടിനു പുറത്തു എത്തിയതും, നേരത്തെ കത്തിയ പൂത്തിരികൾ നനഞ്ഞു കുതിർന്നു ആ കാഴ്ച കണ്ട്…

ബൈക്കിന്റെ മുകളിൽ കയറി ഇരുന്ന് ബൈക്കിന്റെ ടാങ്കിൽ കുഞ്ഞാവ വിരൽ കൊണ്ട് താളം പിടിച്ചിരിക്കുന്നത് കണ്ട് പൊട്ടൻ പുട്ടു വിഴുങ്ങിയ അവസ്ഥയായി എന്റേത്…

ഈ കുരിപ്പ് ഇതെങ്ങനെ മണത്തറിഞ്ഞു എന്റെ ദേവീ…അനുവിനോട് വരാനും പറഞ്ഞല്ലോ, ഇനി എന്താ ചെയ്യാ…

“ദാ പത്തി മാമ, അന്തം വിറ്റു കുന്തം വിയുങ്ങിയ പോലെ നിച്ചാതെ പോണ്ടേ നമക്ക്, ഇങ്ങോട്ട് കേര്…”

എവിടേക്കു പോവാൻ, ഞാനെങ്ങും പോണില്ല.

“അപ്പൊ നിന്റെ അനുനോട് നീ എന്ത് പരയും…?”

ഏത് അനു..?എന്ത് അനു…?

“എദാ കള്ള പത്തിമാമ എനിച്ചു എല്ലാം അരിയാം. കുഞ്ഞാവേടെ പാവ എതുക്കാൻ നിന്റെ രൂമിൽ വന്നപ്പോ നീ പോണ് ചെയ്യുന്നത് കുഞ്ഞാവ കേട്ടാരുന്നു. കുഞ്ഞാവയെ കൂത്താതെ നീ പോവും ലേ പത്തി മാമ…? അങ്ങനെ പോവാൻ കുഞ്ഞാവ സമ്മതിച്ചൂല…”

ഇനി കുഞ്ഞാവയെ കൂട്ടാതെ ഇവിടെ നിന്നും പോകാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ഞാൻ, കുഞ്ഞാവയ്ക്കു മുന്നിൽ രണ്ട് നിബന്ധനകൾ വച്ചു.

ഒന്ന്, അനുവിന്റെ മുന്നിൽ വച്ച് എന്നെ പത്തിമാമാ എന്ന് ഒന്നും വിളിക്കാൻ പാടില്ല. രണ്ട്, അവിടെ എത്തി കുറുമ്പ് ഒന്നും കാണിക്കാതെ അടങ്ങി ഒതുങ്ങി ഇരിക്കണം.

എന്റെ നിബന്ധനകൾ കേട്ട് അൽപ്പം പോലും ആലോചിക്കാതെ കുഞ്ഞാവ തല കുലുക്കി സമ്മതിച്ചു. ഇനി എനിക്ക് പേടിഇല്ല, കുഞ്ഞാവ പറഞ്ഞാൽ പറഞ്ഞതാ…കുഞ്ഞാവയെ കാണുമ്പോൾ അനുവിനും ഒത്തിരി സന്തോഷം ആവും. ഞങ്ങൾ യാത്ര തുടങ്ങി.

കുഞ്ഞാവെ നിനക്കു ഉടുപ്പ് എന്തെങ്കിലും ഇട്ടാൽ പോരായിരുന്നോ…? കുഞ്ഞാവയെ ഉടുപ്പിൽ കാണാനാ ചന്തം.

“ദാ..പത്തിമാമാ നിനച്ചു ഒന്നും അരിയൂല, ജീൻച്ചും ടി ഷറ്റുമാ ഇപ്പൊ ഫാച്ചൻ…”

അതൊക്കെ വലിയ ചേച്ചിമാരല്ലേ, നീ കുഞ്ഞവയല്ലേ…?

“അതെന്താ എനിച്ചു ജീനിച്ചു ഇതാൻ പാതില്ലേ…?”

കുഞ്ഞാവ നാഗവല്ലി ആയി മാറുന്നതിനുമുമ്പ് ഞാൻ അതിവിദഗ്തമായി വിഷയം മാറ്റി. കുഞ്ഞാവേ എന്താ ജീൻസിന്റെ പോക്കറ്റിൽ ബിസ്ക്കറ്റാണോ..?

“ബിച്കറ്റും മിത്തായിയും ഒന്നും അല്ല പത്തിമാമ, കുഞ്ഞാവേടെ ഫോനാ…”

എന്തിനാ ഇപ്പൊ ഫോൺ…? അത് വീട്ടിൽ വയ്ക്കാതെ എന്തിനാ പോക്കറ്റിൽ ഇട്ടു കൊണ്ടുവന്നേ കുഞ്ഞാവേ…

“അതു മാമനും മാമന്റെ പെണ്ണും കൂതെ സൊല്ലുമ്പോ, കുഞ്ഞാവയ്ച്ചു ബോരടിച്ചൂലേ. അപ്പൊ കളിച്ചാനാ ഈ ഫോന്…”

കുഞ്ഞാവേ നീ മരണ മാസ്സാട്ടോ…

“സോപ്പിതന്താ പത്തിമാമ, എനിച്ചു കിന്റര് ജോയി മാങ്ങി തരനം”

അതൊക്കെ വാങ്ങിതരാം, നല്ലക്കുട്ടിയായി ഇരിക്കണം. എന്നാലേ വാങ്ങി തരൂട്ടോ കുഞ്ഞാവേ…

“അതൊക്കെ ഈ കുഞ്ഞാവ ഏത്തു പത്തിമാമ…”

********************

അനു ഇതാ എന്റെ കുഞ്ഞാവ…

ആഹാ എന്തു രസമാ കുഞ്ഞാവയെ കാണാൻ, സോ ക്യൂട്ട്…

ഉവ്വ…നീ ആ ഇരുപ്പു നോക്കണ്ട. ഇടഞ്ഞാൽ കൊല കൊമ്പനാ അത്…

വിനുഏട്ടാ എനിക്ക് ഒരുപാട് ഇഷ്ടായി മാമന്റെ കുഞ്ഞാവയെ…

കുഞ്ഞാവയെ മാത്രേ ഇഷ്ടമായുള്ളൂ…

അല്ലല്ലോ ഈ പത്തി മാമനെയും ഇഷ്ടായിട്ടോ…കുഞ്ഞാവ എന്താ മാറി ഇരിക്കുന്നേ വിനുഏട്ടാ…? ആഹാ…കുഞ്ഞാവക്കു ഫോണൊക്കെ ഉണ്ടോ…?

ഏയ് അത് എന്റെ പഴയതാ…പുതിയത് വാങ്ങിയപ്പോൾ പഴയ ഫോൺ കുഞ്ഞാവ എടുത്തു. കുറേ ഗെയ്മും പിന്നെ കുറേ കാർട്ടൂൺ വീഡിയോസും അതിൽ കയറ്റി കൊടുത്തോണ്ട്. എന്റെ ഫോൺ ഇപ്പോഴും സേഫ്സോണിലാ…

അതേ, സമയം ഒരുപാടായി ഞാൻ പോവാട്ടോ, അമ്മ തിരക്കും ഇനി ഇവിടെ നിന്നാൽ…അപ്പൊ ശരി പത്തി മാമാ എന്ന് അനു യാത്ര പറഞ്ഞപ്പോൾ, അനുവിന്റെ കവിളിൽ നോവിക്കാതെ ഞാനൊന്ന് നുള്ളി…പോവാൻ നേരത്ത് കുഞ്ഞാവയ്ക്കു ഒരു ഉമ്മയും കൊടുത്താ അനു പോയത്…

അനു പോയതും എന്റെ അരികിലേക്ക് ഓടിയെത്തി കുഞ്ഞാവ… “ഈ ചേച്ചിയെ കുഞ്ഞാവ യ്ച്ചു ഒത്തിരി ഇസ്തായി മാമാ…മാമൻ ഈ ചേച്ചീനെ കല്ലിയാണം കയിച്ചോ റ്റോ, കുഞ്ഞാവയ്ച്ച് കൂതെ കലിചാൻ വാവേ കിറ്റൂലോ…”

എനിക്കു നാണം വരുന്നു കുഞ്ഞാവേ…കുഞ്ഞാവയുടെ ഈ സ്നേഹത്തിന്റെ മുന്നിലാ മാമൻ തോറ്റു പോവുന്നേ…നമുക്കു പോയാലോ വീട്ടിൽക്കു…?

പറഞ്ഞു തീർന്നതും ഒരു അഭ്യാസിയെ പോലെ ബൈക്കിൽ ചാടി കയറി ഇരിപ്പായി കുഞ്ഞാവ…

**********************

ഉച്ചയ്ക്കു അമ്മയുടെ സ്പെഷ്യൽ ചിക്കൻക്കറി കൂട്ടി മുക്കുമുട്ടെ തിന്നു കട്ടിലിൽ മലർന്നു കിടക്കുമ്പോൾ… “മാമാ…ഒരു കാര്യം മരന്നു…”

എന്താ കുഞ്ഞാവേ…?

“എനിച്ചു കിന്ദർ ജോയി മാങ്ങി തന്നില്ലല്ലോ…”

പിന്നെ കിഡർജോയ്…നിനക്ക് ആനമുട്ടയാ വാങ്ങി തരുന്നത്.

“എതാ.. കള്ള പത്തിമാമാ നീ എന്നെ പറ്റിച്ചൂലേ…എനിച്ചു കിന്ദർ ജോയി മാങ്ങി തന്നില്ലേ…ന്നാൻ അനുചേച്ചിന്റെ കാരിയം അമ്മൂമയോതും മുത്തച്ഛനോതും പരയും…”

ഓ പിന്നെ, നീ പോടി ഉണ്ടക്കണ്ണി കുഞ്ഞാവേ…നീ അത് പറഞ്ഞു കൊടുത്താൽ ഞാൻ പറയും കുഞ്ഞാവ നുണ പറയുന്നതാണെന്ന്. നിനക്ക് ഞാൻ ഒരു കിഡർ ജോയും വാങ്ങി തരില്ല, നിന്റെ ഹോർലിക്സും, ഐസ്ക്രീമും ഞാൻ തിന്നു തീർക്കും ചെയ്യും. നീ പോയി കേസുകൊടുക്ക് കുഞ്ഞാവേ…

“ഉരപ്പാന്നോ, പത്തി മാമാ..”

അതേടി കുഞ്ഞാവേ…ഈ വിനുവിന് ഒരു വാക്കേഉള്ളൂ…

“ന്നാ ഇതൊന്നു നോക്കിയേ…”

എന്ത്…?

എന്റെ കയ്യകലത്തു നിന്നും കുറച്ചു മാറി, കുഞ്ഞാവ അവളുടെ ഫോൺ എനിക്കു നേരെ നീട്ടി കാണിച്ചു. അതിൽ ഞാൻ അനുവിന്റെ കവിളിൽ നുള്ളുന്ന ഫോട്ടോ…

കുഞ്ഞാവേ…ഇത്…?

“അതേ എങ്ങനെയുന്റു കുഞ്ഞാവ എതുത്ത ഫോറ്റോ പത്തി മാമാ…”

“ഇത് നാൻ അമ്മൂമയ്ച്ചു കാനിച്ചു കൊതുക്കറ്റെ…”

ഐയാം ട്രാപ്പ്ഡ്…

ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ ഞാൻ, മാമന്റെ തക്കുടൂന് കിഡർ ജോയ് മാമൻ വാങ്ങി തരാലോ…കടയിൽ പോവാൻ ഇറങ്ങിയ എന്നോട് കുഞ്ഞാവ പറയാ…

“ന്തായാലും പോവല്ലേ പത്തി മാമാ…ഒരു ഐക്രീം കൂതെ മേതിച്ചോന്ന്…”

ആ സമയം ഇങ്ങനെ ഒരു ആറ്റംബോംബിനെ എന്റെ ജീവിതത്തിലേക്ക് തന്ന എന്റെ പെങ്ങളെയും അളിയനെയും ഞാനൊന്ന് മനസ്സിരുത്തി സ്മരിച്ചുപോയി…

******************

ഇങ്ങനെ ഒരു കുഞ്ഞാവ കഥ എഴുതാൻ പ്രചോദനമായത് അരുൺ ചേട്ടന്റെ കുഞ്ഞാവ കഥകളിൽ നിന്നാണ്…