ആ കയ്യിലെ വടി പിടിച്ചു മേടിച്ചിട്ട് ഞാൻ പറഞ്ഞു…ഇങ്ങനെ തല്ലിക്കൊല്ലാനാണെങ്കിൽ എന്തിനാ എന്നെ സൃഷ്ടിച്ചത്…?

കുപ്പത്തൊട്ടിയിലെ മാണിക്യം – രചന: അരുൺ കാർത്തിക്

ഇന്നായിരുന്നു എന്റെ വിവാഹം. വിവാഹരാത്രിയിൽ ഞാൻ എന്റെ ഭാര്യയോട് സംസാരിച്ചുകൊണ്ടിരുന്നു. പരസ്പരം ഓരോന്നും പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ അവൾ എന്നോട് ചോദിച്ചു…

ആൺമക്കൾ അച്ഛനെപ്പോലെ ആയിരിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, അത് ശരിയാണോ ഏട്ടാ…? ഏട്ടൻ ഏട്ടന്റെ അച്ഛനെപ്പോലെ ആയിരുന്നോ…?

ഒരു ചെറുചിരിയോടെ ഞാൻ അവളോട്‌ പറഞ്ഞുതുടങ്ങി…ചെറുപ്പത്തിൽ ഒരുപാട് കഥകൾ പറഞ്ഞു തരുമായിരുന്നു എന്റെ അച്ഛൻ. അച്ഛന് അറിയാത്ത പുരാണങ്ങൾ ഉണ്ടായിരുന്നില്ല. അറിവുള്ള കാര്യങ്ങൾ എന്നെ പഠിപ്പിക്കാൻ അച്ഛൻ എപ്പോഴും ഉത്സാഹവാനായിരുന്നു.

ആദ്യമായി അമ്മ ദൈവമാണെന്ന് പഠിപ്പിച്ചു തന്നത് അച്ഛൻ ആയിരുന്നു. അക്ഷരങ്ങൾ ഈശ്വരന്റെ വരദാനമാണെന്ന് എന്നെ പഠിപ്പിച്ചതും അച്ഛൻ ആയിരുന്നു.

കുട്ടിക്കാലത്തു 350രൂപ വിലയുള്ള സ്കൂബീഡേ യുടെ ബാഗ് വേണമെന്ന് പറഞ്ഞ് വാശിപിടിച്ചപ്പോൾ 110 ന്റെ ബാഗ് മേടിച്ചു തന്ന അച്ഛനോട് ആദ്യമായി എനിക്ക് ദേഷ്യം തോന്നി.

അന്നത്തെ ട്രെൻഡ് മോഡൽ ആയിരുന്ന ആറാംതമ്പുരാൻ ചെരുപ്പ് വേണമെന്ന് പറഞ്ഞ് വാശി പിടിച്ചപ്പോഴും റബ്ബർചെരുപ്പ് മേടിച്ചു തന്നതു കൊണ്ട് എന്റെ ദേഷ്യം വർധിച്ചു…

എല്ലാ ഉത്സവത്തിനും കളിപ്പാട്ടം മേടിക്കാൻ 10 രൂപ തന്നിരുന്ന അച്ഛനോട് 75 രൂപയുടെ brick ഗെയിം വേണമെന്ന് പറയാൻ മാത്രമേ എനിക്കു സാധിച്ചുള്ളൂ. അച്ഛന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് ആ വീട്ടിലെ എല്ലാ കാര്യങ്ങളും നടന്നുപോന്നിരുന്നതെന്നു അപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല.

പത്രത്തിലെ എഴുത്ത് കാണാൻ സാധിക്കുന്നില്ലെന്നു പറഞ്ഞ് എന്നെക്കൊണ്ട് ഉറക്കെ വായിപ്പിക്കുമ്പോൾ കുട്ടികളോടൊപ്പം കളിക്കാൻ വിടാത്തതിന്റെ വിഷമം ആയിരുന്നു എനിക്ക്.

കടയിൽ സാധനങ്ങൾ മേടിക്കാൻ പറഞ്ഞു വിടുമ്പോൾ കണക്കിൽക്കൂടുതൽ ഒരു രൂപ പോലും മിടായി മേടിക്കാൻ തരുകയില്ലായിരുന്നു എന്റെ അച്ഛൻ.

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ പഠനത്തിൽ ഉഴപ്പുകയാണെന്നറിഞ്ഞ എന്നെ ഹോസ്റ്റലിൽ കൊണ്ടുവിടുമ്പോൾ ആ മുഖത്തു തെല്ലും ദയ ഉണ്ടായിരുന്നില്ല. എവിടെ പോയാലും സന്ധ്യസമയത്തിന് മുൻപ് വീട്ടിൽ കയറണമെന്ന് അച്ഛൻ വാശിപിടിക്കുമ്പോൾ കൂട്ടുകാരുമൊത്തു കൂടുതൽ സമയം ചിലവഴിക്കാൻ പറ്റാത്തതിന് ഞാൻ അച്ഛനോട് വഴക്കിടുമായിരുന്നു.

പ്രായപൂർത്തി ആവുന്നതിനുമുൻപേ അച്ഛന്റെ തൊഴിലിലേക്കു എന്നെ വിളിച്ചപ്പോൾ എന്റെ മനസ്സ് കോപം കൊണ്ട് ജ്വലിക്കുകയായിയുന്നു. കൂട്ടുകാർ കളിച്ചും സുഖിച്ചും നടക്കുമ്പോൾ എനിക്കു മാത്രം എന്താ ഇങ്ങനെ എന്ന് അമ്മയോട് പരാതിപ്പെട്ടു.

കോളേജിൽ പഠിക്കുന്ന സമയത്തു കുറച്ചു മദ്യപിച്ചിട്ടു വന്ന എന്നെ തലങ്ങും വിലങ്ങും തല്ലിയപ്പോൾ ആ കയ്യിലെ വടി പിടിച്ചു മേടിച്ചിട്ട് ഞാൻ പറഞ്ഞു…

ഇങ്ങനെ തല്ലിക്കൊല്ലാനാണെങ്കിൽ എന്തിനാ എന്നെ സൃഷ്ടിച്ചത്…? അപ്പോൾ എനിക്ക് അറിയില്ലായിരുന്നു ഈ ലോകത്തിലെ ഏറ്റവും വലിയ മഹാപാതകം ആണ് ഞാൻ ചെയ്തതെന്ന്…

പിന്നൊരുനാൾ പെട്ടെന്ന് ഹൃദയാഘാതം മൂലം അച്ഛൻ മരിക്കുമ്പോൾ അമ്മയും പെങ്ങളും കണ്ണീർ അടങ്ങാതെ എന്റെ ഇടത്തും വലത്തും ഉണ്ടായിരുന്നു. ഒരു നിമിഷം എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുപോയെങ്കിലും അച്ഛൻ എന്ന സത്യം വഴികാട്ടി എന്റെ മുൻപിൽ തെളിയുകയായിരുന്നു.

അച്ഛൻ പഠിപ്പിച്ച തൊഴിൽ അറിഞ്ഞതുകൊണ്ട് മാത്രമായിരുന്നു അമ്മയെയും പെങ്ങളെയും കൊണ്ട് മുൻപോട്ടു നീങ്ങാൻ കഴിഞ്ഞത്.

വരവറിഞ്ഞു ചിലവാക്കണമെന്നു ആദ്യമായി പഠിപ്പിച്ചത് അച്ഛൻ ആയിരുന്നു. പാതിയിൽ നിന്ന പഠനവും പണിയും ഒരുമിച്ചു കൊണ്ടുപോയപ്പോൾ അറിവും പണവും എങ്ങനെ ഉപയോഗിക്കണമെന്ന് അച്ഛൻ പഠിപ്പിച്ചത് ഓർമ വന്നു.

മോഡലും ബ്രാൻഡും വെറും ആഡംബരമാണെന്ന് പറയാതെ പറഞ്ഞുതന്നു എന്റെ അച്ഛൻ. നേരം ഇരുട്ടുന്നതിനു മുൻപേ വീട്ടിൽ എത്തിയിരുന്ന ഞാനറിഞ്ഞു കുടുംബത്തിൽ ഉള്ളവരുടെ സുരക്ഷ ആണിന്റെ കടമയാണെന്ന്.

അനുജത്തിയെ വിവാഹം ചെയ്തയച്ചപ്പോൾ അനുഗ്രഹിക്കാൻ അച്ഛനില്ലാതെ വന്നപ്പോൾ ആ അഭാവം നികത്താനാവാതെ ഉള്ളിലെ സങ്കടം ഞാൻ ഒളിച്ചുവച്ചു.

പിന്നീട് എപ്പോഴോ അമ്മയോട് ഞാൻ ചോദിച്ചു…അമ്മേ അച്ഛൻ എനിക്കു ജീവിതം എന്തെന്ന് കാണിച്ചുതന്നു. പക്ഷെ…എന്നെ അല്പം സ്നേഹിച്ചുകൂടായിരുന്നോ അച്ഛന്…അതിനു അമ്മയുടെ മറുപടി ഇതായിരുന്നു….

മോനെ, എപ്പോഴും ദേഷ്യപ്പെടുന്ന അച്ഛനെയെ നീ കണ്ടിട്ടുള്ളു. പക്ഷെ ആ നെഞ്ചു നിറയെ സ്നേഹമായിരുന്നു. നിന്നെ ഹോസ്റ്റലിൽ കൊണ്ടുപോയിവിട്ടു തിരിച്ചുവന്ന ദിവസം നിന്നെ തനിച്ചാക്കിയെന്നോർത്തു പൊട്ടിക്കരഞ്ഞ
അച്ഛനെ നിനക്കറിയില്ല…

രാത്രിതന്നെ നിന്നെ തിരിച്ചുകൊണ്ടുവരാൻ ഇറങ്ങി പുറപ്പെട്ട അച്ഛനെ ഞാനാണ് തടഞ്ഞത്. അന്ന് രാത്രി മുഴുവൻ ഉറങ്ങാതെ നിന്നെയോർതിരുന്ന അച്ഛനെയും നിനക്കറിയില്ല.

പത്രം വായിക്കാൻ നിന്നെ വിളിക്കുമ്പോൾ ഒരു നിമിഷമെങ്കിലും ആ വാർത്ത ആ അറിവ് നിനക്ക് ലഭിക്കുമെന്ന് അച്ഛൻ അറിയാമായിരുന്നു.

നിന്നെ തല്ലിയ ദിവസം രാത്രിയിൽ അടികൊണ്ടു തടിച്ചു പാടുള്ള നിന്റെ പുറത്ത് നീ ഉണരുവോളം അച്ഛന്റെ കൈ തലോടിയപ്പോഴും നീ അറിഞ്ഞിരുന്നില്ല ആ മനസ്സ് ഒരുപാട് വേദനിച്ചെന്ന്…

അച്ഛന്മാർ എപ്പോഴും അങ്ങനെയാണ്. എല്ലാം ഉള്ളിൽ ഒതുക്കിജീവിക്കാൻ വിധിക്കപ്പെട്ടവർ. അച്ഛനില്ലാതെ വന്നപ്പോൾ പല സങ്കടങ്ങളും നീ ഉള്ളിൽ ഒതുക്കിയില്ലേ…അതും നിനക്ക് നിന്റെ അച്ഛൻ പകർന്നു തന്നതാ. അമ്മ കരഞ്ഞാലും മക്കൾ കരഞ്ഞാലും അച്ഛന് കരയാൻ പറ്റില്ലല്ലോ…

ശരിയാണമ്മേ…കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല. ഒരു തവണ ആ കാലിൽ വീണൊന്നു മാപ്പ് പറയാൻ…അതിനും എനിക്കു ആവില്ലല്ലോ ഈശ്വരാ…

ഏട്ടാ, ഒരു നിമിഷം എന്റെ ഭാര്യ എന്നെ തടഞ്ഞു കൊണ്ടു പറഞ്ഞു…ഏട്ടാ പുരുഷന്മാർ കരയാൻ പാടില്ല. കാരണം നാളെ അവരും അച്ഛൻ ആകേണ്ടവരാണ്…