വളപ്പൊട്ടു വെച്ചു സ്നേഹം നോക്കി കളിച്ചപ്പോൾ കുറഞ്ഞുപോയി എന്നും പറഞ്ഞു പിണങ്ങി മുഖം വീർപ്പിച്ചുപോയവൾ…വലുതാവും തോറും പിണക്കങ്ങൾ കൂടി കൂടി വന്നു

ചാരു – സ്നേഹപൂർവ്വം, ശ്രീജിത്ത് ആനന്ദ് ത്രിശ്ശിവപേരൂർ

ഓട്ടം കഴിഞ്ഞു വരുന്നവഴിക്കാണ് കവലയിൽ നിന്നു ദാസേട്ടൻ വണ്ടിക്കു കൈ കാണിച്ചത്.

വീട്ടിലേക്കാണെങ്കിൽ കയറിക്കോ…

ദാസേട്ടൻ ഡോർ തുറന്നു മുൻ സീറ്റിൽ കേറിയിരുന്നു. ഞാൻ ഗിയർ മാറ്റി വണ്ടി മുന്നോട്ടെടുത്തു.

അച്ഛന്റെ വണ്ടിയാണ്. അച്ഛൻ കിടപ്പിലായപ്പോൾ മുതൽ ഞാൻ ആ കാക്കി ഷർട്ട്‌ എടുത്തിട്ടു. മുൻപേ ആളെ നിശ്ചയിച്ചു പേരിനു മാത്രം നടത്തുന്ന ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്തു മടുത്തിട്ടും കൂടി എന്നു പറയുന്നതാവും സത്യം. പഠിച്ചതു തന്നെ ചെയ്യണമെന്നില്ലല്ലോ ജീവിക്കാൻ…

ജീവിക്കാൻ തന്നെ കഷ്ടി എന്നുതന്നെയേ പറയാൻ പറ്റുള്ളൂ…അച്ചനു മരുന്ന് വാങ്ങാനും പലചരക്കു കടയിലെ പറ്റു തീർക്കാനും…ഡേറ്റ് കുറച്ചു വൈകിയാലും സഹകരണ ബാങ്കിലെ ലോൺ അടക്കാനും…ഈ വണ്ടി ഓടിച്ചിട്ട്‌ തന്നെയാണ് നടക്കുന്നതും…

നേരം ഇരുട്ടായി. കുന്നുംപുറത്തെ ഭഗവതി കാവിലെ വെളിച്ചം കാണാം, പാടത്തിനരികിൽ ഉള്ള റോഡിൽ കൂടി പോവുമ്പോൾ…

മോനൊന്നു വണ്ടി നിർത്തുവോ എനിക്കൊരു കൂട്ടം പറയാനുണ്ട്. ഞാൻ റോഡിൽ നിന്നിറക്കി. വണ്ടി പാർക്ക്‌ ചെയ്തു ഇറങ്ങി.

മോൻ ഉദ്ദേശിക്കുന്നപോലെ തന്നെ ചാരുവിന്റെ കാര്യം തന്നെയാണ്. ഒരുപാട് നല്ല ആലോചനകൾ വരുന്നുണ്ട്. എല്ലാം അവള് വേണ്ടാന്ന് പറഞ്ഞ് നിൽക്കാണ്, നിന്നെ മാത്രം മതിയെന്ന് പറഞ്ഞ്…

അവളെ കുറിച്ചു ഒരുപാട് സ്വപ്ങ്ങൾ ഉണ്ട്‌ എനിക്ക്. എനിക്കെന്നല്ല എല്ലാ അച്ഛൻമാർക്കും അങ്ങിനെയേ ചിന്തിക്കാൻ പറ്റൂ…അവർക്കൊരു നല്ല ജീവിതം ഉണ്ടാവണം. നല്ലൊരു ബന്ധം ഉണ്ടാകണം. കെട്ടിച്ചു വിട്ടാൽ പോലും ഞങ്ങളുടെ ഒക്കെ ഉള്ളിലു തീയാണ്.

മോനുതന്നെ അറിയാലോ…? ഈ വണ്ടിയും ഓടിച്ചുനടന്നിട്ട് ഒരു കാര്യവും നടക്കണില്ലാന്നു…അവളുടെ കണ്ണീരു കാണാൻ വയ്യാത്തത് കൊണ്ടു പറയാ…മോൻ അവളെ പറഞ്ഞ് മനസിലാക്കണം, പിന്തിരിപ്പിക്കണം, അവൾ ഒരേ വാശിയിലാ…

ആ മനുഷ്യന്റെ അഭിനയമായിട്ടെനിക്ക് എനിക്കു തോന്നിയില്ല. ആ വാക്കുകൾ മകളെ കുറിച്ചുള്ള വേവലാതിയായിട്ടാണ് തോന്നിയത്. മറുപടിക്കായി വാക്കുകൾ കിട്ടുന്നില്ല എങ്കിലും ഞാൻ പറഞ്ഞു. ദാസേട്ടൻ പേടിക്കണ്ട…ഞാൻ ഒരിക്കലും ഒരു ചീത്തപ്പേരുണ്ടാക്കില്ല ഈ ഇഷ്ടത്തിന്റെ പേരിൽ…

പിന്നെ ചെറുപ്പം മുതലുള്ള ഇഷ്ടമല്ലേ, മറക്കാൻ പറ്റുന്നുണ്ടാവില്ല…സാരല്യ ഞാൻ പറഞ്ഞോളാം ചാരുവിന്റെ അടുത്ത്…മറ്റുള്ളവരെ പോലെ തല്ലാനും കൊല്ലാനും ഒന്നും നിന്നില്ലല്ലോ…? ദാസേട്ടൻ കേറിക്കോ. ഞാൻ വീടിന്റെ അവിടക്കാം.

മടിച്ചു നിന്ന ദാസേട്ടനോട് ഞാൻ പിന്നേം പറഞ്ഞു, ഹേയ് കേറു ദാസേട്ടാ…മഴവരുണ്ട് കുടയുംകൂടി ഇല്ലല്ലോ…ദാസേട്ടൻ വണ്ടിയിൽ കേറി.

ഞാൻ ഒരു കാര്യം പറയട്ടെ…എന്നെ വന്നു കണ്ട കാര്യം അവളോട്‌ പറയരുത്. അവളോടെന്നല്ല, ഗിരിജേടത്തിയോടും പറയണ്ട…ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം.

ദാസേട്ടനൊരു കാര്യറിയോ…? അച്ഛൻ കിടപ്പിലായേപ്പിന്നെയാ ഞാൻ ഈ കാക്കി ഷർട്ട്‌ എടുത്തിട്ടത്. അച്ഛന്റെ അനുഗ്രഹം വാങ്ങി ഇവന്റെ താക്കോല് വാങ്ങുമ്പോൾ എന്താ പറഞ്ഞതെന്ന് അറിയോ…?

“നമ്മുടെ ഇഷ്ട്ടത്തെക്കാൾ കൂടുതൽ നമ്മുടെ കൂടെ ഇരിക്കുന്നവരുടെ ഇഷ്ട്ടങ്ങൾക്കായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്. വഴിയിൽ അപകടത്തിൽ പെടുന്നവരെ സഹായിക്കാൻ ഒരു മടിയും കാണിക്കരുത്. റോഡ് ആണ് വണ്ടിയാണ് നാളെ നമ്മൾക്കും സംഭവിക്കാം. പോയിട്ട് വായോ…”

അന്ന് തുടങ്ങിയതാ ഈ വളയം പിടിക്കാൻ. നമ്മുടെ സ്റ്റാൻഡിൽ ഇപ്പൊ പുതിയ കാറുകൾ ഉണ്ടായിട്ടും ഈ പഴഞ്ചൻ കാറിനു ഓട്ടം ഉണ്ട്‌. അതു എന്താന്ന് അറിയോ ദാസേട്ടന്…? അച്ഛനിലുള്ള വിശ്വാസം.

ഇപ്പോഴും ആളുകൾ, ആ ബാലേട്ടന്റെ മോന്റെ വണ്ടി എന്നാ പറയാ…ദാസേട്ടന് അറിയാലോ…?പഴയകൂട്ടുകാരനല്ലായിരുന്നോ…?

അച്ഛൻ ഇപ്പോഴും പറയാറുണ്ട് പഴയവിശേഷങ്ങളൊക്കെ. ചെറിയൊരു പിണക്കത്തിന്റെ പേരിൽ മിണ്ടാതെ നടക്കുന്നതല്ലേ രണ്ടുപേരും. അച്ചനും വിഷമമുണ്ട്. പറഞ്ഞു പറഞ്ഞു ദാ വീടെത്തി…ദാസേട്ടൻ ഇറങ്ങിക്കോളൂ…

പിന്നെ ബാലേട്ടന്റെ മോൻ കൊള്ളരുതായ്മ ചെയ്തുന്നു ആളുകൾ പറയുന്നത് ഒരിക്കലും കേൾക്കേണ്ടിവരില്ല, സമാധാനമായിട്ടു പൊയ്ക്കോളൂ…അല്ലെങ്കിലും എല്ലാവരെയും സങ്കടപെടുത്തിയിട്ടു ഞങ്ങൾക്ക് ഒരു സന്തോഷം വേണ്ട ദാസേട്ടാ…

എന്നോട് തിരിച്ചു ഒന്നും പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. ഗിയറിൽ പിടിച്ചിരുന്ന എന്റെ ഇടം കയ്യിൽ ആളൊന്നു മുറുകെ പിടിച്ചു എന്നിട്ട് ഡോർ തുറന്നു ആ മഴയത്തു ഇറങ്ങി വീട്ടിലേക്കു നടന്നു. ഞാൻ വണ്ടി എന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിച്ചു.

വണ്ടി മുന്നോട്ടുപോകുമ്പോൾ മനസു ഒരുപാടു പിന്നിലേക്ക് പോയിക്കൊണ്ടിരുന്നു.

“ചാരു”

കുട്ടിക്കാലം മുതൽ മനസ്സിൽ കയറിപറ്റിയവൾ…

കാവിലെ ഉത്സവത്തിന് അച്ഛൻ വാങ്ങിച്ച കുപ്പിവള ഞാൻ പൊട്ടിച്ചപ്പോൾ അവൾ കരഞ്ഞില്ല…ആ വളപ്പൊട്ടു വെച്ചു സ്നേഹം നോക്കി കളിച്ചപ്പോൾ കുറഞ്ഞുപോയി എന്നും പറഞ്ഞു പിണങ്ങി മുഖം വീർപ്പിച്ചുപോയവൾ…

വലുതാവും തോറും പിണക്കങ്ങൾ കൂടി കൂടി വന്നു…ഇഷ്ട്ടം കൊണ്ടുള്ള പിണക്കങ്ങൾ പരിഭവങ്ങൾ…മൂർച്ചയുള്ള നഖം കൊണ്ടു കയ്യിൽ മുറിവേൽപ്പിച്ചു തീരുന്ന പിണക്കങ്ങൾ…കൈ മുറിഞ്ഞത് കണ്ടു, അതോർത്തു കരയുന്നവൾ…

എന്തു വാങ്ങിയാലും ഓടി വന്നുകാണിക്കും. എന്നോടുള്ള ഇഷ്ട്ടം ഭ്രാന്താക്കിയവൾ…എല്ലാം അവസാനിക്കാൻ പോവാണ്. അല്ല അവസാനിപ്പിക്കാൻ പോവാണ്. കുറച്ചുമുൻപ് ഇറങ്ങിപ്പോയ ആ മനുഷ്യന്റെ കണ്ണീരു വീഴ്ത്തിയാൽ ഒരിക്കലും മനസമാധാനം കിട്ടില്ല.

നഷ്ട്ടപെടട്ടെ, അതാണ് വിധിയെങ്കിൽ…കണ്ണുനിറഞ്ഞും തൊണ്ട കനം വെച്ചും ആ തീരുമാനത്തെ തടുക്കാൻ നോക്കിയെങ്കിലും മനസുകൊണ്ടു ഞാൻ അവിടേക്കെത്തുകയായിരുന്നു…

രാവിലെ എയർപോർട്ട് ഓട്ടം ഉള്ളതിനാൽ വണ്ടി കഴുകുമ്പോഴാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്. നോക്കുമ്പോൾ ദാസേട്ടൻ…

എന്താ ദാസേട്ടാ…? എന്നു ചോദിക്കും മുൻപ് എന്റെ കയ്യിലു പിടിച്ചു പറഞ്ഞു…

ഇന്നലെ എന്തോ ഉറങ്ങാൻ പറ്റിയില്ല. നിന്റെ വാക്കുകളായിരുന്നു ചുറ്റിലും. ചാരുനോട് നീ ഒന്നും പറയണ്ട…അമ്മയോടും അച്ചനോടും പറഞ്ഞു അടുത്ത ദിവസം എന്റെ വീട്ടിലേക്കുവായോ…പെണ്ണ്കാണാനായിട്ടു…ചടങ്ങ് അതിന്റെ രീതിയിൽ നടക്കട്ടെ…

മക്കളുടെ മനസ് കാണാത്ത അച്ഛനായിട്ടു എന്താ കാര്യം…? എന്നും പറഞ്ഞു, നീകൂടെ ഉള്ളടിത്തോളം കാലം അവളുടെ കണ്ണു നിറയില്ലാന്നു എനിക്കറിയാം. ബാലൻ ഏത് മുറിയിലാ കിടക്കുന്നതെന്നു പറഞ്ഞു ദാസേട്ടൻ എന്റെ വീട്ടിലേക്കു കയറുമ്പോൾ…

നെഞ്ചിൽ അടക്കിപിടിച്ച വേദന ആനന്ദാശ്രുവായി കണ്ണിൽ നിന്നൊഴുകുകയായിരുന്നു. മനസറിഞ്ഞുള്ള തുറന്നുപറച്ചിലുകളിലും…ഒന്നുകൂടി ഒന്നു ചിന്തിച്ചാലും…തീരുന്നപ്രശ്നങ്ങളൊക്കെയല്ലേ നമുക്കൊക്കെയുള്ളൂ…അല്ലേ….