നെഞ്ചിലേക്ക് മുഖംപൂഴ്ത്തിക്കൊണ്ട് ഇറുടെ കെട്ടിപ്പിടിച്ചു. ഇടയില്‍പെട്ട മയില്‍പീലികള്‍ ഉടഞ്ഞു. അസ്തനമ ആരവങ്ങളെല്ലാം ഒരു നിമിഷം ഇല്ലാതെയായി…

സേതു – രചന: കുട്ടൻ കുട്ടു

പുലരിമഞ്ഞിന്റെ പുതപ്പ് വിട്ടകലാത്ത പാടവരമ്പിലൂടെ നടക്കുമ്പോള്‍ ബാല്യം വിട്ടകലാത്തൊരു കൊച്ചുകുട്ടിയുടെ ഭാവമായിരുന്നു അവളില്‍…

കാല്‍വെള്ള നനയ്ക്കുന്ന മഞ്ഞുതുള്ളികളോട് കുശലം പറയുംപോലെ കൊലുസ്സിന്റെ നാദവും, കാറ്റിലൂടെ ഒഴുകിയെത്തുന്ന ചേറ്റുമണവും…

പിന്നെ പച്ചവിരിച്ച് സുന്ദരിയായൊരുങ്ങി നില്‍ക്കുന്ന ഞാറ്റടികളും…കണ്ണിനും കാതിനും കുളിരണിയിക്കുന്ന ആ ശാലീനതയില്‍ എന്നെ ഏറെ പിന്നിലാക്കി ഉത്സാഹതോടെ ആ കാലടികള്‍ വേഗത്തിലായി.

ഒരുപാട് നാളുകളായി മനസ്സില്‍ കൊണ്ടുനടന്നൊരു സ്വപ്നം. എന്റെ നാടുകാണാനുള്ള ആഗ്രഹം. അത് നിറവേറ്റപ്പെടുന്ന ആദ്യ നിമിഷം മുതലേ അവളുടെ കണ്ണുകളിലെ തിളക്കം വര്‍ദ്ധിച്ചിരുന്നു.

വീടിന്റെ തെക്ക് ഭാഗം പരന്നുകിടക്കുന്ന വിശാലമായ വയലാണ്. ഇരു കരകളിലായി ഭഗവതിയും മഹാവിഷ്ണുവും ഐശ്വര്യവും അനുഗ്രവും പ്രധാനം ചെയ്യുന്ന ചെറിയ അമ്പലങ്ങളും അതിനോട് ചേര്‍ന്ന കുളങ്ങളും. കുറച്ചകലെ സര്‍പ്പക്കാവും…

വടക്കുഭാഗം വലിയൊരു മലയാണ്. മയിലുകളുടെ വിഹാരകേന്ദ്രമാണവിടെ. പിന്നെ കുറുക്കനും മുള്ളന്‍പന്നിയും വിഷമുള്ളതും ഇല്ലാതതുമായ പാമ്പുകളും മറ്റും സുഖമായി ജീവിക്കുന്ന സ്ഥലം. ഞാവല്‍മരങ്ങള്‍ നിറഞ്ഞ മലയില്‍ അവധിദിനങ്ങള്‍ ഞങ്ങള്‍ കയറിയിറങ്ങാറുണ്ട്.

ഏറ്റവും മുകളിലെ പരന്ന നിലത്ത് നിറയെ കാശിതുമ്പ ചെടികളാണ്. റോസും ചുവപ്പും നിറത്തില്‍ എന്നും വസന്തമാണവിടെ…പിന്നെ വറ്റാത്തൊരു കുഞ്ഞു ചോലയും…പിന്നെ നെറുകയില്‍ നിന്നാല്‍ കാണാവുന്ന നിളയൊഴുക്കും.

കിഴക്ക് ഭാഗം ടൗണിനോട് ചേര്‍ന്നുള്ള റോഡും ചെറിയ ചെറിയ പീടികകളും പടിഞ്ഞാറ് നാട്ടിലെ വലിയ പള്ളിയുമാണ്. പിന്നെ ക്ലബ്, വായനശാല, നാടകപ്പുര, ചക്ക, മാങ്ങ തുടങ്ങി പൊടിപ്പും തൊങ്ങലും ചേര്‍ത്തുള്ള വിവരണങ്ങള്‍ കേട്ടപ്പോള്‍ തുടങ്ങിയതാണ് എന്റെ നാടുകാണാനുള്ള ആഗ്രഹം.

വെളുപ്പിനേ ബാഗുംതൂക്കി വീട്ടുപടിക്കല്‍ നില്‍ക്കുന്ന രൂപം കണ്ടപ്പോള്‍ ഉള്ളൊന്നു കാഞ്ഞു. എന്തിനുള്ള പുറപ്പാടാണോ ആവോ…

അമ്മ അടുത്ത് ചെന്ന് എന്തൊക്കെയോ സംസാരിക്കുന്നതും ആനയിച്ചുകൊണ്ടു വരുന്നതും ജനലഴികള്‍ക്കിടയിലൂടെ അര്‍ദ്ധബോധത്തില്‍ നോക്കികിടന്നു.

തലയ്ക്കുമീതെ കറങ്ങുന്ന ഫാനിനേക്കാള്‍ വേഗത്തില്‍ തലകറങ്ങാന്‍ തുടങ്ങുമ്പോഴാണ് വാതില്‍ക്കല്‍ മുട്ട് കേട്ടത്…മുണ്ടും വാരിയുടുത്ത് വാതില്‍തുറന്നപ്പോള്‍ ദേ നില്‍ക്കുന്നു മുന്നില്‍ ആവിപറക്കുന്ന ചായയുമായി സേതു…സേതുലക്ഷ്മി…

ഗുഡ്‌മോര്‍ണിംങ് മാഷേ…

അന്തംവിട്ട് നില്‍ക്കുന്ന എന്നെ നോക്കിനില്‍ക്കുന്ന അമ്മയുടെ മുഖത്തും അങ്ങനെയൊരു ഭാവം തന്നെയായിരുന്നു.

കുറേകാലമായി എന്നെ വീട്ടിലേക്ക് ക്ഷണിക്കാം എന്നും പറഞ്ഞ് പറ്റിക്കുന്നു. വിളി കാത്തിരുന്നു മടുത്തു അതാ വെളുപ്പിനേ ഇങ്ങു പോന്നത്. മാഷിനും അമ്മയ്ക്കും ബുദ്ധിമുട്ടായിലല്ലോ…

സ്വന്തം വീട്ടിലെന്ന പോലെ സര്‍വ്വസ്വാതന്ത്ര്യത്തോടെ അവള്‍ വിഹരിക്കാന്‍ തുടങ്ങി. വാ കഴുകുവാനായി പുറത്തേക്കിറങ്ങിയപ്പോള്‍ അമ്മ പിറകെ വന്നു.

മൗനഭാവത്തിലെ ചോദ്യങ്ങള്‍ക്ക് കൂടെ ജോലിചെയ്തിരുന്നതാണെന്നും നാടു വീടും എല്ലാം ഒറ്റശ്വാസത്തിന് ഉത്തരം കൊടുത്തപ്പോള്‍ ആ വരവിന്റെ ഉദ്ദേശ്യം എനിക്കും വ്യക്തമല്ലായിരുന്നു. അകത്തേക്ക് കയറിയപ്പോള്‍ ആളെ കാണുന്നില്ല. ബാഗും കാണുന്നില്ല.

സേതു…മോളേ…അമ്മയും പരിഭ്രമിച്ചു. ബാത്ത്‌റൂമില്‍ വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. പാതി തുറന്ന ബാഗ് എന്റെ കട്ടിലില്‍ സ്ഥാനം പിടിച്ചിരുന്നു. ഒന്നും പറയാതെയുള്ള ഈ വരവ് എന്തെക്കെയോ അസ്വസ്തത പടര്‍ത്തിയിരുന്നു.

കണ്ണാ…എന്താ ഈ കുട്ടിയുടെ ഉദ്ദേശ്യം. അമ്മ അല്‍പ്പം ഗൗരവത്തോടെയാണ് ചോദിച്ചത്.

എന്റെ നാടും വീടുമെക്കെ കാണണം, അമ്മയോടൊപ്പം ഒരു ദിവസം നില്‍ക്കണം എന്നൊക്കെ എപ്പോഴും പറയുമായിരുന്നു സേതു. ഇതിപ്പോള്‍ ഒരു മുന്നറിയിപ്പും ഇല്ലാതെ….

തലപുകഞ്ഞ് നില്‍ക്കുമ്പോഴാണ് സേതു കുളിയും കഴിഞ്ഞ് വന്നത്. എന്താ മാഷേ…സര്‍പ്രൈസിന്റെ ക്ഷീണം മാറിയില്ലേ…ബാഗില്‍ നിന്നും വലിയൊരു ഫയലെടുത്ത് പുറത്തെടുത്ത് അതിനുള്ളില്‍ നിന്നും ഒരു കവറെടുത്ത് നീട്ടി.

ടൗണിലെ സ്‌കൂളില്‍ അധ്യാപികയായി ജോലിക്ക് ചേരാന്‍ വന്ന വരവാണ്. അതും വെളുപ്പാന്‍കാലത്ത് മനുഷ്യനെ തീ തീറ്റിച്ചുകൊണ്ട്…

പിന്നെ, ഒരു കവറെടുത്ത് അമ്മയുടെ കയ്യില്‍വച്ചുകൊടുത്തു. സമ്മാനമാണ്. ഇപ്പോഴാ ഒന്നുഷാറായത്…ഇന്നലെ രാത്രിയില്‍ കിട്ടിയവണ്ടിക്ക് കയറിയതാ…ഒരു വക കഴിച്ചിട്ടില്ല…

ചുരുക്കം ചില കൂട്ടുകാരില്‍ ഒരാളായിരുന്നു സേതുവും. ഇടയ്‌ക്കെപ്പോഴോ അമ്മയ്ക്ക് ഫോട്ടോ കാണിച്ചുകൊടുത്തിരുന്നു. പക്ഷെ, അതില്‍ കാണുന്ന പോലെയൊന്നുമല്ല ഇപ്പോള്‍.

ഒറ്റയാക്കാണോ ഇത്രേം ദൂരം വന്നത്. ആരൂല്ല്യേ കുട്ടീടെ കൂടെ വരാന്‍…അമ്മ അടുക്കളയിലേക്ക് നീങ്ങി.

ഡോ…ഇതെന്ത് പണിയാ കാണിച്ചത്…?

എന്താ മാഷേ…ഒരു വാക്ക് നേരത്തെ പറയാരുന്നില്ലേ…

അങ്ങനെ നേരത്തെ പറഞ്ഞാല്‍ എനിക്ക് രണ്ടിനേയും ഇങ്ങനെ പച്ചയ്ക്ക് കിട്ടില്ലല്ലോ…

അമ്മയ്ക്ക് ആകെ എന്തോപോലെ ആയീട്ടോ…

എന്ത്‌പോലെ…ഒന്ന് പോ മാഷേ…നോക്കിക്കോ…ഞാന്‍ പോവുമ്പോള്‍ അമ്മ എന്റെ കൂടെ വരും..കാണണോ…

സേതൂ…

അടുക്കളയിലെ തട്ടലും മുട്ടലും വേഗത്തിലാവുന്നതോടൊപ്പം എന്റെ പണികളും പുരോഗമിച്ചു. ചായകുടിക്കാനായ് മേശയ്ക്കടുത്ത് വന്നപ്പോഴേക്കു സേതും അമ്മയും ചക്കരയും ഈച്ചയും പോലെയായിരുന്നു. സര്‍വത്ര മറിമായം തന്നെ.

മാഷേ…എന്റെ കൂടെയൊന്നു സ്‌കൂളിലേക്ക് വരണേ…ആവിപറക്കുന്ന പുട്ടില്‍ പൂവന്‍പഴവും പപ്പടവും കുഴച്ചടിക്കുന്നതിനിടയില്‍ സേതു പറഞ്ഞു. ഉച്ചവരെ ലീവെടുത്ത് സേതുവിന്റെ ലോക്കല്‍ ഗാര്‍ഡിയനായി സ്‌കൂളിലേക്ക് പോകുവാന്‍ തയ്യാറായി.

സ്‌കൂളിലേക്കുള്ള നടപ്പാതയുണ്ട്. പാടംകയറി അമ്പലത്തിനോരം ചേര്‍ന്നുള്ള ഇടവഴിയിലൂടെ സ്‌കൂള്‍ കുട്ടികളുടെ സ്ഥിരി വഴിയാണ്. ബൈക്കെടുക്കാന്‍ പോയപ്പോള്‍ നടന്നുപോവാമെന്ന് സേതുവാണ് പറഞ്ഞത്.

ആ യാത്രയാണ് പാടവരമ്പിലൂടെ തത്തികളിച്ച് പോകുന്നത്. സാരിയുടുത്തതിനാല്‍ വലിയ കടമ്പ കടക്കാനാവാതെ നില്‍ക്കുന്ന സേതുവിന്റെ കൈപിടിച്ച് ഒരുവിധം മറുപുറത്തേക്കെത്തിച്ചു.

നീയെന്നാ സാരിയുടുക്കാന്‍ പഠിച്ചത്…?

ഇന്ന്…

അമ്മയാണ് ഉടുപ്പിച്ച് തന്നത്. അഴിഞ്ഞുപോവുമോ ആവോ…?

കൊള്ളാം…ആദ്യ ദിവസം തന്നെ സീനാവുമോ…

മാഷേ…സേതുവിന്റെ കൈവിരലുകള്‍ അപ്പോഴും എന്റെ കൈക്കുള്ളില്‍ തന്നെയായിരുന്നു.

എന്തൊരു ഭംഗിയാ മാഷേ ഇവിടൊക്കെ…?

ഞാറ്റടിയുടെ ഓരം ചേര്‍ന്നൊഴുകുന്നു തോട്ടില്‍ പരല്‍മീനുകള്‍ നീന്തികളിക്കുന്നുണ്ട്. എഴുത്തുകളില്‍ വായിച്ചതും ചിത്രങ്ങളില്‍ കണ്ടതും നേരിട്ടാസ്വദിക്കുന്നതിന്റെ അനുഭൂതിയില്‍ സേതു മുഴികിനടന്നു.

കാലുതെന്നി വീഴാന്‍ പോയപ്പോള്‍ എന്റെ കൈബലത്തില്‍ പിടിച്ചുനിന്നപ്പോള്‍ ആ വാചാലത പെട്ടെന്നു നിന്നുപോയി. ഒരു ഭൂകമ്പം പോലെ വീട്ടിലേക്ക് ഇടിച്ചുകയറി വന്ന സേതു നിശബ്ദയായിക്കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ മനസ്സിലായി എന്നെ അമ്പരപ്പിക്കാനുള്ള അഭിനയത്തിന്റെ തിരശീല വീണെന്ന്.

സ്‌കൂളിലെത്തി. ജോലിയില്‍ പ്രവേശിച്ചു. കൂടെയുള്ള ടീച്ചറുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസസൗകര്യവും ശരിയാക്കി. അപ്പോഴേക്കും സമയം ഉച്ചയാവാറായി. ഫുള്‍ഡേ ലീവ് വിളിച്ച് പറഞ്ഞ് സേതുവിന്റെ കാര്യങ്ങള്‍ക്കായി ഉത്സാഹിച്ചുനിന്നു.

ടൗണിലെ കടകളില്‍ കയറി അത്യാവശ്യം വേണ്ട സാധനങ്ങള്‍ വാങ്ങികൂട്ടുമ്പോള്‍ പലരുടേയും കണ്ണുകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. എല്ലാം ക്വാര്‍ട്ടേഴ്‌സില്‍ ഒതുക്കിവച്ചപ്പോഴേക്കും വിശപ്പിന്റെ വിളി തുടങ്ങിയിരുന്നു. ഹോട്ടലില്‍ നിന്നും കഴിക്കാമെന്ന് പറഞ്ഞപ്പോള്‍ സേതു സമ്മതിച്ചില്ല.

വീട്ടിലെ രുചിയുടെ ലോകത്തായിരുന്നു അവള്‍. വീണ്ടും നടന്നു. നട്ടുച്ചവെയിലില്‍ അവളുടെ മുഖം ചുവന്നു തുടുക്കുന്നുണ്ടായിരുന്നു. എന്നാലും അമ്പരപ്പ് മാഞ്ഞുപോയിരുന്നില്ല.

മാഷേ…അമ്പലക്കുളത്തിനരികെയെത്തിയപ്പോള്‍ സേതു പതിയെ വിളിച്ചു.

വേണ്ട..നട്ടുച്ച നേരത്ത് കുളത്തിലിറങ്ങേണ്ട…ഓരോരോ വിശ്വാസങ്ങളല്ലേ…നമ്മളായിട്ട് എന്തിനാ പരീക്ഷിക്കാന്‍ നില്‍ക്കുന്നത്…ഒന്നുരണ്ട് പടവുകളിറങ്ങിയ സേതുവിനെ കൈപിടിച്ച് തടഞ്ഞു.

ഓരോ സ്പര്‍ശനങ്ങളും ഉള്ളില്‍ ഉളവാകുന്ന തരംഗവേലിയേറ്റങ്ങളില്‍ പറയാനാവാത്ത പലതും മിഴികളും മുഖഭാവങ്ങളും കൈമാറിയിരുന്നു. വന്നുകയറിയ നിമിഷം മുതല്‍ എല്ലാം ഒരു സ്വപ്നം പോലെ, ഒഴുകിയെത്തിയ ചന്ദനഗന്ധമായ് പരന്നുതുടങ്ങി.

മാഷേ…നിങ്ങളൊക്കെ ഭാഗ്യം ചെയ്തവരാ…

അതെന്താടോ…?

അല്ല..ഇത്രേം ഭംഗിയുള്ള നാട്ടില്‍…ശുദ്ധവായു…വെള്ളം…ആഹാ…കണ്ടിട്ട് കൊതി തീരുന്നില്ല മാഷേ…

അതിനെന്താ..ഇനി ഇതൊക്കെ എന്നും കാണാമല്ലോ…?

അതെ..അതിനുവേണ്ടിതന്നെയാണ് ഇങ്ങോട്ട് വന്നതും. കാലുകഴുകി പൂമുഖത്തേക്ക് കയറുമ്പോള്‍ വിശപ്പിന്റെ വിളികേട്ടുതുടങ്ങിയിരുന്നു.

വന്നോ…എല്ലാം ശരിയായോ…അമ്മ അടുത്തുവന്നു ചോദിച്ചു.

ശരിയായമ്മേ…അവിടെ അടുത്ത് തന്നെ താമസിക്കാനും സൗകര്യമായി.

കുത്തരിച്ചോറിന്റെ മുകളിലൂടെ സാമ്പാറൊഴിച്ച് പപ്പടവും അവിയലും അച്ചാറും തോരനുമെല്ലാമായി ഒരു മല്‍പ്പിടുത്തം നടത്തി. അവസാനം തൈരും കൂട്ടികഴിച്ച് ഇലമടക്കുമ്പോള്‍ ഉറക്കം കണ്ണിലെത്തിത്തുടങ്ങിയിരുന്നു. ഫാനിനടിയില്‍ അല്പനേരത്തെ വിശ്രമം. ചെറുമയക്കം വരുന്നുണ്ടെങ്കിലും അമ്മയുടേയും സേതുവിന്റേയും കത്തിയടികേട്ട് അങ്ങനെയിരുന്നു.

മാഷേ…ഉച്ചമയക്കം പതിവില്ലെങ്കില്‍ നമുക്കൊന്ന് നാടുകാണാന്‍ ഇറങ്ങാം.

ഈ വെയിലത്തോ…അമ്മ ഇടപെട്ടു. കുറച്ച് കഴിഞ്ഞ് പോയാല്‍ മതി.

വെയിലാറിയിട്ട് ഞങ്ങള്‍ പുറത്തേക്കിറങ്ങി. മുള്ളുവേലിക്കപ്പുറം അയല്‍കണ്ണുകള്‍ അപ്പോഴും തുറിച്ചുനോക്കുന്നുണ്ടായിരുന്നു. പട്ടണത്തില്‍ ജീവിച്ചുവളര്‍ന്ന ഒരു കുട്ടിയാണെന്ന് ആര്‍ക്കുംമനസിലാവാത്ത വിധം സേതുലക്ഷ്മി തനി നാടന്‍ പെണ്‍കൊടിയായി മാറിയിരിക്കുന്നു.

മാഷേ…ഇനി പറയൂ…എങ്ങനെയുണ്ടായിരുന്നു എന്റെ ഇതുവരെയുള്ള പ്രകടനം.

എന്റെ പൊന്നെ…നിനക്ക് എവിടുന്ന് കിട്ടി ഇത്ര ധൈര്യമൊക്കെ…?

ധൈര്യം…ന്റെ മാഷേ…കുറേ നാളായി നിരന്തരമായി സ്വപ്നം കാണുന്നു. മാഷിന്റെ അക്ഷരങ്ങളില്‍ മാത്രം വായിച്ചറിഞ്ഞ ഈ സ്ഥലം ഒന്നു കാണണമെന്ന്. വയലും അമ്പലവും ഞാവല്‍പഴവും എല്ലാം എല്ലാം ഒന്നിനുപിറകെ ഒന്നായി എന്റെ കണ്‍മുന്നില്‍ തെളിയാന്‍ തുടങ്ങിയിട്ട് കുറേനാളായി. അതാണ് വീട്ടില്‍ നിന്ന് വേണ്ട എന്ന് പറഞ്ഞിട്ടും എന്റെ ഇഷ്ടത്തിന് ഇങ്ങോട്ട് പോന്നത്…

മുള്ളുവേലികള്‍ അതിരുകെട്ടിയ ഇടവഴികളിലൂടെ നടന്നു നീങ്ങുമ്പോള്‍ കാറ്റിലുരയുന്ന മരങ്ങളുടെ കറകറാ ശബ്ദവും സേതുവിന്റെ കൊലുസ്സിന്റെ കിലുക്കവും സംഗീതമയമായിരുന്നു.

കുന്നിന്‍ചെരുവിലെ ചെറിയ ഞാവല്‍ മരത്തിന് കീഴെ മുകളിലേക്ക് നോക്കി വെള്ളമിറക്കി. വലയറ്റ് നിറത്തില്‍ ചെറിയചെറിയ കുലകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മരത്തിന് കീഴെ പഴുത്തുവീണ ഞാവല്‍പഴങ്ങളുടെ അഴുകിയ നിറവും മണവും മാത്രം.

കല്ലെറിഞ്ഞുവീഴ്ത്തിയ ഏതാനും പഴങ്ങള്‍ സേതുവിന്റെ കയ്യിലേക്ക് കൊടുക്കുമ്പോള്‍ ആ കണ്ണുകളില്‍ പൂത്തിരിത്തിളക്കം കണ്ടു. ഒരെണ്ണമെടുത്ത് നാവിലേക്ക് പ്രതിഷ്ഠിക്കുമ്പോള്‍, ഒറ്റകണ്ണടച്ചുള്ള ആസ്വാദനം വായില്‍ ഒരുകുടം വെള്ളം നിറഞ്ഞുനില്‍ക്കുന്ന അവസ്ഥയായിരുന്നു.

ന്റെ മാഷേ…എന്തൊരു ടേസ്റ്റ്…ദുഷ്ടന്‍ എന്നെ വിളിക്കാമെന്ന് പറഞ്ഞിരിക്കുകയാല്ലാതെ ഇതുവരെ വിളിച്ചില്ലല്ലോ…ഇപ്പോഴെങ്കിലും കിട്ടിയല്ലോ. ആഹഹാ…

ഞാവല്‍പഴങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ചുണ്ടും നാവിലും നീലവര്‍ണ്ണമാവുന്നത് വരെ കഴിച്ചു. അവിടെന്ന് നടന്നു നീങ്ങുന്നതിനിടയില്‍ ഞങ്ങളുടെ കൈവിരലുകല്‍ എപ്പോഴോ പരസ്പരം കോര്‍ത്തിരുന്നു.

ഇടയ്ക്ക് വരുന്ന കുറുകിയ സംസാരമൊഴിച്ചാല്‍ വായാടിയായിരുന്നു സേതു നിശബ്ദതയിലേക്ക് പോകുന്നുണ്ടായിരുന്നു. കണ്ണുകളില്‍ അപ്പോഴും അത്ഭുതവര്‍ണ്ണമാണ്. മലമുകളിലെ നിരപ്പിലെത്തുമ്പോഴേക്കും ക്ഷീണിച്ചുതുടങ്ങിയിരുന്നു അവള്‍.

വിരലുകള്‍ കോര്‍ത്തത് പിന്നെ പിന്നെ വീണുപോകാതിരിക്കാനുള്ള ബലമേറിയ പിടിയായി മാറിയിരിക്കുന്നു. എന്നെ ചാരിനിന്ന് ആ വിസ്മയലോകം കാണുമ്പോഴായിരുന്നു സേതുലക്ഷ്മിയിലെ പ്രണയിനിയുണര്‍ന്നത്.

കാശിതുമ്പകള്‍ക്കിടയിലൂടെ കൗതുകത്തോടെ കയ്യില്‍ തൂങ്ങി നടക്കുമ്പോള്‍ പണ്ടെപ്പോഴോ പറയാന്‍ മടിച്ച പ്രണയം ഞങ്ങളോടൊപ്പം ചേര്‍ന്നു…ഇന്നിതാ ഒരു സ്വപ്നത്തിന്റെ പിന്നാലെയുള്ള യാത്രയില്‍ എന്നിലേക്ക് തന്നെ ഒഴുകിവന്നിരിക്കുന്നു.

തിരിച്ചിറങ്ങുമ്പോള്‍ വഴിയില്‍നിന്ന് വീണുകിട്ടിയ മയില്‍പീലികള്‍ പെറുക്കിയെടുത്ത് അവള്‍ക്ക് കൊടുക്കുമ്പോള്‍ കുസൃതിനിറയുന്ന മുഖത്തെ ലാളിത്യം ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.

നിധികിട്ടിയപോലെ മയില്‍പീലികള്‍ മാറോട്‌ചേര്‍ത്ത് ഒരു കൈ എന്നെ വട്ടംപിടിച്ചിരുന്നു…സന്ധ്യമയങ്ങാന്‍ നേരമാകുമ്പോഴേക്കും ഇരുട്ടുപരക്കുന്ന അവിടെ നിന്നും അല്‍പം വേഗത്തിലാണ് നടക്കാന്‍ തുടങ്ങിയത്. വീണ്ടും മുളയിലകള്‍ പൊഴിഞ്ഞുവീണ നാട്ടിടവഴിയിലൂടെ…

ഏതാ മാഷേ ആ പട്ടുപാവാടക്കാരി…

എന്ത്…?

ആ…മാഷെപ്പോഴും പറയാറില്ലെ…ഒരു പട്ടുപാവാട പ്രണയത്തെപറ്റി…

അതോ…ഹ ഹ ഹ…

സത്യം പറഞ്ഞോ ദുഷ്ടാ…ആരേലും ഇവിടെ കയറിക്കൂടിയോ…? മുഷ്ടി ചുരുട്ടികൊണ്ട് നെഞ്ചിലേക്ക് ഇടിച്ചുകൊണ്ട് സേതു ചോദിച്ചു.

ന്റെ പെണ്ണേ…അതൊക്കെ എന്റെ സ്വപ്നങ്ങളല്ലേ…

എന്നിട്ടെന്തേ…ന്നോട് പറയാഞ്ഞത്…?

നെഞ്ചിലേക്ക് മുഖംപൂഴ്ത്തിക്കൊണ്ട് ഇറുടെ കെട്ടിപ്പിടിച്ചു. ഇടയില്‍പെട്ട മയില്‍പീലികള്‍ ഉടഞ്ഞു. അസ്തനമ ആരവങ്ങളെല്ലാം ഒരു നിമിഷം ഇല്ലാതെയായി…നെറുകയില്‍തെട്ട് തലോടിയപ്പോഴാണ് സ്ഥലകാലബോധം തിരിച്ചറിഞ്ഞത്.

വീട്ടിലെത്തുമ്പോഴേക്കും ഇരുട്ടുപരന്നിരുന്നു. ഇന്നിനി അങ്ങോട്ടൊന്നും പോവണ്ട. നാളെ പോയാല്‍ മതി. അമ്മയുടെ വാക്കുകള്‍ കേള്‍ക്കാന്‍ കാത്തുനിന്നത് പോലെ സേതുലക്ഷ്മി അകത്തേക്ക് കയറിപ്പോയി.

കണ്ണാ…നീ എല്ലാം തീരുമാനിച്ചല്ലേ…?

എന്ത്…?

ഷര്‍ട്ടില്‍…നെഞ്ചിന്റെ വലതുഭാഗത്ത്…ഞാവല്‍പ്പഴക്കറ…അതും സേതുവിന്റെ ചുണ്ടുകള്‍ അമര്‍ന്ന അതേ സ്ഥലത്ത്…അതേ ആകൃതിയില്‍…

അത്താഴത്തിന് ശേഷം ഉറക്കത്തിലേക്ക് നീങ്ങുമ്പോള്‍ അമ്മയുടെ കട്ടിലില്‍ സേതുസ്ഥാനം പിടിച്ചുകഴിഞ്ഞിരുന്നു. വീണ്ടും ഫാനിലേക്ക് നോക്കി കിടന്നു. നേരം വെളുത്ത് ഇത്രയും നേരം വരെ എന്താണിവിടെ നടന്നത്. താന്‍ ഇതുവരെ സ്വപ്നത്തിലായിരുന്നോ. മിനിറ്റുകള്‍ക്കൊണ്ട് സേതുവെങ്ങനെ അമ്മയുടെ മനസ്സില്‍ കയറിപറ്റി.

ഹലോ മാഷേ…ഉറക്കാമായോ…സേതുവിന്റെ മെസ്സേജ്.

ഇല്ല…

എന്നാലെ നല്ലകുട്ടിയായി കിടന്നുറങ്ങിക്കോ..ഞങ്ങള് കിടന്നു. ഗുഡ്‌നൈറ്റ്.

പിന്നെ മെസ്സേജുകളൊന്നും വന്നില്ല. അങ്ങോട്ടയക്കാനും പോയില്ല. എനിക്കറിയാമായിരുന്നു അമ്മയും അവളും ഇന്നുറങ്ങില്ലായെന്ന്…പാതിരാവില്‍ ചെറുശബ്ദത്തോടെ അവര്‍ സംസാരിക്കുന്നത് അവ്യക്തമായെങ്കിലും എനിക്ക് കേള്‍ക്കാമായിരുന്നു.

മനസ്സുതുറക്കാന്‍ തുടങ്ങിയാല്‍ സേതുവിനെ കൈവെള്ളയിലെടുത്ത് സ്‌നേഹിക്കുവാന്‍ ആരും കൊതിച്ചുപോവും. എന്നിട്ടും ഞാനെന്തുകൊണ്ടോ മുന്നെയൊക്കെ അതെല്ലാം കണ്ടില്ലെന്നുവച്ചു…

ഒരു പുസ്തകകെട്ട് മുഴുവനും അവളോടുള്ള പ്രണയം അക്ഷരങ്ങളായ് കുമിഞ്ഞ് കൂടിയിട്ടും, ഒരിതള്‍ പോലും അവള്‍ക്കായ് നീട്ടിയില്ല. എല്ലാം മനസ്സിലൊള്ളിപ്പിച്ചു. പിന്നെ ജീവിതയാത്രയുടെ നെട്ടോട്ടത്തിനിടയില്‍ പലതും നെടുവീര്‍പ്പുകളായ് മാറി.

ഇന്നെന്റെ മുറ്റത്ത് എന്നേതേടിയെത്തിയ സേതുലക്ഷമി. നാടുകണലും വീടുകാണലും എല്ലാം എന്നെത്തിരഞ്ഞെത്താനുള്ള കാരണങ്ങള്‍ മാത്രമായിരുന്നെന്ന് മനസ്സുപറയുന്നു. പഴയ ഓര്‍മ്മകളില്‍ മുഴുകി എപ്പഴോ ഉറങ്ങി…

വെളുപ്പിന്, അടുക്കളയില്‍ അമ്മയുടെ പതിവ് ഭാഷകള്‍ക്ക് ഇന്നെന്തോ പ്രത്യേകതയൊക്കെയുണ്ട്. ഉപദേശങ്ങളും, നിര്‍ദ്ദേശങ്ങളും…ചായകുടിയും കഴിഞ്ഞ് സ്‌കൂളിലേക്കിറങ്ങാന്‍ നേരം സേതുവിന്റെ നെറുകയില്‍ ചുംമ്പിക്കുന്ന അമ്മയെ കണ്ടപ്പോള്‍ മനസ്സുനിറഞ്ഞുപോയി.

കണ്ണാ…കുട്ടിയെ അധികനാള്‍ അവിടെയൊന്നും നിര്‍ത്തേണ്ട ട്ടോ….

സേതുലക്ഷ്മി വീടിന്റെ മഹാലക്ഷ്മിയായി മാറിയിരിക്കുന്നു. വര്‍ണ്ണശബളമായ സ്വപ്നങ്ങളുടെ തിരശീലനീക്കി പച്ചയായ ജീവിതനിറക്കൂട്ടിന്റെ നിര്‍വൃതിയിലേക്ക് പുതുനിറമായി മാറി സേതുലക്ഷ്മി…