എന്തുതന്നെ തീരുമാനിച്ചിരുന്നെങ്കിലും, എന്റെ ഉദരത്തിലെ ഞങ്ങളുടെ ജീവന്റെ തുടിപ്പ് രണ്ടുപേരിലും സന്തോഷം തന്നെയായിരുന്നു…

പോസ്റ്റ്പാർട്ടം ഡിപ്രെഷൻ/സൈക്കോസിസ് : എന്റെ കഥ – രചന: Aswathy Joy Arakkal

കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാരെ പറ്റിയുള്ള വാർത്തകൾ കുറെയായി വായിക്കുന്നു. പലരും ഇതുപോലുള്ള വാർത്തകളിൽ അവിഹിതം മാത്രം കാണുന്നതിൽ വിഷമം തോന്നുന്നതിനൊപ്പം, പലരും പ്രസവശേഷം, പല സ്ത്രീകളും അനുഭവിക്കുന്ന പോസ്റ്റ്പാർട്ടം ഡിപ്രെഷൻ എന്ന അവസ്ഥയെ പറ്റി അറിവില്ലാത്തവർ ആണെന്ന തോന്നലിൽ നിന്നാണ് എന്റെ സ്വന്തം അനുഭവം ഇവിടെ പങ്കു വയ്ക്കുന്നത്…

കഥയല്ല പച്ചയായ ജീവിതമാണ്…ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടാൽ സന്തോഷം…

മാതൃത്വം മനോഹരമായ അവസ്ഥയാണ്, പക്ഷെ ഒരു കുഞ്ഞു ഉദരത്തിൽ മുളപൊട്ടുമ്പോൾ തൊട്ട് ഒരു സ്ത്രീ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ, ഹോർമോണുകളുടെ അസന്തുലിതാവസ്ഥ സൃഷ്ട്ടിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ, കളിച്ചും ചിരിച്ചും എല്ലാവരുടെയും പൊന്നോമനയായി നടന്നിരുന്ന പൊട്ടിപെണ്ണിൽ നിന്ന് അമ്മയിലേക്കുള്ള അവളുടെ മാറ്റം…

ഒരു പാട്ടിൽ ഗർഭം ധരിച്ചു, പ്രസവിച്ചു കുഞ്ഞു നടക്കാറാകുന്ന ഭാഗം വരെ ഒഴുക്കോടെ സിനിമകളിൽ കാണിക്കുന്ന പോലെ എളുപ്പമല്ല…അതിനു പിന്നിൽ അവളുടെ ഉറക്കമില്ലാത്ത ഒരുപാട് രാത്രികളുടെ ത്യാഗമുണ്ട്, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും വേദനയുടെയും വിങ്ങലിന്റെയും ഒരുപാടു കാണാപ്പുറങ്ങളുണ്ട്…ഒരു പാല്പുഞ്ചിരിയിൽ എല്ലാം മറക്കുന്നവളുടെ പെണ്മയുണ്ട്…

സ്ത്രീജന്മത്തിന്റെ പൂർത്തീകരണമാണ് മാതൃത്വം…ഒപ്പം മാതൃത്വം എന്നാൽ വലിയൊരു ഉത്തരവാദിത്തം കൂടിയാണ്. ഒരു ജീവന് കൂടി, ജീവിതത്തിനു കൂടി നമ്മൾ ഉത്തരവാദിത്തപ്പെടുന്നു…

ഇനി എന്നിലേക്ക്‌…

ഞാൻ അശ്വതി…ഭർത്താവ് സ്റ്റീവിൻ മാർക്കോസ് ഇന്ത്യൻ ആർമിയിൽ ആണ്. ഒരേയൊരു മകൻ അഞ്ചര വയസ്സുകാരൻ അലൻ…

മാതൃത്വത്തിന്റെ തീവ്രവികാരങ്ങളോ, അമ്മിഞ്ഞപ്പാലിന്റെ തിരുമധുരമോ, സ്നേഹം നിറഞ്ഞ കുഞ്ഞു കൊഞ്ചലുകളുടെ ആസ്വാദനമോ ഒന്നും എനിക്കെഴുതാനില്ല.

എഴുതാനുള്ളതെല്ലാം അമ്മയിലേക്കുള്ള പ്രയാണത്തിൽ എന്റെ ശരീരവും, ജീവിതസാഹചര്യങ്ങളും പ്രതികൂലമായി നിന്നെനിക്കു മുന്നിൽ ഉയർത്തിയ വെല്ലുവിളികളെ കുറിച്ചാണ്. പ്രാണനെ പോലെ സ്നേഹിച്ചു ചേർത്തുപിടിച്ചു എന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന എന്റെ പ്രിയപ്പെട്ടവനെ കുറിച്ചാണ്…എന്റെ സുകൃതത്തെ കുറിച്ചാണ്…

അപ്പന്റെയും അമ്മയുടെയും ചക്കരകുട്ടി എന്ന സ്ഥാനത്തു നിന്നും ഇരുപത്തിമൂന്നാം വയസ്സിൽ ഒരു പട്ടാളക്കാരന്റെ ജീവിതപങ്കാളി എന്ന ഉത്തരവാദിത്തപ്പെട്ട ഭാര്യാപദവിയിൽ എത്തിയ അത്ര എളുപ്പമായിരുന്നില്ല, വിവാഹം കഴിഞ്ഞു ഒരു വർഷം പോലും തികയുന്നതിനു മുൻപുള്ള അലന്റെ അമ്മയെന്ന ഉത്തരവാദിത്തത്തിലേക്കുള്ള മാറ്റം…

ഇന്നലെ പരിചയപ്പെട്ടു ഇന്നു വിവാഹം കഴിച്ചവരായിരുന്നില്ല ഞങ്ങൾ…പരസ്പരം അറിഞ്ഞും സ്നേഹിച്ചും മനസ്സിലാക്കിയും ഒന്നായവർ…

ഇരുപത്തിയേഴാം വയസ്സിൽ എന്റെ കഴുത്തിൽ മിന്നു ചാർത്തുമ്പോൾ, സ്റ്റീവിൻ നോർത്ത് ഈസ്റ്റിൽ ആസ്സാമിലെ ഒരു ഉൾപ്രദേശത്തു ജോലി ചെയ്യുന്നു. മിക്കപ്പോഴും ഡ്യൂട്ടിയുടെ ഭാഗമായി യാത്രകളും…അതും മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിലേക്കായിരിക്കും മിക്കവാറും. അങ്ങനെയുള്ള അവസരങ്ങളിൽ സർക്കാർ ലാൻഡ് ഫോണുകളിൽ നിന്നുള്ള ഇൻകമിങ് കോളുകൾ അല്ലാതെ ഒരു അത്യാവശ്യത്തിനു പോലും അങ്ങോട്ട്‌ വിളിക്കാൻ സാധിക്കാത്ത സാഹചര്യം…

സ്റ്റീവിനൊപ്പം പോയി നിൽക്കണം എന്നു ആഗ്രഹമുണ്ടെങ്കിലും അതിനു അനുയോജ്യമായൊരു സ്ഥലമോ, സാഹചര്യമോ ആയിരുന്നില്ല. അതൊക്ക കൊണ്ട് തന്നെ അവിടുന്നു ട്രാൻസ്ഫർ ആയി, ഒരുമിച്ചു ജീവിക്കാൻ പറ്റുന്ന സാഹചര്യത്തിൽ ഒരു കുഞ്ഞിനെപ്പറ്റി ചിന്തിച്ചാൽ മതിയെന്ന തീരുമാനത്തിലായിരുന്നു ഞങ്ങൾ…

പ്രെഗ്നൻസിയിലും പ്രസവ സമയത്തുമെല്ലാം രണ്ടുപേരും ഒരുമിച്ചു വേണമെന്നുള്ള സ്വാർത്ഥത…ഒപ്പം സ്വയം പക്വതയായിട്ടില്ല എന്ന തോന്നൽ, എന്റെ ചില കരിയർ സ്വപ്നങ്ങൾ എല്ലാം ആ തീരുമാനത്തിന് പിന്നിൽ ഉണ്ടായിരുന്നു.

നമ്മൾ കണക്കുകൂട്ടുന്നത് പോലൊന്നും ആകില്ലല്ലോ പലപ്പോഴും ജീവിതം…വിവാഹത്തിനെടുത്ത ഒരു മാസത്തെ ലീവ് തീർന്നു അദ്ദേഹം തിരിച്ചു പോകുന്നതിനു മുൻപ് അലൻ (അച്ചു ) എന്റെ ഉദരത്തിൽ ജന്മം കൊണ്ടിരുന്നു. പ്രെഗ്നൻസി കാർഡിൽ രണ്ടുവര തെളിയുന്നത് പിന്നെയും ഒരുമാസത്തിനു ശേഷമാണ്. അന്നുണ്ടായ വികാരം സന്തോഷമാണോ സങ്കടമാണോ പേടിയാണോ എന്നൊന്നും എനിക്കോർമ്മയില്ല…

വിശേഷം പറയാൻ വിളിക്കുമ്പോൾ അദ്ദേഹം രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ ഒരു സഹപ്രവർത്തകന്റെ മൃതശരീരത്തിനടുത്താണ്. അതും വല്ലാത്തൊരു അവസ്ഥയായിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു മോമെന്റിൽ സംയമനം പാലിക്കുക എന്നത് എളുപ്പമല്ലല്ലോ. പക്ഷെ അദ്ദേഹത്തിന്റെ അവസ്ഥ ഉൾകൊള്ളാതിരിക്കാനുമാകില്ല.

എന്തുതന്നെ തീരുമാനിച്ചിരുന്നെങ്കിലും, എന്റെ ഉദരത്തിലെ ഞങ്ങളുടെ ജീവന്റെ തുടിപ്പ് രണ്ടുപേരിലും സന്തോഷം തന്നെയായിരുന്നു…

പക്ഷെ ആ സന്തോഷദിനങ്ങൾ പതുക്കെ ഞങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുകയായിരുന്നു. ഡോക്ടറുടെ ആദ്യ അപ്പോയ്ന്റ്മെന്റിൽ തന്നെ എന്റെ ലോ ബ്ലഡ്‌ പ്രഷർ നോട്ട് ചെയ്തിരുന്നു. ഹെറിഡിറ്ററി ആയി അപ്പനിൽ നിന്നും എന്നിലേക്കെത്തിയതാണ്.

അതോടൊപ്പം സ്കാനിങ്ങിൽ പോളിസിസ്റ്റിക് ഓവറി കൂടെ ഡയഗ്നോസ് ചെയ്തതും, എന്റെ അനാരോഗ്യവും കംപ്ലീറ്റ് ബെഡ്റസ്റ്റ്‌ എന്ന അവസ്ഥയിൽ ഞാനെത്തി…PCOD മുൻപേ തൊട്ടുണ്ടായിരുന്നു…എന്റെ ശ്രദ്ധക്കുറവും പിന്നെ വേറെ ലക്ഷണങ്ങൾ ഒന്നും ശരീരം കാണിക്കാഞ്ഞതും കൊണ്ട് പ്രേഗ്നെൻസിയിലെ കണ്ടെത്താൻ ആയുള്ളൂ എന്നുമാത്രം…നല്ലൊരു ശതമാനം സ്ത്രീ വന്ധ്യതയ്ക്കും കാരണം PCOD ആണ്.

വീട്ടിൽ വെറുതെയിരിപ്പു തുടങ്ങിയതോടെ അനാവശ്യ ചിന്തകളും പേടിയും ഉത്കണ്ഠയും, പിന്നെ ചില്ലറ ഹോർമോൺ പ്രശ്നങ്ങളും, സന്ദർശകരുടെ സ്നേഹപ്രകടനങ്ങളും എല്ലാം കൂടെ ചെറിയൊരു ഡിപ്രെഷൻ അവസ്ഥയിൽ ഞാനെത്തി…

പൊതുവെ വല്ലാതെ സെൻസിറ്റീവ് ആയൊരാളാണ് ഞാൻ. ചെറിയ കാര്യങ്ങൾ പോലും എന്നിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. പ്രെഗ്നൻസി കൂടിയായപ്പോൾ അതിരട്ടിയായി. സ്റ്റീവിനൊപ്പം നിൽക്കാൻ സാധിക്കാത്തതും, മനസ്സ് തുറന്നൊന്നു സംസാരിക്കാൻ സാധിക്കാത്തതുമൊക്കെ എന്നിൽ അസ്വസ്ഥകൾ സൃഷ്ടിച്ചു.

എല്ലാവരുടെയും ഉപദേശം…നീ അവനെ വിഷമിപ്പിക്കരുത്, ബുദ്ധിമുട്ടൊന്നും അവനെ അറിയിക്കരുത്. എല്ലാവരും പറയുന്നത് എനിക്ക് മനസ്സിലാകുമായിരുന്നു. പക്ഷെ ആ അവസ്ഥയിൽ എന്റെ മനസ്സ് വേറാരോടു തുറന്നാലെനിക്കു സന്തോഷം കിട്ടും…? ഞാൻ ഏറ്റവുമധികം ആഗ്രഹിച്ചതൊഴിച്ചു എല്ലാം എനിക്ക് കിട്ടി.

ഡിപ്രഷനൊപ്പം എല്ലാവരെയും പോലെ ശാരീരിക ബുദ്ധിമുട്ടുകളും ഏറെയായിരുന്നു. ശർദ്ധിയും ഗ്യാസും മനംപുരട്ടലും…നാലുമാസം വരെ കരിക്കിൻ വെള്ളം മാത്രമായിരുന്നു ഭക്ഷണം എന്നു പറയാം. തുടർന്നുള്ള സ്കാനിങ്ങിൽ കുഞ്ഞിന് വളർച്ച കുറവാണെന്നും ശ്രദ്ധിക്കണമെന്നുമുള്ള വാർണിംഗ്…

ഒപ്പം ശ്രദ്ധിച്ചില്ലെങ്കിൽ കുഞ്ഞിന് വളർച്ചയുണ്ടാകില്ല, ബുദ്ധിമാന്ദ്യം വരും കൂടെ കുറെ പൊടിപ്പും തൊങ്ങലും വെച്ചുള്ള കഥകളുമായി സന്ദർശകരുടെ ബഹളവും…അങ്ങനെ ഒട്ടും സുഖകരമല്ലാതെ ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.

എന്റെ നാലാംമാസത്തിൽ ലീവ് ശരിയാക്കി ടിക്കറ്റും ബുക്ക്‌ ചെയ്തു നാട്ടിലേക്ക് വരാനിരുന്ന കെട്ട്യോന് ചിക്കൻ പോക്സും പിടിപെട്ടതോടെ പൂർത്തിയായി…

കുറച്ചു സീരിയസ് കണ്ടിഷൻ ആയി ഒരു മാസത്തോളം ഗുവാഹത്തിയിലെ മിലിറ്ററി ഹോസ്പിറ്റലിൽ അദ്ദേഹം അഡ്മിറ്റ്‌ ആയിരുന്നു…

എന്തെന്നോ എങ്ങനെയെന്നോ അറിയാതെ മനസ്സുരുകിയ നിമിഷങ്ങൾ…മര്യാദക്ക് ഫോണിൽ പോലും സംസാരിക്കാനാകാതെ തള്ളിനീക്കിയ ദിവസങ്ങളെ പറ്റി ഓർക്കാൻ പോലും എനിക്കിപ്പോഴും പേടിയാണ്.

ഒടുവിൽ ഒരു മാസത്തിനു ശേഷം, വൺ മന്ത് മെഡിക്കൽ ലീവും നിർദ്ദേശിച്ചു ഡിസ്ചാർജ് ചെയ്യുമ്പോൾ നാട്ടിലേക്കു വരണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മമ്മിയടക്കം പറഞ്ഞത്. സ്നേഹക്കുറവല്ല എന്റെ അവസ്ഥയിൽ എനിക്ക് കൂടെ അസുഖം വന്നാൽ…

പക്ഷെ ആകാശം ഇടിഞ്ഞു വീണാലും സ്റ്റീവിനെ കണ്ടേ പറ്റു എന്ന വാശിയിൽ ഞാൻ ഉറച്ചു നിന്നു. എന്റെ വാശി ജയിച്ചു. ക്ഷീണിച്ചു അവശനായി, ശരീരമാസകലം അസുഖത്തിന്റെ അവശേഷിപ്പുകളുമായി, പത്തു കിലോയോളം വെയിറ്റും കുറഞ്ഞു നാട്ടിലെത്തിയ അദ്ദേഹത്തിന്റെയാ രൂപം ഇന്നുമെന്നിൽ വേദനയാണ്.

അന്നത്തെ മാനസികാവസ്ഥയൊന്നും എഴുതാനാകുന്നില്ല…വിവാഹത്തിന് ശേഷം പിന്നെ ഒരുമിച്ചു നിൽക്കുന്ന മാസങ്ങൾ ആണത്. പക്ഷെ മാനസികവും ശാരീരികവുമായി അതൊന്നും എൻജോയ് ചെയ്യാൻ പറ്റിയ അവസ്ഥ എനിക്കുണ്ടായിരുന്നില്ല. അതെല്ലാം മനസ്സിലാക്കി ഒരു സെക്കന്റ്‌ പോലും മാറാതെ എനിക്കൊപ്പം അദ്ദേഹമുണ്ടായിരുന്നു.

ലീവ് കഴിഞ്ഞു സ്റ്റീവിൻ മടങ്ങിയതോടെ അവസ്ഥ ഒന്നുകൂടെ മോശമായി….എന്റെ ഡ്യൂ ഡേറ്റിനോടനുബന്ധിച്ചു ലീവ് വരാമെന്നു പറഞ്ഞാണ് സ്റ്റീവിൻ പോയത്. പക്ഷെ അതുവരെ നിൽക്കാതെ ഏഴാംമാസം അവസാനത്തോടെ ഞാൻ ഹോസ്‌പിറ്റലൈസ്‌ഡ്‌ ആയി.

ഫോണിൽ റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു അദ്ദേഹം എന്നതുകൊണ്ട് അവരുടെ ഓഫീസിൽ കാര്യം അറിയിച്ചു. നേരിട്ടു സംസാരിക്കാൻ പോലും സാധിക്കാതിരുന്ന സാഹചര്യം. ലേബർ ഇൻഡ്യൂസ് ചെയ്യാം എന്നു ഡോക്ടർ…

അങ്ങനെ 2014 ജൂലൈ ഇരുപത്തിമൂന്നിനു രാത്രി തൊട്ടു ലേബർ റൂമിൽ കിടന്ന് ഞാൻ വേദനിച്ചു…ശരീരത്തെക്കാൾ ഒരുപാടിരട്ടി ആയിരുന്നു മനസ്സിന്റെ വേദന. ലേബർ റൂമിൽ ഒപ്പമുണ്ടായിരുന്നവരുടെ ഭർത്താക്കന്മാർ അക്ഷമയോടെ, ടെൻഷനോടെ പുറത്തു വെയിറ്റ് ചെയ്യുന്നു…ഗൾഫിലുള്ള ഭർത്താക്കന്മാർ ഫോണിൽ ഭാര്യമാരെ ആശ്വസിപ്പിക്കുന്നു. പക്ഷെ സ്റ്റീവിനോടൊന്നു സംസാരിക്കാൻ പോലുമാകാതെ ഞാൻ…ഒപ്പം സഹിക്കവയ്യാത്ത വേദനയും…

സിസ്സേറിയൻ ചെയ്യാൻ ആവശ്യപ്പെട്ടിട്ടും നോർമൽ ഡെലിവറിക്ക് സാധ്യതയുണ്ട് എന്നു പറഞ്ഞു ഡോക്ടർ വെയിറ്റ് ചെയ്യിച്ചു. ഒടുവിൽ ഇരുപത്തിനാലാം തീയതി വൈകുന്നേരത്തോടെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞു തുടങ്ങിയപ്പോൾ എമർജൻസി സിസ്സേറിയൻ വേണ്ടി വന്നു.

സമ്മതപത്രത്തിൽ ഒപ്പിടുമ്പോൾ ജീവിതത്തിലാദ്യമായി എന്റെ അപ്പന്റെ കണ്ണു നിറയുന്നത് ഞാൻ കണ്ടു. ഓപ്പറേഷൻ തീയേറ്ററിലേക്കു എന്നെ കൊണ്ടുപോകുമ്പോൾ എല്ലാവരും അവിടെയുണ്ട് പക്ഷെ എനിക്ക് കാണേണ്ടിയിരുന്ന ആൾ മാത്രം…

ഒടുവിൽ ഒരു ദിവസത്തിലധികം കഠിന വേദന അനുഭവിച്ചിട്ടും സിസ്സേറിയൻ ചെയ്തു…അനസ്തേഷ്യയുടെ മയക്കത്തിൽ പൂച്ചക്കുഞ്ഞിനെ പോലെ ഉയർത്തി കാണിച്ച അച്ചുവിനെ സ്വപ്നത്തിലെന്ന പോലെ ഞാൻ കണ്ടു…

മാസം തികയാതെയുള്ള പ്രസവമല്ലേ…കുഞ്ഞു NICU വിൽ തന്നെയായിരുന്നു. സ്റ്റീവിനോട് ഞാൻ സംസാരിക്കുന്നതു ഓപ്പറേഷൻ കഴിഞ്ഞു, ഒബ്സർവേഷനിൽ കിടക്കുമ്പോഴാണ്…എയർപോർട്ടിൽ ആണെന്നും എത്രയും പെട്ടന്ന് ഇങ്ങെത്തും എന്നുമെന്നറിഞ്ഞപ്പോൾ മനസ്സൊന്നു തണുത്തു.

എയർപോർട്ടിൽ നിന്നും ഹോസ്പിറ്റലിലേക്കുള്ള സ്റ്റീവിന്റെ യാത്രയിൽ വല്യ അപകടമൊന്നും ഇല്ലാത്ത ചെറിയൊരു ആക്‌സിഡന്റ് ഉണ്ടാക്കി വിധി വീണ്ടും വില്ലനായി…ആക്‌സിഡന്റ് കഥ എന്റടുത്തിരുന്നു ആരോ പറഞ്ഞത് അർദ്ധബോധത്തിൽ ഞാൻ കേൾക്കുകയും, പേടിച്ചരണ്ട് സിസ്സേറിയൻ മുറിവും വേദനയും മറന്നു എണീറ്റിയോടിയതും ഉരുണ്ടു മറിഞ്ഞു വീണതും ഒടുവിൽ സെഡേഷൻ തന്നെന്നെ മയക്കി കിടത്തിയതുമൊക്കെ പറയുമ്പോൾ അമ്മയുടെ കണ്ണിപ്പോഴും നിറയാറുണ്ട്.

വല്യ കുഴപ്പങ്ങളൊന്നുമില്ലാതെ അദ്ദേഹം ഞങ്ങൾക്കരികിലെത്തി…(ഇതിനിടയിൽ മേലങ്ങാതിരുന്നത് കൊണ്ടാണ് സിസ്സേറിയൻ വേണ്ടി വന്നതെന്നും…വേദനയില്ലാതെ ചുളുവിൽ കുഞ്ഞിനെ കൈയിൽ കിട്ടിയെന്നും പറഞ്ഞു കീറിത്തുന്നിയ മുറിവൊന്നു വാടുന്നതിനു മുന്നേ എത്തിയ ബന്ധുമിത്രാദികളെക്കുറിച്ചു ഞാൻ വിശദീകരിക്കുന്നില്ല…) സന്തോഷത്തിന്റെ പത്തുദിവസങ്ങൾ വേഗം കടന്നു പോയി. അദ്ദേഹം മടങ്ങി…

പക്ഷെ പ്രെഗ്നൻസിയിൽ ചെറുതായുണ്ടായിരുന്ന മാനസിക ബുദ്ധിമുട്ടുകൾ ഡെലിവെറിക്ക് ശേഷം പോസ്റ്റുപാർട്ടം സൈക്കോസിസ്/ഡിപ്രെഷൻ എന്ന പേരിൽ ശക്തിയായി വന്നു…ബേബി ബ്ലൂംസ് എല്ലാ സ്ത്രീകളിലും ഉണ്ടാകാറുണ്ട് പക്ഷെ ചിലരിൽ അതു കുറച്ചു സീരിയസ് എഫക്ട്സ് ഉണ്ടാകും…ഞാനും അവരിൽ ഒരാളായിരുന്നു…

മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ അനാരോഗ്യവും ഉറക്കക്കുറവും അമിതമായി ശരീരഭാരം കൂടുന്നതിലുള്ള ഉത്കണ്ഠയും ക്ഷീണവും എല്ലാം എന്നിൽ അസ്വസ്ഥകൾ സൃഷ്ടിച്ചിരുന്നു…

ജോലിക്ക് തിരികെ ജോയിൻ ചെയ്‌തെങ്കിലും പോകാൻ സാധിക്കാത്ത തരത്തിൽ കുഞ്ഞിന് അസുഖങ്ങൾ…ഇടക്കിടെ അവനുമായുള്ള ഹോസ്പിറ്റൽ വാസം…എന്റെ മനസ്സ് കൈവിട്ടു പോകുന്ന പോലൊരു തോന്നൽ. കുഞ്ഞിനോടുപോലും ദേഷ്യം തോന്നുന്ന, കുഞ്ഞിന് പാലുകൊടുക്കാൻ മടി തോന്നുന്ന, പെട്ടന്ന് ദേഷ്യം നിയന്ത്രിക്കാൻ സാധിക്കാതെ ആത്മഹത്യ ചെയ്യണമെന്ന തോന്നലിൽ വരെ എത്തുന്ന പ്രത്യേകതരം മാനസികാവസ്ഥ…

മണിക്കൂറുകളോളം റൂമിൽ അടച്ചിരിക്കുക, കാരണമില്ലാതെ കരയുക അങ്ങനെ വിഷമതകൾ ഏറെയായിരുന്നു…

നിയോഗം പോലെ ആ സമയത്ത് തന്നെ സ്റ്റീവിന് ഉത്തർപ്രദേശിലെ മീററ്റിലേക്കു ട്രാൻസ്ഫർ ലഭിച്ചു. ഒരാളും സമ്മതിക്കാതിരിന്നിട്ടും ഞാനും, മോനും സ്റ്റീവിനൊപ്പം മീററ്റിലെത്തി.

എല്ലാവർക്കും പേടിയായിരുന്നു, കുഞ്ഞിന്റെ ആരോഗ്യക്കുറവും, എന്റെ ഡിപ്രെഷനും, സ്റ്റീവിന്റെ തിരക്കുപിടിച്ച ഡ്യൂട്ടിക്കിടയിൽ ഞങ്ങളെ ശ്രദ്ധിക്കാനാകുമോ എന്ന ടെൻഷനും ആയിരുന്നു എല്ലാവർക്കും. ഒന്നും വകവെക്കാതെ ഞാൻ ഏഴുമാസം പ്രായമുള്ള അച്ചുവുമായി ഫ്ലൈറ്റ് കയറി. മീററ്റിൽ എത്തിയിട്ടും ജീവിതം ഒട്ടും സുഖകരമായിരുന്നില്ല…

എന്റെ മാനസിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞു നമുക്കൊരു ഡോക്ടറെ കാണാം എന്നു നിർദ്ദേശിച്ചത് സ്റ്റീവിൻ തന്നെയാണ്…അന്നൊക്കെ എനിക്കും മോനും ജോലിക്കും ഇടയിൽ സ്റ്റീവിൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്…ഡോക്ടറെ കണ്ടു ചില്ലറ കൗൺസിലിംങും കാര്യങ്ങളുമായി പതുക്കെ ഞാൻ പുതിയ ജീവിതത്തോട് പൊരുത്തപ്പെടാൻ തുടങ്ങി.

അവിടുന്ന് ഞാൻ എന്നിലേക്ക്‌ തിരിഞ്ഞു നോക്കാൻ തുടങ്ങി…അമ്മ എന്ന ഉത്തരവാദിത്തത്തെപ്പറ്റി…എന്റെ മോനെപറ്റി ചിന്തിക്കാൻ തുടങ്ങി. ഗൂഗിൾ റെഫർചെയ്തും, സംശയങ്ങൾ ഡോക്ടറോട് ചോദിച്ചും ടെസ്റ്റുകൾ എടുത്തും എന്റെ ശരീരത്തെപ്പറ്റി ഞാൻ മനസ്സിലാക്കാൻ തുടങ്ങി.

ആ കാലഘട്ടത്തിൽ തന്നെ സൈക്കോളജിയിൽ ഒരു ഡിപ്ലോമ കോഴ്സ് ഡിസ്റ്റൻസ് ആയി ചെയ്തു…ഇപ്പൊ ഞാൻ PMS നെ പറ്റിയും പോസ്റ്റ്‌പാർട്ടം /പെരിപാർട്ടം ഡിപ്രെഷനെ പറ്റിയുമൊക്കെ ഡീറ്റൈലായി എഴുതുമ്പോൾ പലരും ചോദിക്കാറുണ്ട് എങ്ങനെ ഇത്ര ആഴത്തിൽ എഴുതുന്നുവെന്ന്…എന്റെ അനുഭവങ്ങളാണ് എന്റെ എഴുത്തിൽ പ്രതിഫലിക്കുന്നത്.

രണ്ടു വർഷത്തോളമുള്ള പരിശ്രമത്തിന്റെ ഫലമായി 26kg ഓവർ വെയിറ്റ് ഞാൻ കുറച്ചു. ആവശ്യമുള്ളതൊക്കെ ശരീരത്തിനും മനസ്സിനും കൊടുത്തു നല്ലൊരു ഭാര്യയും അമ്മയുമാകാൻ ഞാൻ ശ്രമിച്ചു. പതിയെ എന്റെ ശ്രമങ്ങൾ വിജയത്തിലേക്കു എത്താൻ തുടങ്ങി.

അതിൽ സ്റ്റീവിന്റെ സപ്പോർട്ട് എടുത്തു പറയാതെ വയ്യ. അതു അദ്ദേഹത്തിന്റെ ഉത്തരവാദിത്തം തന്നെയായിരുന്നെങ്കിൽ പോലും ഒരിക്കൽ പോലും തന്റെ കുഞ്ഞിന് ജന്മം കൊടുത്തവളുടെ ബുദ്ധിമുട്ടുകളിൽ ഒരു കൈത്താങ്ങാത്തവർക്കിടയിൽ അദ്ദേഹം എന്റെ സുകൃതം തന്നെയാണ്.

രണ്ടു രണ്ടര വർഷത്തോളം ഒന്നിനും ഒരു നിർബന്ധബുദ്ധിയോ, കടുംപിടിത്തമോ അദ്ദേഹം കാണിച്ചില്ല…ഒന്നും ഞാൻ ചെയ്തു കൊടുത്തിട്ടില്ല…അതിനു അദ്ദേഹം സമ്മതിച്ചിട്ടില്ല എന്നു വേണം പറയാൻ…ഒന്നും ഞാൻ മനഃപൂർവം ചെയ്യുന്നതല്ല, എന്റെ ഡിപ്രെഷൻ എന്ന അവസ്ഥയുടെ ഭാഗമായിരുന്നു അതെല്ലാം എന്ന തിരിച്ചറിവ് സ്റ്റീവിനുണ്ടായിരുന്നു.

എന്നെ ഉൾകൊള്ളാൻ അന്നു അദ്ദേഹത്തിന് സാധിച്ചില്ലായിരുന്നെങ്കിൽ പോസ്റ്റുപാർട്ടം ഡിപ്രെഷന്റെ ഇരകളായി ആത്മഹത്യ ചെയ്യപ്പെടുന്നവരുടെ അനേകം കോളം ന്യൂസുകളിൽ ഒന്നായി ചിലപ്പോൾ ഞാനും മാറിയേനെ…അത്രയ്ക്ക് മോശമായിരുന്നു എന്റെ അവസ്ഥ…

കുഞ്ഞിനെ കൊന്നു ആത്മഹത്യ ചെയ്യുന്ന അമ്മമാരുടെ വാർത്തകളൊക്കെ കേൾക്കുമ്പോൾ ഭീതിയോടെ ഞാൻ ഭൂതകാലത്തേക്കു ചികഞ്ഞു നോക്കാറുണ്ട്. പലരുടെയും വിചാരം അതവരു മനഃപൂർവം ചെയ്യുന്നതാണ് എന്നാണ്. അതൊരു മാനസിക ബുദ്ധിമുട്ടാണെന്ന് വിദ്യാഭ്യാസപരമായി മുന്നിട്ട് നിൽക്കുന്നവർ പോലും മനസ്സിലാക്കാതെ പോകുന്നുണ്ട്.

ഒടുവിൽ ഞങ്ങളുടെ ജീവിതത്തിലെ പുതിയൊരു ഘട്ടം തുടങ്ങുന്നത്…എല്ലാ അർത്ഥത്തിലും അച്ചുവിന്റെ അപ്പനും അമ്മയും എന്ന സ്ഥാനം ആസ്വദിച്ചു തുടങ്ങുന്നത്…ഞങ്ങൾക്ക് എവിടെയോ നഷ്ടപ്പെട്ട ഞങ്ങളെ തന്നെ തിരിച്ചു കിട്ടുന്നത് മോന്റെ മൂന്നാമത്തെ പിറന്നാളോട് കൂടിയാണ്…

അവനു വേണ്ടി ജീവിക്കുക എന്നത് വല്ലാത്തൊരു അനുഭൂതിയാണ്, ഒപ്പം സ്വയം മറക്കാതിരിക്കുക…സ്വയം സ്നേഹിക്കുക എന്നതും പ്രധാനമാണ്…സ്വയം സ്നേഹിച്ചാലല്ലേ നമുക്കൊരു കുടുംബത്തിന്റെ നെടുന്തൂണായി നിൽക്കാൻ സാധിക്കു…നഷ്ടപ്പെട്ടു പോയ വർഷങ്ങളിലെ സ്നേഹമൊക്കെ നൂറിരട്ടിയായി കൊടുത്തും വാങ്ങിയും കുഞ്ഞുമായി മുന്നോട്ടുള്ള ജീവിതത്തിലാണിപ്പോൾ…

അന്നനുഭവിച്ച അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നാണെന്റെ പല തുറന്നെഴുതുകളും ഉണ്ടായിട്ടുള്ളത്. ഇപ്പൊ ഫ്രണ്ട്സിന്റെ ഭാര്യമാരൊക്കെ പ്രേഗ്നെന്റ് ആകുമ്പോൾ ഞാൻ എന്റെ അനുഭവങ്ങൾ ഷെയർ ചെയ്യാറുണ്ട്…തിരിച്ചറിയപ്പെടാതെ പോകുന്നത് കൊണ്ടുള്ള ആപത്തുകൾ ഒഴിവാക്കാമല്ലോ…

ഈ അനുഭവങ്ങൾ എഴുതുന്നതും അതുകൊണ്ടൊക്കെ തന്നെയാണ്…ചെറിയൊരു ശതമാനം സ്ത്രീകളിലെ പോസ്റ്റുപാർട്ടം ഡിപ്രെഷൻ അപകടകരമായി എത്താറുള്ളു, പക്ഷെ അതു തിരിച്ചറിയാതെ പോയാൽ…അവളെ മനസ്സിലാക്കാതെ പോയാൽ…നഷ്ടം നികത്താൻ സാധിക്കാത്തതായിരിക്കും…

ഒപ്പം ഒരു പെണ്ണിനേറ്റവും ആവശ്യം ഭർത്താവിന്റെ സ്നേഹവും കരുതലും തന്നെയാണ്. എല്ലാ ഭർത്താക്കന്മാർക്കും ഒപ്പം നിൽക്കാൻ സാധിച്ചില്ലെങ്കിലും നിങ്ങളുടെ മനസ്സുകൊണ്ടുള്ള പിന്തുണ പോലും അവളെ സന്തോഷിപ്പിക്കും.

ഇപ്പോൾ അച്ചുവിന് അഞ്ചര വയസ്സ്…ഞങ്ങൾ നാട്ടിലും അദ്ദേഹം കശ്മീരിലെ പാകിസ്ഥാൻ ബോഡറിലും ആണ് ഡ്യൂട്ടിയിൽ…ഫോൺ പോലും അധികം ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥലം. പക്ഷെ ഇന്നു ഞാനാ പൊട്ടിപെണ്ണല്ല…എഴുത്തും വായനയും തുടർപഠനവും മറ്റുമായി എന്റെ സ്വപ്‌നങ്ങൾ വെട്ടിപിടിക്കുന്ന തിരക്കിലാണ് ഞാനിപ്പോൾ…

ഓർക്കുമ്പോൾ, വഴക്കിട്ടും വാശിപിടിച്ചും നടന്നിരുന്ന പൊട്ടിപെണ്ണിൽ നിന്നും അമ്മയെന്ന സ്ഥാനത്തേക്കുള്ള, പക്വമതിയായ സ്ത്രീയിലേക്കുള്ള ഈ മാറ്റം എനിക്ക് തന്നെ അത്ഭുതമാണ്.

നമ്മൾ സ്ത്രീകൾ അങ്ങനെയല്ലേ…ജലം പോലെ…ഒഴിക്കുന്ന പത്രത്തിന്റെ ഷേപ്പിനനുസരിച്ചു രൂപവും ഭാവവും മാറുന്ന ശുദ്ധമായ ജലം…ഓരോ അവസ്ഥക്കും സാഹചര്യത്തിനുമനുസരിച്ചു നമ്മൾ നമ്മെ തന്നെ പാകപ്പെടുത്തി കൊണ്ടിരിക്കും…

ഭ്രൂണമായി…മകളായി…സഹോദരിയായി…ഭാര്യയായി…അമ്മയായി…അങ്ങനെ പകർന്നാടുന്ന തുല്യതകളില്ലാത്ത എത്രയെത്രയോ വേഷങ്ങൾ…