അപർണ്ണ – സ്നേഹപൂർവ്വം, ശ്രീജിത്ത് ആനന്ദ് ത്രിശ്ശിവപേരൂർ
കല്യാണം ഉറപ്പിച്ചപ്പോൾ മുതൽ മനസിലൊരു ടെൻഷൻ ആയിരുന്നു. കല്യാണം ഉറപ്പിച്ച അന്ന് മുതൽ എല്ലാവരും ഹണിമൂൺ ട്രിപ്പും ഒന്നിച്ചുള്ള അമ്പലത്തിൽ പോക്കും എല്ലാം സ്വപ്നം കാണുമ്പോൾ എന്റെ മനസിൽ മുഴുവൻ മോതിരം മാറുമ്പോൾ വരെ തെളിച്ചമില്ലാതെ നിന്ന അവളുടെ മുഖമായിരുന്നു.
മോതിരമാറ്റത്തിനൊപ്പം ഇപ്പൊ പുതിയ മൊബൈൽ ഫോൺ വാങ്ങി കൊടുക്കുന്ന ചടങ്ങും കൂടി ആരംഭിച്ചിട്ടുള്ളതിനാൽ ഞാനായിട്ട് അതിനു മുടക്കം വരുത്തിയില്ല…
കല്യാണത്തിന് ഇനിയും ആറു മാസം ഉണ്ടല്ലോ, അതുവരെ ഫോണിൽ സല്ലപിക്കാലോ എന്ന ഉദ്ദേശവും ഉണ്ടെന്ന് കൂട്ടിക്കോളൂ….
അല്ലെങ്കിലും നമ്മള് നാട്ടിൻ പുറത്തുകാര് ആൺപിള്ളേർക്ക് എല്ലാവർക്കും ഒരു പ്രണയം ഉണ്ടാവും…
പ്രാരാബ്ദം കൊണ്ട് നഷ്ട്ടപെട്ടു പോയ പ്രണയം. അല്ലെങ്കിൽ സ്നേഹിച്ച പെണ്ണ് അച്ഛനേം അമ്മേനേം വിഷമിപ്പിക്കാൻ പറ്റില്ലാന്ന് കരഞ്ഞു പറയുമ്പോൾ, നിന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ…വിധിയില്ലാന്നു കരുതി എന്നും പറഞ്ഞു അവളെ ആശ്വസിപ്പിച്ചു…ഒരുവാക്ക് കൊണ്ട് പോലും പഴി പറയാതെ എല്ലാം കണ്ണീരിൽ കുതിർന്ന ഒരു ചിരിയിൽ യാത്ര പറഞ്ഞു അവസാനിക്കുന്ന പ്രണയം…
ഉള്ളിലെ സങ്കടങ്ങൾ, പുഴയുടെ മണ്ടയിലും ഏതേലും ഒറ്റപെട്ട പാടത്തും പോയിരുന്നു കൂട്ടുകാരുടെ കൂടെ കള്ള് കുടിച്ചങ്ങു തീർക്കും.
പ്രേമിച്ച പെണ്ണിന്റെ കല്യാണത്തിന്റെ അന്ന് വഴിയരികിൽ ഒരു നിൽപ്പുണ്ട് കല്യാണ കാറു പോവുമ്പോൾ ഒരു നോക്കുകാണാൻ വേണ്ടി, അവളുടെ പേരിനൊപ്പം വേറൊരുത്തന്റെ പേര് കാണുമ്പോൾ ചങ്കുപൊട്ടുന്ന വേദനകൾ ഒരു നെടുവീർപ്പിൽ ഒതുക്കി നല്ലതുവരണേന്നു പ്രാർത്ഥിച്ചു തിരിച്ചു നടക്കുന്ന പ്രണയം…
സ്വന്തമെന്ന് കരുതിയവർ മറ്റൊരാളുടേതാവുമ്പോഴും പിടിച്ചുനിൽക്കാൻ കഴിയുന്നതും അച്ഛന്റേം അമ്മേടേം മുഖം ഓർത്തിട്ടാവണം…പെങ്ങളെ കെട്ടിച്ചു വിട്ട ലോൺ അടക്കാൻ അച്ചനെകൊണ്ട് ഒറ്റക്കു കൂട്ടിയാൽ കൂടില്ല എന്നറിയുന്നത് കൊണ്ടാവാം…
അതുകൊണ്ടൊക്കെ തന്നെയാണ് എപ്പോഴും ഓർത്താലും മറന്നു എന്ന് അഭിനയിച്ചു, ചുണ്ടിൽ ഒരു ചിരി വരുത്തി പിറ്റേ ദിവസം തൊട്ട് ജോലിക്ക് പോയി തുടങ്ങിയതും…
എല്ലാം ഒന്നു ഒതുങ്ങി തീർന്നപ്പോൾ, പിന്നെ കല്യാണം നോക്കണില്ലേ…വയസിതെത്ര ആയിന്നാ വിചാരം…ഇങ്ങനെ വല്ലതും നടന്നാൽ മതിയോ…എന്നുള്ള ചോദ്യങ്ങൾ ആണ് ചുറ്റിലും…
ഇനിയെന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല എന്ന് നമ്മൾ പ്രതിജ്ഞ എടുത്തിട്ടുടെങ്കിലും അമ്മമാരുടെ പരാതിക്കും കണ്ണീരിലും തീരുന്ന പ്രതിജ്ഞകളെ നമ്മള് ആൺകുട്ടികൾക്കു എടുക്കാൻ പറ്റുള്ളൂ…
മനസ്സില്ല മനസോടെ നമ്മൾ സമ്മതം കൊടുത്താലും മ്മക്കൊന്നും അന്ന് ഉറങ്ങാൻ പറ്റില്ല..പറ്റോ…?
കുഴിച്ചുമൂടിയ ഓർമ്മകൾ ഡാം പൊട്ടിയ പോലെ ഒരു വരവുണ്ട്. ആ ഓർമ്മകൾ മിഴികളിൽ കണ്ണീരിന്റെ നനവ് പടർത്തിയേ അടങ്ങുള്ളൂ…
നമ്മുടെ സ്വപ്നങ്ങൾ അറിയുന്നവളെ നഷ്ട്ടപെടുത്തിയിട്ട്, ചായകുടിക്കുന്ന നേരം കൊണ്ട് മാത്രം പരിജയമുള്ളവളെ ജീവിതത്തിലേക്ക് കൂട്ടാൻ പോകുന്ന, ഏറ്റവും റിസ്ക് എടുക്കുന്ന ചടങ്ങ് പെണ്ണ് കാണൽ…
കാലം പുരോഗമിച്ചെങ്കിലും സിനിമയിൽ മാത്രമാണ് പെണ്ണ് ചായയുമായി വരുന്നത് കണ്ടിട്ടുള്ളു. യഥാർത്ഥത്തിൽ പെണ്ണിന്റെ അമ്മയാണ് ആ ദൗത്യം ഏറ്റെടുക്കുന്നത്. പതിവ് ചോദ്യങ്ങൾ…
എന്താ പേര്…? ഏത് വരെ പഠിച്ചു…? ഇനിയും പഠിക്കാൻ താല്പര്യം ഉണ്ടോ…? ശുഭം…
വീടും വീട്ടുകാരുമായി ചേർന്ന് പിന്നെ ഒറ്റ തീരുമാനമാണ്. ചെക്കന്റെ സ്വഭാവങ്ങളെ കുറിച്ചു ഒരു രഹസ്യാനേഷണവും പെണ്ണിന് സ്വഭാവം ദൂഷ്യം ഉണ്ടോന്ന് നമ്മള് ചെക്കന്റെ വീട്ടുകാരുടെ ഒരു രഹസ്യനേഷണവും, ഈ ഉറപ്പിക്കലിന് മുൻപ് ഉറപ്പായും നടന്നിരിക്കും. അതു വേറെ കാര്യം…
അങ്ങിനെ കണ്ടു ഇഷ്ട്ടപെട്ടു എന്ന് പറഞ്ഞു ഉറപ്പിച്ചതാണ് അപർണയെ…ചെക്കനും പെണ്ണിനും എന്തേലും മിണ്ടാനോ പറയാനോ ഉണ്ടെങ്കിൽ ആവാം എന്ന് കാരണവന്മാർ അവസരം തന്നപ്പോൾ, കിട്ടിയ സമയം കൊണ്ട് ഞാൻ മനസു തുറന്നതാണ്.
എന്റെ ഭൂതകാല പ്രണയത്തെ കുറിച്ചും ഒരു കുഞ്ഞു വിവരണം നടത്തിയതും ആണ്…വീട്ടുകാരുടെ നിർബദ്ധത്തിനു വഴങ്ങിയിട്ടാവരുതെന്നു കരുതി ഞാൻ ചോദിച്ചതും ആണ്…എന്തെങ്കിലും ഇഷ്ടക്കുറവുണ്ടെൽ പറയണം, ഞാനെന്തേലും കാരണം പറഞ്ഞു മുടക്കിക്കോളാം എന്ന്…
അപ്പോഴൊന്നും ഒരു ഇഷ്ടക്കേടും പറയാത്തവളാണ്…പിന്നെന്തായിരിക്കും മുഖം വാടിയതിനു കാരണം…? കാരണം ആലോചിച്ചിട്ട് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല.
കല്യാണത്തിന് മുൻപ് പെണ്ണ് ഒളിച്ചോടിയെന്ന ചീത്തപേര് കൂടി കേൾക്കേണ്ടി വരുമോ എന്ന പേടി വീണ്ടും അസ്വസ്ഥതമാക്കി. രണ്ടും കല്പ്പിച്ചു ഞാൻ ഫോൺ എടുത്തു അവളെ വിളിച്ചു, നാളെ എനിക്കൊന്നു കാണണം…അച്ഛന്റെ അടുത്ത് ഞാൻ വിളിച്ചു പറഞ്ഞോളാം. രാവിലെ വടക്കുനാഥനിൽ വരോ…?
വരാം…പിന്നെയൊന്നും ഞാൻ ചോദിച്ചില്ല, അത്രയും പറഞ്ഞു ഫോൺ കട്ട് ആക്കി.
രാവിലെ ഞാൻ ചെല്ലുമ്പോഴേക്കും അവൾ എത്തിയിരുന്നു. കയറി തൊഴാം അപർണ…നടയടക്കും മുൻപ്…
തൊഴുതതിന് ശേഷം കൂത്തമ്പലത്തിന്റെ തിണ്ണയിൽ ഇരിക്കുമ്പോൾ ഞാൻ ചോദിച്ചു…ഈ ഒരു വിവാഹം വേണ്ടാന്ന് തോന്നണുണ്ടോ…?
എന്തു തന്നെയായാലും തുറന്നു പറയണം. ഇഷ്ട്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിക്കുക എന്നത് ഒരു തരം വീർപ്പുമുട്ടലാണ്. അതിന്റെ കാരണക്കാരാകാൻ ഒട്ടും താല്പര്യമില്ലാത്തതുകൊണ്ടു ചോദിക്കാ…
ജീവനോളം സ്നേഹിച്ചവൾ വേറൊരാളുടേതാവുന്നതു കാണേണ്ടി വന്നവനാണ് ഞാൻ. ഇനിയാർക്കും അങ്ങിനൊന്നും ആർക്കും ഉണ്ടാവല്ലേ എന്ന് ചിന്തിച്ചിട്ടും ഉണ്ട്. അതിന്റെ വേദന എത്രത്തോളം ഉണ്ടെന്ന് എനിക്കു മനസിലാക്കാനും കഴിയും. ഇപ്പോഴും താലി കെട്ടിയിട്ടില്ല…അവസാനിപ്പിക്കാണെങ്കിൽ അവസാനിപ്പിക്കാം…
ഏട്ടൻ കരുതുന്ന പോലെ എനിക്കു വേറെ പ്രണയമൊന്നും ഇല്ല. ഏട്ടനെ ഇഷ്ട്ടപെടാഞ്ഞിട്ടും അല്ല. ഞങ്ങളുടെ ഇപ്പൊ കാണുന്ന വീട് വെച്ചു ലോൺ എടുത്തിട്ടാ ചേച്ചിടെ കല്യാണം നടത്തിയത്. അതു തീരാറായി…എന്റെ വിവാഹത്തിന് അതു പുതുക്കി എടുക്കാമെന്നാ വിചാരിച്ചിരുന്നത്…
ഇപ്പോൾ…അച്ചന്റെ പ്രായ പരിധി വെച്ചു അച്ചന് ഇനി കൂടുതൽ ഫണ്ടൊന്നും അനുവദിക്കാൻ പറ്റില്ലെന്ന മാനേജർ പറഞ്ഞത്. അതേ പിന്നെ അച്ഛൻ നല്ല ടെൻഷനിലാ…ഞാൻ പറഞ്ഞതാ ഇപ്പൊ എന്നാ കല്യാണം വേണ്ടാന്ന്…എന്തേലും വഴി ഉണ്ടാവും മോളെന്നു അപ്പോ അച്ഛൻ തന്നെയാ പറഞ്ഞത്.
അതു ഞങ്ങളെ സമധാനിപ്പിക്കാൻ ആണ്. വേറെ വഴിയൊന്നും ഇല്ല ഏട്ടാ…അച്ഛൻ അവിടെ നെഞ്ഞുരുകി നിൽക്കുമ്പോൾ എനിക്കൊരു സന്തോഷം വേണ്ട. ഞാൻ ആയിട്ട് മുടക്കിയെന്നു അറിഞ്ഞാൽ അച്ചനു സഹിക്കില്ല അതുകൊണ്ട് ഏട്ടൻ എന്തേലും കാരണം പറഞ്ഞു ഇതിൽ നിന്നു പിന്മാറണം.
അങ്ങിനെയാ അപർണയുടെ തീരുമാനം എങ്കിൽ അങ്ങിനെയാവട്ടെ…ഞാൻ എന്തായാലും നാളെ വീട്ടിൽ വരാം. എന്തേലും കാരണം കണ്ടുപിടിക്കണ്ടേ മുടക്കാൻ…ഞാൻ ഒന്നു ആലോചിക്കട്ടെ…
യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ആ കണ്ണുകൾ നനവ് പടർന്നിട്ടുണ്ടായിരുന്നു.
പിറ്റേന്ന് ഞാൻ ചെല്ലുമ്പോൾ ഓടി വന്നു ഗേറ്റ് തുറന്നു തന്നത് അവളായിരുന്നു. ഞാൻ വന്നിട്ടുണ്ടെന്നു അറിഞ്ഞു അച്ഛൻ പറമ്പിൽ നിന്നു ഓടി വന്നു. അപ്പോഴേക്കും അമ്മയും ചായയുമായി എത്തി.
കയ്യിലുണ്ടായിരുന്ന പൊതി എടുത്തു അച്ഛന്റെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു. കല്യാണത്തിന് ആയി മാറ്റി വെച്ച പൈസയാ…അങ്ങിനെ പറയുന്നതിലും നല്ലതു ആർഭാടത്തിനായി മാറ്റി വെച്ച പൈസ എന്നു പറയുന്നതാവും നല്ലത്…
ഒരിക്കൽ സാമ്പത്തികമായി പ്രശ്നങ്ങൾ ഉള്ളത്കൊണ്ട് വലിയൊരു ഇഷ്ട്ടം നഷ്ട്ടപെടുത്തേണ്ടി വന്നവനാണ് ഞാൻ. അതുകൊണ്ടു ഇതു വാങ്ങില്ല എന്ന് പറയരുത്…ഈ ഒരു കാരണംകൊണ്ട് ഇത്ര നല്ല മനസുള്ള ഇവളെ നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറല്ല…
അമ്പരപ്പോടെ എന്നെ നോക്കിയ അദ്ദേഹത്തിന്റെ കൈ പിടിച്ചു ഞാൻ പറഞ്ഞു. ഇനി ഉള്ളുരുകി നടക്കണ്ട…അപർണ എല്ലാം പറഞ്ഞു. എല്ലാം കേട്ടു കണ്ണുനിറഞ്ഞു നിൽക്കുന്ന അവളോട് ഞാൻ പറഞ്ഞു മുടക്കാനാണെങ്കിൽ നൂറു കാരണങ്ങൾ ഉണ്ടായിരുന്നു. നടക്കാനായിട്ടുള്ള വഴിയേ ഞാൻ ആലോചിച്ചുള്ളു…എന്നും പറഞ്ഞു ഞാൻ ആ പടികൾ ഇറങ്ങുമ്പോൾ…അവളെന്റെ മനസിലേക്ക് പൂർണമായി കയറുകയായിരുന്നു…