ഒരുപാട് ദിവസങ്ങൾക്കു ശേഷം അവളുടെ സാമീപ്യം അയാളെ വല്ലാതെ പ്രണയാതുരനാക്കി. അയാളവളെ പ്രണയത്തോടെ ചേർത്ത് കിടത്തിയപ്പോൾ

രചന: ദിവ്യ അനു അന്തിക്കാട്

ഇത് ഏതാ മാസം ജയേ…എടൊ തന്നോടാ ചോദിച്ചത്. ഇത് ഏതാ മാസം…?

മഴ പതിവില്ലാതെ ആർത്തുലച്ചു പെയ്യുന്നുണ്ട്. ജൂൺ തുടങ്ങിയോ…? ഇല്ലല്ലോ…

ഒരു മറുപടി കിട്ടാണ്ടായപ്പോൾ അയാൾ ഇരുന്നിടത്തുനിന്നും പതുക്കെ എഴുന്നെറ്റടുത്തു ചെന്നു. പതിയെ അവളുടെ തോളിൽ കൈ അമർത്തി.

“എന്നെ തൊടരുത്, എനിക്കിഷ്ടമല്ല എത്ര തവണ പറഞ്ഞു”

“എടൊ താനൊന്ന് നോർമൽ ആവൂ…അല്ലാതെ ഇങ്ങനെ എത്ര നാളെന്നു വച്ച”

ഞാനാണോ നോർമൽ അല്ലാത്തത്…? വേണുവേട്ടനല്ലേ പുതിയ ശീലങ്ങളും അപരിചിതരെ പോലെ പെരുമാറുന്നതും…? ഇരുപത്തി നാല് മണിക്കൂറും എന്നോട് ദേഷ്യപ്പെട്ടിരുന്ന ആളാ..ഇപ്പൊ എന്തിനെ ഇത്ര സ്നേഹം കാണിക്കുന്നേ…?

ഒരു ബാങ്കിലെ ഉദ്യോഗസ്ഥന് മാസവും തിയ്യതിയും അറിയാഞ്ഞിട്ടാണോ എന്നെ വിളിച്ചു ചോദിക്കുന്നെ…?

ഏത് കറി വക്കണം, അതിന്റെ കൂടെ ഏത് ഉപ്പേരി വേണം, രസത്തിന് കായം എത്ര വേണം എന്ന് തുടങ്ങി…ഞാനിടുന്ന വസ്ത്രത്തിന്റെ നിറം വരെ തീരുമാനിക്കുന്ന വേണുവേട്ടൻ ഇപ്പൊ എന്തിനെ എന്നെ ഇത്ര മാത്രം പ്രാധാന്യത്തോടെ കാണുന്നു…?

ആറു മാസത്തിൽ ഒരിക്കൽ പുറത്തു കൊണ്ടുപോയിരുന്ന എന്നെ എന്തിനെ എന്നും വൈകീട്ട് പുറത്ത് കൊണ്ട് പോകാൻ നിർബന്ധം കാണിക്കുന്നു…? അപ്പൊ വേണുവേട്ടൻ അല്ലേ നോർമൽ അല്ലാത്തത്…?

എനിക്കറിയാം എന്നോട് സഹതാപം കാണിക്കുവാണെന്ന്…അങ്ങനെ ഒരു സഹതാപം എനിക്ക് വേണ്ട…എന്റടുക്കെ ആരും മിണ്ടണ്ട. ദയവ് ചെയ്തു എന്നെ മനസ്സമാധാനത്തോടെ ഒറ്റക്കിരിക്കാൻ വിടൂ…

“ഇത്രക്കൊക്കെ പറയാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. തനിക്ക് വിഷമം തോന്നരുതെന്നു കരുതിയ ഞാൻ….തനിക്കൊരൊറ്റപ്പെടൽ തോന്നരുതെന്നു കരുതിയ ഞാൻ….”

“ആ അത് തന്നെയാ കുഴപ്പം ഇത്ര നാളും ഇല്ലാത്ത ഈ ഇപ്പൊ എന്തിനാ…? കുട്ട്യോൾ ഇല്ലെന്നും വീട്ടുകാർ അടുത്തില്ലയെന്നും എന്തെ ഇത്ര നാളും ചിന്തിക്കാഞ്ഞത്…? ഈ ഭാഷയറിയാത്ത നാട്ടിൽ ഒരാളോട് പോലും ഒന്ന് മിണ്ടാനില്ലാതെ ഉരുകിയിട്ടുണ്ട് ഒരുപാട്. അപ്പൊ ഇല്ലാത്ത ഒരു കരുതലും ആരുമെനിക്ക് ഇപ്പൊ തരണംന്നില്യ”

“താൻ എന്താച്ചാൽ ചെയ്യൂ. ഇന്നത്തോടെ ലീവ് തീർന്നു. എന്തെങ്കിലും കഴിക്കാൻ ഉണ്ടെന്ന് വച്ചാൽ തന്നോളൂ. തനിക്ക് വയ്യെങ്കിൽ വിട്ടേക്ക് ഞാൻ പുറത്തു നിന്ന് എന്തെങ്കിലും കഴിച്ചോളാം”

“അയ്യോ…എന്നെ ദേഷ്യം പിടിപ്പിക്കാതെ ഒന്ന് പോകുന്നുണ്ടോ. എനിക്കൊരു അസുഖവും ഇല്ലെന്ന് എത്ര തവണ പറഞ്ഞു.”

മറുത്തൊരക്ഷരം പറയാതെ അയാൾ തയ്യാറായി ഇറങ്ങി പോയി. ഉച്ചക്ക് അവൾ വല്ലതും കഴിച്ചോ എന്ന് വിളിച്ചന്വേഷിക്കാൻ തോന്നിയെങ്കിലും വേണ്ടെന്ന് വച്ചു. ഒറ്റക്കിരിക്കട്ടെ അതാണ് ഇഷ്ടം എന്ന് വച്ചാൽ…

ഒരുപാട് രാത്രിക്ക് മുന്നേ അയാൾ വീട്ടിലെത്തി. ബെല്ലടിച്ചു കുറച്ച് സമയം കഴിഞ്ഞാണ് അവൾ വാതിൽ തുറന്നത്. വൈകീട്ടാണെന്നു തോന്നുന്നു കുളിച്ചത്. മുടിയിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റ് വീഴുന്നുണ്ട്. ആവശ്യപ്പെടാതെ തന്നെ അയാൾക്കവൾ ചായ ഇട്ട് കൊണ്ട് കൊടുത്തു.

അത് വാങ്ങി കുടിച്ച് അവളെ ബുദ്ധിമുട്ടിക്കാതെ അലക്കാനുള്ളതെടുത്തു മെഷീനിൽ ഇട്ട് കുളിക്കാൻ കയറി. കുറച്ച് ജോലി ഉണ്ടായിരുന്നത് പതിവ് പോലെ അയാൾ ചെയ്ത് തീർത്തു. വീട്ടിലേക്ക് വിളിച്ചു സംസാരിച്ചു.

അടുക്കളയിൽ കയറി നോക്കിയപ്പോൾ ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ട്. അവളോട് കഴിച്ചോ എന്ന് ചോദിച്ചപ്പോൾ ഒരു മൂളലിൽ ഉത്തരമൊതുക്കി. വിശപ്പുണ്ടായിട്ടും വളരെ കുറച്ച് മാത്രം കഴിച്ചെന്നു വരുത്തി. തനിയെ കഴിച്ചയാൾക്ക് ശീലമില്ലായിരുന്നു…

സിഗരറ്റ് വലി അയാൾ പൂർണ്ണമായും നിറുത്തിയതായിരുന്നു. പക്ഷേ ഇന്നയാൾ പുറത്തിറങ്ങി വാതിൽ ചാരിയതിനു ശേഷം ഒരു സിഗരറ്റ്എടുത്ത് വലിച്ചു. ഒന്നുകൂടി പോയി ബ്രഷ് ചെയ്ത് ലൈറ്റ് ഓഫാക്കി അയാൾ അവൾക്ക് എതിർവശം തിരിഞ്ഞു കിടന്നു.

എത്ര നേരം കിടന്നിട്ടും ഉറക്കം വരുന്നില്ല. എപ്പോഴോ കണ്ണൊന്നു പാതി അടഞ്ഞപ്പോൾ അവളുടെ കൈകൾ ശക്തിയോടെ അയാളെ ചുറ്റിപ്പിടിച്ചു…ഒരുപാട് ദിവസങ്ങൾക്കു ശേഷം അവളുടെ സാമീപ്യം അയാളെ വല്ലാതെ പ്രണയാതുരനാക്കി.

അയാളവളെ പ്രണയത്തോടെ ചേർത്ത് കിടത്തിയപ്പോൾ എന്തോ അവളുടെ മാറുകൾക്ക് അസാധാരണ വലിപ്പം. അയാളെഴുന്നേറ്റ് ലൈറ്റിട്ടു. പതിയെ ഉടുപ്പ് മാറ്റി നോക്കിയതും അയാൾ കരഞ്ഞു പോയി.

മുറിച്ചു മാറ്റപ്പെട്ട മാറുകൾക്ക് പകരം അവളവിടെ കുറെയേറെ തുണിക്കഷ്ണങ്ങൾ തിരുകി വച്ചിരിക്കുന്നു. അവളെ ഒന്നുകൂടി ചേർത്തിരുത്തി മുഖം ഉയർത്തിപ്പിടിച്ചു.

എടൊ മോളെ നമുക്കിതിന്റെ ആവശ്യമൊന്നുമില്ലെടോ…

അത്രേം പറഞ്ഞ് അയാളാ തുണിക്കഷ്ണങ്ങളെല്ലാം എടുത്ത് മാറ്റി. തുന്നലിന്റെ പാടുകളുള്ള അവളുടെ മാറിൽ മുഖം ചേർത്തയാൾ കുറച്ചുനേരമിരുന്നു. കുറെ ഉമ്മകൾ കൊടുത്തവളെ ആശ്വസിപ്പിച്ചു. പരസ്പരം കെട്ടിപിടിച്ചു കുറെ കരഞ്ഞു.

പക്ഷേ പിറ്റേന്ന് മുതൽ അവരുടെ സന്തോഷത്തിനും സ്നേഹത്തിനും മാത്രമുള്ള പുലരികളായിരുന്നത്രെ…അവർക്ക് വേണ്ടി മാത്രമുള്ളത്….