വിശ്വാസം മാത്രമാണോ എല്ലാം? – രചന: Aswathy Joy Arakkal
“എടോ…ഞാനാ കല്യാണം വേണ്ടെന്നു വയ്ക്കുവാ…പെണ്ണെന്ന വർഗ്ഗത്തെ വിശ്വസിക്കാൻ പറ്റില്ല…എല്ലാം പറ്റിപ്പാ…” ഫോണിലൂടെ ജോബിൻ പറഞ്ഞു നിർത്തി.
(പഠിക്കുന്ന കാലം തൊട്ടുള്ള സുഹൃത്താണ് ജോബിൻ, ദുബായിൽ അക്കൗണ്ടന്റ്. അവിടെ തന്നെ നേഴ്സ് ആയി ജോലി ചെയ്യുന്ന ടെസ്സി എന്ന പെൺകുട്ടിയെ ഏതോ മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട്. വീട്ടുകാർ തമ്മിൽ സംസാരിച്ചവരുടെ വിവാഹം ഉറപ്പിച്ചു വെച്ചേക്കുവാ…ആ ബന്ധമാണ് അവൻ വേണ്ടെന്നു പറയുന്നത്. അതും സ്ത്രീകളെ അടച്ചാക്ഷേപിച്ചു കൊണ്ട്… )
“നിന്റെ അമ്മച്ചിയും ഈ വിശ്വസിക്കാൻ കൊള്ളാത്തവരിൽ പെടുമോ” എന്ന ചോദ്യമാണ് വായിൽ വന്നതെങ്കിലും സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടവനെ അറിയാവുന്നത് കൊണ്ടും ഗൗരവമുള്ള ഒന്നുമില്ലാതെ അവനിങ്ങനെ പറയില്ല എന്നുറപ്പുള്ളത് കൊണ്ടും ഞാൻ സംയമനം പാലിച്ചു…
“നീ കിടന്നു ചൂടാകാതെ കാര്യം പറ ജോബി…”
സ്വയം നിയന്ത്രിച്ചു കൊണ്ട് ഞാനവനോടു പറഞ്ഞു.
“അവള്…ടെസ്സി…ആ പുന്നാരമോള് എന്നെ ചതിക്കുവായിരുന്നടി…”
അവൻ വീണ്ടും അതുതന്നെ പറഞ്ഞു കൊണ്ടിരുന്നു. നീ പറഞ്ഞത്, തന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരിക്കാതെ ഉള്ള കാര്യം എന്താണെന്ന് വെച്ചാൽ പറയുന്നുണ്ടോ എന്ന് ചോദിച്ചു ഞാൻ ദേഷ്യപ്പെട്ടപ്പോൾ അവൻ സംഭവങ്ങൾ വിവരിച്ചു.
കുറച്ചു മുൻപ് ജോബിയുടെ ഫോണിലേക്കൊരു കോൾ വന്നിരുന്നു. ഒരു സ്ത്രീയായിരുന്നു വിളിച്ചത്. ടെസ്സിയുടെ ഒരു പരിചയക്കാരി ആണെന്നും, വിവാഹം ഉറപ്പിച്ച വാർത്ത അറിഞ്ഞപ്പോൾ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ജോബിയുടെ നമ്പർ തേടി പിടിച്ചതെന്നും അവർ പറഞ്ഞു. പക്ഷെ ആരെന്നോ, എവിടെ നിന്നാണ് വിളിക്കുന്നതെന്നോ അവർ പറഞ്ഞില്ല…
ടെസ്സി ആളത്ര ശരിയല്ലെന്നും, പല പുരുഷന്മാരുമായും അവൾക്ക് ബന്ധമുണ്ടെന്നും, കാശിനു വേണ്ടി എന്തും ചെയ്യാൻ മടിക്കില്ലെന്നും അവർ പറഞ്ഞു…
ഒപ്പം കുറേനാൾ തന്റെ ഭർത്താവിന്റെ പിറകെ നടന്നു തന്റെ ജീവിതം തകർക്കാൻ നോക്കിയവൾ കൂടിയാണവൾ എന്നവർ കൂട്ടിചേർത്തു…
എന്റെ ഭർത്താവ് നല്ലവൻ ആയതുകൊണ്ടു മാത്രമാണ് ഞങ്ങളുടെ ജീവിതം തകരാതെ സന്തോഷത്തോടെ മുന്നോട്ട് പോകുന്നത്. ഒരു ചെറുപ്പക്കാരൻ ചതിക്കപ്പെടരുത് എന്ന നല്ല മനസ്സ് എനിക്ക് ഉള്ളതുകൊണ്ടാണ് ഞാനിത് താങ്കളെ അറിയിക്കുന്നത്. ബാക്കി താങ്കൾ ആലോചിച്ചു തീരുമാനിച്ചോളു…
അത്രയും പറഞ്ഞു കോൾ കട്ട് ആയി. പെട്ടന്ന് എല്ലാം കേട്ട ഷോക്കിൽ വേറൊന്നും അവരോടു ചോദിക്കാൻ അവനു സാധിച്ചില്ല എങ്കിലും ശേഷം കോളർ ഐഡി സോഫ്റ്റ്‌വെയർ വെച്ച് അവൻ വിളിച്ചയാളുടെ പേരും, ലൊക്കേഷനും കണ്ടുപിടിച്ചു.
ദിവ്യ എന്ന പേരിലൊരു സ്ത്രീ അബുദാബിയിൽ നിന്നുമാണ് വിളിച്ചിരിക്കുന്നത്. പിന്നീട് ജോബി ആ നമ്പറിലേക്കു വിളിച്ചപ്പോൾ ഫോൺ അവർ ഓഫ് ചെയ്തു.
ഫേസ്ബുക്ക് സെർച്ച് ചെയ്തപ്പോൾ ദിവ്യ ദിലീപ് എന്ന പേരിൽ ആളെ കിട്ടി. ദിലീപ് ഹസ്ബൻഡ്…രണ്ടുപേരും നേഴ്സ്മാർ ഒരുമിച്ചു അബുദാബിയിൽ തന്നെ…
രണ്ടുപേരും പഠിച്ചിരിക്കുന്നത് ടെസ്സി പഠിച്ച കോളേജിൽ തന്നെ ആണെന്ന് പ്രൊഫൈലിൽ കണ്ടെങ്കിലും രണ്ടുപേരും ടെസ്സിയുടെ ഫേസ്ബുക്ക് ഫ്രണ്ട്സും അല്ല.
അങ്ങനെ എല്ലാംകൂടെ ആകെ കുഴഞ്ഞു മറിഞ്ഞപ്പോൾ എല്ലാം ടെസ്സിയോട് ജോബി തുറന്നു ചോദിച്ചു…
പഠിക്കുന്ന കാലത്ത് സീനിയേർസ് ആയിരുന്നു ദിവ്യയും, ദിലീപും എന്നുമവൾ പറഞ്ഞു. ഒപ്പം ദിലീപുമായി താൻ പ്രണയത്തിൽ ആയിരുന്നു…അതേസമയം ദിലീപിനെ ഇഷ്ടമാണെന്ന് പറഞ്ഞു ദിവ്യ ശല്യപ്പെടുത്തുക ആണെന്നും അവൻ പറയാറുണ്ടായിരുന്നു…
പിന്നീട് ദിലീപിന്റെ വീട്ടിൽ ടെസ്സിയും ദിലീപും തമ്മിലുള്ള പ്രണയം അറിഞ്ഞെന്നും അന്യജാതിക്കാരിയെ കെട്ടിയാൽ അമ്മ മരിക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞു സങ്കടത്തോടെ അവൻ അവരുടെ പ്രണയം അവസാനിപ്പിച്ചു.
പിന്നെ പഠിത്തം കഴിഞ്ഞ് എല്ലാവരും പലയിടത്തായി. ഇതിനിടയിൽ അമ്മയുടെ ഓപ്പറേഷന്റെ കാര്യം പറഞ്ഞു ദിലീപ് കുറെ പൈസയും ടെസ്സിയിൽ നിന്നും വാങ്ങിയിരുന്നു…
ശേഷം, ഒരുവർഷം മുൻപേ ആണ് “താൻ വിവാഹം കഴിച്ചില്ല എങ്കിൽ ദിവ്യ മരിക്കുമെന്ന…” ഭീഷണിയിൽ ആണ് എന്നു ദിലീപ് ടെസിയോട് പറഞ്ഞത്…
അങ്ങനെ അവൾ കൂടി നിർബന്ധിച്ച് ദിവ്യ – ദിലീപ് വിവാഹം നടന്നു. അതിനു ശേഷം ടെസിയും ദിലീപും തമ്മിൽ അങ്ങനെ കോൺടാക്ട് ഒന്നുമില്ല…
പിന്നീട് ദിവ്യക്കു മാനസിക രോഗം ആണെന്നും ടെസ്സി ഇല്ലാതെ ജീവിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു ദിലീപ് ടെസ്സിയുമായി അടുക്കാൻ ശ്രമിച്ചു എങ്കിലും, “അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ” ഉപദേശിച്ചു ടെസ്സി ഒഴിഞ്ഞുമാറി…
അങ്ങനെ അവിശ്വസനീയമായ പരസ്പര ബന്ധമില്ലാത്ത സിനിമാകഥകൾ പോലെ എന്തൊക്കെയോ ടെസ്സിയിൽ നിന്നും കേട്ടതിന്റെ ബാക്കിയായിരുന്നു അവന്റെ എന്നോടുള്ള രോഷപ്രകടനം…
എല്ലാം കേട്ടപ്പോൾ എന്തൊക്കെയോ പന്തികേട് എനിക്കും തോന്നി…ഭർത്താവിന്റെ പിറകെ ഒരാൾ നടക്കുന്നുണ്ടെങ്കിൽ അവളെ ഒഴിവാക്കാൻ അല്ലേ ഒരു സ്ത്രീ നോക്കു…ഇവര് വിവാഹം മുടക്കാൻ നോക്കുന്നു…
ജോബിന്റെ വിവാഹം നടന്നാലും ഇല്ലെങ്കിലും എന്താണ് സംഭവങ്ങളുടെ യാഥാർഥ്യം എന്നറിയണം എന്നെനിക്ക് തോന്നി, ഒപ്പം ടെസ്സി പറഞ്ഞത് വെച്ച് ദിലീപ് അത്ര മാന്യൻ അല്ല എന്നൊരു തോന്നലും എന്നിലുണ്ടായി…
അങ്ങനെ ജോബിന്റെ കസിൻ എന്നും പറഞ്ഞു സംഭവങ്ങളുടെ വിശദവിവരം ആരാഞ്ഞുകൊണ്ട് ഫേസ്ബുക്കിൽ ഞാൻ ദിവ്യക്കൊരു മെസ്സേജ് അയച്ചു.
ആദ്യമൊക്കെ ജോബിനെ വിളിച്ചത് താനാണെന്ന് അവൾ സമ്മതിച്ചില്ലെങ്കിലും, പിന്നെ കോൾ ഡീറ്റെയിൽസ് എടുത്ത തെളിവ് കാണിച്ചു കൊടുത്തപ്പോൾ ആവേശത്തോടെ അവൾ ടെസിയുടെ സ്വഭാവദൂഷ്യം പറയാൻ തുടങ്ങി…ഒപ്പം ഞെട്ടിച്ച മറ്റൊരു കഥയും പറഞ്ഞു…
“പഠിക്കുന്ന കാലം തൊട്ടു ഞാനും ദിച്ചുവേട്ടനും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നുവെന്നും ടെസ്സിയുടെ ശല്യം കാരണം ഏട്ടൻ കുറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും…അവസാനം ഏട്ടൻ കെട്ടിയില്ലെങ്കിൽ അവൾ ആത്മഹത്യ ചെയ്യുമെന്നു വരെ ടെസി പറഞ്ഞിരുന്നുവത്രെ…”
“ആരുടേയും ശാപം വാങ്ങി നമുക്ക് വിവാഹം വേണ്ട എന്നുവരെ ഏട്ടൻ പറഞ്ഞിരുന്നു. ഞാൻ അവളോട് നേരിട്ടു സംസാരിക്കാൻ ഏട്ടൻ സമ്മതിച്ചില്ല. അല്ലെങ്കിൽ അന്നവൾ വിവരം അറിഞ്ഞേനെ…ഒരുവിധം ഞാൻ വാശിപിടിച്ചാണ് ഞങ്ങളുടെ വിവാഹം നടന്നത്…”
“എന്നിട്ടും അവൾ ഏട്ടനെ കുറെ ശല്യ ചെയ്തു. പാവം എത്ര വിഷമിച്ചിട്ടുണ്ട് എന്നറിയോ ദിച്ചുവേട്ടൻ…? വിവാഹശേഷം അവളെ ഞാൻ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല…”
പക്ഷെ ഇപ്പൊ ഏട്ടന്റെയൊരു ഫ്രണ്ട് പറഞ്ഞു ജോബിനുമായി അവളുടെ വിവാഹം ഉറപ്പിച്ചെന്നു…
അപ്പോഴാണ് ഏട്ടൻ, പല പുരുഷന്മാരുമായി അവൾക്ക് ബന്ധമുള്ളതും, ആ പാവം പയ്യന്റെ ജീവിതം തകർന്നെന്നും പറഞ്ഞു സങ്കടപ്പെട്ടതും…ആ വിഷമം കണ്ടപ്പോൾ ഞാനാണ് ഈ ഐഡിയ പറഞ്ഞതും…ജോബിനെ വിളിച്ചതും…
എല്ലാം കേട്ടപ്പോൾ എന്റെ തലയിൽ നിന്നെത്ര കിളി പറന്നെന്നു എനിക്ക് തന്നെ അറിയില്ല. ആകെ കൺഫ്യൂഷൻ ആയെങ്കിലും ഒരുകാര്യം എനിക്ക് വ്യക്തമായിരുന്നു…ഇവൻ ഈ രണ്ടു പെണ്ണുങ്ങളെയും വർഷങ്ങളായി ഇട്ടു തട്ടിക്കളിക്കുക ആണെന്ന്.
ടെസിയോട് പറഞ്ഞ കഥയിൽ നായിക ടെസ്സി വില്ലത്തി ദിവ്യ….ദിവ്യയോട് പറഞ്ഞ കഥയിൽ നായിക ദിവ്യ…വില്ലത്തി ടെസ്സി…രണ്ടുപേരെയും കെട്ടാനല്ല അവൻ പ്രണയിച്ചത്. പക്ഷെ ടെസിയെ ഒഴിവാക്കിയത് പോലെ ദിവ്യയെ ഒഴിവാക്കാൻ അവനായില്ല.
വിവാഹശേഷം ടെസിയോട് അടുക്കാൻ നോക്കിയിട്ട് അതു സാധിക്കാത്ത വൈരാഗ്യവും അവനുണ്ട്. എല്ലാവരുടെയും ഇടയിൽ കിടന്നു തമ്മിൽത്തല്ലിച്ചു ചോരകുടിക്കുകയാണ് അവൻ. ഇതൊക്ക ആയിരുന്നു എന്റെ കൺക്ലൂഷൻ…
ഞാനിതു ജോബിനോട് പറഞ്ഞപ്പോൾ അവന്റെയും അഭിപ്രായം അതു തന്നെ ആയിരുന്നു…
“സ്വന്തം ഭാര്യയെ വരെ ചതിക്കാൻ നാണമില്ലെടാ…” എന്ന ചോദ്യവുമായി ജോബി ദിലീപിനെ വിളിച്ചു…
“എനിക്കിഷ്ടമുള്ളതു ഞാൻ ചെയ്യും…ഒരു ദിവ്യയും, ടെസിയും മാത്രമല്ല. വേറെയും പെണ്ണുങ്ങളെ ഞാൻ കൊണ്ടു നടന്നിട്ടുണ്ട്…ഇനിയും ചെയ്യും…നീ എന്താണ് ചെയ്യാൻ പറ്റുകയെന്നു വെച്ചാൽ ചെയ്യടാ…” എന്ന് പറഞ്ഞവൻ ഫോൺ വെച്ചു.
“പാവം പെണ്ണുങ്ങൾ, എല്ലാത്തിനെയും അവൻ പറ്റിക്കുവാ എന്നു പറഞ്ഞു ജോബിയുടെ കോൾ വന്നപ്പോഴാണ് എന്റെ അവസരം വന്നത്…”
“എടാ കോപ്പേ നീയെന്തറിഞ്ഞിട്ടാ പിന്നെ എല്ലാ പെണ്ണുങ്ങളെയും അടച്ചാക്ഷേപിച്ചത്. ഇങ്ങനൊക്കെ വായിൽ വരുന്നത് പറയുമ്പോൾ നിന്നെയും പ്രസവിച്ചത് ഒരു സ്ത്രീ ആണെന്ന് മറക്കരുത്. പെണ്ണുങ്ങൾ മണ്ടി ആയിട്ടാണ്. എങ്കിലും വിദ്യാഭ്യാസവും, ജോലിയുമുള്ള രണ്ടുപെണ്ണുങ്ങളെ വർഷങ്ങളായി അവൻ പറ്റിക്കുവാ…ഒരുമിച്ചു പഠിച്ചിട്ടു പോലും അവരത് തിരിച്ചറിഞ്ഞില്ല…”
“പെണ്ണിത് ചെയ്‌താൽ വഞ്ചകി…തേപ്പുകാരി…ഇവനെയൊക്കെ എന്താണ് വിളിക്കേണ്ടത്…പുറത്തറിഞ്ഞാൽ തന്നെ ഇല വന്നു മുള്ളിൽ വീഴുന്ന കഥ പറഞ്ഞു പെണ്ണിനെ കുറ്റപ്പെടുത്തും എല്ലാവരും. പെണ്ണുങ്ങളും ശ്രദ്ധിക്കണമായിരുന്നു, പക്ഷെ ഇവൻ ചെയ്ത വൃത്തികേടോ…? എന്നിട്ടവൻ പെണ്ണുങ്ങളെ അടച്ചാക്ഷേപിക്കുന്നു…കഷ്ട്ടം…”
അവനോട് അത്രയും പറഞ്ഞപ്പോൾ കുറച്ച് സമാധാനം കിട്ടിയെങ്കിലും മനസ്സു നിറയെ വല്ലാത്തൊരു സങ്കടം തിങ്ങി നിന്നു. ഇത്രയൊക്ക വിവരവും വിദ്യാഭ്യാസവും ഉണ്ടായിട്ടും ഇങ്ങനെ മനുഷ്യന്മാർ മണ്ടന്മാർ ആകുന്നുണ്ടല്ലോ എന്നോർത്തപ്പോൾ…
വർഷങ്ങളോളം ഒരേ കോളേജിൽ പഠിച്ചിട്ടും ഈ രണ്ടുപെണ്ണുങ്ങളെയും ഒരുപോലെ കൊണ്ടുനടന്നു മണ്ടികളാക്കി ഇപ്പോഴും രണ്ടുപേരുടെയും മനസ്സിൽ അവൻ നല്ലവൻ.
ഒരു പേടിയും ഇല്ലാതെ നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തോളാൻ പറഞ്ഞു അവൻ വെല്ലുവിളിച്ചിരിക്കുന്നു…
ആകെ അസ്വസ്ഥതയോടെ ഇരിക്കുമ്പോഴാണ് ദിവ്യയുടെ മെസ്സേജ്…ചേച്ചി ജോബിൻ രക്ഷപെട്ടോട്ടെ എന്ന നല്ല മനസ്സിലാണ് ഞാനും, ഏട്ടനും കൂടി അവനെ വിളിച്ചത്. പക്ഷെ ടെസ്സിയുടെ കൺകെട്ടിൽ പെട്ടുപോയി അവൻ…
അവൾ പറഞ്ഞത് മാത്രം വിശ്വസിച്ച് ഇന്നവൻ ഏട്ടനെ വിളിച്ചു ഞങ്ങളുടെ കുടുംബം തകർക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. പാവം എന്റെ ഏട്ടൻ, ജോബിൻ ഏട്ടനെ തെറ്റിദ്ധരിച്ചെന്നു പറഞ്ഞു സങ്കടപ്പെട്ടിരിക്കാ…
ഒരാളെ രക്ഷപ്പെടുത്താൻ നോക്കിയതിനു കിട്ടി പ്രതിഫലം ഞങ്ങൾക്ക്…ഇനി അവൻ എന്തു ചെയ്താലും ഞങ്ങൾക്കൊന്നുമില്ല.. ഞങ്ങളെ ഉപദ്രവിക്കരുതെന്നു പറയണം…
ആര് എന്തൊക്ക പറഞ്ഞുണ്ടാക്കിയാലും എന്റെ ഏട്ടനെ എനിക്ക് വിശ്വാസവും ആണ്.. ഞങ്ങളെ കുറിച്ചോർത്ത് ആരും വിഷമിക്കണ്ട എന്നും പറഞ്ഞേക്ക്…
ദിവ്യയുടെ മെസ്സേജിൽ നിന്നും ദിലീപിന്റെ മിടുക്കെനിക്ക് മനസ്സിലായി…നടന്ന കാര്യങ്ങളെ വളച്ചൊടിച്ചു ഭാര്യക്ക് മുന്നിൽ സഹതാപ തരംഗവും, നല്ലവൻ എന്ന പദവിയും ഓടുന്ന പട്ടിക്കു ഒരുമുഴം മുന്നേ എന്ന പോലവൻ നേടി..അപാരം…
മോളെ, പരസ്പരമുള്ള വിശ്വാസമാണ് എല്ലാ ബന്ധത്തിന്റെയും അടിസ്ഥാനം എന്നതിൽ ഊന്നിക്കൊണ്ടു തന്നെ ഞാൻ പറയട്ടെ 99.9% വിശ്വസിക്കുമ്പോൾ 0.1% ഒഴിച്ചിടണം. ആ 0.1% ബുദ്ധിക്കും, വിവേകത്തിനും കൊടുക്കണം.
കാരണം സ്വന്തം നിഴലു വരെ ചതിക്കുന്ന സന്ദർഭങ്ങളും ചിലപ്പോൾ ജീവിതത്തിൽ ഉണ്ടാകാം…
അങ്ങനൊരു സന്ദേശം അയക്കുമ്പോഴും എനിക്കുറപ്പായിരുന്നു അവൾ ഒന്നും മനസ്സിലാക്കില്ല എന്ന്…കാരണം കണ്ണുകെട്ടുന്നതു പോലെ പലതും പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുകയാണ് ദിലീപ് ദിവ്യയെ…
ഇനി ഏതെങ്കിലും പെണ്ണുമായി കെട്ടിപിടിച്ചു നിൽക്കുന്ന ഭർത്താവിനെ കണ്ടാലും ആ പെണ്ണ് തന്റെ ഭർത്താവിനെ കയറി പിടിച്ചെന്നേ അവൾ പറയൂ…ആ വിശ്വാസം വെച്ചാണ് അവൻ മുതലെടുത്തു കളിക്കുന്നത്…അതിൽ നിന്നവളെ രക്ഷപ്പെടുത്തുക എളുപ്പമല്ല…
ജോബിയും ടെസ്സിയും കൂടെ ആലോചിച്ചു വിവാഹം വേണ്ട എന്ന തീരുമാനം എടുത്തെങ്കിലും ടെസ്സിക്കു കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെട്ടു, പക്ഷെ ദിവ്യ…
എന്നെങ്കിലും അവളും എല്ലാം തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം…എല്ലാക്കാലവും കള്ളങ്ങൾ പറഞ്ഞു ഒരാളെ ചതിക്കാൻ ആർക്കും ആകില്ലല്ലോ..പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നല്ലേ…പിടിക്കപ്പെടാതെ അവൻ എവിടെ പോകാൻ…
പിന്നെ, ഇതുപോലെ ഭർത്താവിനെ പറ്റിക്കുന്ന സ്ത്രീകളുമുണ്ട് ധാരാളം…പറയുമ്പോൾ എല്ലാം പറയണമല്ലോ…ബന്ധങ്ങളിൽ പലരും ഹൃദയം കൊണ്ടു മാത്രം ചിന്തിക്കുന്നു എന്നതാണ് പ്രശ്നം…
പലരും പലതും പറയും, അതിനൊന്നും ചെവി കൊടുക്കാതെ സ്വന്തം വിവേകം കൊണ്ട് ചിന്തിക്കാൻ കൂടി തലച്ചോറിനെ അനുവദിക്കുക…
ചൂഷണത്തിനും, ചതിക്കപ്പെടാനുമൊക്കെ നിന്നു കൊടുക്കാതിരിക്കുക…നിഴലുപോലും ചതിക്കുന്ന അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാകാം എന്ന ഓർമ്മപ്പെടുത്തലോടെ…