കാപ്പിരിയുടെ കിങ്ങിണി – രചന: അബ്ദുൾ റഹീം, പുത്തൻചിറ
കുറെ നാളായി ഞാൻ സഹിക്കുന്നു ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല. ഇനിക്കു മാത്രം ഒന്നുമില്ല. എല്ലാം അവൾക്ക്…ഞാൻ എന്താ ഈ വീട്ടിൽ തന്നെയല്ലെ ജനിച്ചത്…? അല്ലങ്കിൽ എന്നെ പിണ്ണാക്ക് കൊടുത്തു വാങ്ങിയതാണോ…
അച്ഛൻ എന്തുകൊണ്ട് വന്നാലും ആദ്യം അവൾക്ക്. അവൾ കുറുമ്പ് കാണിച്ചാലും തല്ല് ഇനിക്ക്. എല്ലാം ആലോചിച്ചു ബെഡിൽ മുഖം അമർത്തി കരഞ്ഞു കൊണ്ടിരുന്നു കാപ്പിരി എന്നു വിളിക്കുന്ന കിരൺ.
ടാ നീ ഭക്ഷണം കഴിക്കുന്നില്ലേ…?
അച്ഛൻ രഘു വിളിച്ചു ചോദിച്ചു.
ഇന്നും അവൻ പിണങ്ങി കിടക്കാ. ടേബിളിൽ ചോറ് കൊണ്ടു വെക്കുന്നതിനിടയിൽ അമ്മ മായ പറഞ്ഞു.
ഇന്നെന്താ ഉണ്ടായേ…?
കിങ്ങിണിക്ക് രണ്ടും അവനു ഒരു മീൻ പൊരിച്ചതും കൊടുത്തുള്ളുന്ന്….
അതെന്താ അവനു രണ്ടണ്ണം കൊടുക്കാത്തത്…
അവന്റെ മീൻ, പൊരിക്കുന്ന സമയത്തു അവൻ വന്നു കഴിച്ചു. അപ്പോൾ ഞാൻ പറഞ്ഞതാ ഉണ്ണുമ്പോൾ ഒരെണ്ണം ഉണ്ടാകൂന്നു…എന്നിട്ടും വീണ്ടും രണ്ടണ്ണം വേണമെന്ന് പറഞ്ഞു വാശി പിടിക്കാ…
ഇനിയില്ലേ ബാക്കി…?
ഇല്ല…. ഉണ്ടങ്കിൽ കൊടുക്കില്ലേ…?
വാടാ കാപ്പിരി…അച്ഛന്റെ മോന് നാളെ ഒരുപാട് മീൻ വേടിച്ചു തരാം…
വേണ്ട…ഇനിക്ക് ഒന്നും വേണ്ട…എപ്പോളും ഇങ്ങനെയാ…എന്തു കൊണ്ടു വന്നാലും അവൾക്ക് കൂടുതലും ഇനിക്ക് കുറവും. രണ്ടണ്ണം അവൾക്കു കൊടുത്താൽ ഒരെണ്ണം ഇനിക്ക്…ഫസ്റ്റ് അവൾക്കു ലാസ്റ്റ് ഇനിക്കും…എന്താ ഞാൻ ഈ വീട്ടിൽ ജനിച്ചതല്ലേ…കരഞ്ഞുകൊണ്ട് കാപ്പിരി പറഞ്ഞു.
മോൻ വലുതായില്ലേ….? അവൾ ചെറുതല്ലേ…അതു മാത്രമോ മോൻ മൂന്നാം ക്ലാസ്സിലും അവൾ നഴ്‌സറിയിലുമാ…അടുത്ത കൊല്ലം മോനാണ് അവളെ സ്കൂളിൽ കൊണ്ടു പോകേണ്ടത്. മോന്റെ കയ്യും പിടിച്ചാണ് അവൾ ഇനി വളരേണ്ടത്. അവൾ വളർന്നു വലുതായി നമുക്ക് അവളെ പെട്ടന്നു കെട്ടിച്ചു വിടാം. പിന്നെ അവൾ ഭർത്താവിന്റെ വീട്ടിലല്ലേ നിൽക്കേണ്ടത്. അപ്പോൾ മോനു ഒരുപാട് മീൻ കഴിക്കാം…എന്താ പോരെ…?
ഇല്ല..അച്ഛൻ നുണ പറയ…കാപ്പിരി ചിണുങ്ങി.
ഇല്ല കാപ്പിരി…അച്ഛൻ നുണ പറയല്ല…മോനു വിശ്വസം വരുന്നില്ലങ്കിൽ അപ്പുറത്തെ വീട്ടിലെ ഹരി ചേട്ടനോട് ചോദിച്ചോ…അപ്പുറത്തെ വീട്ടിലെ ഹരിച്ചേട്ടനും ചെറുപ്പത്തിൽ മോനെ പോലെ ആയിരുന്നു.
എങ്ങനെ…??
പണ്ട് ചെറുപ്പത്തിൽ ഹരിച്ചേട്ടനും കവിത ചേച്ചിയും എപ്പോഴും തല്ലു പിടിക്കും…മീൻ കിട്ടിയില്ല, പാല് കിട്ടിയില്ല, എന്നും പറഞ്ഞു. അങ്ങനെ അച്ഛനാണ് ഹരിച്ചേട്ടന് ഒരു ഐഡിയ പറഞ്ഞു കൊടുത്തുത്.
കാപ്പിരി ചോദ്യഭാവത്തിൽ അച്ഛനെ നോക്കി.
കവിത ചേച്ചിയെ കൂടുതൽ ഭക്ഷണം കഴിപ്പിക്കാൻ പറഞ്ഞു…അങ്ങനെ കവിത ചേച്ചി പെട്ടന്ന് വലുതാകാൻ വേണ്ടി മീൻ പൊരിച്ചതും പാലും എല്ലാം കൂടുതൽ ചേച്ചിക്ക് കൊടുത്തു. അങ്ങനെ ചേച്ചി പെട്ടന്നു വലുതായി. ഇപ്പോൾ കല്യാണം കഴിഞ്ഞു പോയി. അങ്ങനെ നമുക്കും നമ്മുടെ കിങ്ങിണിയെ പെട്ടന്ന് വലുതാക്കാം. എന്നിട്ട് കെട്ടിച്ചു വിടാം…പിന്നെ എല്ലാം എന്റെ കാപ്പിരിക്ക്…അവനെ കോരിയെടുത്തുകൊണ്ടു അച്ഛൻ പറഞ്ഞു.
വലുതായാൽ അപ്പൊ തന്നെ കെട്ടിച്ചു വീടോ…കാപ്പിരോ അവന്റെ സംശയം ചോദിച്ചു.
പിന്നേ…ആ നിമിഷം കെട്ടിച്ചു വിടും. അതുവരെ മോൻ അവളെ നോക്കണം. അവളോട് കുറുമ്പ് കാണിക്കരുത്. കേട്ടോ…അവന്റെ മുഖത്തു മുഖം അമർത്തി അച്ഛൻ പറഞ്ഞു.
ഉം…കാപ്പിരി മൂളി. അവൻ പതിയെ ചിരിച്ചു. അച്ഛൻ അവനെ ടേബിളിൽ ഇരുത്തി.
“ഇനാ…ഇത് ചേറ്റൻ കഴിച്ചോറ്റാ…”
ഒരു മീൻ പൊരിച്ചത് കാപ്പിരിയുടെ പാത്രത്തിൽ ഇട്ടുകൊണ്ടു കിങ്ങിണി പറഞ്ഞു.
“പച്ചെ നാളെ ഞാണ് ഒന്ന് അയികം (അധികം) എക്കും…ചമ്മയിച്ച…” കിങ്ങിണി ചുണ്ട് കൂർപ്പിച്ചി അവനെ നോക്കി.
ഇനിക്കു വേണ്ട…മോള് തന്നെ കഴിച്ചോ..നാളേം നീ തന്നെ കഴിച്ചോട്ടാ…പക്ഷെ പെട്ടന്നു വലുതാകണം..എന്നിട്ടു നിന്നെ കെട്ടിച്ചു വിടാനുള്ളതാ…അല്ലേ അച്ഛാ…കാപ്പിരി അച്ഛനെ നോക്കി.
പിന്നല്ലാതെ…അതുവരെ രണ്ടാളും കൂട്ട്…സമ്മതിച്ചാ…
ഉം…കാപ്പിരി മൂളി.
എന്നാ കിങ്ങിണികുട്ടി കാപ്പിരി കുട്ടന് ഒരു ഉമ്മ കൊടുത്തേ.
“ഉമ്മ…” കിങ്ങിണി നാണത്തോടെ ചിരിച്ചു.
പെങ്ങന്മാർ ഉള്ള എല്ലാആങ്ങളമാർക്കും, ആങ്ങളമാർ ഉള്ള എല്ലാ പെങ്ങന്മാർക്കും…