രാത്രി 11 മണി ആയിട്ടും അവളെ ഓൺലൈനിൽ കണ്ടിട്ടാണ് അനിൽ അവൾക്ക് മെസ്സേജ് വിട്ടത്

പ്രണയം – രചന: JERIN DOMINIC

രാത്രി 11 മണി ആയിട്ടും അവളെ ഓൺലൈനിൽ കണ്ടിട്ടാണ് അനിൽ അവൾക്ക് മെസ്സേജ് വിട്ടത്, “എന്താ അമൃത ഉറങ്ങാറായില്ലേ….”

“ആയി ചേട്ടായി, നാളത്തെ എക്സാമിനുള്ളത് ഒന്നുടെ റിവൈസ് ചെയ്തു നോക്കുവായിരുന്നു. എല്ലാം കഴിഞ്ഞു വെറുതെ ഓൺലൈനിൽ ഒന്ന് നോക്കിയതാ…”

“ഓക്കെടി, അതികം ഉറക്കിളയ്ക്കണ്ട പോയി ഉറങ്ങിക്കോ ട്ടോ, ബൈ….”

“ശരി ചേട്ടായി,ബൈ…” തിരിച്ചു മറുപടിയായി ചിരിക്കുന്ന ഒരു സ്മൈലിയും സെൻറ് ആക്കി നെറ്റും ഓഫ് ചെയ്ത് പതിയെ ഞാൻ കട്ടിലിലേക്ക് ചാഞ്ഞു.

ഒരു ജോലി ആയിട്ടുവേണം അമ്മുവിനോട് തോന്നിയ പ്രണയം തുറന്നു പറയാൻ എന്ന് കരുതി, ജോലിയൊക്കെ ആയി രണ്ടു വർഷം മുന്നേ പ്രവാസത്തിലേക്ക് പോയപ്പോൾ, പിന്നെ കരുതി ചേട്ടായിടെ കല്ല്യാണം ഓക്കേ തീരുമാനിച്ചിട്ട് എന്റെ ഇഷ്ട്ടം അവളെ അറിയിക്കാമെന്ന്…

നാളെ ചേട്ടായിക്കുവേണ്ടി പെണ്ണ് കാണാൻ പോകുവാണ്. അന്നേരമാണ് അമ്മ അപ്രതീക്ഷിതമായി എന്നോട് ചോദിച്ചത് നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന്.

അത് കേട്ടതും ഒരു കള്ളച്ചിരി ചിരിക്കുന്ന ചേട്ടായിടെ നേരെ നോക്കി, അമ്മ ചോദിച്ചത്…എന്താടാ ഒരു കള്ളച്ചിരി. ഞാൻ ഏട്ടനെ ഒന്ന് നോക്കി, കാരണം ഏട്ടന് എല്ലാം അറിയാം…

“എയ് ഒന്നുല്ല അമ്മ…”

“അല്ല രണ്ടുപേരും എന്തോ മറയ്ക്കുന്നുണ്ട്. ആരാടാ ഇവന്റെ ആള്…? വേഗം പറഞ്ഞോ…”

“അങ്ങനെ പറയാൻ മാത്രമൊന്നുമില്ല അമ്മേ, ഇവന് ഒരു കുട്ടിയേ ഇഷ്ട്ടാണ്, പക്ഷേ എന്റെ കല്യാണം കഴിഞ്ഞിട്ടേ പറയൂ എന്ന്…അതുമാത്രമല്ല ഇവന് അവളോട് പറയാൻ ഒരു മടി. അമ്മയോട് പറഞ്ഞു അമ്മ അവളെ കോൺടാക്ട് ചെയ്യണം പോലും…”

ഞാൻ ചേട്ടായിയെ ചൊടിപ്പിച്ചൊന്നു നോക്കി. “നീ അവനെ നോക്കുവൊന്നും വേണ്ട. ഇഷ്ട്ടപ്പെട്ട പെൺകുട്ടിയോട് അത് പറയാൻ പോലും പറ്റാത്ത നീയൊക്കെ എവിടുത്തെ lover ആടാ, എന്നിട്ട് അതിന് വക്കാലത്ത് പിടിക്കാൻ പാവം അമ്മമാരും….”

“അതൊക്ക പോട്ടേ ശരിക്കും ഇഷ്ട്ടാണോ നിനക്ക് അവളെ…എന്താടാ കുട്ടിയുടെ പേര്…?”

അങ്ങനെയൊക്കെ ചോദിച്ചാൽ എനിക്കറിയില്ല അമ്മേ…എന്തോ ഇഷ്ട്ടപ്പെട്ടു പോയി…അമൃത എന്നാണു പേര്. ഇപ്പൊ M.com ഫൈനൽ ഇയർ ആണ്.

അല്ല മോനേ അവൾക്ക് lover ഉണ്ടെങ്കിൽ…?

ഏയ് ഇല്ല അമ്മേ…ഞങ്ങള് തമ്മിൽ contact ഉണ്ട്. കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു.

എന്നിട്ടാണോ കഴുതേ, കഷ്ട്ടം നിന്റെ കാര്യം. അച്ഛന്റെ മോൻ തന്നേ….

അതേടി അവനെന്റെ മോൻ തന്നേ…നിന്റെ പുറകേ നടന്നിലേലും ഇഷ്ട്ടം പറഞ്ഞില്ലേലും അവസാനം എനിക്ക് നിന്നെത്തന്നെ കിട്ടിയില്ലേ…

ഉവ്വേ…ഏട്ടന്റെ അമ്മയുടെ വക്കാലത്ത് കൊണ്ടുമാത്രം…അച്ഛന്റെയും അമ്മയുടെയും പുഞ്ചിരിയിൽ ഉണ്ടായിരുന്നു ഒരിക്കലും മറയാത്ത പ്രണയത്തിന്റെ മൊട്ടുകൾ…

അല്ലമ്മേ എന്റെ കാര്യം…? ഒരു ചമ്മലോടെ അനിൽ ചോദിച്ചപ്പോൾ അമ്മ അവനെ നോക്കി.

എന്തിനാടാ ചമ്മുന്നത്. ഇതൊക്കെ ലൈഫിൽ സംഭവിക്കേണ്ട കാര്യങ്ങളല്ലേ,, ഒരു പെൺകുട്ടിയോട് ഇഷ്ട്ടം തോന്നിയാ അറ്റ്ലീസ്റ്റ് അത് തുറന്നു പറയാൻ ഉള്ള ധൈര്യം എങ്കിലും നീ കാണിക്കണമായിരുന്നു. ആ നമുക്ക് നോക്കാം…

പിറ്റേന്ന് ഏട്ടന് പെണ്ണുകാണാൻ പോകുമ്പോൾ അനിലിന്റെ മനസ്സിൽ അമൃതയുടെ മുഖം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു…

പെണ്ണിനും ചെറുക്കനും ഇഷ്ട്ടായാ സ്ഥിതിക്ക് അവർക്ക് എന്തെങ്കിലും സംസ്സാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് പറഞ്ഞു പെണ്ണിന്റ അച്ഛൻ ഏട്ടനെ ചേച്ചിടെ റൂമിലേക്ക് വിട്ടതിനു ശേഷമാണ് അച്ഛൻ എന്നോട് സംസ്സാരിച്ചു തുടങ്ങിയത്.

മോൻ പുറത്തെവിടെയോ ആണെന്നല്ലേ പറഞ്ഞത്, എന്താ ജോലി…?

അതേ, ദുബായിൽ ആണ്. അവിടെ ഒരു കമ്പനിയിൽ അക്കൗണ്ട്സിൽ വർക്ക്‌ ചെയ്യുവാണ്. രണ്ടു വർഷം ആയി അവിടെയാണ്.

അവിടെ എങ്ങനയാ…സാലറി ഓക്കേ ഉണ്ടോ…?

കുഴപ്പമില്ല. അത്യാവശ്യം നല്ല സാലറി ഉണ്ട്.

എനിക്ക് രണ്ടു പെൺകുട്ടികൾ ആണ് അനുവിന് താഴെ ഒരാളുകൂടി ഉണ്ട്. ഹോസ്റ്റലിൽ ആണ്. ഇന്നലെ കൊണ്ട് എക്സാം ഒക്കെ കഴിഞ്ഞു ആളിപ്പോ വരും. കുഞ്ഞുനാളുതൊട്ടേ രണ്ടുപേരും പറയുമായിരുന്നു ഞങ്ങളെ ഒരേ വീട്ടിലേക്ക് കെട്ടിച്ചു വിടണമെന്ന്…

അത് കേട്ടപാടെ ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി…എന്ത് പറയണം എന്നറിയാതെ കുഴങ്ങി നിൽക്കുന്ന അമ്മയുടെ മുഖം ആണ് ഞാൻ കണ്ടത്. ഈശ്വരാ…അമ്മുവിനെ മറക്കേണ്ടി വരുമോ ഞാൻ…അനിൽ മനസ്സിൽ വിചാരിച്ചു.

********** ******** ********

എന്താ അനു തനിക്കു ഒന്നും സംസാരിക്കാൻ ഇല്ലേ…? ഞാൻ മാത്രം സംസ്സാരിച്ചാൽ മതിയോ…? അതോ എന്നെ തനിക്കു ഇഷ്ട്ടായില്ലേ…

ഏയ്യ് അങ്ങനെ ഒന്നുമില്ല.

ഹ…എന്നാ എന്തെങ്കിലും ഒക്കെ സംസാരിക്കടോ..തന്റെ ഇഷ്ട്ടങ്ങൾ, ആഗ്രഹങ്ങൾ ഒക്കെ ഞാനും അറിയട്ടെ…

അങ്ങനെ പ്രേത്യേകിച്ചു ആഗ്രഹങ്ങൾ ഒന്നുമില്ല, പിന്നെ ഉള്ള ജോലി കളയരുത് എന്നൊരു ആഗ്രഹം ഉണ്ട്.

താൻ അധികം സംസ്സാരിക്കാത്ത ആളാണല്ലേ…ഞാനും അങ്ങനെ തന്നെയാ. പക്ഷെ അതിനുകൂടി ചേർത്ത് അനിയൻ ആക്റ്റീവ് ആണ്. ഉം…എന്നാ ശരി എല്ലാം തീരുമാനിച്ചു വിളിക്ക് ട്ടോ…മറുപടിയായി ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു.

അതെ അരുണേട്ടാ…അരുൺ തിരിഞ്ഞുനോക്കി.

എന്താ..!! എന്താ വിളിച്ചേ…? അപ്പൊ ഇഷ്ട്ടായി ല്ലേ….ഒരു കള്ളച്ചിരിയോടെ അരുൺ ചോദിച്ചപ്പോൾ നാണംകൊണ്ട് അനു തലതാഴ്ത്തി. അരുൺ അവളെത്തന്നെ കുറച്ചു നേരം നോക്കിനിന്നു.

അല്ല..!! എന്തിനാ വിളിച്ചേ…എന്തേലും പറയാൻ ഉണ്ടോ….?

ഉണ്ട് അരുണേട്ടാ…ഇച്ചിരി ഗൗരവത്തോടെ ഉള്ള അനുവിന്റെ മറുപടി അരുണിനെ തെല്ലൊന്ന് ആശങ്കപ്പെടുത്തി.

എന്താടോ…എന്തെങ്കിലും പ്രോബ്ലം ഉണ്ടോ…?

ഏയ്യ് ഇല്ല ഏട്ടാ…എനിക്ക് താഴെ ഒരു അനിയത്തി കൂടി ഉണ്ട്. അവൾക്ക് ഏട്ടന്റെ അനിയനെ ഒരുപാട് ഇഷ്ട്ടാണ്. പക്ഷേ വീട്ടിൽ അറിയില്ല. ഏട്ടന്റെ അനിയൻ ആണെന്ന് കഴിഞ്ഞ ദിവസം ആണ് മനസ്സിലായത്. അവര് തമ്മിൽ കോൺടാക്ട് ഉണ്ട്. മെസ്സേജ് ഒക്കെ അവള് എന്നേ കാണിക്കും. ശരിക്കും ഏട്ടനെപ്പോലെ അവനും ഒരു പാവമാ ല്ലേ…അമൃത..അതാണ് പേര്..

അരുൺ ഒന്ന് ഞെട്ടി. ഈശ്വരാ..!! ഇനി അമ്മു ഇവളുടെ അനിയത്തി ആണോ..? മനസ്സിൽ ചിന്തിച്ച കാര്യം മടിച്ചു ആണെങ്കിലും അരുൺ ചോദിച്ചു.

അമൃത..!!അമൃത..നിന്റെ അനിയത്തി ആണോ…?

അതേ ഏട്ടൻ അറിയോ…?

അരുൺ കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന സംഭവം അവളോട്‌ പറഞ്ഞു.

ആഹാ എന്നിട്ടാണോ…? പരസ്പരം തുറന്ന് പറയാത്ത പ്രണയം എന്ന് കേട്ടിട്ടേ ഉള്ളു. ഇപ്പൊ ശരിക്കും കണ്ടു. എന്തായാലും അവളിപ്പോ എത്തും, ഇതിനുകൂടി ഒരു തീരുമാനം ഉണ്ടാക്കിയിട്ട് പോകാം ല്ലേ ഏട്ടാ…

അതെ രണ്ടിന്റെയും മുഖത്തെ ചമ്മൽ കണ്ടിട്ട് പോകാം…

******** ******* *******

വീടിനുള്ളിലേക്ക് കേറി വരുന്ന അമ്മുവിനെ കണ്ട് അനിൽ ഒന്ന് ഞെട്ടി അവളെ നോക്കി. അമ്മു താനെന്താ ഇവിടെ….?

ആഹാ..!!നിങ്ങള് തമ്മിൽ അറിയോ…ഇതാണ് ഞങ്ങളുടെ ഇളയമോള്..അമൃത..

അത് കേട്ടതും ഞെട്ടി അവളുടെ മുഖത്തേക്ക് അവൻ നോക്കി. അമൃത അവനുനേരെ ഒരു പുഞ്ചിരി നൽകി അനുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു.

ദേണ്ടടി നിന്റെ ചെക്കൻ, അനു അമൃതയുടെ ചെവിയിൽ പറഞ്ഞപ്പോൾ അവളുടെ മുഖം എന്തോപോലെ ആയി.

എന്താ മോളെ ഒരു സ്വകാര്യം പറച്ചിൽ…അനിലിന്റെ അമ്മയാണ് ചോദിച്ചത്.

ഏയ്യ് ഒന്നുല അമ്മേ…അച്ഛാ, എനിക്കൊരു കാര്യം പറയാൻ ഉണ്ട്.

എന്താ അനു…?

എന്റെ കാര്യം അല്ല. അമ്മുവിന്റെ കാര്യം ആണ്.

എല്ലാവരും ആകാംഷയോടെ അനുവിന്റെ മുഖത്തേക്ക് നോക്കി. അമ്മു അനുവിന്റെ കയ്യിൽ മുറുകെ പിടിച്ചു അവളുടെ മുഖത്തേക്ക് നോക്കി. അത് കാര്യമാക്കാതെ അനു പറഞ്ഞു തുടങ്ങി.

അമ്മുവിന് അനിലിനെയും അനിലിന് അമ്മുവിനേം ഇഷ്ട്ടാണ്. പക്ഷേ രണ്ടുപേരും പറഞ്ഞിട്ടില്ല ഇഷ്ട്ടാണെന്ന്. ഇവരുടെ കാര്യം കൂടി തീരുമാനിച്ചൂടെ ഇന്ന്…

എല്ലാരും രണ്ടുപേരുടെയും മുഖത്തേക്ക് മാറിമാറി നോക്കി. എന്താണ് കേട്ടതെന്ന് വിശ്വാസം വരാതെ രണ്ടുപേരും മുഖത്തോടുമുഖം നോക്കി. അനിലിന്റെ അമ്മ മൂക്കത്ത് വിരൽ വെച്ച് രണ്ടിനെയും ഒരു ചിരിയോടെ നോക്കി.

ഇതാണോ മോനെ നിന്റെ അമ്മു…?

അനിലിന്റെ അമ്മയുടെ ആ വാക്കുകൾ കൂടി കേട്ടപ്പോൾ അമ്മുവിന്റെ മുഖം പെട്ടെന്ന് അമ്മയിലേക്ക് നീണ്ടു.

ദേ വിളറിയ രണ്ടിന്റെയും മുഖം കാണാൻ നല്ല ചന്തം ഉണ്ട് ല്ലേ അമ്മേ…? അരുൺ പറഞ്ഞു കഴിഞ്ഞതും ഒരു ചെറു പുഞ്ചിരിയോടെ അമ്മ എഴുന്നേറ്റു അനുവിന്റെയും അമ്മുവിന്റെയും അടുത്തേക്ക് ചെന്നു. രണ്ടു പേരെയും തന്റെ രണ്ടു സൈഡിലും നിർത്തി. അവരുടെ മുടിയിൽ അമ്മയൊന്നു തഴുകി…

രണ്ടുപേരെയും ഞാൻ കൊണ്ടുപോക്കോട്ടേ…മരുമക്കൾ ആയിട്ടല്ല, മക്കളായിട്ട് തന്നെ ക്ഷണിക്കുവാണ്.

രണ്ടു മക്കളെയും ഒരു വീട്ടിലേക്ക് കെട്ടിച്ചു വിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. അവരുടെയും ആഗ്രഹം അതായിരുന്നു…

അതെ, പക്ഷേ ഇത് വല്ലാത്തൊരു പെണ്ണുകാണൽ ആയിപോയി. ചേട്ടന്റെ പെണ്ണുകാണൽ വരെ കാത്തിരിക്കേണ്ടിവന്നു ല്ലേ അനിയന് ഇഷ്ട്ടപെട്ട പെണ്ണിന് തിരിച്ചും ഇഷ്ട്ടം ഉണ്ടെന്ന് മനസ്സിലാക്കാൻ ല്ലേ….

അപ്പോഴേക്കും അമൃതയുടെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകി.

അയ്യേ..!! മോള് കരയുവാ…എന്താ അമ്മു ഇത് സന്തോഷിക്കുവല്ലേ വേണ്ടത്.

സന്തോഷം കൊണ്ടാണ് അമ്മേ…

അതെന്താ മോളെ ഇത്ര സന്തോഷം. ആട്ടെ എത്ര നാളായി ഇത് തുടങ്ങിയിട്ട്. എന്താ രണ്ടു പേർക്കും ഒരുപോലെ ഇഷ്ടം തോന്നാൻ കാരണം. അമ്മു അവന്റെ അമ്മയേ ഒന്ന് നോക്കി…മോള് പറഞ്ഞോ, ഞങ്ങളും അറിയട്ടെ….

അല്ലെങ്കിലും ചേട്ടായിയെ പോലൊരാളെ ആരാ അമ്മേ ആഗ്രഹിക്കാത്തത്. കോളേജിൽ റാഗിങ്ങിൽ നിന്ന് രക്ഷിച്ചപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചിരുന്നു. പിന്നെപ്പോഴോ നല്ല സുഹൃത്തുക്കൾ ആയിമാറി. പലപ്പോഴും ഞങ്ങളുടെ സംസാര വിഷയം അച്ഛനും അമ്മയും കൂടപ്പിറപ്പുകളും ആയിരിക്കും. പലപ്പോഴും അമ്മയുമായി വഴക്കിട്ടു കോളേജിൽ ചെല്ലുമ്പോൾ ചേട്ടായിയും എന്നെ വഴക്ക് പറയാറുണ്ട് അമ്മയോട് വഴക്കിട്ടതിന്…ഒരേട്ടന്റെ സ്നേഹവും കരുതലും സ്നേഹവും ഒക്കെ ഞാൻ കുറച്ചു നാളുകൾ കൊണ്ട് ചേട്ടായിടെ അടുത്ത് നിന്ന് ഞാൻ അറിഞ്ഞിരുന്നു. പഠനം ഒക്കെ കഴിഞ്ഞു പെട്ടന്നോരിസം ജോലിയായ് ദുബായിക്ക് പോകുവാണ് എന്ന് പറഞ്ഞപ്പോൾ സങ്കടം തോന്നിയെങ്കിലും എനിക്ക് ഉറപ്പുണ്ടായിരുന്നു എന്നെങ്കിലും ഒന്നിക്കുമെന്ന്…അത്രയ്ക്കും പ്രണയിച്ചു പോയിരുന്നു അമ്മേ…

അനിലിനും എന്തൊക്കെയോ സംസ്സാരിക്കണം എന്നുണ്ടായിരുന്നു. സന്തോഷം കൊണ്ട് അവന്റെ മനസ്സും നിറഞ്ഞിരുന്നു….

ഇനി മോളെന്തിനാ കരയുന്നത്….? പ്രണയത്തിൽ ആത്മാർഥത ഉണ്ടെങ്കിൽ ആർക്കും പിരിക്കാൻ പറ്റില്ല മോളെ….

അല്ല അനിലിതുവരെയൊന്നും മിണ്ടിയില്ലല്ലോ…? ഇത്രയുംനേരം ജോലിയും ദുബായിലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞോണ്ടിരുന്ന ആള് ഇപ്പൊ മൗനം….

അമൃതയുടെ അച്ഛൻ അത് പറയുമ്പോൾ എല്ലാരും ചിരിക്കുമ്പോൾ അനിൽ നോക്കിയത് അമ്മുവിന്റെ മുഖത്തേക്ക് ആയിരുന്നു.

എന്ന ഇതങ്ങു ഉറപ്പിക്കാം, രണ്ട് പേരുടെയും ഒന്നിച്ചു ഒരേ പന്തലിൽ ആയിക്കോട്ടെ ല്ലേ…മക്കൾക്ക് എന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ…?

ഇല്ല എന്ന അർഥത്തിൽ എല്ലാരും അച്ഛനെ നോക്കി. എല്ലാം വാക്കാൽ പറഞ്ഞുറപ്പിച്ചു അവിടുന്ന് ഇറങ്ങുമ്പോൾ അരുണും അനിലും തിരിഞ്ഞു നോക്കി കണ്ണടച്ച് കാണിക്കുമ്പോൾ രണ്ടുപേരും അവിടെ നിന്ന് അവരെനോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

നല്ലൊരു പാർട്ണറെ കിട്ടിയ സന്തോഷത്തോടെ അരുണും തന്റെ പ്രണയം സാഫല്യമായാ സന്തോഷത്തിൽ അനിലും യാത്ര തുടങ്ങുമ്പോൾ പുതിയൊരു ജീവിതം അവരും സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.