സന്തൂർ മമ്മി (ഒരു ചളുകഥ) – രചന: Aswathy Joy Arakkal
ഈ അന്നാമ്മ എന്നതാ അമ്മച്ചി വേറെ ശരിക്കുള്ള മമ്മിമാരുടെ പോലെ അല്ലാത്തത്. ദേവപ്രിയ രാജേഷിൻ്റേം, ആര്യൻ ഡേവിഡിന്റേം ഒന്നും മമ്മി ഇങ്ങനെ അല്ലല്ലോ…?
റൂമിൽ നിന്നിറങ്ങി താഴേക്കു രംഗപ്രവേശം ചെയ്യാനായി സ്റ്റെപ്പിലേക്കു കാലെടുത്തു വെച്ച ഞാൻ കേൾക്കുന്നത് എന്റെ ഒറ്റപുത്രൻ എന്നെപ്പറ്റി അവൻ അമ്മച്ചി എന്ന് വിളിക്കുന്ന….ശരിക്കും എന്റെ അമ്മച്ചിയും അവന്റെ അമ്മാമ്മയുമായ പാറക്കലെ ദീനാമ്മയോടു ഞാനെന്ന അവന്റെ മമ്മിയുടെ ലുക്ക് ഇല്ലായ്മയെ പറ്റിയുള്ള കുറ്റങ്ങൾ നിരത്തുന്നതാണ്….
എന്നെ കേൾപ്പിക്കാൻ തന്നെയാണ് അമ്മച്ചിയുടെയും കൊച്ചുമോന്റെയും വിസ്തരിച്ചുള്ള കുറ്റം പറച്ചിൽ എന്ന് എനിക്കറിയാമായിരുന്നു…
എങ്കിലും എനിക്കൊരു ഡൌട്ട്…ശരിക്കുള്ള മമ്മിമാരോ…? അപ്പൊ ഞാനെന്താ ഡ്യൂപ്ലിക്കേറ്റ് മമ്മിയോ…? എന്നെയെന്താ തവിടുകൊടുത്തു വാങ്ങിയതോ…അതോ കടലാസ്സിൽ നിന്ന് വെട്ടിയെടുത്തതോ…എന്റെയുള്ളിലെ ശെരിക്കുള്ള മമ്മി രോഷം കൊണ്ടു…
ഇനി രംഗം ഒന്ന് എക്സ്പ്ലെയിൻ ചെയ്യാം…അന്ന എന്ന എന്നെ അപ്പനും, അമ്മയും, കൂടപ്പിറപ്പും, കെട്യോനും എല്ലാം വിളിക്കുന്നത് പോലെ അന്നാമ്മ എന്ന് വിളിച്ചാണ് എന്റെ പുത്രനും ശീലിച്ചത്. കുറെ പറഞ്ഞു തിരുത്താൻ നോക്കിയെങ്കിലും ചുറ്റുള്ളവരൊക്കെ നാഴിക്ക് നാല്പതല്ല നാനൂറു വട്ടം അന്നമ്മോ…അന്നാമോ എന്ന് കാറി കൂകി വിളിച്ചു, ആ കുരിപ്പു ഇപ്പൊ വലുതായിട്ടും എന്നെ അങ്ങനെയേ വിളിക്കു…
പിന്നെ എന്റെ റിക്വസ്റ്റ് കണക്കിലെടുത്തു നാട്ടുകാരുടെ മുന്നിൽ വല്ലപ്പൊഴുമൊക്കെ അമ്മ, മമ്മി എന്നൊക്കെ വിളിച്ചു ഒരു ബഹുമാനം തരും…നിനക്കൊക്കെ അത്രയും റെസ്‌പെക്ട് തന്നെ കിട്ടുന്നത് വല്യകാര്യം എന്ന ഭാവത്തിലാണെന്റെ വീട്ടുകാരും, ഗൾഫ്കാരൻ ഭർത്താവുമൊക്കെ…
അതൊക്കെ പോട്ടെ, ഫ്ലാഷ്ബാക്ക് പറഞ്ഞു വെറുപ്പിക്കാതെ കാര്യത്തിലേക്കു കടക്കാം…
ശനിയാഴ്ച ആയതുകൊണ്ട് അവന്റെ സ്കൂളിലെ പേരെന്റ്സ് മീറ്റിങ്ങും കഴിഞ്ഞു സ്വഗൃഹത്തിലേക്കു വന്നതാണ് ഞങ്ങൾ. വീട്ടിലെത്തിയപാടെ മകനെ താഴെ ഉപേക്ഷിച്ചു ഞാൻ റൂമിലേക്ക് പോയി. അല്ലെങ്കിലും നമ്മള് പെണ്ണുങ്ങൾക്ക് സ്വന്തം വീട്ടിലെത്തിയാൽപ്പിന്നെ എന്ത് കെട്യോനും മക്കളും…അല്ലെ…
ഒരു ഉറക്കം ഒക്കെ കഴിഞ്ഞു, പേരെന്റ്സ് മീറ്റിംഗ് കഴിഞ്ഞതിന്റെ ഹാങ്ങ് ഓവറിൽ അവനെ ഒന്ന് ഉപദേശിക്കാം എന്ന ഉദ്ദേശത്തിലായിരുന്നു താഴേക്കുള്ള എഴുന്നള്ളത്ത്…
ക്ലാസ്സിലിത്തിരി വാർത്തമാനം കൂടുതൽ ആണെന്ന് പറഞ്ഞപ്പോഴേ ഞാൻ കരുതിതാണ് ശരിക്കൊന്നു ഉപദേശിക്കണം എന്ന്…അപ്പോഴാണ് അവന്റെ ദേവപ്രിയ രാജേഷിന്റെയും, ആര്യൻ ഡേവിഡിന്റേയും അമ്മമാരുടെ വർണ്ണനകൾ…ഉപദേശിക്കാനുള്ള മൂഡ് ഒക്കെ അങ്ങ് പോയിന്നെ…സ്റ്റെപ്പിലേക്കു വെച്ച കാലുകൾ ഞാൻ പിന്നോട്ട് വലിച്ചു. വീണ്ടും റൂമിലേക്ക്…
കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് ഞാനൊരു ആത്മവിശകലനം നടത്തി…എനിക്കെന്താണൊരു കുറവ്…അഞ്ചടി ആറിഞ്ചു പൊക്കമുള്ള എന്റെ തോളൊപ്പം പോലും പൊക്കം വരാത്ത ആ സ്ത്രീകളെ ഇവൻ എന്ത് കണ്ടിട്ടാണ് കമ്പയർ ചെയ്തു എന്നെ താഴ്ത്തി കെട്ടുന്നത്…അവരെക്കാൾ ഹൈറ്റും, വെയിറ്റും എനിക്കുണ്ട്. പിന്നെ എന്താണ് ആ എന്റെ മകൻ എന്ന കുരുട്ടടക്ക പറയണത്…സത്യായിട്ടും എനിക്കും മനസ്സിലാകുന്നില്ല…
ഞാൻ കണ്ണാടിയിലെ എന്നെ നോക്കി തന്നെ ചോദിച്ചു. ആലോചിച്ചങ്ങനെ നിൽക്കുമ്പോഴാണ് എന്റെ വേഷം എന്റെ തന്നെ ശ്രദ്ധയിൽ പെടുന്നത്…അലന്ന മിഡിയും, ടോപ്പും…ഈ പണ്ടാരല്ലേ ഇട്ടേക്കണേ…പിന്നെ ലുക്ക് തോന്നോ…മറ്റേ കല്യാണരാമൻ സിനിമേല് ഉരുളി എടുക്കാൻ നോക്കുമ്പോ ഇന്നസെന്റേട്ടൻ പറയണ പോലെ പറഞ്ഞു…
ഒരു ബോധോദയം വന്ന പോലെ ഞാൻ ഷെൽഫ് പരിശോധിക്കാൻ തുടങ്ങി…മീറ്റിംഗിന് ചെന്നപ്പോ കിട്ടിയ സ്കൂൾ മാഗസിനിലെ മുപ്പത്തി ആറാമത്തെ പേജ് എന്നെ നോക്കി ഒന്ന് ചിരിച്ചു…എന്റെ ചുണ്ടിലുമൊരു ചിരി പടർന്നുവെങ്കിലും പെട്ടന്ന് സീരിയസ് ആയി വീണ്ടും ഞാൻ ഷെൽഫിലേക്കു ഊളിയിട്ടു…യെസ്.. കിട്ടി…
അവനെ ഡെലിവറി കഴിഞ്ഞ സമയത്തു ഇട്ടിരുന്ന മാക്സികൾ…ഇത് വെച്ച് ഞാനൊരു കലക്ക് കലക്കും എന്ന് പറഞ്ഞു മിഡിയെ പുച്ഛിച്ചു ഉപേക്ഷിച്ചു മാക്സിയും ചാർത്തി. ഒപ്പം കൂടുതൽ മച്ചുരിറ്റിക്കു വേണ്ടി അപ്പൻ വെള്ളെഴുത്തിനു വെക്കുന്ന കണ്ണടയും ഫിറ്റ് ചെയ്തു ഞാൻ വിജയീഭാവത്തോടെ താഴേക്കു ചെന്നു…
ഇതെന്താടി ഇത്…? മൃഗശാലെന്നു ചാടി വന്ന സിംഹവാലൻ കുരങ്ങനെ പോലുണ്ടല്ലോ… കൊച്ചുമകനൊപ്പം ചേർന്നു ഗ്രാൻഡ്മായും എന്നെ ട്രോളാൻ തുടങ്ങിയിരിക്കുന്നു. ഇത് കണ്ടു കുരുട്ടു അടക്കയും ചിരിക്കാൻ തുടങ്ങി.
ഇവനല്ലേ പറഞ്ഞത്…എനിക്ക് മമ്മി ലുക്ക് ഇല്ലെന്നു…ഇപ്പൊഴോ…?
അതിനു ഡ്രസ്സ് മാറ്റിയാൽ ലുക്ക് വരോ…? വീണ്ടും എന്റെ അമ്മച്ചി എന്ന സ്ത്രീ ട്രോളാൻ തുടങ്ങി.
പിന്നെ എന്റെ ചർമം കണ്ടാൽ പ്രായം തോന്നാത്തത്…ഞാനൊരു സന്തൂർ മമ്മി ആയതു എന്റെ കുറ്റം ആണോ…? ഇത്തിരി സൗന്ദര്യം കൂടി പോയത് എന്റെ തെറ്റാണോ…? പറയു അമ്മച്ചി പറയു…നീയും പറയെടാ…മകന് നേരെയും ഞാൻ തിരിഞ്ഞു.
പെട്ടന്ന് അവിടെ ഒരു നിശബ്ദത. എനിക്ക് സന്തോഷായി…എനിക്കും ഒരു ഗോളടിക്കാൻ പറ്റിയല്ലോ…ഇനി ശരിക്കും ബിരിയാണി കൊടുക്കണ്ടെങ്കിലോ എന്ന് സലീമേട്ടൻ പറഞ്ഞപോലെ…ഇനി ശരിക്കും എനിക്ക് സന്തൂർ മമ്മീടെ ലുക്ക് ഉണ്ടോന്നു വരെ ഒരു നിമിഷം എനിക്ക് തോന്നി പോയി. അവരുടെ നിശബ്ദത എന്നെ തോന്നിപ്പിച്ചു എന്ന് വേണം പറയാൻ…
കുറച്ചു നാളു മുന്നേ അമ്മച്ചി ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഇത് അനിയനാണോ എന്ന് മകനെ നോക്കി ചോദിച്ച നഴ്സിനെ ഞാൻ സ്നേഹത്തോടെ ഓർത്തു…അതു നിന്നെ കണ്ടിട്ടല്ല, എനിക്ക് വിവാഹം കഴിഞ്ഞ മക്കൾ ഉണ്ടെന്നു അവർക്കു വിശ്വസിക്കാൻ പറ്റാഞ്ഞിട്ടാണ് എന്ന് പറഞ്ഞു ചെറുപ്പക്കാരിയാകാൻ നോക്കിയ അമ്മച്ചിയെ ഞാൻ പുച്ഛത്തോടെ ഓർത്തു…
അങ്ങനെ നൂറായിരം ലഡ്ഡുകൾ മനസ്സിൽ ഒരുമിച്ചു പൊട്ടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അന്നമ്മോ എന്നുള്ള കുറച്ചു ഉച്ചത്തിലുള്ള വിളി എന്റെ കർണ്ണപടത്തിൽ പതിക്കുന്നത്…നോക്കുമ്പോൾ കയ്യിൽ ക്രിക്കറ്റ് ബാറ്റുമായി പുത്രൻ…
എന്താടാ…ഞാൻ കുറച്ചു പുച്ഛത്തിൽ ചോദിച്ചു.
ദേ…റോഡിലൊരു ബസ് ചെളില് താഴ്ന്നിട്ടുണ്ട്…
അതിനു ഞാനെന്തു വേണം…? വീണ്ടും പുച്ഛം…
അല്ല അന്നമ്മേനെ സോറി സന്തൂർ മമ്മിയെ അവര് അന്വേഷിക്കുന്നുണ്ട്…
എന്തിനു എന്ന് ചോദിച്ചതും അവിടെ ഒരു കൂട്ടചിരി മുഴങ്ങി…അപ്പോഴാണ് അവിടെ ഇരിക്കണ അപ്പനേയും, വല്യപ്പനെയുമൊക്കെ ഞാൻ ശ്രദ്ധിക്കണേ…
“തള്ളാൻ…തള്ളാൻ” എന്ന് വിളിച്ചു പറഞ്ഞു കൊണ്ടവൻ…എന്റെ പ്രിയപുത്രൻ മുറ്റത്തേക്കോടി…
ഒരു മിനിട്ടു കഴിഞ്ഞാണ് സത്യത്തിൽ എന്റെ തലയിലെ ട്യൂബ്ലൈറ്റ് കത്തിയത്…നിക്കടാ കുരുട്ടടക്കെ അവിടെന്നു പറഞ്ഞു അവന്റെ പുറകെ ഓടുമ്പോൾ അവൻ വിളിച്ചു പറയുകയാണ് സൂർത്തുക്കളെ….ബോയിങ് ബോയിങിലെ മാഗി ആന്റിയെ പോലെ ഇരിക്കണ നിങ്ങളെ സന്തൂർ മമ്മിനു വിളിച്ചാ ആ പരസ്യത്തിലേ ആന്റി ബുർജ്ഖലീഫടെ മുകളിൽ കയറി ആത്മഹത്യ ചെയ്യില്ലേ അന്നമ്മോ എന്ന്…
തകർന്ന ഹൃദയത്തോടെ…എന്തിട്ടാലും ഇവനൊന്നും അംഗീകരിക്കാൻ പോകുന്നില്ല എന്ന തിരിച്ചറിവോടെ ഡ്രസ്സ് മാറ്റാൻ അകത്തേക്ക് കയറുമ്പോൾ അമ്മച്ചിടെ വക അടുത്ത ട്രോൾ….ഇപ്പൊ അമ്മച്ചിടെ അന്നക്കൊച്ചിനു മനസ്സിലായോ ദേവപ്രിയ രാജേഷിന്റെയും, ആര്യൻ ഡേവിഡിന്റേയും മമ്മിമാരുടെ വേഷത്തെപ്പറ്റി അല്ല അവൻ പറഞ്ഞെന്നു…മച്യുരിറ്റി അതിലാണ് കാര്യം…അമ്മച്ചി വേണെങ്കി കൊറച്ചു തരാം…എന്താ വേണോ സന്തൂർ മമ്മിക്ക്…
ഇവിടെ ഇങ്ങനെ ഇരുന്നു സീരിയൽ കണ്ടു സമയം കളയാതെ വല്ല ഇന്റർനാഷണൽ ചളു യൂണിയനിലും ചേർന്ന് കുറച്ചു ട്രോൾ ഇറക്കു ദീനാമ്മോ…നല്ല ഭാവി ഉണ്ട് നിങ്ങക്കുന്നു പറഞ്ഞു മുകളിലോട്ടു പോകുമ്പോ എന്റെ ചുണ്ടിലുമൊരു ചിരി പടർന്നിരുന്നു…
റൂമിൽ ചെന്ന് വേഷംമാറി സ്കൂൾ മാഗസിനിലെ മുപ്പത്തിയാറാം പേജ് തുറന്നപ്പോൾ ചുണ്ടിലെ ചിരി കണ്ണിലേക്കും വ്യാപിച്ചത് കണ്ണുനീരായി പൊട്ടിച്ചിരിക്കാൻ തുടങ്ങിയതു വേറൊന്നും കൊണ്ടായിരുന്നില്ല…അതെന്റെ അച്ചു… എന്റെ പൊന്നുമോൻ എഴുതിയ “My Mother Is My Best Friend” എന്ന ലേഖനത്തിലെ അവന്റെ അന്നമ്മയോടുള്ള സ്‌നേഹത്തിന്റെ ആഴം കണ്ടിട്ടായിരുന്നു…
ജനലിലൂടെ താഴേക്കു നോക്കുമ്പോൾ അപ്പച്ചൻ രാത്രി തട്ടാനുള്ള കോഴിയെ ഓടിച്ചിട്ട് പിടിക്കുന്ന തിരക്കിലായിരുന്നു…പുറകെ എന്റെ കുരുട്ടടക്കയും…അമ്മച്ചിയാണെങ്കി വറീതേട്ടനെ കൊണ്ടു കപ്പ കിളപ്പിക്കുന്ന തിരക്കിലും…അതുപിന്നെ മോളും, കൊച്ചുമോനും വന്നിട്ട് സൽക്കരിക്കണ്ടായോ…
മാഗസിനും അടച്ചു വെച്ച് അപ്പച്ചന്റെ ഒരു മുണ്ടും, ഷർട്ടും എടുത്തുടുത്തു താഴേക്കു ചെല്ലുമ്പോളേക്കും എന്നെ ട്രോളാൻ ഉള്ള അങ്കപ്പുറപ്പാടിലായിരുന്നു അമ്മാമയും കൊച്ചുമോനും…ഒരു ബലിമൃഗമായി ഈ പാവം അന്നമ്മയും…
തളരരുത് രാമൻകുട്ടി എന്ന് മനസ്സിൽ പറഞ്ഞു…ഒരു നാണോം ഇല്ലാതെ വീണ്ടും ഞാൻ അവരുടെ ഇടയിലേക്ക് ഇറങ്ങി ചെന്നു…ട്രോളുകൾ ഏറ്റു വാങ്ങാൻ ചന്തുവിന്റെ ജന്മം ഇനിയും ബാക്കി എന്ന കോൺഫിഡൻസോടെ….