സ്വന്തം ശരീരം വിറ്റാണോ ചേച്ചിയമ്മ എന്നെ എൻജിനീയറിങ് പഠിപ്പിക്കുന്നത്.ഓർത്തപ്പോൾ അവന് സഹിക്കാൻ കഴിഞ്ഞിരുന്നില്ല.

ചേച്ചിയമ്മ – രചന: ജെറിൻ ഡൊമിനിക്

എന്താടാ അരുണേ ഇത്ര ചിരിക്കാൻ മൊബൈലിൽ ഇരിക്കുന്നത്…

ഒന്നുല അഖിലേ, ഇതൊക്കെ നിന്നെ കാണിച്ചാൽ ദഹിക്കില്ലല്ലോ…

ഓ !! രാവിലെ തന്നെ തുടങ്ങിയോ മൂന്നുംകൂടി…നിന്നോടൊന്നും തർക്കിക്കാൻ ഞാനില്ല…

അഖിലേ നിന്റെ നാട്ടുകാരിയ…അറിയോ എന്ന് നോക്കിയേ…വെറും പോക്ക് കേസ്സ് എന്ന കേട്ടത്…അഖിലിന്റെ നാട്ടുകാരി എന്ന് കേട്ടതും അവനൊന്നു ഞെട്ടി.

അവൻ അരുണിന്റെ കയ്യിൽ നിന്ന് ഫോൺ മേടിച്ചു ആ ഫോട്ടോ നോക്കിയതും ഞെട്ടിത്തരിച്ചുപോയി അവൻ. അവന്റെ കണ്ണുകളെ വിശ്വോസിക്കാൻ അവനായില്ല.

അറിയോടാ നീ…

ങേ !!!! എന്താ !!!

ഇതിനെ നീ അറിയോ എന്ന്.

ഏയ്യ് ഇല്ലടാ…അറിയില്ല…അഖിൽ ഫോൺ തിരികെ കൊടുത്ത് ഹോസ്റ്റൽ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. അവനറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞുതുടങ്ങി.

ഈശ്വര !! ന്റെ ചേച്ചിയമ്മ…ആദ്യമായി ന്റെ ചേച്ചിടെ ഫോട്ടോ കണ്ടു അറിയില്ല എന്ന് പറഞ്ഞല്ലോ..!! സ്വന്തം ശരീരം വിറ്റാണോ ചേച്ചിയമ്മ എന്നെ എൻജിനീയറിങ് പഠിപ്പിക്കുന്നത്..!! ഓർത്തപ്പോൾ അവന് സഹിക്കാൻ കഴിഞ്ഞിരുന്നില്ല.

അഖിൽ കോളേജിൽ ചെന്ന് രണ്ടാഴ്ച ലീവ് എഴുതിക്കൊടുത്ത് ബാംഗ്ളൂരിൽ നിന്ന് നാട്ടിലേക്ക് വണ്ടി കേറി. വണ്ടിയിൽ ഇരുന്നു അഖിൽ ഓരോന്ന് ആലോചിക്കാൻ തുടങ്ങി.

******************

അക്ഷയ…

അതാണ്‌ ചേച്ചിയമ്മയുടെ പേര്. എന്റെ സ്വന്തം ചേച്ചി…എന്നെ ചേച്ചിയമ്മയുടെ കയ്യിൽ ഏൽപ്പിച്ചു അമ്മ പോകുമ്പോൾ എനിക്ക് രണ്ടു ദിവസം മാത്രം ആണ് പ്രായം. അമ്മ പോയ വിഷമത്തിൽ അച്ഛനും പോയി. അതുകൊണ്ട് തന്നെ അവരെ കണ്ട ഓർമ എനിക്കില്ല. ചേച്ചിയമ്മക്ക് അന്ന് 13 വയസ് ആയിരുന്നു.

എനിക്ക് വേണ്ടി ചേച്ചി പടുത്തം എല്ലാം ഉപേക്ഷിച്ചു. കിട്ടുന്ന പണിക്കൊക്കെ ചേച്ചി പോയിരുന്നു. ആദ്യമായി ചേച്ചിയെ അമ്മ വിളിച്ചപ്പോൾ എന്നെ കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു എന്ന് ഒരിക്കൽ പറഞ്ഞിരുന്നു. സ്കൂളിൽ പോകും വരെ ചേച്ചി എനിക്ക് എന്റെ അമ്മ ആയിരുന്നു.

എല്ലാം മനസ്സിലാക്കി തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു… “അമ്മേ എന്റെ അച്ഛൻ അവിടെ”

എല്ലാം നീ അറിയണം എന്ന് പറഞ്ഞു… “ഞാൻ നിന്റെ ചേച്ചിയാ, എന്റെ ജനനത്തോടെ അമ്മ പോയി എന്നും ഹാർട്ട്‌ പേഷ്യന്റ് ആയിരുന്ന അച്ഛൻ അതികം വൈകാതെ പോയി…”എന്നും…

എല്ലാം പറഞ്ഞപ്പോൾ ചേച്ചിക്ക് എന്നെ കെട്ടിപിടിച്ചു കരയാൻ മാത്രമേ സാധിച്ചിരുന്നുള്ളു. അന്നുമുതൽ അമ്മ എനിക്ക് ചേച്ചിയമ്മ ആയി മാറുകയായിരുന്നു. ഒരിക്കൽ ചേച്ചി കരഞ്ഞുതളർന്നു വീട്ടിൽ കേറി വരുന്നത് കണ്ട് കാര്യം തിരക്കിയപ്പോൾ “ഒന്നുല്ല” എന്ന് പറഞ്ഞു ചേച്ചി ഒഴിഞ്ഞു മാറി.

പലപ്പോഴും ചേച്ചിയമ്മ എനിക്ക് എന്റെ അമ്മയായി മാറുകയായിരുന്നു…ഓരോന്ന് ഓർത്ത്‌ അഖിൽ സീറ്റിൽ തളർന്നിരുന്നു…

******************

രാവിലെ തനിക്കുള്ള ചായയും അനത്തി കുടിച്ചുകൊണ്ടിരിക്കുമ്പോൾ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം അക്ഷയ കേൾക്കുന്നത്. കതക് തുറന്ന അക്ഷയ ഞെട്ടി…

മോനെ ഉണ്ണി നീ..!! എന്താടാ ഒരു മുന്നറിയിപ്പും ഇല്ലാതെ…

എനിക്ക് ചേച്ചിയമ്മയെ കാണണമെന്ന് തോന്നി. അത് പറയുമ്പോൾ അവന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞുവന്നു.

എന്താ ഉണ്ണി നീ കരയുകയാണോ….? നിന്റെ ചേച്ചിയമ്മ ഇവിടെ ഇല്ലെടാ..എന്തിനാ കാണണം എന്ന് തോന്നുമ്പോൾ പാഞ്ഞു വരുന്നത്.

അവൻ പതിയെ അവളുടെ അരികിലേക്ക് നടന്നു നീങ്ങി. അവന്റെ കൈക്കുമ്പിൾ കൊണ്ട് ആ മുഖം അവനുനേരെ പിടിച്ചു. അക്ഷയ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞുവന്നു. അവന്റെ കണ്ണീരിന് ശക്തി കൂടിവന്നു. അവന്റെ ദേഹത്തേക്ക് വലിച്ചിട്ടു ഒരൊറ്റ കരച്ചിൽ ആയിരുന്നു അഖിൽ.

അവന്റെ ഏങ്ങലടിച്ചുള്ള കരച്ചിലിൽ ചേച്ചിയും ഒന്ന് ഞെട്ടി…എന്താ മോനെ…എന്താ നിനക്ക് പറ്റിയെ…?

എനിക്ക് ഇനി പഠിക്കണ്ട ചേച്ചിയമ്മേ…കണ്ണീരു തുടച്ചുകൊണ്ടുള്ള അവന്റെ പറച്ചലിൽ അക്ഷയ ഞെട്ടി. എന്താ ഉണ്ണി..!! നിന്റെ ചേച്ചിയമ്മയ്ക്ക് നിന്നെക്കുറിച്ചു എന്തൊക്കെ പ്രതീക്ഷകൾ ആട ഉള്ളത്….ചേച്ചി അവന്റെ കവിളിൽ തലോടി “ഉണ്ണി, നിനക്ക് വേണ്ടി അല്ലേടാ ഞാൻ കഷ്ടപ്പെടുന്നത്…”

ചേച്ചിയമ്മേടെ ശരീരം വിറ്റ് എനിക്ക് പഠിക്കണ്ട…അവന്റെ സംസാരം കേട്ട് ഞെട്ടി അവന്റെ കവിളിൽ നിന്ന് കൈ പിൻവലിച്ചു പുറകോട്ടു മാറി. ഒന്നും മിണ്ടാതെ അക്ഷയ അവിടെ നിന്നു…അവൻ അവളുടെ അടുത്തേക്ക് ചെന്നു.

കൂട്ടുകാരന്റെ ഫോണിൽ ചേച്ചിയമ്മയുടെ ഫോട്ടോ കണ്ടപ്പോൾ തകർന്ന് പോയി ഞാൻ….ഒന്നും മിണ്ടാനാവാതെ അക്ഷയ തലതാഴ്ത്തി അവന്റെ മുന്നിൽ നിന്നു. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷേ അവളുടെ നാവ് നിശ്ചലമായിപ്പോയിരുന്നു…ഒന്നും മിണ്ടാതെ രണ്ടുപേരും അകത്തേക്ക് പോയി.

പതിവുപോലെ ഒന്നും സംഭവിക്കാത്തതുപോലെ ഉണ്ണിയുടെ ഇഷ്ട്ട ഭക്ഷണവും ഉണ്ടാക്കി അവൾ മേശയ്ക്കു അരികിൽ എത്തി. അപ്പോഴും അവൻ ഹാളിൽ ഇരിക്കുകയായിരുന്നു. അവളവന്റെ അരികിലേക്ക് നടന്നു.

ഉണ്ണി..വാടാ വന്നു കഴിക്കട…അവളവന്റെ കയ്യിൽ പിടിച്ചു. ഒന്നും മിണ്ടാതെ അവൻ ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്നു. കയ്യിട്ടു കുഴക്കുന്നതല്ലാതെ ഒന്നും കഴിക്കാൻ തോന്നിയില്ല അവന്…അക്ഷയ അവന്റെ അടുത്തിരുന്നു…

“എല്ലാം ഒരിക്കൽ നീ അറിയും എന്നെനിക്ക് അറിയാമായിരുന്നു. അന്ന് ആർക്കും ഒരു ശല്യവും ഉണ്ടാക്കാതെ എങ്ങോട്ടേലും ഇറങ്ങണം എന്നായിരുന്നു ആഗ്രഹം. ഇറക്കി വിടുന്നതിനു മുന്നേ ഞാൻ പൊക്കോളാം ഉണ്ണി”

അവന്റെ മുഖത്തു നോക്കാതെ അവള് അത്രയും പറഞ്ഞു നിർത്തി. അഖിൽ അവളുടെ മുഖത്തേക്ക് നോക്കി, ആ കണ്ണുകൾ അപ്പോഴും നിറഞ്ഞു വരുന്നത് അവൻ കണ്ടു… “ഞാൻ സംസ്സാരിച്ചു തുടങ്ങിയപ്പോൾ ആദ്യം വിളിച്ചത് അമ്മ എന്നാണ്. അതും ഈ ചേച്ചിയമ്മയെ…സ്വന്തം അമ്മയെ എന്ത് തെറ്റിന്റെ പേരിൽ ആണെങ്കിലും മക്കൾ ഇറക്കി വിടുവോ…?

പറ്റില്ല ചേച്ചിയമ്മേ എനിക്കതിനു…ദയനീയമായി അവളവനെ നോക്കി. എല്ലാപണിയും ഒറ്റയ്ക്ക് ചെയ്യുമ്പോൾ ചുരിദാർ തുമ്പിൽ പിടിച്ചു അമ്മേ എന്ന് വിളിച്ചു പുറകെ നടന്ന ഈ രണ്ടു വയസ്സുകാരന് പറ്റില്ല എന്റമ്മയെ ഇറക്കിവിടാൻ… “

അവസ്സാനംവരെ എനിക്കെന്റെ അമ്മയായി, ചേച്ചിയമ്മ കൂടെവേണം സ്നേഹിക്കാനും പിന്നെ..!! പറഞ്ഞു മുഴുവിപ്പിക്കാൻ അവനായില്ല തലതാഴ്ത്തി ഏങ്ങലടിച്ചു കരയാൻ തുടങ്ങി. മോനെ ഉണ്ണി….

***********************

വേറെ നിവർത്തി ഇല്ലായിരുന്നടാ എനിക്ക്. സ്വന്തം അമ്മാവൻ തന്നെ…ഒന്നെതിർക്കാൻപോലും കഴിയാതെ ഞാൻ…അന്ന് ആ വീട് വിട്ടു ഇറങ്ങുമ്പോൾ എന്റെ ആദിമുഴുവനും നിന്നെ ഓർത്തായിരുന്നു. എന്നെത്തേടി അയാൾ അവിടെയും വന്നു. പിന്നെയും പിന്നെയും ആ മനുഷ്യൻ ഓരോരുത്തരെ കൊണ്ടുവന്നു തുടങ്ങി.

ആദ്യമായി ആയിരത്തിന്റെ കുറച്ചു നോട്ടുകൾ ഓരോരുത്തരും തരുമ്പോൾ നിന്നെ നല്ല നിലയിൽ വളർത്തണം എന്ന ചിന്തയെ എനിക്ക് ഉണ്ടായിരുന്നുള്ളു…എല്ലാവരും പിഴച്ചവൾ എന്ന് മുദ്രകുത്തുമ്പോഴും നിന്റെ ഭാവി മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ…എന്നെ വെറുക്കുവോടാ നീ….

മുഖം പൊത്തി കരയുകയായിരുന്ന അവളുടെ അരികിൽ അവൻ ഇരുന്നു. മുഖത്തു നിന്ന് കൈമാറ്റി ആ കണ്ണുതുടച്ചുകൊണ്ട് മുഖം തന്റെ നേർക്ക് തിരിച്ചു.

എനിക്ക് വേണ്ടി ഈയൊരു ജന്മം മുഴുവനും മാറ്റി വെച്ചില്ലേ…കഷ്ടപ്പാട് എന്തെന്ന് അറിയിക്കാതെ എന്ന് വളർത്തിയില്ലേ…മതി ഇനി മതി…ഒത്തിരി വേദനകൾ മാത്രമേ ചേച്ചിയമ്മയ്ക്ക് ഈ നാട് തന്നിട്ടുള്ളു. അതുകൊണ്ട് ചേച്ചിയമ്മ എന്റെ കൂടെ ബാംഗ്ലൂർക്ക് പോരണം.

മോനെ ഞാൻ…വേണ്ട ഒന്നും പറയണ്ട. ഇനിയുള്ള ജീവിതം അവിടെ ഒന്നിച്ചു ജീവിച്ചാൽ മതി. ഞാൻ പാർട്ട്‌ ടൈം ആയി ജോലിചെയ്യുന്ന സൂപ്പർമാർക്കെറ്റിൽ ചേച്ചിയമ്മയ്ക്ക് ജോലി ശരിയാക്കിയിട്ടാ ഞാൻ വന്നത്.

അക്ഷയ അവനെ നോക്കി. ചേച്ചിയമ്മയെ കൊണ്ട് കൂട്ടിയാൽ കൂടില്ല അവിടുത്തെ ഫീസ്, അതുകൊണ്ടാണ് ഞാൻ ജോലിക്ക് കയറിയത്. മനപ്പൂർവം പറയാതിരുന്നതാ….ഇങ്ങനെ നിന്ന് കരയാൻ അല്ല പറഞ്ഞത്, വേഗം എല്ലാം പാക്ക് ചെയ്യ്…അവിടെ ഒരു കുഞ്ഞുവീട് എടുക്കണം, എന്നിട്ട് സന്തോഷത്തോടെ നമുക്ക് അവിടെ ജീവിക്കണം ചേച്ചിയമ്മേ…

*********************

നേഹയുടെ കൂടെ ഉള്ളത് ആരാ…?

ആ ചോദ്യമാണ് അക്ഷയയെ ഓർമയിൽ നിന്ന് എണീപ്പിച്ചത്. നേഹ പ്രസവിച്ചു പെൺകുഞ്ഞാണ്‌. അപ്പോഴേക്കും നേഴ്സ് കുഞ്ഞിനേയും കൊണ്ട് എത്തി.

ദേ..ചേച്ചിയമ്മയെ നോക്കിയേ പെൺകുഞ്ഞാണ്‌. ചേച്ചിയമ്മ മുത്തശ്ശി ആയിട്ടോ….സന്തോഷം കൊണ്ട് അവളുടെ കണ്ണും നിറഞ്ഞിരുന്നു.

കുഞ്ഞിനെ തിരിച്ചു അവരെ ഏൽപ്പിച്ചു ചേച്ചിയമ്മയെ നോക്കി ഉണ്ണി…ഒരു ചെറു പുഞ്ചിരിയോടെ ഉണ്ണിയുടെ മാറിലേക്ക് അക്ഷയ ചായുമ്പോൾ ഇങ്ങനെ ഒരനിയനെ തനിക്കു കിട്ടിയതോർത്ത് അവളും സന്തോഷിക്കുകയായിരുന്നു….