ആണൊരുത്തൻ – രചന: Aswathy Joy Arakkal
“ദേഹം മുഴുവൻ പൊള്ളി അടർന്നു…ഇപ്പോഴും ഇടക്കിടെ ദേഹത്തുന്നു പഴുപ്പും, ചലവും വരുന്നവളെ ചികിൽസിക്കാൻ നീയിങ്ങനെ കിടന്നു പാടുപെടുന്നത് എന്തിനാടാ ബിജുവേ…”
“ഇനിയെത്ര ചികിൽസിച്ചാലും എല്ലാ അർത്ഥത്തിലും നിനക്ക് നല്ലൊരു ഭാര്യയാകാൻ അവൾക്കു പറ്റോ. നിന്റെ കുഞ്ഞിനൊരമ്മയായിരിക്കാൻ പറ്റോ…നീ ചെറുപ്രായം ആണ്. നല്ലൊരു ജീവിതം ബാക്കി ഉണ്ട്. മരുന്നും, മന്ത്രോം ആയി ജീവിതം തുലക്കാതെ വേറൊരു കല്യാണം കഴിക്കു നീ…”
ഉപദേശിച്ച കോശിയെ ചിരിയോടെ തിരിഞ്ഞു നോക്കി കൊണ്ടു ബിജു പറഞ്ഞു….
“എന്തെങ്കിലും ഏനക്കേട് വന്നാ ഉപേക്ഷിച്ചു അങ്ങ് പോകാനല്ല മിന്നുചാർത്തി ഞാൻ അവളെ എന്റെ പെണ്ണാക്കിയത്…സുഖത്തിലും ദുഖത്തിലും ഒപ്പം നിക്കാനാ…”
“എനിക്ക് വേണ്ടി ഒരുപാട് കഷ്ടപെട്ടവളാ. എന്റെ മോളെ നൊന്തു പെറ്റവളാ…അവൾക്കു പൊള്ളലേറ്റത് പോലും എനിക്ക് കഴിക്കാൻ ഭക്ഷണം പാചകം ചെയ്യുമ്പോഴാ…അവക്കിനി എന്നാ വന്നാലും മരണം വരെ അവള് ബിജുവിന്റെ പെണ്ണാ…”
“അല്ല ഒന്ന് ചോദിച്ചോട്ടെ നാളെ കോശിച്ചായന് വല്ലോം ഇങ്ങനെ വന്നാൽ ചേടത്തി ഇച്ചായനെ ഇട്ടേച്ചു വേറെ കെട്ടുവോ…”
ഡാ…എന്ന് വിളിച്ചു ബിജുവിനെ നേരെ കൈ ഉയർത്തി ചെന്ന കോശിയെ നോക്കി അവിടെ കൂടിയിരുന്ന നാട്ടുകാരു പറഞ്ഞു….
“അടങ്ങു കോശി…ഇത് താൻ വടി കൊടുത്തു അടി വാങ്ങിയതല്ലേ. അവനാണു ആണ്…നല്ല അന്തസ്സുള്ള ആണ്…അല്ലാതെ…”
അവർ പറഞ്ഞു തീരുന്നതിനു മുൻപ് ബിജു രേഖക്കുള്ള മരുന്നും, വീട്ടുസാധനങ്ങളും വാങ്ങി വീട്ടിലേക്കു നടന്നിരുന്നു…