കുടിയന്റെ കല്യാണം – രചന: അബ്ദുൾ റഹീം പുത്തൻചിറ
“അൻവറേ വീടൊന്ന് പെയിന്റ്ടിക്കണ്ടേ ഇങ്ങനെ കിടന്നാൽ മോശമല്ലേ”
വാപ്പാടെ ചോദ്യത്തിന് ഞാനൊന്നു മൂളി. കാരണം അടുത്ത ആഴ്ച എന്റെ നിശ്‌ചയം ആണ്. ഞാൻ നമ്മുടെ കുട്ടപ്പായിനോട് പറഞ്ഞിരുന്നു അവൻ സാധനങ്ങൾ വേടിക്കാനുള്ള ലിസ്റ്റ് തരാമെന്ന് പറഞ്ഞിട്ടുണ്ട് നീ ഒന്നു പോയി കാണവനെ…വാപ്പ ഒന്നൂടെ ഓർമിപ്പിച്ചു…
ഒരുപാട് നാളായി പെണ്ണ് കാണൽ നടക്കുന്നു. പ്രവാസിയായ ഞങ്ങളെ പോലെയുള്ളളവർക്കു പെണ്ണു കാണാനും കല്യാണം കഴിക്കുവാനും ആകെ കിട്ടുന്നത് എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമാണ്. കഷ്ട്ടപ്പെട്ട് പെണ്ണ് കാണൽ നടന്നു പെണ്ണിനെ ഇഷ്ട്ടമായി ആലോചന മുറുകുബോഴാണ് അവർക്ക് ചെക്കനെ കുറിച്ചു നല്ല അഭിപ്രായമല്ല എന്നു പറയുന്നത്…
അങ്ങനെ എത്ര ആലോചനകൾ….ഓരോ പെണ്ണു കാണുമ്പോഴും ഇവളാണ് എന്റെ പെണ്ണ്…ഇവളെയാണ് ഞാൻ കാത്തിരുന്നത്…ഇവളാണ് എന്റെ ഹൂറി എന്നു മനസ്സു പറയും…സത്യം പറഞ്ഞാൽ ഏതു പെണ്ണ് കണ്ടാലും മനസ്സ് അങ്ങനെ തന്നെയാ പറയുന്നത്…എന്താണാവോ അങ്ങനെ…
കഷ്ട്ടപ്പെട്ട് കണ്ടുപിടിച്ച…ഇഷ്ട്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുമ്പോൾ ചില നല്ലവരായ നാട്ടുകാർ ഒരു സെക്കൻഡ് കൊണ്ട് മുടക്കി കയ്യിൽ തരും.
നാട്ടുകാരിൽ എല്ലാവരും അങ്ങെനെയല്ലാട്ടോ…ചായക്കട നടത്തുന്ന അദ്രുക്കയും അതേ പ്രായത്തിലുള്ള ചില കിളവന്മാരും…അദ്രുക്കയാണ് അതിൽ മുൻപന്തിയിൽ…കാരണം നാട്ടിലെ ഏതു ആലോചന വന്നാലും ചായക്കടയിൽ ആണല്ലോ അന്വേഷിക്കുക….അങ്ങനെ അന്വേഷണം വരുന്ന ഭൂരിഭാഗം ആലോചനകളും മുടങ്ങി പോകും…
“കേശവേട്ട, കുട്ടപ്പായിയെ കണ്ടോ….?
അദ്രുക്കാടെ കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന കേശവേട്ടനോട് ഞാൻ ചോദിച്ചു…
“അവനിപ്പോൾ ആ ഷാപ്പിൽ കാണും. എന്താ അൻവറേ കാര്യം…”
ഏയ് ഒന്നുല്ല….
“നിന്റെ കല്യാണം ശരിയായന്ന് കേട്ടല്ലോ നേരാണോ” ഗ്ലാസുകൾ കഴുകി കൊണ്ടിരുന്ന അദ്രുക്ക ചോദിച്ചു.
“ഏയ് ഉറച്ചട്ടൊന്നുമില്ല. ഒരു ആലോചന വന്നു നിൽക്കുന്നുണ്ട്”
“ആ ഇനിയെങ്കിലും നന്നായി നടക്കാൻ നോക്ക്”
“ഓ ആയിക്കോട്ടെ” അയാളുടെ ഒരു ഉപദേശം…ഞാൻ മനസ്സിൽ പറഞ്ഞു.
“അവനെതിനാ ഇപ്പോൾ കുട്ടപ്പായിയെ അന്വേഷിക്കുന്നത്” കേശവേട്ടൻ തന്റെ സംശയം അദ്രുക്കാനോട് ചോദിച്ചു.
“കുടിക്കാൻ അല്ലാതെന്തിന്…ആ പേരും പറഞ്ഞു ഷാപ്പിൽ കേറാലോ”
ആണോ…
“പിന്നല്ലാതെ” അദ്രുക്ക ശരി വെക്കുന്ന രീതിയിൽ കേശവേട്ടനോട് കണ്ണടച്ചു കാണിച്ചുകൊണ്ട് പറഞ്ഞു.
“എന്റെ കേശവാ രണ്ടുമൂന്നു കൊല്ലം മുൻപ് ഈ കുട്ടപ്പായിയും അൻവറും ആ പാടത്തു ചെളിയിൽ കിടന്നു മറിയുന്നത് എന്റെ ഈ രണ്ടു കണ്ണുകൊണ്ടല്ലേ ഞാൻ കണ്ടത്. എഴുന്നേറ്റ് നിൽക്കാൻ പോലും രണ്ടാൾക്കും പറ്റുന്നുണ്ടായില്ല…എന്തു ചെയ്യാം”
അദ്രുക്ക പതുക്കെ ആണ് പറഞ്ഞതെങ്കിലും ഞാൻ കേട്ടു. അദ്രുക്ക പറഞ്ഞത് കുറച്ചു ശരിയാണ്…ആദ്യത്തെ പ്രാവിശ്യം ഗൾഫിൽ നിന്നും ലീവിന് വന്ന സമയത്താണ് ഞാനും കൂട്ടുകാരൻ ബിജുവും കൂടി പാടത്തു ചൂണ്ടയിടാൻ പോയത്. അപ്പോഴാണ് ഷാപ്പിൽ നിന്നും നല്ല ഫിറ്റായി നമ്മുടെ കുട്ടപ്പായി ചേട്ടൻ ആടി വരുന്നത്.
തോട്ടുവക്കിൽ നിന്നും ചേട്ടൻ ബാലൻസ് തെറ്റി നേരെ ചെളിയുള്ള തോട്ടിൽ തന്നെ വീണു…എഴുന്നേൽക്കാൻ നോക്കീട്ടും പറ്റാതെ അവിടെ കിടന്ന ചേട്ടനെ ചത്തു പോകേണ്ട എന്നു കരുതി ഞാൻ തന്നെയാണ് പിടിച്ചു പാടത്തു കിടത്തിയത്. ആദ്യം പിടിച്ചപ്പോൾ ആള് എന്നെയും വലിച്ചു തോട്ടിലിട്ടു. ആ സമയത്താണ് അദ്രുക്ക ആ വഴി വന്നത്…ഇതാണ് അന്ന് നടന്നത്.
പക്ഷെ നല്ലവനായ അദ്രുക്ക കഥയുടെ ക്ലൈമാക്സ് മാറ്റി എഴുതി ഇനിക്ക് നല്ല പേര് വാങ്ങി തന്നു..
കുടിയൻ…
സത്യം ഇനിക്കും ബിജുവിനും അന്നു ബോധമില്ലാതെ കിടന്ന കുട്ടപ്പായി ചേട്ടനും മാത്രമേ അറിയുമായിരുന്നുള്ളൂ…ഞങ്ങൾ പറഞ്ഞാൽ ആരു കേൾക്കാൻ….ജീവിതത്തിൽ കുടിക്കാത്ത ഞാൻ അന്ന് കുടിയനായി. ഇതുപോലെയുള്ള നല്ല പേരുകൾ നാട്ടുകാർ പെട്ടന്നു മറക്കില്ലല്ലോ…അതാണ് പെണ്ണ് കിട്ടുവാൻ ഇപ്പോൾ ബുദ്ധിമുട്ടും…
ഇനി ഷാപ്പിൽ ചെന്നാൽ നാട്ടുകാർ പലതും പറഞ്ഞു പരത്തും. അതുകൊണ്ട് ഫോണെടുത്തു കുട്ടപ്പായി ചേട്ടനെ വിളിച്ചു…
“ആ അൻവറേ ലിസ്റ്റ് എന്റെ കയ്യിലുണ്ട്. നീ ഒരു കാര്യം ചെയ്യ് ഷാപ്പിന്റെ മുൻപിലോട്ടു വാ..ഞാൻ പുറത്തേക്കു വരാം..നീ ഉള്ളിലോട്ടു കേറണ്ട…ഞാൻ കാരണം നീ കുടിയനാകേണ്ട”
ഉം ശരി…ഫോൺ കട്ട് ചെയ്തു ഞാൻ ഷാപ്പിന്റെ അടുത്തേക്കു ചെന്നു.
ആ സമയത്താണ് രണ്ടുപേർ അദ്രുക്കാടെ ചായക്കടയിലേക്കു വന്നത്.
ആരാ..എവിടെന്നാ…ഇവിടെയൊന്നും കണ്ടുപരിചയം ഇല്ലല്ലോ…അദ്രുക്ക അവരോട് ചോദിച്ചു.
“ഞങ്ങൾ കുറച്ചു അകലെയാ…ഒരാളെ കുറിച്ചു അന്വേഷിക്കാൻ വന്നതാ”
“ആരെ കുറിച്ചാണ്”
“അലിക്കാടെ മകൻ അൻവർ ഇല്ലേ…ആളെങ്ങനെ”
ഇതു കേട്ടപാടെ അദ്രുക്കയും കേശവേട്ടനും മുഖത്തോട് മുഖം നോക്കി…ആ നോട്ടത്തിന് ഒരുപാട് കഥകളുണ്ട്. “ഞങ്ങളായിട്ട് ഒന്നും പറയുന്നില്ല. ചെക്കനെ ഇപ്പോൾ നിങ്ങൾക്ക് കാണണമെങ്കിൽ ഈ വഴി പാടത്തു ചെന്നാൽ ഒരു ഷാപ്പ് കാണാം…അവിടെ കാണും”
“ഷാപ്പിലോ” വന്നവരിൽ ഒരാൾ ഞെട്ടലോടെ ചോദിച്ചു. അതെന്താ ഷാപ്പിൽ….?
“ഞങ്ങളുടെ നാട്ടിൽ ഷാപ്പിൽ പോകുന്നത് പാല് കുടിക്കാൻ അല്ല” അദ്രുക്ക കളിയാക്കി പറഞ്ഞു. വന്നവർ മുഖത്തോട് മുഖം നോക്കി.
കുട്ടപ്പായി ചേട്ടന്റെ കയ്യിൽ നിന്നും സാദനങ്ങളുടെ ലിസ്റ്റ് വാങ്ങി വരുന്ന വഴിയാണ് രണ്ടുപേർ റോഡിൽ നിന്നും എന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടത്. അതിൽ ഒരാളെ എവിടെയോ വെച്ചു കണ്ടിട്ടുണ്ട്. ഓർമ കിട്ടുന്നില്ല…
വീട്ടിൽ വന്നപ്പോഴാണ് അറിയുന്നത്…പെണ്ണിന്റെ വീട്ടുകർക്കു ഈ ബന്ധം താല്പര്യമില്ലന്ന്…അങ്ങനെ വീണ്ടും ഒരു ആലോചന കൂടി സ്വാഹ…വീട്ടിൽ നിന്നും ഇറങ്ങി ബിജുവിന്റെ വീട്ടിലേക്ക് നടന്നു.
“അല്ല ആരിത് പുതിയാപ്ലയോ” ശബ്ദം കേട്ട ഭാഗത്തെക്കു ഞാനൊന്നു നോക്കി.
ശഹന…അദ്രുക്കാടെ ഒരേ ഒരു മകൾ. സ്കൂളിൽ എന്റെ ജൂനിയർ ആയിരുന്നു. എപ്പോൾ കണ്ടാലും ചിരിക്കും. അധികം സംസാരിക്കാറില്ല…ബിജുവിന്റെ പെങ്ങൾ രേവതിയുടെ കൂട്ടുകാരിയാണ്.
“കല്യാണം ഉറച്ചൂന്ന് കേട്ടല്ലോ…അടുത്ത ആഴ്ച നിശ്ചയം ആണല്ലേ…ഈ പ്രാവിശ്യമെങ്കിലും നെയ്ച്ചോർ തിന്നാനുള്ള യോഗം ഉണ്ടാകൊ…” അവൾ വീണ്ടും ചോദിച്ചു.
അതിനു നിന്റെ വാപ്പ അദ്രു മരിക്കണം…ഞാൻ മനസ്സിൽ പറഞ്ഞു. “അതു നടക്കില്ല…ഇതും ആരോ മുടക്കി…നാട്ടിൽ നല്ല പേരാണല്ലോ ഇനിക്ക്” ഞാൻ വിഷമത്തോടെ പറഞ്ഞു.
ആണോ…ഇതെങ്കിലും നടക്കാൻ ഞാൻ ദുആ ചെയ്തിരുന്നു.
“അതെന്താ എന്റെ കല്യാണം നടക്കാൻ ഇത്ര ആഗ്രഹം. അതും അദ്രുക്കാന്റ് മോൾക്ക്….”
“ഇക്ക ഒരു തെറ്റും ചെയ്‌തട്ടില്ലാന്ന് ഇനിക്കറിയാം. അന്ന് ഇക്കയും ബിജു ചേട്ടനും മീൻ പിടിക്കുമ്പോൾ ഞാനും രേവതിയും പറമ്പിൽ ആടിനെ തീറ്റുന്നുണ്ടായിരുന്നു. ആ സമയത്തു കുട്ടപ്പായി ചേട്ടൻ വരുന്നതും തോട്ടിൽ വീണതും ഇക്ക പിടിച്ചു കേറ്റുന്നതും ഞങ്ങൾ കണ്ടു…അതുകണ്ട് ഞങ്ങൾ ഒരുപാട് ചിരിച്ചു. അതിനു ശേഷമാണല്ലോ ഇക്കാനെ നാട്ടുകാർ കുടിയനാക്കിയത്”
അതു പറയുമ്പോൾ അവളുടെ മുഖം മാറുന്നത് ഞാൻ കണ്ടു. “ഇക്കാക്കു എന്തായാലും നല്ല ഒരു പെണ്ണിനെ കിട്ടും. ഞാൻ പ്രാത്ഥിക്കാറുണ്ട്. അഥവാ കിട്ടിയില്ലെങ്കിൽ പറഞ്ഞാൽ മതി…മുറ്റത്തെ മുല്ലക്കും മണമുണ്ടാകും” അതും പറഞ്ഞു അവൾ ഓടി.
അതെന്താ അവൾ അങ്ങനെ പറഞ്ഞേ…ഇനി ഇവൾക്ക് എന്നോട് ഇഷ്ട്ടമുണ്ടാകൊ…കാണാൻ സുന്ദരിയാണ്. നല്ല അച്ചടക്കവുമുണ്ട്…ഇവളെയങ്ങു കെട്ടിയാലോ…ഈ ബുദ്ധിയെന്താ ഇനിക്ക് നേരത്തെ തോന്നാതിരുന്നത്…ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ എന്നു മനസ്സിൽ ആരോ ഇരുന്നു പറയുന്നത് പോലെ…
അവളുടെ മനസ്സിലിരുപ്പ് അറിയണമെങ്കിൽ ബിജുവിന്റെ അനിയത്തി രേവതിയെ കണ്ടാൽ മതി…അൻവർ നടത്തതിന്റ് സ്പീഡ് കൂട്ടി….
“ബിജുവേട്ടൻ കുളിക്കാ ഇപ്പൊ വരൂട്ട…” അതും പറഞ്ഞു അകത്തോട്ട് പോകാൻ നിന്ന രേവതിയെ ഞാൻ പിടിച്ചു നിർത്തി. ഇനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്.
“എന്താ…”
“ഞാൻ ഇപ്പോൾ ശഹനയെ കണ്ടിരുന്നു. അവൾ എന്തൊക്കെയോ പറഞ്ഞു. ഇനിക്ക് ഒന്നും മനസ്സിലായില്ല…അവൾക്ക് എന്നോട് ഇഷ്ട്ടമുണ്ടോ…. “
ഉം…ഇക്കാനെ അവൾക്ക് ഇഷ്ട്ടമാണ്. അവൾ എപ്പോഴും പറയും. ഇക്കാടെ കല്യാണം മുടങ്ങുന്നതിന്റെ കാരണം അവളുടെ വാപ്പയാണെന്നു…ഇക്കാക്കു അവളെ കെട്ടിക്കൂടെ…ഈ ലോകം മുഴുവൻ പോയി പെണ്ണു കണ്ടു നടക്കുന്നതിലും നല്ലതല്ലേ അത്…
ശരിയാടാ ഞാനും അതു നിന്നോട് പറയാൻ ഇരിക്കായിരുന്നു. നല്ല കുട്ടിയാ…ആകെ ഒരു കുഴപ്പമുള്ളു, അദ്രുക്കാടെ മോളായിപ്പോയി…അതു മാറ്റിവെച്ചാൽ ശഹന നിനക്കു ചേരും…കുളി കഴിഞ്ഞു വന്ന ബിജു പറഞ്ഞു, അതു മാത്രമല്ല അവളെ കെട്ടിയാൽ അയാളോടുള്ള കലിപ്പും തീരും…
പിറ്റേ ദിവസം ഷഹനാനേം കൊണ്ടു ടൗണിൽ വരാൻ രേവതിയെ പറഞ്ഞു ഏർപ്പാടാക്കി. ടൗണിലുള്ള കോഫി ഷോപ്പിൽ വെച്ചു ഞാനും ശഹനയും ഞങ്ങളുടെ നിശ്ചയം നടത്തി…അവളുടെ വാപ്പ അദ്രുക്ക അറിയാതെ…
ആകെ ഒരു പ്രശ്നമുള്ളു, അവളുടെ വാപ്പ സമ്മതിക്കില്ല. പക്ഷെ അതൊരു വലിയ പ്രശ്‌നമായി തോന്നിയില്ല. തിരിച്ചു പോരാൻ നേരം എന്റെ ബുള്ളറ്റിന്റെ പിന്നിൽ അവളെയും ഇരുത്തി അദ്രുക്കാടെ, സോറി…ഭാവി അമ്മായപ്പന്റെ ചായക്കടയുടെ മുന്നിലൂടെ അവളെയും കൊണ്ട് ഒരു ടെസ്റ്റ് ഡ്രൈവ് നടത്തി…അതു വിജയിച്ചു…നാട്ടുകാർ വീണ്ടും പലതും പറഞ്ഞു.
അലിക്കാടെ മകൻ അൻവർ അദ്രുക്കാടെ മോളുമായി….ടക..ടക..ടകാ…
പിന്നീട് കാര്യങ്ങൾ എളുപ്പമായി. അങ്ങനെ അദ്രുക്കാടെ മോളെ ഞാനങ്ങു കെട്ടി. ഇപ്പോൾ ആരെങ്കിലും കല്യാണ ആലോചനയുമായി വന്നാൽ അദ്രുക്ക വായ തുറക്കാറില്ല…വായ തുറക്കാൻ ഞങ്ങൾ സമ്മതിക്കാറില്ല…
ഇപ്പോൾ നാട്ടിലുള്ള ചെറുപ്പക്കാരുടെ കല്യാണങ്ങൾ പെട്ടന്ന് നടക്കുന്നുണ്ട്. അതിനു കാരണക്കാരനായ എന്നെ അവർ പ്രത്യേകം കല്യാണം ക്ഷണിക്കാറുണ്ട്. ബിരിയാണി കഴിക്കാൻ ഞാൻ…അല്ല…ഞങ്ങൾ പോകാറുമുണ്ട്…