രചന: ദിവ്യ അനു അന്തിക്കാട്
“പാറോമ്മേ…ഇതെന്താ ഈ കാണിക്കണേ ഇങ്ങോട്ട് വരൂ അച്ഛനെ എടുക്കാറായി”
“എങ്ങോട്ടും വരണില്യ ഞാൻ, നിങ്ങളൊക്കെ കൂടെ ചെയ്‌തോളൂ…ഞാനിവിടിരുന്നോളാം…പൊയ്ക്കോളൂ എന്നെ കാണാൻ ആരേം ഇങ്ങോട്ട് വിടണ്ട. ഞാൻ കുറച്ചു നേരം ഒറ്റക്കിവിടിരുന്നോട്ടെ…”
എല്ലാം കഴിഞ്ഞെന്നു തോന്നുന്നു…അസ്ഥി കത്തുന്നതിന്റെ രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറുന്നുണ്ട്. മക്കളും പേരക്കുട്ടികളും ഒന്നുമില്ലാത്തോർക്ക് അവസാന കാലത്ത് കൊള്ളി വയ്ക്കാൻ അയൽവക്കത്തെ കുട്ട്യോൾടെ കരുണ വേണ്ടി വന്നു.
സങ്കടം ഉണ്ടോന്ന് ചോദിച്ചാൽ ഇല്ല. ഒരു തരം മരവിപ്പാണ് ആയുസ്സെത്തണ വരെ ഒറ്റക്ക് ഈ വീട്ടില് കഴിയണം എന്നാലോചിക്കുമ്പോൾ…പ്രാർത്ഥിച്ചിരുന്നു, സിന്ദൂരം മാഞ്ഞാലും സാരല്യ എനിക്ക് മുന്നേ അദ്ദേഹം പോണംന്ന്…
കുട്ട്യോൾടെ മനസ്സായിരുന്നു, എന്തിനും ഏതിനും പാറൂട്ടിന്ന് നീട്ടി വിളിക്കും. ഒരു ഗ്ലാസ്സ് വെള്ളം തനിച്ചെടുത്തു കുടിക്കില്യ. കുളിക്കാൻ വെന്ത വെള്ളം തന്നെ വേണം, രാസ്നാദി തിരുമ്മി കൊടുക്കണം, എന്ന് വേണ്ട ഇടയ്ക്കിടെ വരുന്ന ഗ്യാസിന്റെ അസ്‌കിതക്ക് അരിഷ്ടം പാകത്തിന് എടുത്ത് കൊടുക്കലും അങ്ങനെ നിരവധി കാര്യങ്ങൾ….ഞാനില്ലാണ്ടായാൽ ആരും ഇല്ല്യ പാവത്തിന് ചെയ്ത് കൊടുക്കാൻ…ഒരു ദിവസം കടന്ന് കിട്ടില്ലാരുന്നു ഞാനാണ് മുന്നേ പോയിരുന്നതെങ്കിൽ…
നീലം മുക്കിയ മുണ്ടെ ഉടുക്കാറുള്ളു…മരയലമാരി തുറന്ന് എല്ലാ മുണ്ടും ഷർട്ടും എടുത്ത് മടക്കി സഞ്ചിയിലാക്കി അടുത്ത വീട്ടിലെ അംബികേടെ കയ്യിൽ കൊടുത്തുവിട്ടു. ആർക്കേലും ഉപകാരം ഉള്ളോർക്ക് കൊടുത്തോളാൻ പറഞ്ഞു. മരിക്കണേന്റെ അന്ന് ഉടുത്തതെല്ലാം കത്തിക്കാൻ തോന്നിയില്ല അത് മാത്രം മാറ്റി വച്ചു…
നേരം സന്ധ്യയായി, ഉച്ചക്ക് അംബിക ഭക്ഷണം ഉണ്ടാക്കി കൊണ്ട് വച്ചിരുന്നു. കഴിക്കാൻ തോന്നിയില്ല. കൂട്ട് കിടക്കാൻ കുട്ട്യോളെ പറഞ്ഞു വിടാമെന്ന് പറഞ്ഞതാ…അതും വേണ്ടെന്ന് പറഞ്ഞു. ആരും കൂട്ട് വേണ്ട…എന്തിനാണ് കൂട്ടിന്റെ ആവശ്യം…? അദ്ദേഹത്തിന്റെ ശരീരം മാത്രമേ ഇല്ലാണ്ടായുള്ളു…സാമിപ്യം എനിക്കറിയാൻ പറ്റുന്നുണ്ട്.
ഉറക്കം വരാൻ നാമം ജപിച്ചു കിടന്നെങ്കിലും കണ്ണൊന്നടക്കാൻ പറ്റണില്ല്യ. പതിനേഴാം വയസ്സ് തൊട്ട് കൂടെ കഴിയാൻ തുടങ്ങിയതല്ലയോ…ആ നെഞ്ചിന്റെ ചൂട് ഇപ്പളും കിട്ടുന്നുണ്ട് മനസ്സില്…
“പാറൂട്ടിയെ നീ ഉറങ്ങില്യേ…”
“എനിക്കറിയാർന്നു നിങ്ങള് വരുമെന്ന്…ഉറക്കം വരണില്ല അതോണ്ടാ…”
“നീ വല്ലതും കഴിച്ചോ പാറൂട്ടിയെ…? ഇല്ലന്നെനിക്കറിയാം വാ ഞാൻ വിളമ്പി തരാം എണീക്ക്…”
“ആഹാ..ഒരീസം എന്റടുത്തുന്നു മാറിയപ്പോളേക്കും ചോറ് ചൂടാക്കാനൊക്കെ പഠിച്ചോ നിങ്ങള്…എന്തെന്നറിയില്ല ഇത്ര നേരം വിശപ്പില്ലായിരുന്നു. നിങ്ങള് വിളമ്പി തന്നോണ്ടാകും നല്ലോണം കഴിക്കാൻ പറ്റി…”
“പാറൂട്ടിയെ നിനക്ക് നല്ല ക്ഷീണം ഉണ്ട് ഉറങ്ങിക്കോ നീയ്, ഞാൻ കൂടെ ഇരിക്കാം”
അദ്ദേഹത്തിന്റെ കൈ മുറുകെ പിടിച്ചു. എന്താണെന്നറിയില്ല ദൈവമേ, മനസ്സിന് ഒട്ടും ഭാരമില്ലാതായിരിക്കുന്നു. ഒരപ്പൂപ്പൻ താടി പോലെ പറക്കുന്നുണ്ട്. വീഴാതിരിക്കാനെന്നവണ്ണം അദ്ദേഹത്തിന്റെ കൈകൾ ഒന്നൂടെ മുറുക്കി പിടിച്ചു…
പിറ്റേന്ന് ആ വീടിന്റെ ചുറ്റും നേരം വെളുത്തത് അയൽവക്കത്തെ അംബികയുടെ നിലവിളി ശബ്ദത്തിലായിരുന്നത്ര…