എന്റെ ലയ – രചന: നന്ദകുമാർ
എന്നും അവൾ നിർബ്ബന്ധിക്കും. ചേട്ടാ, ചേട്ടാ എനിക്ക് ഒരു കഥ എഴുതിത്താ എന്ന്…
ഇതെന്താ കപ്പലണ്ടിയോ മറ്റോ ആണോ പെണ്ണേ, ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എടുത്ത് തരാൻ എന്ന് ചോദിച്ചാൽ അവൾ പിണങ്ങും. പിണങ്ങിയാൽ മുഖം വീർപ്പിച്ചു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. എങ്കിലും പിണക്കാൻ തോന്നാറില്ല. അത്രക്കും പാവമാണ് ആ പാവം.
അവൾക്ക് നാടൻ കഥകൾ മതി. രാജകുമാരിയെ അന്വേഷിച്ചുനടക്കുന്ന രാജകുമാരന്റെയോ, സ്വന്തം ഭടനെ സ്നേഹിച്ചു ഭടന്റെ കൂടെ ഓടിപ്പോയ രാജ്ഞിയെക്കുറിച്ചോ അങ്ങനെ എന്തെങ്കിലും.
ഒടുവിൽ അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കാമെന്നു ഏറ്റു. വൈകിട്ട് സ്കൂളിൽ നിന്നു വരുമ്പോൾ തരാം, അപ്പോൾ മോൾക്ക് നാളെ സ്കൂളിൽ കൊണ്ടുപോകാം എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്തെ സന്തോഷം കാണണമായിരുന്നു.
മുറ്റത്തുനിന്ന അവൾ ഓടിക്കയറിവന്ന് എന്റെ മടിയിൽ ചാടിക്കയറി ഇരുന്ന് കെട്ടിപ്പിടിച്ച് എന്റെ രണ്ട് കവിളുകളിലും ഉമ്മകൾ വച്ചു. ആ കുരുന്നിന്റെ സന്തോഷം കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. ടാറ്റാ പറഞ്ഞ് അവൾ ഓടി അവളുടെ വീട്ടിലേക്ക് പോയി. അവൾക്ക് സ്കൂളിലേക്ക് പോകാൻ സമയമായിരുന്നു.
താൻ അവൾക്കു കൊടുക്കാൻ ഒരു കൊച്ചു കഥ എഴുതാൻ തുടങ്ങി. പെട്ടെന്നാണ് റോഡിൽ ഒരു വാഹനം സഡൻ ബ്രേക് ഇടുന്ന ശബ്ദവും കുട്ടികളുടെ കരച്ചിലും കേട്ടു. താൻ ഓടിയിറങ്ങി ചെല്ലുമ്പോൾ അടുത്ത വീടിന്റെ മതിലിൽ ഇടിച്ചുനിൽക്കുന്ന ഒരു വാൻ. മതിലിനും വാനിനും ഇടയിൽകൂടി മതിലിലൂടെ ഒലിച്ചിറങ്ങുന്ന ചോര.
അടുത്ത് ചെന്ന് നോക്കിയപ്പോൾ മനസ് മരവിച്ചുപോയി. തന്റെ വീട്ടിൽ നിന്നു ഓടിയിറങ്ങിപ്പോയ, തന്റെ മണിക്കുട്ടി, തന്റെ കിലുക്കാംപെട്ടി, ഞെളിപിരികൊണ്ട് വാവിട്ടു കരയുന്നു.
പെട്ടെന്നുതന്നെ ആളുകളെ കൂട്ടി വാൻ തള്ളിമാറ്റി തന്റെ മണിക്കുട്ടിയെയും തോളിലേറ്റി അടുത്ത ആശുപതിയിലേക്ക് ഓടി. വണ്ടി കാത്ത് നിൽക്കാനൊന്നും സമയമില്ലായിരുന്നു. അവൾ തന്റെ മുഖത്തുനോക്കി എന്തോ ചോദിക്കുന്നതുപോലെ തോന്നി. അവളുടെ ശബ്ദം പുറത്ത് വരുന്നില്ലായിരുന്നു.
നിമിഷനേരം കൊണ്ട് ആശുപത്രിയിൽ എത്തി. പക്ഷേ ഡോക്റ്റർ വന്ന് നോക്കിയിട്ട് പറഞ്ഞു, പാവം കുട്ടി, ഈ ലോകം വിട്ട് പോയിക്കഴിഞ്ഞിരിക്കുന്നു എന്ന്. ഞെട്ടിവിറച്ചു പോയി താൻ. സർവാംഗം തളർന്നു അവിടെ ഇരുന്നുപോയി.
വൈകിട്ട് ആ കുഞ്ഞുശരീരം പെട്ടിയിലാക്കി അടക്കാൻ കൊണ്ടുപോകുമ്പോൾ നുറുങ്ങുന്ന ഹൃദയവും ഒഴുകുന്ന കണ്ണുകളുമായി താൻ അങ്ങോട്ട് ചെന്നു. തന്റെ കയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന കടലാസ്, അവൾ ചോദിച്ച കഥ, അപൂർണമായ കഥ, അവളുടെ മരവിച്ചുപോയ കയ്യിലെ വിരലുകൾ ബലമായി വിടർത്തി അവളുടെ കയ്യിൽ വച്ചു കൊടുത്തു.
പെട്ടെന്നാണ് തന്റെ കൈകളിൽ വൈദ്യുതി പ്രവഹിക്കുന്നതുപോലെ തോന്നിയത്. താൻ എഴുതിയ, കഥ അവളുടെ ആത്മാവ് സ്വീകരിച്ചിരിക്കുന്നു. അതോടൊപ്പം താൻ കുറെ കണ്ണീർപ്പൂക്കളും അർപ്പിച്ചു ആ കുരുന്നിനെ യാത്രയാക്കി.