എടാ പാപി നിന്നെ അവള് പറഞ്ഞത് ലേശം കുറഞ്ഞു പോയി കാമപ്രാന്താ…മര്യാദക്ക് അവളെ പോയി വിളിച്ചോണ്ട് വന്നോ.

രചന: ദിവ്യ അനു അന്തിക്കാട്‌

എന്തിനാണ് രമേശൻ പെണ്ണിനെ വീട്ടില് കൊണ്ട് വിട്ടത്…? (നാട്ടുകാരാണ്…)

എന്തിനാണ് രമേശാ നീ ഞങ്ങളോട് പറയാണ്ട് അവളെ കൊണ്ട് വിട്ടത്…?(വീട്ടുകാരുടെ വക)

അങ്ങനെ ചോദ്യങ്ങളുടെ പേമാരിയാണ് ആളോള്ക്ക് എന്നെ കാണുമ്പോഴെല്ലാം…എന്നാൽ ഒരു വ്യക്തമായ ഉത്തരം ഉണ്ടോ ന്ന് ചോദിച്ചാൽ ഉണ്ട്. അവൾക്കും എനിക്കും മാത്രമറിയാവുന്ന ഉത്തരവും ചോദ്യവുമാണത്…അതൊട്ട് ആരോടും പറയാനും പറ്റില്ല…

രണ്ട് കൊല്ലം മുന്നേ ഉള്ള മേടത്തില് രേണു ചെറിയമ്മേടെ വീട്ടില് പൂരസദ്യക്ക് പോയപ്പോഴാണ് രാധൂനെ ആദ്യമായി കണ്ടത്. വല്യ തെറ്റില്ലാത്ത ഭംഗി ഉള്ള ഒരു കുട്ടി…എല്ലാരോടും ഓടിനടന്ന് മിണ്ടി ചിരിച്ചു നടക്കണ ഒരു പെൺകുട്ടീനെ ആർക്കായാലും ഒരിഷ്ടം ഒക്കെ തോന്നും….

തോന്നിയ ഇഷ്ടം മറച്ചു വയ്ക്കാതെ ഞാൻ ചെറിയമ്മയോട് എവിടെ ഉള്ളത് ആണെന്നും മറ്റുമെല്ലാ കാര്യങ്ങളും തിരക്കി…ചെറിയച്ഛന്റെ തായ്വഴി ഉള്ള കുട്ടിയാണെന്നും ബിഎഡ് കഴിഞ്ഞ് നിൽക്കാണെന്നും കേട്ടപ്പോ തെറ്റില്ല ന്ന് തോന്നി കാരണവന്മാരുടെ ഇഷ്ടത്തോടെ ചിങ്ങത്തിൽ കെട്ടും കഴിഞ്ഞു…ഇണ്ടായ കുട്ടിക്ക് ആറു മാസോം ആയി…

അങ്ങനെ ഒരു ചോദ്യം തന്നോട് ചോദിക്കാൻ അവൾക്ക് എങ്ങനെ തോന്നി. അറിയാണ്ട് പറ്റിപ്പോയതാണ് എന്ന് പറഞ്ഞപ്പോ അവൾക്ക് ഒന്ന് ഒരു പൊടിക്കൊന്ന് അടങ്ങി കൂടായിരുന്നോ…ഇതിപ്പോ ആരോടെങ്കിലും പറയാൻ പറ്റോ…

“രമേശാ…ടാ കതക് തുറക്ക്…”

ആ ഇനി നിന്റെ കൂടെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു, പെട്ടെന്ന് വന്നു പറയാനുള്ളതൊക്കെ പറഞ്ഞു പൊയ്ക്കോ….

“പറയാനല്ല ചോദിക്കാന ഉള്ളെ…നീയെന്ത് പണ്യാ കാട്ടിയെ, എന്തിനാ രാധൂനെ നീ കൊണ്ട് വിട്ടേ…നിനക്ക് തലക്ക് വല്ല ഓളം ആയോ…? എല്ലാരോടും പറയണ പോലെ എന്നെ ഒഴിവാക്കാംന്ന് നീ കരുതണ്ട കാര്യം പെട്ടെന്ന് പറഞ്ഞോ….”

“ടാ നീ ആരോടും പറയരുത്. രാധു എന്നോട് ചോദിക്ക്യാ ഞാൻ ഒരാണാണോന്നു…”

“അയ്യേ അതെന്താ അവള് അങ്ങനെ ചോദിക്കാൻ…? അതിത്തിരി കൂടി പോയി, കല്യാണം കഴിഞ്ഞ് കുട്ടി ഒന്നായി കഴിഞ്ഞ് ചോദിക്കാവുന്ന ഒരു ചോദ്യം ആണോ അത്…? എന്നാലും അതിനൊരു കാരണം ഉണ്ടാകില്ലേ…? നീ എന്ത് തെമ്മാടിത്തരം കാട്ടിയെ വെറുതെ ഒരാളെ അങ്ങനെ ഒക്കെ പറയോ…?”

“എടാ അത് പിന്നെ നിന്റെ ചെവി ഒന്ന് തന്നെ ഒരു കാര്യം പറയാം”.

“എടാ പാപി നിന്നെ അവള് പറഞ്ഞത് ലേശം കുറഞ്ഞു പോയി കാമപ്രാന്താ….മര്യാദക്ക് അവളെ പോയി വിളിച്ചോണ്ട് വന്നോ. ഓരോന്ന് ചെയ്ത് വച്ചിട്ട് മുറിയിൽ കയറി ഇരിക്കണ ഇരിപ്പ് കണ്ട തോന്നും അവള് എന്തോ പാതകം ചെയ്തെന്ന്…എണീച്ചു പോടാ രമേശാ….”

കതക് തുറന്ന് മുറിക്ക് പുറത്തിറങ്ങിയപ്പോ രമേശന്റെ അമ്മേം പെങ്ങളും അളിയനും വരിവരിയായി നിൽപ്പുണ്ട്. നിൽപ്പ് കണ്ടാലറിയാം എന്താണ് രമേശൻ പറഞ്ഞതെന്നറിയാനാണ് ഈ റേഷൻ കടേലെ ക്യൂ പോലെ നിൽക്കണതെന്നു….അളിയന്റെ കൈ പിടിച്ച് പുറത്തേക്കിറങ്ങി ചെവിയില് കാര്യം പറഞ്ഞ് പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി. ഇനി രമേശന്റെ കാര്യം അവര് നോക്കിയോളും…

അമ്മയും പെങ്ങളും മൂക്കത്തു വിരൽ വച്ച് പറഞ്ഞു ഇതിപ്പോ ആളോൾടെ മുഖത്തു എങ്ങനെ നോക്കും. അളിയൻ നേരെ രമേശന്റെ മുറിയിൽ കയറി…

“എന്നാലും ന്റെ രമേശാ ആറുമാസം അല്ലേ കുട്ടിക്കായുള്ളു. അതിനുള്ളിൽ വീണ്ടും രാധു ഗർഭിണി ആയെന്ന് പറഞ്ഞാ എന്തൊരു നാണക്കേടാ…എന്നാലും എന്റെ രമേശാ നോക്കീം കണ്ടുമൊക്കെ വേണ്ടാരുന്നോ..!!

“ശ്ശെടാ ഇതിപ്പോ നിങ്ങളൊക്കെ പറയണ കേട്ട തോന്നും അപ്പുറത്തെ വീട്ടിലെ ആർക്കങ്ങാണ്ട് വിശേഷം ഉണ്ടാക്കി എന്ന്…ഒന്ന് പോയിക്കെ എനിക്ക് നാണക്കേടൊന്നും ഇല്ല. ഞാൻ പോയി രാധൂനെ വിളിച്ചു കൊണ്ട് വരാൻ പോവാ…വരുന്നെങ്കിൽ അളിയനും വായോ കൂടെ….”

“ഞാനെങ്ങും ഇല്ല തന്നെ താനേ പോയാ മതി.”

ഓ ശരി ആരും വേണ്ട…ഞാൻ പൊയ്ക്കോളാം…എന്നൊക്കെ വീരവാദം മുഴക്കി എങ്കിലും ഇത്തിരി ചമ്മലില്ലാതില്ല.

അല്ല…ഇതിലിപ്പോ എന്താ ഇത്രക്ക് തെറ്റ്….എന്നായാലും രണ്ട് കുട്ട്യോൾ വേണ്ടതല്ലേ ആവോ..!!