പന്ത്രണ്ടു വയസ്സുകാരിയായ നീതയുടെ ഉപദേശം അമ്മക്ക് ഒട്ടും പിടിച്ചില്ല. നീത,നീ ചെറിയ വായില് വലിയ വർത്തമാനം പറയണ്ട..

നേർക്കാഴ്ച – രചന: Aswathy Joy Arakkal

കഴിച്ചു കഴിഞ്ഞ പഴത്തിന്റെ തൊലി കാറിന്റെ ഗ്ലാസ്സ് താഴ്ത്തി പുറത്തേക്കു ഇടുന്നതിനിടെയാണ് മുൻപിൽ പോകുന്ന കാറിനുള്ളിൽ നിന്ന് മിനറൽ വാട്ടറിന്റെ ബോട്ടിൽ റോഡിലേക്ക് വലിച്ചെറിയുന്നത് ദീപയുടെ ശ്രദ്ധയിൽപ്പെടുന്നത്…

“ആൾക്കാരിങ്ങനെ തുടങ്ങിയാലെങ്ങനെയാ. അവര് ചെയ്യുന്നത് കണ്ടില്ലേ ഹരി. വെറുതെയല്ല റോഡ് നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങൾ…”ദീപ അമർഷം പൂണ്ടു.

“നീയിപ്പോ ചെയ്തതും അതു തന്നെയല്ലേ…?” ഡ്രൈവ് ചെയ്യുകയായിരുന്ന ഹരി കുറച്ചു പരിഹാസത്തോടെ പറഞ്ഞു.

“ഞാൻ എറിഞ്ഞത് വെറുമൊരു പഴത്തൊലിയല്ലേ…അതുപോലാണോ പ്ലാസ്റ്റിക്…?” ദീപ സ്വയം ന്യായീകരിച്ചു.

“മമ്മി പറഞ്ഞത് ശരിയാ…പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പ്രകൃതിക്കും ആരോഗ്യത്തിനും എല്ലാം ദോഷമാണ്…പക്ഷെ മമ്മി ചെയ്തതിനു അതൊരു ന്യായീകരണം ആണോ…? മമ്മിക്കറിയാവുന്നതല്ലേ വഴിയോരത്തു കിടന്ന പഴത്തൊലിയിൽ ചവിട്ടി വീണല്ലേ നമ്മുടെ നൈബർ മീരാന്റിയുടെ കൈ ഫ്രാക്ചർ ആയത്…പിന്നെ പ്ലാസ്റ്റിക് ഇട്ടാൽ മാത്രമല്ല പഴത്തൊലി ഇട്ടാലും റോഡ് വൃത്തികേടാകും…”

പന്ത്രണ്ടു വയസ്സുകാരിയായ നീതയുടെ ഉപദേശം അമ്മക്ക് ഒട്ടും പിടിച്ചില്ല. “നീത, നീ ചെറിയ വായില് വലിയ വർത്തമാനം പറയണ്ട…മിണ്ടാതിരിക്കു…” ദീപ മോളെ ശാസിച്ചു.

“നീ തെറ്റ് ചെയ്തിട്ട് മോളെ ശാസിച്ചാട്ടെന്താ ദീപ കാര്യം…കുഞ്ഞു പറഞ്ഞാലും പറയുന്നതിൽ കാര്യമുണ്ടെങ്കിൽ അതു അംഗീകരിക്കണം.” ഹരി പറഞ്ഞു. പിന്നെ ഒന്ന് കൂടെ പറയാം, ഹരി കൂട്ടി ചേർത്തു…

“സ്വന്തം കണ്ണിൽ വലിയ പാറക്കല്ല് ഇരിക്കുമ്പോൾ…അതും വെച്ച് മറ്റുള്ളവരുടെ കണ്ണിലെ കരടിനെ കുറ്റം പറയാൻ നിൽക്കരുത്…”