നഗ്നമേനീ – രചന: ശാരിലി
രാത്രിയിലെ തണുപ്പിന് ചൂടു നൽകുന്ന തരത്തിലായിരുന്നു അവൻ്റെ മെസ്സേജുകൾ…ദ്വയാർത്ഥം നിറഞ്ഞു നിൽക്കുന്ന വാക്കുകൾ…മറുപടി അയക്കുമ്പോൾ തന്നെ തുടങ്ങും മറുതലക്കൽ അക്ഷര കുത്തുകൾ. കരുതി വെച്ചിരുന്ന മറുപടികൾ കണ്ടു അതിശമാണവൾക്ക് തോന്നിയത്…
പഴയ കാല മെസ്സേജുകൾ ഒരിക്കൻ കൂടി പൊടിത്തട്ടിയെടുത്തവൾ പേനയും പേപ്പറുമായി എഴുതാനിരുന്നു…
ചെറുപ്പത്തിലെ മനസ്സിൽ കടന്നു കൂടിയതാണ് എഴുത്തും വായനയും…എഫ് ബി യിലെ ഗ്രൂപ്പുകൾ ഒരോന്നായി കയറിയിറങ്ങിയപ്പേഴാണ് എഴുത്തുകൾ കൊണ്ട് തുലാഭാരം നടത്തുന്ന ഒരു ഗ്രൂപ്പ് കണ്ണിൽപ്പെട്ടത്. കഥകൾക്കും കവിതകൾക്കും ക്ഷാമമില്ലാത്ത ലക്ഷോപലക്ഷം അംഗളുള്ള ഈ ഗ്രൂപ്പിലേക്ക് തന്നെ എന്തോ ആകർഷിക്കുകയായിരുന്നു.
മനോഹരമായ രചനകൾ വായിച്ചു വായിച്ചു രസം പിടിച്ചപ്പോൾ പിന്നെ പിന്നെ തൻ്റെ പ്രധാന ജോലി ഗ്രൂപ്പിൽ കയറുക, കഥകളെല്ലാം വായിക്കുക എന്നതു മാത്രമായി…ഒഴിവു സമയങ്ങൾ അതിനു വേണ്ടി മാറ്റി വെച്ചു…കഥാകാരൻ്റെ പേരു പോലും നോക്കാതെ കഥകൾ വായിച്ചു ആസ്വദിക്കുക. അതിനു ചേരും വിധം കമൻ്റ് ഇട്ടു ആ കഥാകാരനെ അല്ലങ്കിൽ കഥാകാരിയെ പ്രോത്സാഹിപ്പിക്കുക.
ഗ്രൂപ്പിലെ പ്രഥാന സംഘാടകരുടെ സപ്പോർട്ട് കിട്ടിയപ്പോഴാണ് എന്തുകൊണ്ട് തനിക്കും കഥകൾ എഴുതി കൂടാ എന്ന ചിന്ത മനസ്സിൽ കടന്നു കൂടിയത്. പ്രവാസിയുടെ ഭാര്യയായ തനിക്ക് കഥകൾക്ക് പഞ്ഞമുണ്ടായിരുന്നില്ല. ചെറുകഥകളിൽ തുടങ്ങിയപ്പോൾ ആദ്യമൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല.
കാരണങ്ങൾ അന്വേഷിച്ച് ഗ്രൂപ്പിലെ മിക്ക പെണ്ണഴുത്തുകളിലൂടെ സഞ്ചരിച്ചു.
സത്യങ്ങളെ തിരിച്ചറിഞ്ഞു. വിട്ടുകൊടുക്കാൻ താൻ തയ്യാറായിരുന്നില്ല. തനിക്കും പ്രശസ്തിയാകണം എന്ന വാശിയായിരുന്നു…
പൂക്കളുടേയും സിനിമാനടികളുടേയും മുഖചിത്രം മാറ്റി സ്വന്തം ഫോട്ടോ തന്നെയിട്ടു. അതിനു ശേഷമെഴുതിയ കഥയ്ക്ക് അപ്രതീക്ഷിതമായ പ്രതികരണം. കഥയിൽ വേണ്ടത്ര കഴമ്പുണ്ടായിരുന്നില്ലെങ്കിലും കഥ സൂപ്പർ ഹിറ്റ്….സന്തോഷം കൊണ്ട് തുള്ളിച്ചാടി…
ആദ്യകഥ മുതൽ സപ്പോർട്ടു ചെയ്ത ആ അപരനാമം എല്ലാ കഥകളിലും കണ്ടു വന്നു…കഥ പോസ്റ്റുചെയ്യുമ്പോൾ ആദ്യം ആ കമൻ്റ് ആയിരിക്കും നോക്കുക. നന്നായിരുന്നാലും ഇല്ലങ്കിലും കമൻ്റ് തീർച്ചയായിരുന്നു.
കഥകൾ കൂടിയപ്പോൾ ആരാധകരും കൂടി…ഫ്രണ്ട് ലിസ്റ്റുകൾ മല പോലെ കുമിഞ്ഞ് കൂടി. ഇൻബോക്സുകൾ നിറഞ്ഞു കവിഞ്ഞു…എന്നിരുന്നാലും ആ അപരനാമം അതിലൊന്നിലുമില്ലായിരുന്നു.
ആശ്ചര്യമായിരുന്നു അവൾക്ക്…അതോടൊപ്പം ആരോടും തോന്നാത്തൊരു ബഹുമാനവും…പിന്നെയും കഥകൾ എഴുതി കൊണ്ടിരുന്നു…ഇതോടൊപ്പം മറ്റു ഗ്രൂപ്പുകളിലും കഥ പോസ്റ്റു ചെയ്തു പോന്നു…അവിടെയും കാണാമായിരുന്നു ആ മുഖം…
തൻ്റെ മനസ്സും സഞ്ചാരവും സ്വപ്നങ്ങളിൽ കൂടി തിരിച്ചറിയുന്നവൻ. ആരായിരിക്കും ആ അപരനാമത്തിൻ്റെ ഉടമ…? അറിയാൻ മനസ്സു വെമ്പൽ കൊണ്ടു. ആയിടക്ക് ഏട്ടൻ ലീവിനു വന്നപ്പോൾ തൻ്റെ എഫ് ബിയിലെ വരവ് കുറഞ്ഞു
കഥകൾ വായിക്കുവാനായി വരുമെങ്കിലും എഴുത്ത് പൂർണ്ണമായും നിറുത്തിവച്ചിരുന്നു. കഥകൾ വായിക്കുന്ന കൂട്ടത്തിൽ ആ മുഖം മറ്റേതെങ്കിലും കഥകളിൽ ഉണ്ടെന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കാനും മറന്നില്ല. എന്നാൽ തന്നെ അതിശയിപ്പിക്കുന്ന ഒന്നായിരുന്നു തനിക്ക് കാണാൻ കഴിഞ്ഞത്. ഒരു കഥകളിലും ആ മുഖം ഇല്ലന്നു മാത്രമല്ല. അവസാന കമൻ്റ് തൻ്റെ കഥക്കായിരുന്നു.
ഏട്ടൻ അവധി കഴിഞ്ഞു പോയപ്പോൾ എഴുതുവാൻ ഒരു പാട് ജീവിതമുഹൂർത്തങ്ങളുണ്ടായിരുന്നു. അതിനു ശേഷമെഴുതിയ കഥയിലെ ആദ്യ കമൻ്റ് പ്രതീഷിച്ചതു പോലെ അവൻ്റെയായിരുന്നു…മനസ്സിൽ വല്ലാത്ത ഒരു സന്തോഷം…
അവൻ്റെ യഥാർത്ഥ മുഖമന്വേഷിച്ചു അവൻ്റെ പ്രൊഫൈൽ മുഴുവൻ കയറിയിറങ്ങിയപ്പോഴും നിരാശ മാത്രമായിരുന്നു. അവശേഷിച്ചത്…ഒരു പാട് വിഷമം തോന്നിയ നിമിഷങ്ങളായിരുന്നു തനിക്കന്നേരം ഒരു റിക്വസ്റ്റ് ഇട്ടാലോ എന്നു വരെ ചിന്തിച്ചു. പിന്നിട് വിചാരിച്ചു, തെറ്റിദ്ധരിച്ചാലോ എന്നു കരുതി ആ ഉദ്യമം ഉപേക്ഷിച്ചു. അപ്പഴാണ് തൻ്റെ മനസ്സിൽ ഒരു ബുദ്ധിയുദിച്ചത്, അവനെ വർണ്ണിച്ചു കൊണ്ടൊരു എഴുത്ത്…
ആ എഴുത്തിന് കമൻ്റ് വന്നിരുന്നില്ല…മണിക്കുറുകൾ കാത്തിരുന്നിട്ടും കമൻ്റിൽ ആ പേര് ഇല്ലായിരുന്നു. കഥ ഒഴിവാക്കാക്കിയാലോ എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് ചുമ്മാ ഇൻബോക്സിൽ ഒന്നു നോക്കി കളയാമെന്ന് വിചാരിച്ചത്. അത്ഭുതമെന്ന് പറയട്ടെ, അവൻ്റെ മെസ്സേജ് അവിടെ ആരും കാണാതെ കിടപ്പുണ്ടായിരുന്നു…
തുറന്നു വായിച്ചു…എനിക്ക് നിങ്ങളുടെ കഥകൾ വളരെ ഇഷ്ടമാണ്. നല്ല ജീവനുള്ള കഥകൾ…പ്രത്യേകിച്ചും ജീവിതഗന്ധിയുള്ള കഥകൾ പലതും തൻ്റെ കഥയാണെന്ന് തോന്നിക്കും വിധം ഭാര്യ ഭർത്താക്കാൻ മാരെ നിങ്ങൾ നന്നായി വരച്ചു കാട്ടുന്നു.
വായിച്ചു തീർന്നതും മറുപടിയായി ഒരുപാട് എഴുതണം എന്നുണ്ടായിരുന്നു. സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. നന്ദി എന്ന രണ്ടു വാക്കിൽ മറുപടി തിരിച്ചയച്ചു. കുറച്ചു നിമിഷങ്ങൾ ഇരുവരും മൗനത്തിലായിരുന്നു. അടുത്ത മെസ്സേജിനായി അവൾ കാത്തിരുന്നു..
കുറച്ചു നിമിഷങ്ങൾക്കു ശേഷം അടുത്ത മെസ്സേജ്…കുട്ടി ഞാനൊരു കാര്യം അവശ്യപ്പെട്ടാൽ ചെയ്തു തരാമോ…?
ആദ്യം ഒന്നു സംശയിച്ചെങ്കിലും കാര്യമറിഞ്ഞിട്ടാകാം എന്നു കരുതി കാര്യം തിരക്കി, എന്താണ്…എന്താണെങ്കിലും പറഞ്ഞോളൂ…
ഞാനൊരു സംഭവം പറയാം, അതൊരു കഥയാക്കാമോ…? കുട്ടിയെഴുതിയാൽ സൂപ്പറാകും. എനിക്ക് എഴുതാനൊന്നും അറിയാൻ പാടില്ലെന്നേ…
അതു കേട്ടപ്പോൾ തന്നെ സുഖിപ്പിച്ചതു പോലെ തോന്നിയില്ല…എന്തോ ഒരു വിശ്വാസം മനസ്സിൽ തോന്നി. കഥ കേൾക്കുന്നതിനു മുൻപായി സമ്മതം നൽകി. ചെയ്യാലോ അതിനെന്താ…പിന്നെ എഴുതിക്കഴിഞ്ഞാൽ ആരും കളിയാക്കുന്ന തരത്തിലൊന്നുമുള്ള കഥയല്ലല്ലോ..കളിയാക്കി കൊണ്ടാണവൾ ചോദിച്ചത്.
അല്ലന്നേ കുട്ടി ഇത് ഒരു ജീവിത കഥയാ…
അയ്യോ..ഈ കുട്ടി വിളിയൊന്ന് ഒഴിവാക്കുമോ മാഷേ…ഞാനൊരു ഭാര്യയാണ്, എനിക്കൊരു പേരും ഉണ്ട്. ചിത്ര അതാണ് എൻ്റെ പേര്…ഒരിക്കൽ കൂടി അവൾ സ്വയം പരിചയപ്പെടുത്തി.
അക്ഷരം കൊണ്ട് ചിത്രങ്ങൾ ഒരുക്കുന്ന എഴുത്തുകാരി. എന്നാൽ ഇനി മുതൽ ചിത്രയെന്നു വിളിക്കാം…അതു കേട്ടപ്പോൾ വീണ്ടും മനസ്സിൽ വല്ലാത്ത ഒരു സന്തോഷം…എന്നിരുന്നാലും മാഷിൻ്റെ പേര് പറയാതിരുന്നതിൽ ചെറിയ നീരസം തോന്നി.
മാഷിൻ്റെ പേര് പറഞ്ഞില്ല…മാഷെന്ന് വിളിച്ചോളൂ. അതെനിക്ക് ഒരു പാട് ഇഷ്ടമായി…എന്നാലും പേരു പറയുന്നേ…താൻ വാശി പിടിച്ചപ്പോൾ വിഷമിപ്പിക്കണ്ട എന്നു കരുതിയാകും, ഒരു പാട് തവണ ചോദിച്ചപ്പോൾ പേര് പറഞ്ഞത്. സുധീവൻ അതാണ് എൻ്റെ പേര്…
സുധി, നല്ല പേര്…യഥാർത്ഥ പേരാണെന്നു പോലും അറിയാതെ ആ പേരവൾ മനസ്സിൽ കുറിച്ചിട്ടു…ആരും കേൾക്കാതെ ഉരുവിട്ടു. സുധിയേട്ടൻ…അല്ല മാഷേ..കഥ പറഞ്ഞില്ലല്ലോ…
മെസ്സേജ് അയക്കാൻ നിന്നാൽ ഇന്നു തീരുമെന്ന് തോന്നുന്നില്ല. ചിത്രക്കു വിരോധമില്ലെങ്കിൽ നമ്പർ തരാമോ…അതാവുമ്പോൾ എളുപ്പം പറയുകയും ചെയ്യാം. ചിത്രക്കു പകർത്തിയെടുക്കുകയും ചെയ്യാം.
തൻ്റെ മറുപടിക്ക് കാത്തുനിൽക്കാതെ ഒന്നിനു പിറകിൽ ഒന്നായി മെസ്സേജ് വന്നുകൊണ്ടിരുന്നു. കഥ കേൾക്കാനല്ലേ…അതായിരിക്കും തനിക്കും നല്ലത്. അവരുടെ ഇമോഷനിൽ കൂടി കഥ പറയാലോ എന്നു കരുതി. കൂടുതൽ ഒന്നും ചിന്തിക്കാതെ നമ്പർ അയച്ചുകൊടുത്തു…
അയച്ചുകൊടുത്ത അടുത്ത നിമിഷം തന്നെ മൊബൈലിൽ ഒരു പുതിയ നമ്പർ തെളിഞ്ഞു വന്നു. അവൾക്ക് ഉറപ്പായിരുന്നു. അത് സുധിയേട്ടനായിരിക്കുമെന്ന്…ആ ശബ്ദം കേൾക്കാനുള്ള ആകാംഷയിൽ ആദ്യ ബെൽ പൂർത്തിയാക്കുന്നു തിനു മുൻപായി ഫോണെടുത്ത് ഹലോ പറഞ്ഞു. മറുതലക്കൽ പൗരക്ഷമുളള ഒരു ശബ്ദം.
ഹലോ ചിത്ര…സുധിയാണ്…
അറിയാം, പറഞ്ഞോളൂ…ആ സംഭാഷണം മണിക്കുറുകൾ നീണ്ടു നിന്നു. അതിനിടയിൽ ആ കഥയും പറഞ്ഞു കഴിഞ്ഞിരുന്നു. കഥ കേട്ടു കഴിഞ്ഞപ്പോൾ അത് സുധിയേട്ടൻ്റെ കഥയായിരിക്കുമെന്ന് അവൾ ഊഹിച്ചു. പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാൻ കഴിയാതെ വീട്ടുകാരുടെ നിർബന്ധത്തിന്നു വഴങ്ങി വിവാഹം കഴിച്ചതിനു ശേഷം അവരുടെ ജീവിതത്തിൽ നടന്ന സംഭവ വികാസങ്ങളായിരുന്നു കഥയിലെ ഉള്ളടക്കം.
അവസാനമെനോന്നം അവൾ നായകനെ ഉപേക്ഷിച്ച് അവളുടെ പൂർവ്വകാമുകൻ്റെ കൂടെ ഒളിച്ചോടുന്നതായിരുന്നു വിഷയം. കേട്ടപ്പോൾ അല്പം വിഷമം തോന്നിയെങ്കിലും അവരുടെ മനസ്സ് വേദനിക്കുമെന്ന് കരുതിയവൾ ചോദിക്കാൻ മുതിർന്നില്ല…
പിന്നേ…കഥ എന്നു മുതൽ എഴുതി തുടങ്ങും…
നാളെ തന്നെ എഴുതി തുടങ്ങാം…
ഞാൻ കാത്തിരിക്കും..ചിത്രേ…
എഴുതാം, മാഷേ…ഇതിൻ്റെ പുറകെ വല്ല വയ്യാവേലീ വരുമോ മാഷേ…
ഒന്നും വരില്ലെന്നേ ഞാൻ ഉറപ്പുതരുന്നു.
മാഷേ…ഇത് ഒരു ചെറുകഥയിൽ ഒതുങ്ങില്ലാട്ടാ…
തുടർക്കഥയായി എഴുതിക്കോളൂ. സംശയമുള്ളത് ഞാൻ പറഞ്ഞു തന്നോളാം. ആശംസകൾ ഫോണിൽ പറയാനുള്ള നാണം കൊണ്ട് അവൾ ടൈപ്പു ചെയ്തു. അപ്പോൾ ശരി സുധിയേട്ടന് വേണ്ടി മാത്രമായി ആ കഥ ഞാൻ എഴുതുന്നു. കഥയിൽ ഈ മുഖം ആദ്യ കമൻ്റായി കാണുന്നതും പ്രതീക്ഷിച്ചു കൊണ്ട് ഞാൻ നിറുത്തുന്നു…എന്ന ലാസ്റ്റ് മെസ്സേജും അയച്ചു കൊണ്ടവൾ കഥക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
അങ്ങിനെ കഥ എഴുതി തുടങ്ങി. കഥയ്ക്ക് പേരും നൽകി. ദാമ്പത്യം…ആദ്യഭാഗത്തിന് മികച്ച പ്രതികരണമായിരുന്നു. സത്യമായ കഥയായതുകൊണ്ടാകാം. കഥയുടെ ബാക്കി അറിയാൻ ആരാധകർ തിരക്കുകൂട്ടിയിരുന്നത്. ഒരോ ദിവസവും കഥയുടെ കാര്യങ്ങൾ സംസാരിക്കുന്ന കൂട്ടത്തിൽ അവർ പരസ്പരം പലതും സംസാരിച്ചു…
വെറുപ്പ് തോന്നിക്കാത്ത സംസാരം മാന്യമായ വാക്കുകൾ പ്രയോഗിക്കുക എന്ന ഒറ്റ കാരണത്താൽ സുധിയോട് അവൾക്ക് ഒരു പ്രത്യേക അടുപ്പം തോന്നി. കോളുകളുടെ എണ്ണത്തിലും സമയത്തിൻ്റെ ദൈർഘ്യത്തിലും മാറ്റങ്ങൾ വന്നു. പകലുകളിൽ നിന്ന് രാത്രികളിലേക്കും സംസാരം നീണ്ടു പോയി…
ഒരിക്കൽ വിദേശത്തു നിന്ന് ഏട്ടൻ പരാതി പറഞ്ഞപ്പോൾ സുധിയുടെ തീരുമാനമനുസരിച്ചാണ് പുതിയ സിം എടുത്തത്. അതിനു ശേഷം രാത്രികൾ പകലുകളാക്കി. ഉറക്കമില്ലാതെ ആകാശത്തിനു കീഴെയുള്ള എല്ലാത്തിനേയും കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നു…
വീട്ടിലെ കാര്യങ്ങളിൽ പോലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയായി. അമ്മായി അമ്മ പലപ്പോഴും പരാതി പറഞ്ഞങ്കിലും ഞാനെൻ്റെ ഏട്ടനോട് സംസാരിക്കുന്നതിൽ തള്ളക്ക് എന്തിൻ്റെ സൂക്കേടാ എന്നു പറഞ്ഞു അവരെ ഭയപ്പെടുത്തി. പാവം അവരറിയുന്നില്ലല്ലോ…തൻ്റെ മുന്നിൽ ഇരുന്ന് വിളിക്കുന്നത് കാമുകനോടൊപ്പമാണെന്ന്…
സുധിയോട് സംസാരിക്കുമ്പോൾ അവർക്ക് ഒട്ടും സംശയം തോന്നിയിരുന്നുമില്ല. തൻ്റെ സ്നേഹസംഭാഷണങ്ങളാകാം അവരിൽ പ്രതികരിക്കാൻ ഇട നൽകാതിരുന്നത്. ജൂൺ മാസത്തിലെ മഴയിൽ തണുത്തു വിറച്ചു കിടക്കുമ്പോൾ സുധിയുടെ കോളിനായി അവൾ കാതോർത്തു കിടക്കും. ഫോൺ കോളുകളിൽ നിന്ന് പതിയെ വീഡിയോ കോളിലേക്ക് ആ ബന്ധം വളർന്നു.
പരസ്പരം കണ്ടു സംസാരിക്കുമ്പോൾ സുധിയേട്ടൻ തൻ്റെയരികിൽ ഉള്ളതുപോലെയായിരുന്നു അവൾക്ക്…പതിയെ സംഭാഷണത്തിൽ ദ്വയാർത്ഥം കലർന്നുള്ള സംസാരമായി. താൻ അത് ഇഷ്ടപ്പെടുന്നുവെന്ന് മനസ്സിലാക്കിയിതിനാലാവാം സംസാരങ്ങളിൽ ഏറിയ പങ്കും സുധിയേട്ടൻ അതിനു വേണ്ടി മാത്രമായി മാറ്റിവെച്ചത്.
നേരിട്ടുള്ള ചുംബനത്തേക്കാളും ശക്തിയായിരുന്നു ആ മൊബൈലിലൂടെയുള്ള ചുംബനങ്ങളിലൂടെ തനിക്ക് നൽകിയത്…അത്രകണ്ട് വികാരം അതിൽ നിറഞ്ഞു നിന്നിരുന്നു…ചുംബനങ്ങളിൽ നിന്ന് പതിയെ ശരീരഭാഗങ്ങളിലേക്കും ആ അധരങ്ങൾ ഒഴുകി നടന്നു…എനിക്കതിൽ തെറ്റായി ഒന്നും തോന്നിയിരുന്നില്ല…ഈ തണുപ്പിൻ താനും അതാഗ്രഹിച്ചിരുന്നു…
ദിവസങ്ങൾ കഴിയുംതോറും ബന്ധം വഷളായികൊണ്ടിരുന്നു. എനിക്ക് സുധിയേട്ടൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന ഘട്ടത്തിലായി…സുധിയേട്ടൻ്റെ ആവശ്യമനുസരിച്ച് തൻ്റെ നഗ്നമേനികൾ രാത്രികളിൽ സുധിയേട്ടൻ്റ നയനങ്ങൾക്ക് വിരുന്നൊരുക്കി. താൻ പലപ്പോഴും നേരിട്ട് കാണണമെന്ന് പറയുമ്പോഴും സുധിയേട്ടൻ ഒരോരോ കാരണം പറഞ്ഞൊഴിയും.
സുധിയേട്ടനായുള്ള ബന്ധത്തിനു ശേഷം ഗ്രൂപ്പുകളിൽ കയറാറേ ഇല്ല. തൂലിക ചലിപ്പിച്ചിട്ടു തന്നെ മാസങ്ങളായി…അങ്ങിനെ സന്തോഷമായി പോകുന്ന വേളയിലാണ്. ഒരിക്കൽ സുധിയേട്ടൻ ഫോണിലൂടെ തൻ്റെ മുന്നിൽ ആദ്യമായി കരഞ്ഞത്…
ഒരു പാട് തവണ ചോദിച്ചിട്ടും കാരണം പറഞ്ഞില്ല. അപ്പോൾ എനിക്ക് തോന്നിയത് സുധിയേട്ടന് എന്തോ അസുഖം ഉണ്ടെന്നുള്ളതായിരുന്നു. എൻ്റെ കണ്ണുനീരിൻ്റെ മുന്നിൽ സുധിയേട്ടൻ ആ കാര്യം തുറന്നു പറയുകയായിരുന്നു. ആദ്യ ഭാര്യ അല്പം കടം വരുത്തിവെച്ചാണ് സ്ഥലം വിട്ടത്…അതു വീട്ടണമെങ്കിൽ കുറച്ചു പൈസ വേണം…അല്ലങ്കിൽ പറമ്പും വീടും ജപ്തി ചെയ്യുമെന്നാണ് ബാങ്കുകാർ പറഞ്ഞത്. അങ്ങിനെ സംഭവിച്ചാൽ ഞാനും പ്രായമായ തൻ്റെ അമ്മയും തെരുവിൽ നിൽക്കേണ്ടി വരും…
സുധീയേട്ടൻ്റെ കരയുന്ന മുഖം തൻ്റെ ഉറക്കം കെടുത്തി. തന്നോടു ചോദിച്ചില്ലെങ്കിലും തനിക്ക് അവരെ സഹായിക്കേണ്ട കടമയുണ്ട്. ഒരാപത്തിൽ സഹായിക്കുന്നതല്ലേ യഥാർത്ഥ കൂട്ടുകാരി…പീന്നീട് വിളിച്ചപ്പോൾ താൻ സഹായിക്കാമെന്ന് പറഞ്ഞപ്പോൾ സുധിയേട്ടൻ എതിർത്തു. തൻ്റെ നിർബദ്ധം കൊണ്ട് അവസാനം സമ്മതിച്ചു.
വീടു പണിയാനായി എട്ടൻ ചേർത്തുവെച്ച അക്കൗണ്ടിൽ നിന്ന് 3 ലക്ഷം രൂപയെടുത്തു കൊടുത്തു…തിരിച്ചു തരും എന്ന് നൂറു തവണ പറഞ്ഞിരുന്നു. എന്നിട്ടും ആ പൈസ വാങ്ങുവാൻ സുധിയേട്ടൻ തന്നെ കാണാൻ വന്നിരുന്നില്ല. ഏതോ ഒരു മുരളീധരൻ്റെ അക്കൗണ്ട് നമ്പർ തന്നിട്ട് അതിലേക്ക് ഇട്ടു കൊടുത്താൽ മതിയെന്നു പറഞ്ഞു. പണം നൽകേണ്ട ആളാണെന്നു പറഞ്ഞപ്പോൾ സുധിയേട്ടനോടുള്ള വിശ്വാസം കൂടിയതേ ഉള്ളൂ…പൈസ കൈപ്പറ്റിയതിനു ശേഷം ഒരുപാട് നന്ദി വാക്കുകൾ കൊണ്ടന്നെ മൂടി…
ദിവസങ്ങൾ കഴിയുംതോറും കോളുകളുടെ എണ്ണവും കുറഞ്ഞു വന്നു. താൻ അങ്ങോട്ട് വിളിച്ചാൽ മാത്രമായി സംസാരം…കാരണമന്വേഷിക്കുമ്പോൾ തിരക്കുകൾ ആണെന്ന് പറഞ്ഞ് ഒഴിയും. അതെന്നെ വല്ലാതെ വേദനിച്ചു…സുധിയേട്ടനോട് സംസാരിക്കുമ്പോൾ എൻ്റെ വിഷമങ്ങൾ എല്ലാം പമ്പ കടന്നിരുന്നു. എന്നാൽ ഇപ്പോൾ സംസാരിക്കാൻ പോലും സമയമില്ലാതെയായി.
ആയിടക്കാണ് എനിക്ക് ഒരു ജോലി ശരിയായിട്ടുണ്ട്, ചിലപ്പോൾ വിദേശത്തേക്ക് പോകേണ്ടി വരുമെന്ന് സുധിയേട്ടൻ പറഞ്ഞത്. അത് താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കാരണമായി എടുത്തു പറഞ്ഞത്, തൻ്റെ കടം വീട്ടുവാനായി എനിക്ക് പോയേ പറ്റൂ വെന്ന്…പൈസയുടെ കാര്യങ്ങൾ ഞാൻ സംസാരിച്ചിരുന്നതേ ഇല്ല…
പിറ്റേന്ന് രാവിടെ വിദേശത്തു നിന്ന് ഏട്ടൻ വിളിച്ചു പറഞ്ഞു, പിൻവശത്ത് അരമതിലു കെട്ടാൻ പണിക്കാരു വരും നീ ബാങ്കിൽ പോയി കുറച്ചു പൈസ അവർക്കെടുത്തു കൊടുക്കണമെന്നും പറഞ്ഞു. ജോയിൻറ് അകൗണ്ടായതിനാൽ താൻ തന്നെ പോകേണ്ട കാരണത്തിൽ കുളിച്ചൊരുങ്ങി ബാങ്കിലെത്തി.
ടോക്കൺ നമ്പറിനായി കാത്തിരുന്നപ്പോൾ തൊട്ടടുത്തായി ഒരു സ്ത്രീയും ഒരു കുട്ടിയും നിൽപുണ്ടായിരുന്നു. അമ്മയോട് ചിരിച്ചു കളിച്ചു ഇരിക്കുന്നതിനിടയിൽ അവരുടെ കയ്യിൽ നിന്ന് പേഴ്സ് നിലത്തു വീണു. തുറന്നു വീണ ആ പേഴ്സിൻ്റെ നടുക്കായി ഞാൻ കണ്ടു, ആ സ്ത്രിയോടും കുട്ടിയോടൊപ്പം ചിരിച്ചു കൊണ്ടു നിൽക്കുന്ന സുധിയേട്ടൻ.
ആ കാഴ്ച കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. കുറച്ചു നേരത്തേക്ക് കണ്ണിൽ ഇരുട്ടു കയറിയ പോലെ…ശരീരം ആകെ മരവിച്ചു പോയിരുന്നു…അവരോടിത് ആരാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല…മോളേയൊന്ന് നോക്കണേ ഇപ്പോൾ വരാമെന്ന് പറഞ്ഞ് ആ സ്ത്രീ കാശ് കൗണ്ടറിലേക്ക് നടന്നപ്പോൾ ധൈര്യം വീണ്ടെടുത്ത് ആ കുട്ടിയോട് ചോദിച്ചു.
മോളെ ടെ പേരന്തൊ…?
നിരഞ്ജന…
അമ്മയുടെയോ.. ?
നീരജ…
അച്ഛൻ്റെയോ…?
മുരളീധരൻ…മോളെടെ അച്ചൻ എവിടെയാ…?
വീട്ടിൽ ഉണ്ടല്ലോ…
പിന്നീടൊന്നും ആ കുട്ടിയോടെനിക്ക് ചോദിക്കുവാനുണ്ടായിരുന്നില്ല…എല്ലാം സുധിയേട്ടനോട് നേരിട്ട് ചോദിക്കാനുള്ളതായിരുന്നു…അപ്പോഴേക്കും ആ സ്ത്രീയും തിരിച്ചെത്തിയിരുന്നു. നന്ദി പറഞ്ഞ് അവർ നടന്നകലുന്നതും നോക്കിയിരിക്കുമ്പോഴാണ് തൻ്റെ ടോക്കൻ നമ്പർ വിളിച്ചത്…
പൈസയും വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ മായാതെ ആ ചിത്രമുണ്ടായിരുന്നു. ബസ്സിൽ വെച്ചു തന്നെ സുധിയേട്ടനെ വിളിക്കണമെന്ന് ആയിരം വട്ടം കരുതിയതാണ്. കോപ പെട്ട് താനെന്തെങ്കിലും പറഞ്ഞു പോയാൽ ആളുകൾ ശ്രദ്ധിക്കും.
വീട്ടിൽ വന്നു, കരഞ്ഞു കലങ്ങിയ കണ്ണുമായി മുറിയിലേക്ക് ഓടി. കതകടച്ചു കുറ്റിയിട്ടതിനു ശേഷം സുധിയേട്ടനെ വിളിച്ചു…ഒന്നു രണ്ടു തവണ വിളിച്ചതിനു ശേഷമാണ് സുധിയേട്ടൻ ഫോൺ എടുത്തത്. കോപം അടക്കിപിടിച്ചു കൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്.
സുധിയേട്ടൻ ഇപ്പോൾ എവിടെയാണ്…?
ഞാൻ വീട്ടിലുണ്ട്…
എനിക്ക് ഒന്നു രണ്ടു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്…
അതിനെന്താ ചിത്രേ…നീ ചോദിക്കുന്നതിന് നിൻ്റെ സുധിയേട്ടൻ മറുപടി പറഞ്ഞിരിക്കും, ചിരിച്ചുകൊണ്ടാണ് അയാൾ മറുപടി പറഞ്ഞത്.
സുധിയേട്ടൻ്റെ ഭാര്യയുടെ പേരെന്താണെന്നാ പറഞ്ഞേ…?
അതെന്തിനാ ഇപ്പോൾ ചോദിക്കുന്ന, അവളുടെ പേര് പറയാൻ തന്നെ എനിക്ക് അറപ്പാണ്.
ഒന്നുമില്ല സുധിയേട്ടാ…ഒരു കഥയെഴുതാമെന്ന് വെച്ചിട്ടാ…
നിനക്കറിയാവുന്നതല്ലേ ചിത്രേ…
എന്നാലും പറയൂ സുധിയേട്ടാ, ഞാനത് മറന്നു പോയി.
അവളുടെ പേര് കാവേരി…
സുധിയേട്ടന് മകളുുണ്ടോ…
ആ ചോദ്യത്തിന് അല്പനേരം കഴിഞ്ഞാണ് അവർ മറുപടി പറഞ്ഞത്. നീ എന്തൊക്കെയാ ഈ പറയുന്നേ…കല്യാണം കഴിഞ്ഞ് മൂന്ന് മാസം ഒരുമിച്ച് ജീവിച്ചിട്ടും അവൾ എന്നെക്കൊണ്ട് ഒന്നു തൊടാൻ പോലും സമ്മതിച്ചിട്ടില്ല…പിന്നെയെങ്ങിനായാ എൻ്റെ ചിത്രേ കുട്ടികൾ…
പറഞ്ഞു തീർന്നതും ഒരു നീണ്ട നെടുവീർപ്പട്ടതിൻ്റെ ശബ്ദം തൻ്റെ കാതുകളിൽ വന്നു പതിച്ചതയാൾ അറിഞ്ഞു കാണില്ല. അപ്പോൾ നീരജയോ…?
ഏത് നീരജ…?
നിരഞ്ജനയേ അറിയോ…?
നിങ്ങളുടെ മോള് നിരഞ്ജന…
നീ എന്തൊക്കെയാ ഈ പറയുന്നേ. നിനക്ക് കഥയെഴുതി കഥയെഴുതി വട്ടായോ…
വട്ട് എനിക്കല്ല. സ്വന്തം ചോരയിൽ ജനിച്ച മകളെ അറിയില്ല എന്നു പറയുന്ന തനിക്കാണ് വട്ട്…
പറഞ്ഞു തീരുന്നതിനു മുൻപായി മറുതലക്കൽ ഫോൺ കട്ടായിരുന്നു. ഒരു പാട് തവണ വിളിച്ചു നോക്കിയെങ്കിലും ആ ഫോണിലേക്ക് കോൾ കണക്ടായിരുന്നില്ല. വേഗം തന്നെ മൊബെലിൽ എഫ് ബി ഓപ്പൺ ചെയ്തു. സുധിയേട്ടനെ തിരക്കി…അങ്ങിനെ ഒരു പേരു പോലും എഫ് ബി യിൽ ഉണ്ടായിരുന്നില്ല…മെസ്സേഞ്ചറിൽ നിറമില്ലാത്ത ആ ചിത്രത്തിലേക്ക് മെസ്സേജ് അയക്കുവാൻ കഴിയില്ല എന്ന മറുപടി മാത്രം…
താൻ വഞ്ചിക്കപ്പെട്ടിരിക്കുന്നു…ഒരുപാട് കരഞ്ഞു…പണത്തിനു വേണ്ടി ഒരു സ്ത്രീയെ ആസൂത്രിതമായി…അവൾ കഴിഞ്ഞു പോയ സംഭവങ്ങൾ ഒരോന്നും ഓർത്തുകൊണ്ട് ആ കിടക്കയിൽ കിടന്ന് പൊട്ടിക്കരഞ്ഞു. കുറച്ചു കഴിഞ്ഞ് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ കണ്ണുകൾ തുടച്ചു കൊണ്ടെഴുന്നേറ്റു.
മുഖം കഴുകി നേരെ ബാങ്കിലേക്ക് തിരിച്ചു. ബാങ്കു മേനേജരെ പരിചയമുള്ളത് കൊണ്ട് നേരിട്ട് സംസാരിക്കാൻ അനുമതി കിട്ടി. സാർ കഴിഞ്ഞ മാസം ഞാനൊരു മുരളിധരന്റെ അക്കൗണ്ടിലേക്ക് കുറച്ചു പൈസ ട്രാൻസ്ഫർ ചെയ്തിരുന്നു. ആ പൈസ അവിടെ കിട്ടിയോ എന്ന് അറിയാൻ സാധിക്കുമോ…? താൻ വച്ചുനീട്ടിയ അകൗണ്ട് നമ്പർ പരിശോധിച്ചയാൾ പറഞ്ഞു…പൈസ കൈപ്പറ്റിക്കാണും ആ അകൗണ്ട് ഇപ്പോൾ നിലവിൽ ഇല്ല.
സാർ നീരജ എന്ന വല്ല കുട്ടിയുടെ അക്കൗണ്ട് ഉണ്ടോ സർ…അവർ വീണ്ടും കംപ്യൂട്ടറിൽ ഇറ്റുനോക്കി കൊണ്ടു പറഞ്ഞു….ഒരു പാട് നീരജ മാരുണ്ട്. അകൗണ്ട് നമ്പർ അറിഞ്ഞാൽ എളുപ്പം കണ്ടു പിടിക്കാം.
സർ നീരജ മുരളീധരൻ അങ്ങിനെ ഒരു അക്കൗണ്ട്…?
ഇവിടെയില്ല കുട്ടി. അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടതിൻ്റെ നിരാശയിൽ അവിടെ നിന്നിറങ്ങി. പണത്തിനേക്കാളേറേ മാനവും നഷ്ടപ്പെട്ടതോർത്തപ്പോൾ ഇനി തൻ്റെ മുന്നിൽ മരണം മാത്രം…അവൾ അതിനു വേണ്ട തയ്യാറെടുപ്പുകൾ തുടങ്ങി…
ദിവസങ്ങളായി ഉറക്കം അവളിൽ നിന്ന് വിട്ടകന്നിരുന്നു. സദാസമയവും ഈ ചിന്ത മാത്രം…പിന്നിടാണവൾക്ക് തോന്നിയത്. തൻ്റെ മരണത്തോടെ നഷ്ടപ്പെടുന്നത് തൻ്റെ വീട്ടുകാർക്ക് മാത്രമായിരിക്കും…അവൻ ചതിക്കുഴി വിരിച്ച് തന്നെ പോലെ ഇനി ഒരുവളെ കാത്തിരിക്കുന്നുണ്ടാകും…കണ്ടു പിടിക്കണം. അവനെ കയ്യോടെ പിടിക്കണം…
പുതിയ ഒരു എഫ് ബി യുമായി അപര നാമത്തിൽ അവൾ കഥകൾ എഴുതി തുടങ്ങി. ചന്ദ്രഹാസസൻ എന്ന ആളുടെ ആദ്യ കമൻ്റും വന്നു…
മാസങ്ങൾ പിന്നിട്ടപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിലിരുന്നു അവൻ ഇപ്പോഴും പറയുന്നുണ്ടാകും…ഇവിടെ നിന്ന് ഇറങ്ങിയതിനു ശേഷം ആരെ കൊണ്ടെങ്കിലും ഒരു കഥയെഴുതിക്കണമെന്ന്….
NB: ഒരു കഥ പറയട്ടെ…എഴുതുമോ, സംഭവ കഥയാണ് കുട്ടിയെഴുതിയാൽ നന്നാവും…ചതിക്കുഴികൾ കുഴിച്ചിരിക്കുന്നവരോട് കൂട്ടുകുടുമ്പോൾ…ഒന്നു കൂടി ചിന്തിച്ചിട്ട് തൂലിക പടവാളാക്കിയാൽ സ്വന്തം നഗ്നമേനിയെങ്കിലും നാട്ടുകാർ കാണാതെ സൂക്ഷിക്കാനാകും…