ഒന്നുകിൽ നീ കള്ളം പറയുന്നു,അല്ലെങ്കിൽ ആ പെണ്ണിന് തലക്ക് സുഖണ്ടാവില്ല.അല്ലാണ്ട് ഒരാളും നിന്റെ വട്ടിന് കൂട്ട് നിൽക്കില്ല

രചന: ദിവ്യ അനു അന്തിക്കാട്

രമേശന്റെ കല്യാണം ഉറപ്പിച്ചോ…? പെണ്ണ് കിട്ടിയല്ലേ…? ഹോ, അങ്ങനെ അത് കഴിഞ്ഞല്ലേ…അമ്മിണിയമ്മക്ക് സമാധാനമായല്ലോ…

സമാധാനമായി എന്റെ രമണിയെ…ഒരു വിധത്തിൽ അതങ്ങനെ ശരിയായി. അതൊന്ന് കഴിയാൻ ഞാൻ നടത്താത്ത പൂജേം വഴിപാടും ഇല്ല. ചെറുക്കന് വയസ്സ് മുപ്പത്തിമൂന്നു ആയി ഈ കുംഭത്തില്. ഇനീം വച്ചോണ്ടിരുന്നാൽ കടുമാങ്ങ ഉപ്പിലിട്ട പരുവം ആകൂല്ലേ ചെക്കൻ..!!

ആ എന്തായാലും കുടുംബത്തോടൊപ്പം വരണം, ഞാനിറങ്ങുന്നു ട്ടോ….

അല്ല അമ്മേ നിങ്ങൾ എത്ര നേരം വേണം ക്ഷണിക്കാൻ…ഇതുപോലെ ഓരോ വീട്ടിലും രണ്ട് മണിക്കൂർ ഇരുന്നാൽ കെട്ടിന്റന്നു മുഹൂർത്തനേരത്തുപോലും വിളിച്ചു തീരില്ല ഉറപ്പാ…

“ചിലക്കാണ്ട് വണ്ടിയെടുക്കട നീ”

****** **** **** ******

“അല്ല രമേശാ നീ ശരിക്കും ആ പെണ്ണിനോട് പറഞ്ഞോ നിന്റെ മനസ്സിലെ ആഗ്രഹം…എന്നിട്ട് അവൾ സമ്മതിച്ചോ…? എനിക്ക് ഇതൊന്നും അത്രക്കങ്ങ് ദഹിക്കുന്നില്ല ട്ടാ. ഒന്നുകിൽ നീ കള്ളം പറയുന്നു, അല്ലെങ്കിൽ ആ പെണ്ണിന് തലക്ക് സുഖണ്ടാവില്ല. അല്ലാണ്ട് ഒരാളും നിന്റെ വട്ടിന് കൂട്ട് നിൽക്കില്ല…”

എന്റെ അരവിന്ദേ ഇതൊന്നും അത്ര വല്യേ കാര്യമല്ല. പിന്നെ ലോകത്ത് ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ…?

അയ്യോടാ ഇല്ല വല്യ കാര്യമേ അല്ല…എടാ വെളിവില്ലാത്തോനെ ഉള്ള പദ്മരാജൻ സിനിമ മുഴുവനും നാനൂറ്റിപ്പത്ത് തവണ കണ്ടതും പോരാ, തൂവാനതുമ്പിയിലെ ക്ലാര ജയകൃഷ്ണനെ ഇഷ്ടപെട്ടത് പോലെ നിന്നോട് പെരുമാറണമെന്നും അതിലെ രാധ ജയകൃഷ്‌ണനോട് ക്ഷമിച്ച് കാത്തിരുന്നതുപോലെ ഒക്കെ നിന്നോട് ചെയ്യണം എന്നൊക്കെ പറയാൻ നിനക്ക് വല്ല കേടുമുണ്ടോ…? എടാ അതിന് എന്റെ അറിവിൽ ഒരു പ്രേമം പോലും നിനക്കില്ലായിരുന്നു. പിന്നെ എന്തോന്നെടുത്ത നിന്നോട് ആ കൊച്ചു ക്ഷമിക്കണ്ടേ…? എന്റെ ദൈവേ ഇതുപോലെ വെളിവില്ലാത്തൊരുത്തനെ എന്തിനെനിക്ക് കൂട്ടുകാരനായി തന്നു…എന്തായാലും ഇനി കുറച്ചീസം കൂടെ അല്ലേ ഉള്ളു നമുക്ക് നോക്കാമെടാ നോക്കാം അവള് കെട്ടു നടക്കാൻ വേണ്ടി വെറുതെ പറഞ്ഞതായിരിക്കും നോക്കിക്കോ…

അങ്ങനെ ആ ദിവസം വന്നെത്തി. പഴമയെ അങ്ങേ അറ്റം ഇഷ്ട്ടപെടുന്ന രമേശൻ കല്യാണം എങ്ങനെ ആയിരിക്കണം എന്ന് പെണ്ണ് വീട്ടുകാരോട് അഭിപ്രായം പറഞ്ഞിരുന്നത് കൊണ്ട് രമേശന്റെ ഇഷ്ടപ്രകാരം പെണ്ണിന്റെ വീട്ടുമ്മറത്തു പന്തലിട്ട് കല്യാണം നടത്തിയത്.

പഴയ തോരണം വരെ ആ വീട്ടുകാർ ഒപ്പിച്ചെടുത്തു എന്നതാണ് സത്യം. കല്യാണവും റിസെപ്ഷനും കഴിഞ്ഞ് എല്ലാവരും പോയി. ആദ്യരാത്രി പെണ്ണും വീട്ടിലായതു കൊണ്ട് രമേശന് ഒരു നാണക്കേട് ഉണ്ടായിരുന്നു…

പെണ്ണിന്റെ അമ്മ ഇടയ്ക്കിടെ ചായേം കാപ്പീം പലഹാരങ്ങളും ഒക്കെയായി തീറ്റിച്ചു മൂന്ന് ദിവസങ്ങൾ എങ്ങനെയോ കടന്നുപോയി. നാലാം ദിവസം രാവിലെ സ്വന്തം വീട്ടിലേക്ക് രമേശനും ഭാര്യയും യാത്രയായി.

വഴിക്ക് വച്ച് അരവിന്ദന്റെ വീട്ടിൽ രമേശനും പെണ്ണും വന്നെന്നറിഞ്ഞു കവലയിൽ നടത്തണ “അരവിന്ദൻ ഇലക്ട്രോണിക്സ്” എന്ന സ്വന്തം കടക്ക് അവധിയും കൊടുത്ത് അരവിന്ദൻ വീട്ടിലേക്ക് പാഞ്ഞു. ആ പാച്ചിലിനു ഒരു ലക്ഷ്യം കൂടെ ഉണ്ടായിരുന്നു. അവന്റെ ഭാര്യ അവനുദ്യേശിച്ച പോലെ ആയിരിക്കില്ല എന്നത് മനസ്സ് കൊണ്ട് ഉറപ്പിച്ചിരുന്നു. കല്യാണദിവസം ശരിക്കും കാണാനും പറ്റിയില്ല, അപ്പോപ്പിന്നെ അവനെ ഒന്നാസാക്കിയിട്ട് തന്നെ കാര്യം…

അതുകൊണ്ടാണ് അരവിന്ദന്റെ പാച്ചിലിനു സ്പീഡ് കൂടിയത്. ഉമ്മറത്തു വണ്ടി നിർത്തി അകത്തേക്ക് ഓടിക്കയറിയതും കണ്ടു അവന്റെ പെണ്ണിനെ…

“ഇതിപ്പോ ക്ലാരയുടെ വേഷമാണോ…അതോ രാധയുടെയോ…ക്ലാര തന്നെ ഉറപ്പിച്ചു. വട്ട പൊട്ടും അങ്ങനെ എന്തൊക്കെയോ സാമ്യതകൾ….ഈ നാല് ദിവസത്തിനുള്ളിൽ എങ്ങനെ ഇതൊപ്പിച്ചെടുത്തു ഇവൻ…”

“കൊച്ചേ ഒന്നും വിചാരിക്കില്ലെങ്കിൽ ഒരു കാര്യം ചോദിക്കട്ടെ ഏറ്റോം ഇഷ്ട്ടപെട്ട സിനിമയേതാ…?”

“അതോ അത്…ഞാൻ ഗന്ധർവ്വനും തൂവാനത്തുമ്പിയും”. “പിന്നെ ജയേട്ടന് ഇഷ്ടമുള്ളൊണ്ട് മാത്രം അല്ലാട്ടോ എനിക്കും ജീവനാ ഈ സിനിമയൊക്കെ…”

“അതൊക്കെ ശരി ആരാ ഈ ജയേട്ടൻ…?”

“അതോ…അത് രമേശൻ എന്ന പേരിനേക്കാളും ജയകൃഷ്ണൻന്ന നല്ലത് അത് ചുരുക്കി ജയേട്ടാ എന്ന് ആക്കി ഞാൻ”

“ആണോ മോളെ…എന്നാപ്പിന്നെ വട്ടേപ്പറമ്പത്ത് എന്ന അവന്റെ വീട്ട് പേര് മാറ്റി, മണ്ണാറത്തൊടി എന്നാക്കിക്കൂടെ…അല്ല അതാവുമ്പോ എല്ലാം ശരി ആയേനെ”. “എന്റെ ദൈവമേ രണ്ടു കച്ചോടം നടക്കണ സമയത്ത് ഇമ്മാതിരി വട്ട് കാണാൻ ഇറങ്ങി വരേണ്ടായിരുന്നു…”