കൂടപ്പിറപ്പ് – രചന: Jerin Dominic
അടുക്കളയിൽ ചായ എടുക്കുന്ന ഏട്ടത്തിയെ കണ്ടാണ് അമൃത അങ്ങോട്ട് വന്നത്…അയ്യോ ഈ വയ്യാത്ത സമയത്തു എന്തിനാ ശിവേച്ചി അടുക്കളയിൽ വന്നത്, എന്നോട് പറഞ്ഞാൽ പോരായിരുന്നോ…
എപ്പോഴും എങ്ങനെയാടി നിന്നെ ബുദ്ധിമുട്ടിക്കുന്നേ..അതുമല്ല പ്രസവിക്കുന്ന ആദ്യ ആളൊന്നുമല്ലല്ലോ ഞാൻ. ഇത് മൂന്നാമത്തെ ആടി…
എന്നാലും എന്നോട് പറഞ്ഞാൽ മതിയായിരുന്നു. എനിക്കിവിടെ എന്താ പണി…
അതൊന്നും സാരമില്ലടി….
അതൊന്നും പറഞ്ഞാൽ പറ്റില്ല, ഒന്നല്ല രണ്ടെണ്ണം ആണ്, വേം സ്ഥലം വിട്ടോ, ചായ ഞാൻ കൊണ്ടുവന്നേക്കാം…
അമൃത !!നിനക്ക് എന്നോട് അസൂയ ഉണ്ടോടി…
പിന്നെ !! എനിക്ക് അസൂയ മാത്രമേ ചേച്ചിയോട് ഉള്ളു, ആദ്യത്തെ രണ്ടും ഇരട്ടകൾ ഇപ്പൊ ഇതും അങ്ങനെ തന്നെ….
അമൃതേ !!!
അമൃത ചിരിച്ചുകൊണ്ട് ചേച്ചിയുടെ അടുത്ത് തിരിഞ്ഞുനിന്നു. ഒന്ന് പോയെ ചേച്ചി…എനിക്ക് സന്തോഷം മാത്രമേ ഉള്ളു…ഒരിക്കലും കുട്ടികൾ ഉണ്ടാകില്ലെങ്കിലും ചേച്ചിടെ മക്കൾ എന്റെയും മക്കൾ അല്ലെ ചേച്ചി…എനിക്കും മനുവേട്ടനും അത് മാത്രം മതി…
അമൃതേ !!വിഷമം ആയോ നിനക്ക്, ഞാൻ വേറൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല…
ശോ ഈ ശിവേച്ചി !!! പോയേ പോയേ…ഏട്ടത്തിയെ പറഞ്ഞുവിടാൻ അമൃത തിടുക്കം കൂട്ടി. നിറഞ്ഞുവരുന്ന കണ്ണീർ ഏട്ടത്തി കാണരുതെന്ന് അമൃതയ്ക്ക് തോന്നി…
*************
ശ്രീയേട്ടാ…
എന്താ ശിവേ…എവിടെ ചായ…?
അമൃത ഓടിച്ചു അവിടുന്ന്…
അങ്ങനെയാ സ്നേഹം ഉള്ളവർ, രണ്ടും ഇവിടുത്തെ മരുമക്കൾ ആണെങ്കിലും ചിലസമയങ്ങളിൽ തോന്നും ചേച്ചിയും അനിയത്തിയും ആണെന്ന്…ആ…അതിനും വേണം ഒരു ഭാഗ്യം.
ശരിയാ ഏട്ടാ…പക്ഷെ അവൾ ഒത്തിരി വേദനിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതൊന്നും പുറത്തു കാണിക്കാതെ എല്ലാം സഹിക്കുവാ, പാവം…
സത്യം…പാവം തോന്നും അവരുടെ കാര്യം ഓർക്കുമ്പോൾ…രണ്ടര വർഷം ആയില്ലേ കല്യാണം കഴിഞ്ഞിട്ട്. മനുവിന് ഒരിക്കലും അച്ഛൻ ആവാൻ പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞിട്ടും അവൾ അവനെ ഉപേക്ഷിക്കാൻ തയ്യാർ ആയിരുന്നില്ല. അമൃത എല്ലാം ഒറ്റയ്ക്ക് സഹിക്കുവാണല്ലോ എന്നോർക്കുമ്പോൾ….ഒരു ദീർഘനിശ്വാസത്തോടെ ശ്രീ പറഞ്ഞു നിർത്തി…
ശ്രീയേട്ട…അവൻ അവളുടെ മുഖത്തേക്ക് നോക്കി.
എന്താ ശിവേ…എന്തെങ്കിലും പറയാൻ ഉണ്ടോ നിനക്ക്…?
അതുപിന്നെ…ദേഷ്യപ്പെടരുത്.
എന്താ ശിവ…ഞാൻ എന്തിനാ ദേഷ്യപ്പെടുന്നെ…നീ കാര്യം പറ…
അത്…ഞാൻ ഗർഭണി ആണെന്ന് അറിഞ്ഞപ്പോൾ മുതൽ മനസ്സിൽ കേറിയ ഒരു കാര്യം…ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനം ആണ്…
എന്താ ശിവേ….
ഇപ്പൊ ഇരട്ടകൾ ആണെങ്കിലും നാലുപേർ ഇല്ലേ…നമുക്ക് രണ്ട് ആണും രണ്ട് പെണ്ണും…ഇപ്പൊ ഇതും ഇരട്ടകൾ…പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ ശിവ ഏട്ടന്റെ മുഖത്തേക്ക് നോക്കി…
ആകാംഷയോടെ ശിവയുടെ മുഖത്തേക്ക് ശ്രീ നോക്കിയിരുന്നു. ശ്രീയേട്ടാ….
നീ പറ ഞാൻ കേൾക്കുന്നുണ്ട്.
ഈ മക്കളെ നമുക്ക് അമൃതയ്ക്ക് കൊടുക്കാം ഏട്ടാ…ഇത്രയും പറഞ്ഞു ശിവ ശ്രീയുടെ മുഖത്തേക്ക് നോക്കി. ഒരു ഞെട്ടലോടെ ശ്രീ അവളുടെ മുഖത്തേക്ക് നോക്കി.
എന്താ ഏട്ടാ ഒന്നും മിണ്ടാത്തെ…ദേഷ്യം ആയോ…എനിക്കറിയാം ഏട്ടാ ഒരച്ഛനും അമ്മയ്ക്കും സ്വന്തം ചോരയെ പിരിയാൻ പറ്റില്ല എന്ന്….വേറൊന്നും പറയാതെ ശിവ അവിടെ നിന്നു. ശ്രീ ഇരുന്ന കട്ടിലിൽ നിന്നും എഴുന്നേറ്റു.
ഞാനിപ്പോ എന്താ ശിവേ നിന്നോട് പറയേണ്ടത്…
ഏട്ടാ….ശ്രീയുടെ കണ്ണുകൾ നിറഞ്ഞുവന്നു.
നീ കൊടുക്കടി, ധൈര്യമായി കൈമാറിക്കോ, എനിക്ക് സന്തോഷം മാത്രമേ ഉള്ളു…അവരുടെ സന്തോഷത്തിനപ്പുറം എന്താ ശിവേ നമുക്ക് വേണ്ടത്…കണ്ണുകൾ തുടച്ചു ഒരു പുഞ്ചിയോടെ ശ്രീ അത് പറയുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
ശിവേ…അമ്മയോട് പറഞ്ഞോ…?
ഇല്ല ഏട്ടന്റെ തീരുമാനം കേട്ടിട്ട് അറിയിക്കാം എന്ന് കരുതി.
ആണോ…എന്നാ ഞാൻ അമ്മയെ വിളിക്കാം.
ആ പിന്നെ, ഇപ്പൊ ഇതൊന്നും അവരറിയണ്ട…
അത് ഞാനേറ്റു. ശ്രീ അടുക്കളയിൽ എത്തി.
ഏട്ടാ ചായ റെഡി. ശിവേച്ചി എന്തിയെ…?
അവള് റൂമിൽ ഉണ്ട്, അമ്മയേന്തിയെടി….?
ഞാനിവിടെ ഉണ്ടെടാ…കൈയിൽ കുറച്ചു ചീരയുമായി അമ്മ പുറത്തു നിന്ന് കേറിവന്നു. എന്താടാ…? ശിവയ്ക്ക് അമ്മയോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്…
ആ…ഇപ്പൊ വരാം. മോളെ ഈ ചീര അരിഞ്ഞു വെക്കണേ. അമ്മ ഇപ്പൊ വരാട്ടോ…ശരി അമ്മേ…ഏട്ടാ ചായ തണുത്തുപോകും. ഇപ്പൊ വരാടി…
***********
എന്താ മോളെ, എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ…?
ഏയ്യ് അതൊന്നും ഇല്ല അമ്മേ. ഞാനും ശ്രീയും കൂടി ഒരു തീരുമാനം എടുത്തു. അമ്മയുടെ അഭിപ്രായം ചോദിക്കാൻ ആണ്.
എന്താ മോളെ…?
അമ്മേ, മനുവിന്റെയും അമൃതയുടെയും വിവാഹം കഴിഞ്ഞു ഇത്രയും ആയില്ലേ, കുട്ടികൾ ഉണ്ടാകില്ല എന്ന് ഡോക്ടറും പറഞ്ഞു. അപ്പോപ്പിന്നെ….
ശ്രീ…ശിവ ശ്രീയുടെ മുഖത്തേക്ക് നോക്കി. അമ്മേ…
എന്താ മോനെ…എന്താ നിങ്ങൾ പറഞ്ഞു വരുന്നത്…?
അത് ഈ മക്കളെ ഞങ്ങൾ അവർക്ക് കൊടുക്കാൻ തീരുമാനിച്ചു. അതുകൊണ്ട് അവർക്കും സന്തോഷം ആകും അമ്മേ എതിരൊന്നും പറയരുത്.
എന്താ മക്കളെ ഞാനിപ്പോ പറയാ നിങ്ങളോട്….
അമ്മേ, മനു എന്റെ അനിയൻ അല്ലെ…അവൻ വേദനിക്കുന്നത് എനിക്ക് സഹിക്കുവോ…അപ്പൊ കൊടുക്കാം ല്ലേ അമ്മേ…
ശിവയുടെ സംസാരം കേട്ട് സന്തോഷം കൊണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു. ഇപ്പൊ അവരോടു ഒന്നും പറയണ്ട. എന്റെ ഡെലിവറിയും അമൃതയുടെ പിറന്നാളും അടുത്ത് ആണ്. ഒരു പിറന്നാൾ സമ്മാനം ആയി കൊടുക്കാം ല്ലേ അമ്മേ…
മോളെ ഞാനിപ്പോ എന്താ പറയാ നിന്നോട്…
മനു ഞാൻ ഇവിടെ വന്നപ്പോ മുതൽ ചേച്ചി എന്ന് വിളിച്ചു പുറകെ നടക്കുന്നതല്ലേ…അവന്റെ മനസ്സ് വേദനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റില്ല അമ്മേ….നിറഞ്ഞ മനസ്സോടെ ആണ് എന്റെ മക്കളെ ഞാൻ കൊടുക്കുന്നത്…പത്തുമാസം ചുമന്നില്ലേലും പ്രസവവേദന അറിഞ്ഞില്ലേലും അമൃത നല്ലൊരു അമ്മയാകും. അതെനിക്ക് ഉറപ്പാണ് അമ്മേ…
സന്തോഷം കൊണ്ട് ഒന്നും മിണ്ടാതെ അമ്മ റൂമിൽ നിന്ന് പോയി…
*************
അങ്ങനെ ശിവ മൂന്നാമതും ഇരട്ടക്കുട്ടികളെ നൽകി. ഒരാണും ഒരു പെണ്ണും…ഒരാഴ്‍ചത്തെ ആശുപത്രി വാസം കഴിഞ്ഞു ശിവ വീട്ടിൽ എത്തി. എല്ലാ കാര്യത്തിനും അമൃത മുന്നിൽ ഉണ്ടായിരുന്നു.
അമൃതേ…എന്താ ചേച്ചി…എന്തെങ്കിലും ആവിശ്യം ഉണ്ടോ, കഴിക്കാൻ എന്തെങ്കിലും വേണോ…?
ഏയ്യ് ഒന്നും വേണ്ടടി. നാളെ നിന്റെ പിറന്നാൾ അല്ലെ, എന്താ പരുപാടി…?
ഓ…എന്തുപരുപാടി, രാവിലെ അമ്പലത്തിൽ പോണം, വേറെന്തു പരുപാടി…?
നാളെ മനുവിനോട് ഓഫീസിൽ പോകണ്ട എന്ന് പറഞ്ഞേക്ക്.
കേൾക്കേണ്ട താമസം. വേണമെങ്കിൽ മറ്റന്നാളും പോകില്ല.
എന്നാ ശരി…പോയി ഉറങ്ങിക്കോ…
പിറ്റേന്ന് രാവിലെ മനുവിനെയും അവളെയും അമ്മ അമ്പലത്തിൽ പറഞ്ഞു വിട്ടു. എന്നിട്ട് മൂന്നുപേരും വീട്ടിൽ ഇരുന്നു ഭയങ്കര ആലോചന ആയിരുന്നു എങ്ങനെ കൈമാറും എന്ന്…മോളെ ശിവേ, ദേ അവര് വരുന്നുണ്ട്, അപ്പൊ എല്ലാം പറഞ്ഞത് പോലെ…
***************
ഉച്ചയ്ക്ക് ചെറിയ തോതിൽ സദ്യ ഉണ്ടാക്കി എല്ലാരും കഴിച്ചു ഓരോ പണിയിലേക്ക് പോയി, ശിവ മക്കളുടെ എടുത്തേക്കും പോയി…
ശിവേച്ചി വിളിച്ചിരുന്നോ…? അമ്മ പറഞ്ഞു.
മനുവിന്റെ ശബ്ദം കേട്ട് പിള്ളേരെ ഉറക്കിക്കൊണ്ടിരുന്ന ശിവ കട്ടിലിൽ നിന്ന് എഴുന്നേറ്റു. എവിടെ അമൃത…?
ഇപ്പൊ വരും. അമ്മയെ വിളിക്കണം എന്ന് പറഞ്ഞിരുന്നു. എന്താ ചേച്ചി വിളിപ്പിച്ചത്…? പറയാ അവരും വരട്ടെ. എന്തിനാ ശിവേച്ചി വിളിപ്പിച്ചത്…? ഇങ്ങു വാ പറഞ്ഞു തരാം.
അമ്മേ…
വേണ്ട…നിങ്ങളുതന്നെ കൈമാറിക്കോ…ശിവയുടെ വിളിയുടെ അർഥം മനസ്സിലാക്കി അമ്മ പറഞ്ഞു.
ശ്രീയേട്ടാ…രണ്ടുപേരും ഓരോരുത്തരെ കൈയിൽ എടുത്തു മനുവിന്റെയും അമൃതയുടെയും അടുത്തേയ്ക്ക് ചെന്നു. ഒന്നും മനസ്സിലാകാതെ അമൃതയും മനുവും പരസ്പരം നോക്കി നിന്നു.
ദേ…രണ്ടു പേരും ഇവരെ അങ്ങ് എടുത്തേ…ഇത്തവണ ഈശ്വരൻ ഞങ്ങൾക്ക് തന്നത് ഒരാണും ഒരു പെണ്ണും. രണ്ടു പേരും എടുക്ക് എന്നിട്ട് ആരെപ്പോലെയാ എന്ന് പറ…
നോക്ക് അമൃതേ, രണ്ടുപേരും ശിവേച്ചിയെ വരച്ചുവെച്ചതുപോലെ ഉണ്ട്. ശരിയാ…അല്ലെ ചേച്ചി..ഇത് ശരിക്കും ശിവക്കുട്ടികൾ തന്നെയാ…ഇത് അറിയാൻ ആണോ ചേച്ചി ഞങ്ങളെ വിളിപ്പിച്ചത്…
ശിവ ശ്രീയെ നോക്കി. എന്തിനാ നീ എന്നെ നോക്കുന്നെ, നീ പറഞ്ഞാൽ മതി, എന്നേക്കാൾ എന്തുകൊണ്ടും നിനക്കാണ് യോഗ്യത…
എന്താ ശിവേച്ചി…?
നിനക്ക് പിറന്നാൾ സമ്മാനം ആയിട്ട് എന്തെങ്കിലും താരാണ്ട് പോയ മോശമല്ലേ…
പിന്നെ…ഭയങ്കര മോശമാണ്, വേഗം തന്നോ…ഒരു ചിരിയോടെ ആണ് അമൃത പറഞ്ഞത്.
അതാണ് രാണ്ടാളുടെയും കൈയിൽ ഇരിക്കുന്നത്. കൊണ്ടുപോക്കോ…ഒരുനിമിഷം രണ്ടു പേരുടെയും മുഖത്തെ ചിരിമാഞ്ഞു.
ശിവേച്ചി..!!! ഒരു ഞെട്ടലോടെ രണ്ടാളും ഒന്നിച്ചു വിളിച്ചു.
എന്താ ഞെട്ടുന്നത്, കൊണ്ടുപോക്കോ, കൊണ്ടോയി സ്വന്തം മക്കളായി വളർത്ത്…കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.
ചേട്ടായി…എന്നാലും..!! മനുവിന് പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല. നന്ദി നിന്റെ ഏട്ടത്തിയോട് പറഞ്ഞോളൂ…ശിവ ആണ് എന്നോട് ഇത് പറഞ്ഞത്.
മോനെ മനു, ഇതൊക്കെയാടാ ശരിക്കും കൂടപ്പിറപ്പ്, സ്നേഹം എന്നൊക്കെ പറയുന്നത്. എന്റെ മക്കളെ ഓർത്തു എനിക്ക് അഭിമാനം മാത്രമേ ഉള്ളു…
ശിവ അമൃതയുടെ തോളിൽ പിടിച്ചു. ഇവരിനി നിങ്ങളുടെ മക്കൾ ആയിട്ട് ഇവിടെ വളരും. ഈ ചേച്ചി ഒത്തിരി സന്തോഷത്തോടെ ആണ് വിട്ടു തരുന്നത്. നിങ്ങളുടെ സന്തോഷം ആണ് ഞങ്ങൾക്ക് എപ്പോഴും കാണേണ്ടത്…പൊന്നുപോലെ വളർത്തണം ട്ടോ…
സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…