രണ്ട് വെളിവില്ലാത്തൊരുടെ ഒരു ദിവസം – രചന: ദിവ്യ അനു അന്തിക്കാട്
“കല്യാണം കഴിഞ്ഞിട്ട് വർഷം രണ്ടായി, എന്നിട്ടും കുട്ടിക്കളി മാറാത്ത രണ്ട് പിള്ളേര്…നിനക്കെങ്കിലും ഇത്തിരി വിവരം ഉണ്ടോ പെണ്ണേ…? അവനോ വെളിവില്ലാത്തവൻ…”
“അമ്മ ദയവ് ചെയ്ത് ഇതിൽ ഇടപെടണ്ട. അവളെന്തിനാ എന്റെ തലയിൽ വെള്ളം കോരി ഒഴിച്ചേ…അത് എനിക്ക് അറിയണം. പിന്നെ അറിഞ്ഞാലും ഇല്ലേലും അവളെ കൊണ്ട് തന്നെ വെള്ളം കോരിക്കും, എന്നിട്ട് ആ വെള്ളം അവളുടെ തലേലൊഴിച്ചും കൊടുക്കും. രമേശനാ പറയുന്നേ….”
“അയ്യടാ ഇപ്പൊ കോരി തരാം കാത്തിരുന്നോ…ഇന്നലെ എന്നോട് പറഞ്ഞതാ അമ്മേ എനിക്ക് ചെടി നടാൻ കുഴി എടുത്ത് തരാന്ന്…എന്നിട്ട് പോത്ത് പോലെ കിടന്നുറങ്ങുന്നു. അതോണ്ടാ ഞാൻ ഇച്ചിരി വെള്ളം മുഖത്തു തളിച്ചത്…അയിനിപ്പോ വല്യ പ്രശ്നം ആക്കണ്ട കാര്യം ഒന്നൂല്ല്യ…കുളിക്കാൻ പോണതല്ലേ പിന്നെന്താ…?”
“നീ ചെയ്തത് തെറ്റല്ലെങ്കിൽ പിന്നെ എന്തിനാ പറമ്പിൽ പോയ് നിക്കണേ…? കേറി വാ ഇങ്ങോട്ട്…”
“അതുവേണ്ട ഞാൻ ഇവിടെ നിന്നോളാം. നിങ്ങടെ അമ്മ വരെ പറഞ്ഞു നിങ്ങക്ക് വെളിവില്ല ന്ന്…അപ്പൊ പിന്നെ എങ്ങനെ കേറി വരാ അങ്ങോട്ട്…നിങ്ങള് ജോലിക്ക് പോയിട്ടേ ഞാൻ കേറി വരുന്നുള്ളു. കാപ്പീം പലഹാരോം അമ്മ ഇണ്ടാക്കി വച്ചിട്ടുണ്ട്, കഴിച്ചിട്ട് എന്റെ മോൻ ചെല്ല്…”
“നീ ഇങ്ങോട്ട് വാടി പ്രസംഗിക്കാതെ, നിനക്ക് ഞാൻ തരാം നല്ലോണം…”
“ആ വന്നു വന്നു എന്തൊക്ക ആയിരുന്നു….? ബുള്ളറ്റ്, പാതിരാത്രി, കട്ടൻ, മഴ, തേങ്ങാക്കൊല…ഇപ്പൊ ദാണ്ടെ മഴ വന്നാൽ ഞാൻ കട്ടൻ ഇട്ട് കൊടുക്കണം ഒന്നല്ല പതിനാറു പ്രാവശ്യം. എന്നിട്ട് ഒറ്റ ഇരുപ്പിനു മോന്തി അവിടെ കിടക്കും. ഇതാണ് എന്റെ ബുള്ളറ്റ് യാത്ര…ഇപ്പൊ ഈ വഴിക്ക് ബുള്ളറ്റെൽ ആരേലും പോണ കണ്ടാൽ ഉണ്ടല്ലോ ഏതാണ്ട് ചൊറിഞ്ഞു കേറി വരും. നമുക്ക് ലക്ഷങ്ങൾ വില ഉള്ള ഒന്നാന്തരം ബസ് റോഡിലുണ്ട് അത് മതിയേ…എന്നെകൊണ്ട് കൂടുതൽ പറയിപ്പിക്കാതെ പോ മനുഷ്യ…”
“ഇതിനപ്പുറം എന്ത് പറയാൻ…? ഞാൻ എന്റെ കാര്യം നോക്കി പോകാൻ പോണു…നിനക്ക് ഞാൻ എപ്പോളായാലും തരും. കണക്ക് അത് ചോദിക്കാൻ ഉള്ളതാണ് ഓർത്തോ….”
“മോളെ ഇങ്ങു കേറിപ്പോര് അവൻ പോയി.”
“ദാ വരുന്നമ്മേ…”
പത്തു പത്തര ആയി കാണും പതുക്കെ ജോലിയൊക്കെ ഒതുക്കി കാപ്പികുടിച്ചു ഉമ്മറത്തു ഇരിക്കുമ്പോ ദാ വരുന്നു രമേശേട്ടൻ…എന്തോ വയറു വേദന ആണത്രേ…
പെട്ടെന്ന് നാരങ്ങ വെള്ളം ഇഞ്ചി ഒക്കെ ചതച്ചിട്ട് കൊണ്ട് കുടിക്കാൻ കൊടുത്തു. പാവം കമിഴ്ന്നു കിടക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞു എണീറ്റ് വന്നിട്ട് ബാത്‌റൂമിൽ പോണ കണ്ടു. ഒപ്പം എന്നെ കിടന്നു വിളിക്കുന്നുണ്ട്. പേടിച്ചു അങ്ങോട്ട് ഓടി ചെന്നതും തലയിൽ ഒരു ബക്കറ്റ് വെള്ളം വന്നു വീണതും ഒരുമിച്ചായിരുന്നു…
ഒന്നും പറയാൻ നിന്നില്ല…ഉടുപ്പ് മാറി കൊണ്ടിരിക്കുമ്പോ അശരീരി കേൾക്കുന്നുണ്ടായിരുന്നു…
“കണക്ക് അത് വീട്ടാനുള്ളതാണ്”