അഖിലേഷിൽ നിന്ന് രക്ഷപെട്ടു തങ്ങൾക്കു ഒന്നാകാൻ വേണ്ടി ചെയ്ത ഒരു തെറ്റിന്…അല്ല അത് തങ്ങളുടെ കാഴ്ചപ്പാടിൽ ശരി തന്നെയായിരുന്നു…

വൈഷ്‌ണവം – രചന: അഹല്യ ശ്രീജിത്ത്

കോളേജ് ഗ്രൗണ്ടിന്റെ ഓരത്തു നിൽക്കുന്ന വാകമരത്തിന് ചുവട്ടിൽ തന്റെ നെഞ്ചോടു ചേർന്ന് നിന്ന ഗായത്രിയെ അവളുടെ അച്ഛൻ വലിച്ചിഴച്ചു കൊണ്ടുപോകുന്ന രംഗം ഇപ്പോളും വിഷ്ണുവിന്റെ കണ്ണിൽ തങ്ങി നിൽപ്പുണ്ട്. പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും അവൾക്കു വേണ്ടിയുള്ള കാത്തിരുപ്പു അവസാനിപ്പിക്കാൻ അവനായില്ല. ഹൃദയത്തിന്റെ ഓരോ കോണിലും അവളോടുള്ള അഗാധ പ്രണയം കുടിയിരുത്തിയിരുന്നു.

അല്ലെങ്കിലും അടുത്തുള്ളപ്പോലുള്ളതിനേക്കാൾ സ്നേഹം അതിന്റെ മൂര്ധന്യാവസ്ഥയിലെത്തുന്നത് അകന്നു കഴിയുമ്പോളാണല്ലോ…അവൾ എവിടെയാണെന്നോ എങ്ങനെ ജീവിക്കുന്നുവെന്നോ ഒന്നും അറിയില്ലേലും, ഉള്ളു നിറയെ അവൾ മാത്രമേ ഉള്ളുവെന്ന് അവനറിയാം…

അന്ന് കോളേജിൽ നിന്ന് അച്ഛന്റെ കൂടെ പോയ അവളെ പിന്നീട് ഒരിക്കലും അവൻ കണ്ടിട്ടില്ല. പലപ്പോഴും അവൻ പഴയ കഥകൾ ഓർത്തു വിലപിക്കാറുണ്ടായിരുന്നു.

പ്ലസ് ടു ലൈഫിൽ തുടങ്ങിയതാണ് ഗായത്രിയും വിഷ്ണുവും തമ്മിലുള്ള പ്രണയം. കോളേജിൽ എത്തിയപ്പോൾ കവിതകളെയും കഥകളെയും അമിതമായി സ്നേഹിച്ചിരുന്ന അവൾ മലയാളം ലിറ്ററേച്ചർ എടുത്തു. എപ്പോളും കുത്തി കുറിച്ച് കൊണ്ടിരിക്കുന്ന അവൾക്കു വേറെ ഒരു സബ്‌ജക്റ്റും ബോധിക്കില്ലായിരുന്നു. അവളെ പിരിയാൻ കഴിയാത്തത് കൊണ്ട് ഇഷ്ടമില്ലെങ്കിലും വിഷ്ണുവും മലയാളം എടുക്കുവാൻ നിർബന്ധിതനായി. ക്ലാസ്സിൽ പലപ്പോഴും പൊട്ടൻ ആട്ടം കണ്ട അവസ്ഥയായിരുന്നു അവന്റേതു എങ്കിലും തനിക്ക് തന്റെ ഗായത്രിയെ എപ്പോളും അടുത്ത് കാണാമല്ലോ എന്നൊരു സമാധാനം മാത്രമായിരുന്നു അവന്…

ഗായത്രിയോടുള്ള പ്രണയം ഒഴികെ ആ കോളേജിൽ ഉള്ള ബാക്കി ഒക്കെ അവനെ ആരോസരപ്പെടുത്തി. ആ അവസരത്തിലാണ് അവൻ രാഷ്ട്രീയത്തിലേക്ക് കാല് കുത്തുന്നത്. വിപ്ലവം തലയ്ക്കു പിടിച്ച അവനൊരു തികഞ്ഞ വിപ്ലവകാരിയായി…പ്രണയവും രാഷ്ട്രിയവും ഒരുമിച്ചു കൊണ്ട് പോകാൻ അവനെ കൊണ്ട് സാധിച്ചു. ആ ഇടക്കാണ് എതിർകക്ഷിയിലെ അഖിലേഷ് വിഷ്ണുവുമായി കൊമ്പു കോർക്കുന്നത്…ഗായത്രിയുമായുള്ള വിഷ്ണുവിന്റെ പ്രണയം അറിഞ്ഞിട്ടും അഖിലേഷിന് ഗായത്രിയോട് പ്രേമം. തനിക്കു അവളെ വേണമെന്നുള്ള വാശിയും…

അഖിലേഷിന്റെ അച്ഛനും ഗായത്രിയുടെ അച്ഛനും സുഹൃത്തുക്കളാണ്. ആ ഒരു അധികാരം അവൻ ഗായത്രിയിൽ കാണിച്ചിരുന്നു. അഖിലേഷിന്റെ ശല്യം ഗായത്രിക്കു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഇതും പറഞ്ഞു പലപ്പോഴും വിഷ്ണുവും അഖിലേഷും ഉടക്കിയിട്ടുമുണ്ട്. ഒരു ദിവസം ഗായത്രി വന്നു പറഞ്ഞു, അഖിലേഷിന്റെ അച്ഛൻ പ്രൊപ്പോസലുമായി വന്നുവെന്നും അവളുടെ അച്ഛന് പൂർണ്ണ സമ്മതമാണെന്നും…അവൾ എത്ര എതിർക്കാൻ ശ്രമിച്ചിട്ടും അച്ഛൻ പിന്മാറാൻ തയാറല്ലായെന്നും….

വിഷ്ണുവിനെ പിരിഞ്ഞു ജീവിക്കുന്ന കാര്യം അവൾക്കു ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു…ഗായത്രി ഒരിക്കലും തന്റെ വഴിക്കു വരില്ല എന്ന് മനസിലാക്കിയ അഖിലേഷ്, ഗായത്രിയുടെയും വിഷ്ണുവിന്റെയും പ്രണയം പൊളിക്കാൻ പ്ലാൻ ഇട്ടു. അവൻ ഗായത്രിയുടെ അച്ഛനെ വിളിച്ചു വിവരം പറയുന്നു. ദേഷ്യം മൂത്തു അച്ഛൻ കോളേജിലേക്ക് പാഞ്ഞു. ഇതറിഞ്ഞ ഗായത്രി വിഷുവിന്റെ അരികിൽ എത്തി വിവരങ്ങൾ പറഞ്ഞു. എന്തു വന്നാലും കൈ വിടില്ല എന്ന് വിഷ്ണു അവൾക്ക് വാക്ക് കൊടുത്തു.

വിങ്ങി പൊട്ടിയ അവൾ അവന്റെ നെഞ്ചോടു ചേർന്നതേ അവനു ഓർമയൊള്ളു…പൊടുന്നനെ ഒരു കൈ അവളുടെ മുടി കുത്തിൽ വീണു. അവളുടെ അച്ഛനായിരുന്നു അത്…കലി തുള്ളി ആയാലും അവളെ അവന്റെ നെഞ്ചിൽ നിന്ന് പറിച്ചു മാറ്റി വലിച്ചിഴച്ചു കൊണ്ടുപോയി….ദയനീയമായ അവളുടെ നോട്ടത്തിനു മുൻപിൽ നിസഹായനായി നിൽക്കാനേ അവനു കഴിഞ്ഞൊള്ളു….

വീട്ടിൽ എത്തിയ അവൻ പല വട്ടം അവളെ ഫോൺ വിളിച്ചു കിട്ടിയില്ല. പിറ്റേന്ന് രണ്ടും കല്പ്പിച്ചു അവളുടെ വീട്ടിൽ കയറി ചെന്നു..പക്ഷെ വീട് പൂട്ടിയിട്ടിരിക്കുന്നു…അപ്പോഴാണ് മഹിമ വിളിക്കുന്നത്…രണ്ടു പേരുടെയും ഉറ്റ സുഹൃത്താണ് അവൾ. അവൾ പറഞ്ഞത് കേട്ടു അവൻ ഞെട്ടി പോയി. ഗായത്രിയെ കോളേജിൽ നിന്ന് ടി സി വാങ്ങിച്ചു അച്ഛൻ ബാംഗ്ലൂർക്ക് കൊണ്ടോയത്രേ…അവനു എന്ത് ചെയ്യണമെന്ന് അറിയില്ലാരുന്നു.

പിന്നീട് അങ്ങോട്ട്‌ അവൻ കോളേജ് ജീവിതം അവസാനിപ്പിച്ചു. അവൾക്ക് വേണ്ടി അലയാൻ തുടങ്ങി…നീണ്ട പതിനഞ്ചു വർഷം കഴിഞ്ഞിട്ടും അവളെപ്പറ്റി ഒരു വിവരോം കിട്ടിയില്ല. അമ്മയുടെ നിർബന്ധപ്രകാരം ഡിഗ്രി പൂർത്തിയാക്കി, ജോലിയും വാങ്ങി. പക്ഷെ ഒരു കല്യാണം കഴിക്കാൻ അമ്മ പറയുന്നത് മാത്രം അവൻ ചെവികൊണ്ടില്ല…ഗായത്രിയുടെ ഓർമ്മകൾ മനസ്സിൽ നിന്നും മായാത്തതുകൊണ്ടാകാം അവളുടെ ഇഷ്ടങ്ങളെയും അവൻ പ്രണയിച്ചു തുടങ്ങിയിരുന്നു…

അവളെ പോലെത്തന്നെ പുസ്തകങ്ങൾ അവന്റെയും ഇഷ്ടങ്ങളായി മാറി…അങ്ങനെയിരിക്കെ ഒരു പുസ്തകം അവന്റെ ശ്രദ്ധയിൽ പെട്ടു. അതൊരു കഥാസമാഹാരം ആയിരുന്നു. പേര് “വൈഷ്‌ണവം”…കഥയുടെ പേര് തന്നെ തന്റെ പേരുമായി ബന്ധപ്പെട്ടത് കൊണ്ടാകാം ആ ബുക്കിൽ അവൻ ആകൃഷ്ടനായി. കഥ വായിച്ചു തുടങ്ങിയപ്പോൾ അവനു എന്തെന്നില്ലാത്ത ഒരു ഞെട്ടലുണ്ടായി.

കാരണം ആ കഥയിൽ പ്രതിപാദിച്ചിരിക്കുന്നത് തന്റെയും ഗായത്രിയുടെയും ജീവിതാനുഭവങ്ങൾ. അതെ അത് തങ്ങളുടെ കഥ തന്നെയെന്ന് അവനു മനസിലായി. വളരെ ഞെട്ടലോടെ അവൻ കഥയുടെ അവസാനഭാഗം വായിച്ചു. “തനിക്ക് ഗായത്രിയിൽ ഒരു മകളുണ്ടത്രേ”. ഒരു നിമിഷം ഈ ഭൂമി പിളർന്നു താൻ ഇല്ലാതായിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചുപോയി.

അഖിലേഷിൽ നിന്ന് രക്ഷപെട്ടു തങ്ങൾക്കു ഒന്നാകാൻ വേണ്ടി ചെയ്ത ഒരു തെറ്റിന്…അല്ല അത് തങ്ങളുടെ കാഴ്ചപ്പാടിൽ ശരി തന്നെയായിരുന്നു…പക്ഷെ അതിന്റെ ഫലം ഗായത്രി തന്നെ അനുഭവിക്കേണ്ടി വന്നിരിക്കുന്നു….”എന്റെ മോളും ഗായത്രിയും” അവൻ നെഞ്ചിൽ കൈ വെച്ച് നെടു വീർപ്പിട്ടു.

അയാൾ വേഗം ബുക്കിന്റെ ഫ്രണ്ട് പേജിലേക്ക് പോയി കഥാകൃത്തിന്റെ പേര് തിരഞ്ഞു..പക്ഷെ അതിൽ എഴുതിയിരുന്ന പേര് വൈഷ്ണവി എന്നായിരുന്നു. ഇത് ഗായത്രി തന്നെ…പേര് മാറ്റി എഴുതിയ കഥയാണെന്ന് അവൻ ഉറപ്പിച്ചു. ഇപ്പോളും അവൾ തനിക്കു വേണ്ടി കാത്തിരിക്കുന്നു.”എനിക്ക് എന്റെ ഗായത്രിയെയും മോളേം വേണം” അയാൾ സ്വയം പറഞ്ഞു.

പിറ്റേന്ന് തന്നെ തന്റെ സുഹൃത്ത്‌ വഴി ബുക്ക്‌ പബ്ലിക്കേഷനിൽ നിന്ന് കഥാകാരിയുടെ അഡ്രസ് അവൻ വാങ്ങി. കർണാടകയിലെ ഷിമോഗ നഗരത്തിൽ ഉള്ള ഒരു അഡ്രസ്സാണ് അവനു അവർ കൊടുത്തത്. ആ അഡ്രസ് തിരഞ്ഞു അവൻ ഷിമോഗയിലേക്കു പുറപ്പെട്ടു. കുറച്ചു ദിവസങ്ങൾ അലയേണ്ടി വന്നെങ്കിലും അവൻ ആ അഡ്രസ്സിൽ എത്തി ചേർന്നു. ടൗണിൽ നിന്ന് കുറച്ചു മാറി ആയിരുന്നു. അഡ്രസ്സിൽ ഉള്ള വീടിന്റെ മുൻപിൽ അവൻ എത്തി.

വീടിന്റെ ഗേറ്റിൽ വൈഷ്‌ണവം എന്ന് എഴുതിയിരിക്കുന്നു. അവൻ കാളിങ് ബെൽ അടിച്ചു. അകത്തു നിന്ന് കതകു തുറന്നു. തന്റെ കണ്ണുകളെ വിശ്വസിക്കാനാകാതെ നിന്നു. താൻ പതിനഞ്ചു വർഷം കാത്തിരുന്നതാർക്കു വേണ്ടിയാണോ അവൾ തന്റെ മുൻപിൽ നിൽക്കുന്നു.

അലക്ഷ്യമായി ഇട്ട മുടിയിഴകൾ കൂടെ ഒരു കണ്ണടയും…പട്ടു പാവാടയും ചുരിദാറും ഒക്കെ ഇട്ടു തന്നെ മോഹിപ്പിച്ചവൾ, ഇപ്പൊ ദാ സാരിയും ചുറ്റി അസ്സൽ കഥാകാരിയുടെ രൂപത്തിൽ തനിക്ക് മുൻപിൽ…അവൾ അപ്പോളും സ്തംഭിച്ചു തന്നെ നിൽക്കുവാന്…കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…

“വിഷ്ണു” അവൾ കണ്ണുകൾ തുടച്ചു ഓടി വന്നു. അവന്റെ നെഞ്ചിൽ വീണു, പെട്ടെന്ന് തന്നെ എന്തോ ഓർത്തപ്പോലെ പിടി വിട്ടു മാറി…

“ഇത്രയും നാളും നീ എവിടായിരുന്നു…ഗായത്രി നിന്നെ തിരഞ്ഞു പിടിക്കാൻ നീ എഴുതിയ കഥ തന്നെ എനിക്ക് വേണ്ടി വന്നു” വിഷ്ണു പറഞ്ഞു.

“നീ എനിക്ക് വേണ്ടി കാത്തിരുന്നപോലെ ഞാനും നിനക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു”

“വിഷ്ണു” അവൾ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി വിളിച്ചു.

“അതെ ഗായത്രി നിനക്ക് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. നിനക്കു എന്തായിരുന്നു സംഭവിച്ചത്…?”

“ഇതിൽ കൂടുതൽ എന്ത് സംഭവിക്കാന് വിഷ്ണു…അന്ന് അച്ഛൻ എന്നെ ഇങ്ങോട്ടേക്കു കൊണ്ട് വന്നതിനു ശേഷമാണ് ഞാൻ ഗർഭിണിയാണെന്ന് അറിയുന്നത്. പല വട്ടം കുഞ്ഞിനെ അബോർഷൻ ചെയ്യാൻ അച്ഛൻ നിർബന്ധിച്ചു. പക്ഷെ എന്റെ വിഷ്ണുവിന്റെ കുഞ്ഞിനെ നശിപ്പിക്കാൻ എനിക്ക് കഴിയില്ലായിരുന്നു” അവൾ തുടർന്ന്…

“ഡോക്ടറെ കണ്ടു അച്ഛന്റെ അടുത്ത കള്ളം പറയിച്ചു…കുഞ്ഞിനെ നശിപ്പിച്ചാൽ എന്റെ ജീവന് ആപത്താണ്. അച്ഛൻ അത് വിശ്വസിച്ചു. അങ്ങനെ ഞാൻ നമ്മടെ മോൾക്ക് ജന്മം നൽകി.”

“പിന്നീട് എന്ത് സംഭവിച്ചു. എന്നിട്ടും നീ എന്തെ എന്നെ തേടി വന്നില്ല?” വിഷ്ണു അക്ഷമനായി ചോദിച്ചു.

“ഉം പറയാം ഞാൻ”അവൾ തുടർന്നു….”മോളുണ്ടായതോടെ കാനഡയിൽ ഉള്ള ഇളയമ്മയുടെ വീട്ടിലേക്കു അച്ഛൻ എന്നെ കൊണ്ടുപോയി. വിഷ്ണുവുമായി കോൺടാക്ട് ചെയ്താൽ അച്ഛനും അമ്മയും ആത്മഹത്യാ ചെയ്യുമെന്ന് എന്നെ ഭീക്ഷണിപെടുത്തി. പിന്നീട് ഒന്നിനും എനിക്ക് ധൈര്യമുണ്ടായിരുന്നില്ല”

“ഉം എന്നിട്ട്…?” വിഷ്ണു ജിജ്ഞാസയോടെ ചോദിച്ചു.

“അവിടെ അവരെന്നെ ഉപരിപഠനത്തിനയച്ചു. പിന്നീട് അവിടെ ഒരു കമ്പനിയിൽ ജോലിയും വാങ്ങി തന്നു….പിന്നീട് അങ്ങോട്ട് എന്റെ മോൾക്ക്‌ വേണ്ടിയായിരുന്നു എന്റെ ജീവിതം.” വിഷ്ണു എല്ലാം മൂളി കേട്ടു കൊണ്ട് നിന്നു.

“വിഷ്ണുവിന് അറിയുമോ, എന്റച്ഛന് ചെയ്ത തെറ്റുകൾ മനസിലാക്കാനും എന്നെ മനസിലാക്കാനും നീണ്ട പത്തു വർഷങ്ങൾ വേണ്ടി വന്നു.”

“എങ്ങനെ…?” വിഷ്ണു അച്ഛര്യത്തോടെ ചോദിച്ചു.

“പക്ഷാഘാതം വന്നു കിടപ്പിലായപ്പോളാണ് അച്ഛൻ എന്നെ കുറിച്ചും എന്റെ ജീവിതത്തെ കുറിച്ചും ചിന്തിക്കുന്നത്…ചെയ്ത തെറ്റിന് പലപ്പോഴും എന്നോട് മാപ്പ് ചോദിച്ചിട്ടുണ്ട്. വിഷ്ണുവിനെ തേടിപ്പിടിച്ചു പൊയ്ക്കോളാൻ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്”

“എന്നിട്ട് അപ്പോളെങ്കിലും നിനക്കു എന്റരികിൽ വരാൻ വയ്യാരുന്നോ?” വിഷ്ണു ചോദിച്ചു.

“കഴിയില്ലായിരുന്നു വിഷ്ണു, അപ്പോഴേക്കും നീ മറ്റേതെങ്കിലും പെൺകുട്ടിക്ക് സ്വന്തമായിക്കാണുമെന്നു ഞാൻ വിചാരിച്ചു എനിക്കാരേം വേദനിപ്പിക്കാൻ വയ്യായിരുന്നു.”

“എന്നിട്ടു നീ സ്വയം വേദനിച്ചില്ലേ…എന്നെയും വേദനിപ്പിച്ചില്ലേ…നിനക്ക് അപ്പോഴെങ്കിലും എന്റരികിൽ വരാമായിരുന്നു. നിനക്കറിയാമായിരുന്നില്ലേ നീ അല്ലാണ്ട് മറ്റൊരു പെണ്ണും എന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്ന്…എന്നിട്ടും നീ…” അവൻ ദീർഘിപ്പിച്ചില്ല.

“വിഷ്ണു നീ ഒരിക്കലും അങ്ങനെ പറയരുത്” അവൾ പറഞ്ഞു.

“ഇല്ല ഞാൻ നിന്നെ കുറ്റപെടുത്തില്ല ഗായത്രി. പിന്നെ നീ എങ്ങനെ വീണ്ടും ഇവിടെ വന്നെത്തി…?? എങ്ങനെ നീയും മോളും തനിച്ചായി?” വിഷ്ണുവിന്റെ ചോദ്യങ്ങൾ ഇരട്ടിച്ചു.

“അച്ഛൻ മരിച്ചതിനു ശേഷം ഞാൻ ഇങ്ങോട്ടേക്കു വന്നു. അമ്മ അനിയനൊപ്പമാണ്. ഞാനും മോളും ആർക്കും ശല്യമാകാതെ ഇവിടെ ഒറ്റക്കും…ഒരു ജോലി ഉള്ളത് കൊണ്ട് മോളെ പഠിപ്പിക്കുന്നു”

“എന്റെ മോളെവിടെ??” വിഷ്ണു ആകാംഷയോടെ തിരക്കി.

“വൈഷ്ണവി” ഗായത്രി അകത്തേക്ക് നോക്കി നീട്ടി വിളിച്ചു.

“വൈഷ്ണവി?” വിഷ്ണു അത്ഭുതത്തോടെ ചോദിച്ചു.”

അതെ വൈഷ്ണവി അവളുടെ പേരിലാണ് ഞാൻ ആ ബുക്ക്‌ എഴുതിയത്. അവൾക്കു എല്ലാം അറിയാം…അച്ഛൻ മരിച്ചു പോയിന്നു എല്ലാവരും അവളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. പക്ഷെ ഞാൻ എല്ലാ സത്യങ്ങളും തുറന്നുപറഞ്ഞിരുന്നു. അവൾ പറഞ്ഞു തീർന്നതിനു പിറകെ വൈഷ്ണവി വാതുക്കൽ എത്തി. അവളെ കണ്ടപാടെ സർവസ്വവും മറന്നു വിഷ്ണു അവളെ വാരിപ്പുണർന്നു. അവൻ സ്വയം പറഞ്ഞു

“എന്റെ മകൾ…ഞാൻ അറിയാതെപോയ എന്റെ സ്വന്തം ചോര”

“മോളെ….” അവൻ അവളുടെ മുഖം കൈയിലെടുത്തു സ്നേഹത്തോടെ വിളിച്ചു.

“അച്ഛാ…” അവൾ വിളികേട്ടു, വീണ്ടും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

വിഷ്ണു ഗായത്രിയെയും തന്നോട് ചേർത്ത് നിർത്തി. അവന്റെ നെഞ്ചിൽ സ്നേഹത്തിന്റെ ചൂട് അവര് രണ്ടുപേരും അനുഭവിച്ചറിഞ്ഞു…അതിരില്ലാത്ത സന്തോഷത്തോടെ അവൻ പറഞ്ഞു….

“എനിക്ക് എല്ലാം തിരിച്ചു കിട്ടിയിരിക്കുന്നു. എന്റെ പ്രണയവും അതിൽ കുരുത്ത എന്റെ ചോരയും…”

ഭൂമിയിൽ അതിമനോഹരമായി വർണ്ണിക്കപ്പെടുന്ന പ്രണയം ഒരു കാത്തിരുപ്പിന്റെയും പേരിൽ നശ്വരമാകതിരിക്കട്ടെ…അവ എപ്പോഴും അനശ്വരങ്ങളായി തുടരട്ടെ….