അത് എല്ലാവർക്കും അറിയാം.എല്ലാവരുടെയും നോട്ടം എന്റെ മേൽ വീഴുന്നതിനു മുൻപേ ഞാൻ എഴുന്നേറ്റു…

നല്ലൊരച്ഛൻ – രചന: അബ്ദുൾ റഹീം പുത്തൻചിറ

“അതേയ് ഉച്ച കഞ്ഞിക്കു പേര് കൊടുത്തവർ ഉണ്ടോ…?”പ്യൂൺ വന്നു ടീച്ചറോട് ചോദിച്ചു.

ടീച്ചർ വീണ്ടും ആ ചോദ്യം ആവർത്തിച്ചു. ആ ക്ലാസ്സിൽ ഞാൻ മാത്രമേ ഉച്ച കഞ്ഞിക്കു പേര് കൊടുക്കാറുള്ളൂ…അതു എല്ലാവർക്കും അറിയാം. എല്ലാവരുടെയും നോട്ടം എന്റെ മേൽ വീഴുന്നതിനു മുൻപേ ഞാൻ എഴുന്നേറ്റു…

“ഓണമായിട്ട് അഞ്ചു കിലോ അരി കൊടുക്കുന്നുണ്ട്. നാളെ സഞ്ചിയുമായി സ്കൂൾ വിടുമ്പോൾ ഓഫിസിലേക്ക് വന്നാൽ മതി.”

ഞാൻ തലയാട്ടി. ടീച്ചർ വീണ്ടും ക്ലാസ് തുടർന്നു…ഗാന്ധിജിയെ കുറിച്ചായിരുന്നു വിഷയം. അതിനിടയിൽ ടീച്ചർ ഓരോരുത്തരോടും വലുതാകുമ്പോൾ ആരാകണമെന്നു ചോദിച്ചു…

ഇതേ ചോദ്യം പല ക്ലാസ്സിലും പല ടീച്ചറും ചോദിക്കാറുണ്ട്. ആദ്യബെഞ്ചിൽ നിന്നും ഉത്തരം തുടങ്ങി…ഡോക്ടർ…എഞ്ചിനീയർ…വക്കീൽ…സിനിമാ നടൻ…

“ഇനിക്ക് ബിസ്നസ്സ് കാരൻ ആകണം.” ആ പറഞ്ഞത് ഹസൻ ആണ്. അവന്റെ വാപ്പ ഗൾഫിൽ ഭയങ്കര ബിസ്നസ്സ് കാരനാണന്നു അവൻ പറയാറുണ്ട്. അതുകൊണ്ട് അവനു അതാകാം…

ചോദ്യം എന്റെ നേരെയും എത്തി…ഞാൻ എഴുന്നേറ്റു നിന്നു. ഉച്ചക്കഞ്ഞി കുടിക്കുന്ന ഞാൻ എന്തായിരിക്കും പറയുക…അതു കേൾക്കാൻ വേണ്ടിയാണോ എന്നറിയില്ല എല്ലാരും എന്നെ തന്നെ നോക്കുന്നുണ്ട്…

ആകെ ഒരു പരവേഷം…തൊണ്ട വറ്റി വരണ്ടു…വെള്ളം ദാഹിക്കുന്നു…വെള്ളം കുടിക്കണമെങ്കിൽ പൈപ്പിൻ ചോട്ടിൽ തന്നെ പോകണം…ഇപ്പോൾ ചോദിച്ചാൽ ചിലപ്പോൾ ടീച്ചർ വഴക്കു പറയും…

വേഗം ആയിക്കോട്ടെ ടീച്ചർ തിടുക്കം കൂട്ടി.

ഇനിക്ക്…ഇനിക്ക്…നല്ലൊരു അച്ഛനാകണം…ഞാൻ പറഞ്ഞു.

കേട്ടവർ ചിരിച്ചു…

എന്ത്…?? ടീച്ചർ വീണ്ടും ചോദിച്ചു. എല്ലാവരും നിശ്ശബ്ദരായി.

“ഇനിക്കു നല്ലൊരു അച്ഛനാകണം…ഞാൻ വീണ്ടും പറഞ്ഞു. മക്കളെ തല്ലാത്ത…കള്ളു കുടിക്കാത്ത…മക്കളെ സ്നേഹിക്കുന്ന…തെറി പറയാത്ത…എന്റമ്മയെ തല്ലാത്ത..എന്റൊപ്പം കളിക്കുന്ന ഒരച്ഛൻ…”

ഞാൻ അച്ഛനായാൽ ഇനിക്കൊരു മോനുണ്ടായാൽ അവൻ ഉറങ്ങുമ്പോൾ അവനെ ഞാൻ ചവിട്ടില്ല. ഞാൻ പണിക്ക് പോയി വരുമ്പോൾ അവനു മിട്ടായി വാങ്ങി കൊടുക്കും. എന്റെ വാക്കുകൾക്ക് നല്ല ബലമായിരുന്നു. എന്നിരുന്നാലും കണ്ണിൽ നിന്നും വെള്ളം വന്നു…കുറച്ചു നേരത്തേക്ക് ക്ലാസ് നിശ്ശബ്ദമായി…

‘ഇരിക്ക്…അടുത്തയാൾ…” ടീച്ചർ പറഞ്ഞു.

ഒരു അഞ്ചാം ക്ലാസുകാരന്റെ ജല്പനമായി അവർക്ക് തോന്നിയിരിക്കാം. എന്നിരുന്നാലും എന്റെ ആഗ്രഹം അതാണ്…ഞാൻ പറഞ്ഞത് സത്യമാണ്. നൂറു ശതമാനം സത്യം…കാരണം ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്‌ അതാണ്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞേ…അതുകൊണ്ട് അങ്ങനെ പറയാൻ ഇനിക്ക് നാണക്കേട് തോന്നിയില്ല…

ഒരു ദിവസം ഇനിക്ക് ഉറങ്ങണം…അച്ഛന്റെ തെറി കേൾക്കാതെ…ചവിട്ട് കൊള്ളാതെ…കള്ളിന്റെ മണമടിക്കാതെ…അമ്മയുടെ കൂടെ….അമ്മയെ കെട്ടിപ്പിടിച്ചു….