കല്യാണത്തിന്റന്നു രാത്രി അവൾക്കിടാനായി ആരും അറിയാതെ ഓൺലൈനിൽ നിന്നും രണ്ടു നൈറ്റ്‌ ഡ്രസ്സ് വാങ്ങിവച്ചു…

രചന: ദിവ്യ അനു അന്തിക്കാട്‌

ആദ്യരാത്രി തൊട്ട് തുടങ്ങിയ പങ്കപ്പാടാണ്…നിശ്ചയം കഴിഞ്ഞ് അഞ്ചാറുമാസം ഫോൺ വിളിയൊക്കെ ഉണ്ടാരുന്നു. എന്നിട്ടും ഒരു വകേം അറിഞ്ഞില്ലെന്നുള്ളതാണ്.

ഇതിപ്പോ ശരിക്ക് വല്ല നട്ടും പോയതാണോ !! ഹോ കല്യാണത്തിന്റെ തലേന്ന് വരെ എന്തോരം പ്രതീക്ഷകളാരുന്നു. ആദ്യരാത്രി പൊളിച്ചടുക്കണം, പിറ്റേന്ന് തൊട്ട് ചറപറാന്നു കറങ്ങി നടക്കണം. കൊച്ചീലൊക്കെ വളർന്ന പെണ്ണല്ലേ, നല്ല മോഡേൺ ആയിരിക്കും എന്നാരുന്നു പ്രതീക്ഷ…

ഇതിപ്പോ എന്റമ്മ ജനിക്കുന്നേനും മുന്നുള്ള ഏതോ ആണ്ടിലെ ആണെന്ന് തോന്നുന്നു !! അല്ലേൽ ഇങ്ങനുണ്ടോ ഓരോ കാട്ടയങ്ങൾ…

കല്യാണത്തിന്റന്നു രാത്രി അവൾക്കിടാനായി ആരും അറിയാതെ ഓൺലൈനിൽ നിന്നും രണ്ടു നൈറ്റ്‌ ഡ്രസ്സ് വാങ്ങിവച്ചു…ഒരു പത്തുമണിയായിക്കാണും ആശാത്തി റൂമിലേക്ക് വന്നു. സെറ്റുമുണ്ടൊക്കെ ഉടുത്തോണ്ടാണ് വരവ്…

സത്യം പറയാലോ പണ്ടുതൊട്ടേ ഹിന്ദി സിനിമേടെ ഒരു ആരാധകനായ എനിക്ക് പെണ്ണ് ഇച്ചിരി അധികം മോഡേൺ ആവണം എന്നായിരുന്നു. സാരല്യ എന്തേലും ആകട്ടെ എന്ന് കരുതി മിണ്ടാൻ തുടങ്ങിയപ്പോ ദാണ്ടെ അവളുടെ കണ്ണീന്നു വെള്ളം വരുന്നു.

“എന്ത് പറ്റി…?”

“അത് പിന്നെ ഏടത്തി പറയാ പാലില്ലെന്നു…പാലൊക്കെ വേണ്ടതല്ലാരുന്നോ…ഇനി എന്ത് ചെയ്യും ചേട്ടാന്നു….”

ഓരോരുത്തരിവിടെ ബിയറിൽ വരെ എത്തിനിക്കുന്നു. അപ്പോള ഇവിടൊരുത്തിക്ക് പാൽ ഇല്ലാത്തതിന്റെ സങ്കടം. മോളൂ….ഇങ്ങു വന്നേ…നമുക്കുണ്ടല്ലോ ഇന്നത്തേതും കൂടി രണ്ട് ഗ്ലാസ് പാൽ നാളെ കുടിക്കാം ഇപ്പൊ നമുക്കീ കതകടക്കാം കേട്ടോ…”

കുറച്ചധികം സമയമെടുത്തു ഒന്ന് ആശ്വസിപ്പിക്കാൻ…അങ്ങനെ മിണ്ടി പറഞ്ഞും അരമണിക്കൂർ ആയിക്കാണും ഞാൻ പതിയെ തലയണക്കടിയിൽ വച്ച നൈറ്റി കയ്യിലെടുത്തവൾക്ക് നീട്ടിട്ട് പറഞ്ഞു പോയി ഇതൊന്നു ഇട്ടിട്ട് വാ…ഒന്ന് കാണട്ടെ എങ്ങനുണ്ടെന്നു…

അവളതു വാങ്ങി തുറന്നു നോക്കിയതും ദേ കിടക്കുന്നു ചട്ടീം കലോം…എന്തോ കണ്ട് പേടിച്ചപോലെ കിടന്നു കരയാൻ തുടങ്ങി. എന്തിനേറെ പറയുന്നു ആ രാത്രി അവളുടെ വായ അടച്ചില്ല അതെന്നെ…സത്യത്തിൽ സകലമാന ദൈവങ്ങളേം പ്രാകികൊന്നു ഞാനന്ന്….

കോഴിപോലും എണീറ്റിട്ടുണ്ടാവില്ല ആ നേരത്ത് ആരാണ്ടോ കിണറ്റിന്ന് വെള്ളം കോരുന്ന ഒച്ച കേട്ട് നോക്കിയപ്പോ ഇന്നലെ കരഞ്ഞുറങ്ങിയ ആളാണ്. മോട്ടർ കേടാവുമ്പോ മാത്രം ഉപയോഗിക്കുന്ന പുരാതന വസ്തുവാണ് വീട്ടിലെ കിണർ. കപ്പി കിടന്നു അലറുന്ന ശബ്ദം ഏതാണ്ട് ആ ജില്ല മൊത്തം കേട്ട് കാണും…

കുളീം ജപോം കഴിഞ്ഞ് ചായേം കൊണ്ട് മുറിയിലേക്ക് വന്നവൾടെ മുഖത്തു വല്യേ തെളിച്ചം ഇല്ല. ചായ കയ്യിൽ തന്നിട്ട് അവള് ചോദിച്ചു…

“ഏട്ടനെന്നെ ഒരു മോശം പെണ്ണായിട്ടാണോ കാണുന്നെ…?”

“മോശം പെണ്ണോ..? നീ എന്താ ഇങ്ങനെ ചോദിക്കണേ…?”

“അല്ല പിന്നെന്തിനാ അങ്ങനെ മോശം ഡ്രസ്സൊക്കെ എനിക്ക് വാങ്ങിയേ…? എന്റമ്മേം അച്ഛനും എന്നങ്ങനൊന്നുമല്ല വളർത്തിയത്”

ചിരിക്കണോ, കരയാണോന്നു പോലും അറിയാത്തവസ്ഥ…ഇനീ പെണ്ണ് വല്ല സീരിയലും കണ്ടു തലക്ക് ഓളം ആയതാണോ എന്തോ…? ഇവിടെ ഇപ്പൊ ജനിച്ച പിള്ളേർ പോലും യൂട്യൂബിൽ ഉള്ളതൊക്ക കാണുമ്പോള ഇവളിവിടെ നാടക ഡയലോഗ് പറഞ്ഞോണ്ടിരിക്കുന്നത്.

എന്തിനേറെ പറയുന്നു ഒന്നുരണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഞാനേതാണ്ട് ആദിമമനുഷ്യനിലേക്കെത്തിപ്പെട്ട അവസ്ഥയായിത്തീർന്നു.

ഒരീസം ഓഫീസിലേക്കിറങ്ങും മുൻപ് അവൾ പറഞ്ഞു. ഇന്നെനിക്കു കുറച്ചു സാധനങ്ങൾ വാങ്ങണം ഒന്ന് നേരത്തെ വരാൻ നോക്കണംട്ടോ…മനസ്സിൽ ലഡ്ഡു അഞ്ചാറെണ്ണം പൊട്ടി. ആഹാ ഷോപ്പിങ്ങൊക്കെ ഇഷ്ടമാണല്ലേ…ഞാൻ പറഞ്ഞു…”പിന്നെന്താ നേരത്തെ വരാം ഒരുങ്ങിയിരുന്നോ”

വൈകീട്ട് ഷോപ്പിങ്ങും കഴിഞ്ഞ് സോഫേല് വന്നിരുന്നപ്പോ അമ്മ വന്നു ചോദിച്ചു…”എന്തെ വിച്ചു നിന്റെ മുഖത്തൊരു വാട്ടം, വയ്യേ നിനക്ക്?”

“വാട്ടം പോലും വാട്ടം, അമ്മക്കറിയോ നാല് മണിക്കൂർ ടൗണിൽ തേരാ പാര നടന്നിട്ട് അവള് വാങ്ങിയതെന്തൊക്കെയാണെന്നു…?”

അരിക്കലാമ്പ് (ബെഡ്ലാമ്പിഷ്ടല്ലത്ര) മണ്ണെണ്ണ ഇനി എവിടുന്ന് വാങ്ങേണ്ടി വരോ ആവോ…? ജാസ്മിന്റെ പെർഫ്യൂം, എന്തൊരു നാറ്റം ആണെന്നറിയോ ആ പണ്ടാര സ്പ്രേക്ക്…? ഐറ്റെക്സിന്റെ കണ്മഷി, രാസനാദിപൊടി, ചാന്ത്…എന്നുവേണ്ട പണ്ട് ഉത്സവത്തിന് പോകുമ്പോ ആ പറമ്പിൽ കാണാറുള്ള സകല സാധനോം വാങ്ങി.

അവൾക്ക് വട്ടാ എന്നെ കൊണ്ടൊന്നും പറയിക്കണ്ട അമ്മ ഒന്ന് പൊയ്‌ക്കെ…എംഎ മലയാളം ആണെന്ന് പറഞ്ഞപ്പോ ഇത്രേം മലയാളിത്തം പ്രതീക്ഷിച്ചില്ല…

നിങ്ങക്കറിയോ തലേൽ എണ്ണതേക്കാൻ ഒരു തരി ഇഷ്ടല്ലാണ്ടിരുന്ന ഞാനിപ്പോ പപ്പടം എണ്ണയിൽ വറുത്തുകോരിയ പോലെയാ നടക്കുന്നെ…ഒരു സെൽഫി എടുത്തിട്ടെത്ര നാളയെന്നറിയോ…? ഷോർട്സ് ഇട്ടോണ്ടിരുന്ന ഞാനിപ്പോ കാവിമുണ്ടും ഉടുത്തു സന്യാസിനെ പോലെയാ നടക്കുന്നെ…ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തല്ലെന്ന പ്രാർത്ഥന.

“ഏട്ടാ…”

“ഓ പറഞ്ഞോ ഞാനിവിടുണ്ട്”

“അതേയ് ഒന്നിങ്ങു വന്നേ കുളിച്ചിട്ട് രാസനാദി ഇട്ടില്ലല്ലോ…തുമ്മൽ വരണ്ട ഇങ്ങുവന്നെ ഞാനിട്ട് തരാം”

“ഹോ എന്റെ ദൈവേ ഇവളെന്റെ പൊക കണ്ടേ തീരുന്നാ തോന്നണേ…”

NB: അസ്സൽ നുണക്കഥ എന്നൊന്നും പറയുന്നില്ല. നമുക്കൊരു രാജ്യം ഉണ്ടാക്കാമെന്നേ ഇതുപോലെ നിഷ്കളങ്കരുടെ….