മറുക് – രചന: Manoj Rajam Nair
രാത്രിയിൽ മുഴുവനും ഉറങ്ങാതെ ചിണുങ്ങിയും കരഞ്ഞും കിടന്ന മോളാണ്, പകൽ ആയാൽ നല്ല ഉറക്കം.
മോളുണ്ടായതിനു ശേഷം ദിനചര്യ തന്നെ മാറിപ്പോയി. ഭാര്യക്കാണേൽ എന്നോട് മിണ്ടാൻ തന്നെ നേരം ഇല്ല. പിന്നെ മോള് ഉണർന്നിരിക്കുമ്പോ അവളെ എടുത്ത് നടന്നാൽ എനിക്കും സമയം പോകുന്നത് അറിയില്ല. ഇങ്ങനെ എടുത്ത് കൊണ്ട് നടന്നു ശീലിച്ചാൽ lock down കഴിയുമ്പോ നിങ്ങൾ ജോലിക്ക് പോയി തുടങ്ങിയാൽ പെണ്ണ് പിന്നെ നിലത്തു കിടക്കില്ല എന്ന് അവള് ഇടയ്ക്കു പറയും…
ഉച്ചക്ക് ഊണ് കഴിഞ്ഞു മൊബൈലിൽ കുത്തി ഇരിക്കുമ്പോഴാണ് അയൽക്കാരിയായ സുമേച്ചി വന്നത്. മകനും കുടുംബവും മുംബൈയിലാണ്. സാധാരണ വെക്കേഷന് കുട്ടികളെ കൂട്ടി മരുമോള് വരുന്നതായിരുന്നു…കൊറോണ കാരണം പേരക്കുട്ടികളെ കാണാൻ പറ്റാത്തതിലുള്ള വിഷമം ഇടയ്ക്കു പറയും. ഇപ്പോ കുഞ്ഞിനെ കാണാൻ ഉള്ള വരവാണ്.
മോള് ഉറക്കമാണോ എന്ന് ഭാര്യയോട് ചോദിച്ചു സുമേച്ചി അകത്തേക്ക് പോയി. മോളുടെ മേൽച്ചുണ്ടിൽ മൂക്കിന് താഴെ ഒരു മറുക് ഉണ്ട്. കാക്കപുള്ളി ആണെന്നാണ് സുമേച്ചി പറയുന്നത്…
എനിക്ക് അതു കേൾക്കുമ്പോൾ എന്തോ ഒരു വല്ലായ്ക…മറുക് എന്ന് പറഞ്ഞാൽ പോരെ…?
ഇന്നും അകത്തു ഈ മറുകാണ് സംസാര വിഷയം. പെൺകുഞ്ഞല്ലേ…വലുതാകുമ്പോൾ ഇതു കളയുന്നതാ നല്ലത് എന്ന് സുമേച്ചി….
അവരുടെ മരുമോളുടെ ആങ്ങളയുടെ മകൾക്ക് ഉണ്ടായിരുന്നു കവിളത്തു ഒരു കാക്കപുള്ളി. ലേസർ ചികിത്സ നടത്തി അതു മായിച്ചു കളഞ്ഞ കഥ കഴിഞ്ഞ ദിവസം സുമേച്ചി പറയുന്നത് കേട്ടിരുന്നു.
ആ മറുക് അവിടെ ഇരിക്കട്ടെ എന്ന് ഭാര്യ പറയുന്നത് കേട്ടു…മോളുടെ അച്ഛന്റെ മറുക് അതെ പോലെ അവൾക്കും കിട്ടിയതാ എന്ന്…
ഇത് കേട്ടു ഞാൻ ഒന്ന് ഞെട്ടി…എനിക്ക് എവിടാ ചുണ്ടിന്റെ മുകളിൽ മറുക്…? കട്ടിമീശ കൊണ്ട് ചുണ്ട് തന്നെ കാണാനില്ല അപ്പോഴാ…ഈശ്വരാ…
പിന്നെ പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല. ഏയ്…അങ്ങനെ ഒന്നും വരാൻ വഴി ഇല്ല. സുമേച്ചി പറഞ്ഞതിനെ ഒഴിവാക്കാൻ അവൾ വെറുതെ പറഞ്ഞതാവും…
മൊബൈൽ നോക്കാൻ പിന്നെ മൂഡ് ഉണ്ടായില്ല. അവിടെ കസേരയിൽ ഇരുന്നു മയങ്ങി പോയി. ചേട്ടാ മണി 4 കഴിഞ്ഞു. മോളെ ഒന്ന് പിടിച്ചേ ഞാൻ ചായ വെക്കട്ടെ…അവൾ വിളിക്കുന്ന കേട്ടാണ് ഉണർന്നത്.
നോക്കുമ്പോ മോള് എന്റെ മുഖത്തു നോക്കി ചിരിച്ചു എന്റെ മടിയിൽ കിടക്കുന്നു. പെട്ടെന്നാണ് ആ മറുക് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നിയത്…
ദേ ചായ കുടിക്കു…ഞാൻ ഇവൾക്ക് പാല് കൊടുക്കട്ടെ എന്ന് പറഞ്ഞു അവൾ കുഞ്ഞിനെ എടുത്തു. ലോക് ഡൗൺ ഇപ്പോഴൊന്നും തീരില്ല. ചേട്ടന് ആ താടിയും മീശയും എങ്കിലും ഒന്ന് വെട്ടി വൃത്തിയായി വച്ചുകൂടെ എന്ന് ചോദിച്ചു അവൾ പോയി.
പണ്ട് മുതലേ മടിയാണ് ഷേവ് ചെയ്യാൻ. ഫേസ്ബുക്കിൽ താടി വച്ച ഫോട്ടോ ഫാഷൻ ആയതോടെ രണ്ടാഴ്ച കൂടുമ്പോ സന്തോഷിന്റെ സലൂണിൽ പോയി താടിയും മീശയും സെറ്റ് ആക്കും. അക്കാര്യത്തിൽ സന്തോഷ് ജഗജില്ലി ആണ്. എന്തായാലും സലൂൺ ഉടനെ എങ്ങും തുറക്കുന്ന ലക്ഷണം ഇല്ല.
മനസില്ലാ മനസോടെ ഷേവിംഗ് സെറ്റ് എടുത്തു ബാത്‌റൂമിൽ കയറി. മൊബൈൽ എടുത്തു ശ്രീകുമാരൻ തമ്പി സാറിന്റെ സംഗീതം കേട്ടുകൊണ്ട് മീശയൊക്കെ വെട്ടി ഒതുക്കാൻ തുടങ്ങി.
വയലാറിന്റെ വരികളേക്കാൾ എനിക്ക് ഇഷ്ടം തമ്പി സാറിന്റെ രചന ആണ്. അതിന്റെ ലാസ്യ ഭംഗി ഒന്ന് വേറെ തന്നെ….
അപ്പോഴാണ് അതു ശ്രദ്ധിച്ചത്…മൂക്കിന് താഴെ…മീശക്കു ഇടയിൽ…ചുണ്ടിൽ ഒരു ചെറിയ കറുത്ത മറുക്….ഞാൻ പോലും അറിയാതെ ശ്രദ്ധിക്കാതെ ഇരുന്ന ഇത് എങ്ങനെ ഭാര്യ കണ്ടു പിടിച്ചു…?
അപാരം തന്നെ…അപ്പൊ എനിക്ക് അവളോട് എന്തോ സ്നേഹക്കൂടുതൽ തോന്നി. കുറച്ചു മുന്നേ എന്തൊക്കെയോ ചിന്തിച്ച എന്നോട് ഒരു ദേഷ്യവും…
അപ്പൊ അതാ അടുത്ത പാട്ടു വരുന്നു…സത്യൻ അന്തിക്കാടിന്റെ എത്ര അർത്ഥവത്തായ വരികൾ…പലരും ഇതു തമ്പി സർ എഴുതിയതെന്ന് കരുതുന്നുണ്ട്….
ഒരു നിമിഷം തരു നിന്നിൽ അലിയാൻ….ഒരു യുഗം തരൂ നിന്നെ അറിയാൻ….