കിടക്കയുടെ ഓരത്തെല്ലാം തടവിനോക്കി. അതെ നാളെ ഇവിടെ ഒരാൾകൂടി. ഹോ…

ഒരു കല്യാണ ചരിതം – രചന: ദിവ്യ അനു അന്തിക്കാട്

കല്യാണമാണ് നാളെ…

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ല. കിടക്കയുടെ ഓരത്തെല്ലാം ഒന്ന് തടവിനോക്കി. അതെ നാളെ ഇവിടെ ഒരാൾകൂടി. ഹോ ആലോചിക്കാൻ വയ്യ. സിനിമേല് കാണുന്നതിനേക്കാൾ തകർക്കണം…പൂവും പാലും പഴങ്ങളും ഒക്കെ കൊണ്ട് നിറയ്ക്കണം മുറി മൊത്തം. ആലോചിച്ചു കിടന്നു ഒന്ന് മയങ്ങിപ്പോയി.

സതീഷേ എടാ സതീഷേ…

അമ്മ കട്ടൻ ഇവിടെ വച്ചിട്ട് പൊക്കോ. കൊറച്ചൂടെ ഒന്നുറങ്ങട്ടെ ഞാൻ…

ആ നീ ഒറങ്ങിക്കോ മതിയാവോളം. താലികെട്ട് നിന്റെ കൂട്ടുകാരന്മാര് ആരെക്കൊണ്ടെങ്കിലും കെട്ടിച്ചോളാം…പെട്ടെന്ന് ബോധം വന്നു.

അമ്മെ നിങ്ങളെന്തു വർത്തമാന പറയണേ…

മുണ്ടിനു പകരം പൊതപ്പെടുത്തു ചുറ്റി കുളിമുറി ലക്ഷ്യംവെച്ചു ഓടി. മേക്കപ്പും വീഡിയോ പിടുത്തം മുതലായ ആചാരങ്ങളെല്ലാം കഴിഞ്ഞു. മണ്ഡപത്തിൽ എത്തിയതും കാലിനൊക്കെ ഒരു തളർച്ച പോലെ…എങ്കിലും കെട്ടാതെ തരമില്ലാത്തോണ്ട് ശടപടേന്ന് അഞ്ചാറു കെട്ടങ്ട്‌ കെട്ടി…

ഊണും, പിന്നേം വീഡിയോ പിടുത്തം എല്ലാം തീർന്നതും കാറിൽ കയറി വീട്ടിലേക്ക്. കാറിലിരിക്കുമ്പോ പതിയെ അവളുടെ വിരലിലൊന്ന് തൊടാൻ ശ്രമം നടത്തി പരാജയപെട്ടു. എനിക്കെന്താ പറ്റിയത്…

നിശ്ചയം കഴിഞ്ഞപ്പോ തൊട്ട് ഫോൺ വിളിയാ എന്നിട്ടും ഇത്ര വെപ്രാളം. പാർട്ടി രണ്ടുദിവസം കഴിഞ്ഞിട്ട് ആയതോണ്ട് തന്നെ സമാധാനം ഉണ്ട്. വീട്ടിലെ ചടങ്ങൊക്കെ കഴിഞ്ഞു അവളുടെ വീട്ടീന്ന് വന്നവരൊക്കെ പോയി.

ഞാനും ഒന്ന് കുളിക്കാമെന്നു വച്ച് മുറിയിൽ പോയപ്പോ ദാണ്ടെ അവളവിടെ. പെട്ടെന്ന് ഒരു വളിച്ച ചിരി ചിരിച്ചു മുറിന്നിറങ്ങി. ടവ്വലെടുത്തു അമ്മേടെ മുറിയിൽ പോയി. അവിടെ ആണേൽ ബാക്കിയുള്ള ബന്ധുക്കളൊക്കെ ഇരുന്നു സൊറപറച്ചിലും….

അതേയ് ചേച്ചിമാരെ ഒന്ന് ഹാളിൽ പോയിരിക്ക്യോ ഒന്ന് കുളിക്കാന…

അതെന്താ സതീഷേ നിന്റെ മുറിയിൽ കുളിച്ചാൽ…

ഏട്ടന് നാണ അമ്മേ…

അമ്മേടേം അനിയത്തീടേം ഡയലോഗ് കേട്ടതും ചേച്ചിമാരെല്ലാം കൂടി കികിരികിക്കിരി ചിരിക്കാൻ തൊടങ്ങി…

എനിക്കൊരു നാണോം ഇല്ല നീ പോടീ…

സതീഷേ ചെന്നെ നീ നിന്റെ മുറിയിൽ പോയി കുളിച്ചേ…

ഒന്നും മിണ്ടാൻ പറ്റാതെ ഇറങ്ങി മുറിയിലേക്ക് തിരിച്ചുപോയി. അവളുടെ കുളിയൊക്കെ കഴിഞ്ഞു ഡ്രസ്സും മാറി നിൽപ്പുണ്ട്. എന്നെ കണ്ടതുകൊണ്ടാകും ഒരു നാണം മുഖത്തു വന്നൊന്നൊരു സംശയം…പതിയെ അവളുടെ അടുക്കൽ ചെന്നു. അവൾക്കാണേൽ എന്നെക്കാളും നാണോം ചമ്മലും. മുഖം കുനിഞ്ഞിപ്പോ തറയിൽ തൊടും എന്ന അവസ്ഥയെത്തി.

എന്നാലും ധൈര്യം സംഭരിച്ചു ചോദിച്ചു, അതെ…

ഉം പറഞ്ഞോളൂ…

അങ്ങനെ പ്രത്യേകിച്ച് പറയാനൊന്നൂല്യ. ഒരഞ്ചുമിനിറ്റ് പുറത്തിറങ്ങി നിൽക്കോ. എനിക്കൊന്നു കുളിക്കാന…

ഒരുമിനിറ്റ് എന്നെ ഒന്ന് തുറിച്ചുനോക്കി. എന്നിട്ടവൾ മുറിക്കു പുറത്തിറങ്ങി. രാവിലെ ഒന്ന് പല്ലുതേച്ചതാണേലും ഒന്നൂടെ പല്ലുതേച്ചു. അങ്ങനാണല്ലോ പതിവ്…അങ്ങനെ കുളിയൊക്കെ കഴിഞ്ഞു പുറത്തിറങ്ങി. അവളെ തിരികെ മുറിയിലേക്ക് വിളിച്ചു.

ജാനുട്ടി വന്നോ ട്ടാ എന്റെ കുളി കഴിഞ്ഞു.

അങ്ങനെ മിണ്ടാനുള്ള ധൈര്യമൊക്കെ വന്നു. അതേയ് ഇങ്ങോട്ട് വന്നേ ഒരു കാര്യം ചോദിക്കട്ടെ…പറഞ്ഞത് കേട്ടിട്ടും അവളൊന്നും മിണ്ടുന്നില്ല. പിന്നെ ആണ് മനസ്സിലായത് പറയുന്നതൊക്കെ ശബ്ദമില്ലാതെ കാറ്റ് മാത്രമായിട്ടാണ് പുറത്തേക്കു വരുന്നെന്ന്…

സതീഷേട്ടാ എന്തുപറ്റി…? ഇന്നലെ വരെ എത്ര സംസാരിച്ചതാ നമ്മൾ….

ആ അതേയ് പറയാൻ മറന്നു ജാനുട്ടി ഒറങ്ങിക്കോ നല്ല ക്ഷീണം ഉണ്ടാവുമല്ലോ ല്ലേ…എനിക്കെ കല്യാണം കഴിയണ അന്നുരാത്രി ഒരു നേര്ച്ച ഉണ്ട്. പിറ്റേന്ന് കുളിച്ചു അമ്പലത്തിപോകുന്നവരെ വൃതം ആണെന്ന്…എനിക്കുറക്കം വരുന്നില്ല.

സതീഷേട്ടാ…കണ്ണ് കണ്ടാലറിയാം നല്ല ക്ഷീണം ഉണ്ട് ഒറങ്ങിക്കോ…

അങ്ങനെ അവൾ ഉറങ്ങി. ഞാൻ പതുക്കെ ടേബിളിലേക്കു നോക്കി സങ്കടം വന്നു. ഞങ്ങൾ കുടിക്കാതേം കഴിക്കാതേം വച്ച പാലിന്റേം പഴത്തിന്റേം വിഷമം എന്താകും എന്നോർത്തിട്ട്….

എന്നാലും കണ്ട സ്വപ്നങ്ങളും, മോഹങ്ങളും ദാണ്ടെ കിടന്നുറങ്ങുന്നു. സാരല്യ വൃതം ധൈര്യത്തിന് നല്ലതാ…നാളെ നോക്കിക്കോ അവളെ പ്രേമിച്ചു കൊല്ലും ഞാൻ….ഇങ്ങനൊക്കെ വിചാരിച്ചെന്ന്യ ഇന്നലെ ഉറങ്ങാൻ കിടന്നേ…

ഇനി നാളെ എന്താവോ എന്തോ തമ്പ്രാനറിയാം….