വേനൽപ്പൂവ് – രചന: Siya Yousaf
“നിശ്ചയം കഴിഞ്ഞേപ്പിന്നെ ഇവനെ കൂട്ടത്തിൽ കൂടാനേ കിട്ടുന്നില്ലല്ലോ… ഫുൾ ടൈം ഫോൺ വിളിയാ..” ആലിൻ ചുവട്ടിലെ പതിവു കൂടിക്കാഴ്ചയിലിരിക്കെ മനുവിനെ നോക്കി ഫൈസി പറഞ്ഞു.
“എല്ലാം ഒറ്റയടിക്ക് തീർത്തേക്കല്ലേടാ മനുവേ…കെട്ട് കഴിഞ്ഞിട്ടും പറയാനെന്തേലൊക്കെ വേണ്ടേ…” എന്റെ കളിയാക്കലു കേട്ട് അവൻ സംസാരം നിര്‍ത്തി ഞങ്ങൾക്കരികിലേക്ക് വന്നു.
“ഡാ…മീരയ്ക്ക് നിങ്ങളെയൊക്കെയൊന്ന് പരിചയപ്പെടണമെന്ന്…ഉം സംസാരിക്ക്…” ഫോൺ നീട്ടിയത് എന്റെ നേരെയാണെങ്കിലും ഫൈസിയത് തട്ടിപ്പറിച്ച് വാചകമടി തുടങ്ങി. വർഷങ്ങളായുള്ള സൗഹൃദം പോലെ….അവന്റെ വർത്തമാനം ചിരിയൊടെ മുന്നോട്ടു പോയപ്പോൾ…എനിക്കെന്തോ വല്ലായ്മ തോന്നി.
ഞാൻ എഴുനേറ്റു നടക്കാനാഞ്ഞപ്പോൾ മനു തടഞ്ഞു. “അളിയാ…അവളോടെന്തേലും മിണ്ടിയേച്ചും പോടാ…”
“എനിക്ക് കുറച്ചു തിരക്കുണ്ട്. നീ പറഞ്ഞാ മതി. പരിചയപ്പെടാൻ ഇനിയും സമയണ്ടല്ലോടാ…” ഞാൻ ബൈക്കെടുത്ത് ധൃതിയിൽ പായിച്ചു പോന്നത് കണ്ട് ഫൈസിയും മനുവും മുഖത്തോട് മുഖം നോക്കി നിന്നു. ചിലപ്പോൾ അവരെന്റെ മനസ്സ് വായിച്ചിരിക്കണം. അതാണെന്നെ പിടിച്ചു നിറുത്താൻ ശ്രമിക്കാതിരുന്നത്.
ബൈക്കിനേക്കാൾ വേഗത്തിലാണ് എന്റെ മനസ്സ് സഞ്ചരിച്ചുകൊണ്ടിരുന്നത്, പിടി തരാതെ….കടിഞ്ഞാൺ വിട്ട കുതിര കണക്കെ എന്റെ ഓർമ്മകളും ഓടിത്തുടങ്ങി…
***********************
“നിനക്കിനിയെങ്കിലും ഈ ശകടമൊന്ന് മാറ്റിക്കൂടെ ഹരീ…ഇതിലാണോ നീ നിന്റെ പെണ്ണിനേയും കൊണ്ട് കറങ്ങാൻ പോണത്. കഷ്ടം.!!” വഴിക്കുവച്ച് പണി മുടക്കിയ എന്റെ പഴയ ബൈക്ക് നോക്കി എബി കളിയാക്കി.
“ആദ്യം കല്യാണം, പിന്നെ ബൈക്ക്. ഇപ്പൊ തന്നെ ചെലവ് ഒരുപാടുണ്ട് മോനേ…അപ്പഴാ പുതിയ ബൈക്ക്. നീ കേറ്, അവള് കോളേജ് കഴിഞ്ഞു കാത്ത് നിപ്പുണ്ടാവും…” ഒരുവിധത്തിൽ കിക്കറടിച്ച് വണ്ടിയെടുത്ത് ശിവാനിക്കരികിലെത്തി.
“ഇനി നമ്മൾ കല്യാണത്തിനേ കാണൂട്ടോ…എന്റെ ക്ലാസ് ഇന്നത്തോടെ തീർന്നു.”
“ഭാഗ്യം…ഈ വേതാളത്തിന്റെ വേഷമൊന്ന് എനിക്കഴിച്ചു വെക്കാലോ…മാസം കുറച്ചായി ഞാനിവന്റെ പുറകിൽ തൂങ്ങി ഈ പാച്ചില് തുടങ്ങീട്ട്…” എബിയുടെ ആശ്വാസച്ചിരി കേട്ട് ഞങ്ങളും ചിരിച്ചു.
“ഇതിനൊക്കെ നിങ്ങളെപ്പോലെയുള്ള ചങ്കിനെയല്ലാതെ അച്ഛനെ കൂടെകൂട്ടാൻ പറ്റോടാ എബി….”
“പിന്നല്ല….”
ഫൈസിയും എബിയും ഹരിയും മനുവും…ഇവർ നാലു പേരാണ് സ്ഥലത്തെ പ്രധാന പയ്യൻസ്. എന്തിനും ഏതിനും ഒരേ മനസ്സോടെ കട്ടക്ക് കൂടെ നിൽക്കുന്നവർ …! ചങ്ക്സ് …!! കൂട്ടത്തിൽ ഹരിയുടെ കല്യാണമാണ് അടുത്ത മാസം. വീട്ടിൽ അമ്മ തനിച്ചായതിനാൽ വേഗം ഒരു കൂട്ടു തേടിയാണ്, ഹരി ശിവാനിയെ കണ്ടെത്തിയത്. അവൾ ഡിഗ്രിക്ക് അവസാന വർഷമാണ്.
അങ്ങനെ നീണ്ട ഏഴു മാസത്തെ കാത്തിരിപ്പിനൊടുവിൽ വിവാഹദിവസമെത്തി. ഒരു കാര്യവും ഹരിക്ക് അറിയേണ്ടി വന്നില്ല..! എല്ലാം അവന്റെ ചങ്കുകൾ, മുന്നിൽ നിന്നുകൊണ്ട് ഭംഗിയാക്കി. ചെക്കനേയും പെണ്ണിനേയും അവരുടെ കിടപ്പറയിലേക്ക് പറഞ്ഞുവിട്ടിട്ടേ അവർ മടങ്ങിയുള്ളൂ…
മധുവിധു നാളുകളങ്ങനെ സന്തോഷത്തോടെ കഴിഞ്ഞു പോയി. അവരുടെ സൗഹൃദവും ഇഴ പിരിയാതെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ശിവാനിയും ആ സൗഹൃദ വലയത്തിലെ ഒരംഗമായി മാറി…വീട്ടിൽ വരുന്ന ഹരിയുടെ സുഹൃത്തുക്കളെ അവൾ സന്തോഷത്തോടെ സ്വീകരിച്ചു. വിവാഹത്തിന്റെ ആദ്യ വർഷം അവരൊന്നിച്ച് പാര്‍ട്ടി നടത്തി ആഘോഷിച്ചു. തന്റെ കൂട്ടുകാരോട് ഒരിക്കൽ പോലും മുഖം കറുപ്പിക്കാത്ത ശവാനിയോട് ഹരിക്ക് വല്ലാത്ത മതിപ്പായിരുന്നു. അമ്മായിയമ്മക്കും അവൾ സ്നേഹമയിയായ മരുമകളല്ല, മകളായിരുന്നു.
അന്നൊരുനാൾ ഹരിക്ക് ബിസിനസ് ആവശ്യത്തിനു വേണ്ടി ഒരാഴ്ച മാറി നിൽക്കേണ്ടി വന്നു. “താൻ വേണേൽ വീട്ടിൽ പൊയ്ക്കോ…ഞാൻ വന്നിട്ട് വിളിക്കാം” പോകുന്നതിന് മുമ്പ് ശിവയോട് ഹരി പറഞ്ഞു.
“വേണ്ട ഏട്ടാ…ഞാനും കൂടി പോയാൽ അമ്മ ഒറ്റക്കാവില്ലേ…ഏട്ടൻ പോയിട്ട് വേഗമിങ്ങ് വന്നാ മതി…” അവളുടെ നെറുകയിൽ ചുംബിക്കും നേരം ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ താനാണെന്ന് ഹരിക്ക് തോന്നിപ്പോയി.
യാത്ര പുറപ്പെടും മുമ്പ് ഹരി വീട്ടിലെ കാര്യങ്ങൾ എബിയെ പറഞ്ഞേൽപ്പിച്ചു. അപ്പന്റെ തടിമില്ലും എസ്റ്റേറ്റും നോക്കി നടത്തുന്ന ജോലിയായതുകൊണ്ട് അവനെ മാത്രമേ എപ്പോഴും ലൈവിൽ കിട്ടുകയുള്ളൂ. “നീ പോയിട്ടു വാ അളിയാ…ഞങ്ങളൊക്കെ ഇല്ലേടാ ഇവിടെ…” അവന്റെ ചങ്കുപറിച്ച വാക്കുകൾ കേട്ടാണ് ഹരി വണ്ടി കയറിയത്.
പോയിട്ട് മൂന്നാം ദിവസമായി. കോൺഫറൻസിന്റെ ടെൻഷനും ക്ഷീണവുമെല്ലാം കൊണ്ട് അന്ന് വീട്ടിലേക്ക് വിളിച്ചതേയില്ല. സമയം പത്തു കഴിഞ്ഞു. അപ്പോഴാണ് ഓഫ് ചെയ്തു വച്ച ഫോണിന്റെ ഓർമ്മ വന്നത്. വേഗം അതെടുത്ത് ഓൺ ചെയ്തു. മിസ്ഡ് കോളിന്റെ പ്രവാഹം…വീട്ടിലെ ലാന്‍ഡ് ലൈനിൽ നിന്നും സുഹൃത്തുക്കളുടെ മൊബൈലിൽ നിന്നും കോളുകൾ മാറി മാറി വന്നിട്ടുണ്ട്. അമ്മയും ശിവയും തന്റെ ശബ്ദം കേൾക്കാതെ വിഷമിച്ചിരിക്കും…പേടിച്ചിരിക്കും…
ശിവയുടെ നമ്പറിലേക്ക് വിളിച്ചു നോക്കി. സ്വിച്ച് ഓഫാണ്…ലാന്‍ഡ് നമ്പറിൽ വിളിച്ചപ്പോൾ അമ്മയാണ് എടുത്തത്. “മോനേ…” ഹരിയുടെ ശബ്ദം കേട്ടപാടെ ഒരു കരച്ചിലായിരുന്നു.
“എന്താ അമ്മേ…എന്താ ഉണ്ടായേ…” ആവർത്തിച്ചു ചോദിച്ചിട്ടും അമ്മക്ക് വാക്കുകൾ പുറത്തു വന്നില്ല. “ശിവ എവിടെ…? അമ്മ അവൾക്കു കൊടുക്ക്. ഞാനവളോട് ചോദിച്ചോളാം…”
“അവള്…അവള് പോയി മോനേ….” ഒരു പൊട്ടിക്കരച്ചിലായിരുന്നു..!
“ശിവ…അവളെങ്ങോട്ടു പോയി…?”
“അറിയില്ല മോനേ…ഉച്ചയ്ക്ക് ഉറങ്ങാൻ കിടന്നതാ രണ്ടാളും. എഴുനേറ്റപ്പോ മോളെ മുറിയിൽ കാണുന്നില്ല…! അവളുടെ ഫോണും ഡ്രസ്സുകളും ഒന്നും കാണാനില്ല. ഇനി അന്വേഷിക്കാനും ഒരിടവും ബാക്കിയില്ല…” ഹരി പതർച്ചയോടെ ബെഡിലേക്കിരുന്നു. അമ്മയോടു അധികമൊന്നും ചോദിക്കാതെ അയാൾ ഫോൺ വച്ചു.
വിവരം തിരക്കാൻ എബിയെ വിളിക്കാൻ തുടങ്ങുമ്പോഴാണ് ഫൈസിയുടെ കോൾ… “നീയിതെവിടാരുന്നു ഫോണും ഓഫാക്കീട്ട്. ഉച്ചയ്ക്ക് തുടങ്ങിയ വിളിയാ നിന്നെ…”
“ഡാ..എന്താടാ എന്റെ ശിവയ്ക്ക് പറ്റിയത്..അവളെവിടെപ്പോയതാടാ എന്നോട് പറയാതെ…”
“ഹരീ…നീ എത്രയും പെട്ടെന്ന് ഇങ്ങോട്ടു വരാൻ നോക്ക്. വിവരങ്ങളൊക്കെ വന്നിട്ട് നേരിൽ പറയാം. വൈകരുത്.” ഫൈസിയുടെ വാക്കുകളിൽ നിന്നും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഹരി വേഗം തന്നെ തിരികെ വീട്ടിലെത്തി. വീട്ടിൽ ചെന്നു കയറുമ്പോൾ അമ്മക്കൊപ്പം ശിവയുടെ അച്ഛനുമമ്മയും അവിടെയുണ്ടായിരുന്നു.
“നിങ്ങള് തമ്മില് എന്തേലും പ്രശ്നങ്ങളുണ്ടായിരുന്നോ ഹരീ…” ശിവയുടെ അച്ഛന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് അമ്മയാണ്.
“എന്ത് പ്രശ്നം..? എന്റെ മോൻ ഒരു വാക്കുകൊണ്ടു പോലും ഇന്നുവരെ അവളെ വേദനിപ്പിച്ചിട്ടില്ല. ഞാനും അവളെ സ്വന്തം മോളായേ കണ്ടിട്ടുള്ളൂ. അവൾക്കും ഞങ്ങളെ വല്യേ കാര്യേര്ന്ന്…” ഹരി ഒന്നും മിണ്ടാതെ മുറിയിലേക്ക് കടന്നു അവിടമാകെയൊന്നു കണ്ണോടിച്ചു. അവളുടെ ഗന്ധം പോലും അവിടെനിന്നും അന്യമായതു പോലെ അയാൾക്കു തോന്നി. പോക്കറ്റിൽ കിടന്ന മൊബൈൽ ശബ്ദിച്ചു.
മനുവാണ്…! “നീയെത്തിയോ.. “
“ഉം…”
“എന്റെ വീട്ടിലേക്ക് വാ…ഞങ്ങളിവിടെയുണ്ട്…”
“ഞാനിപ്പോ വരാം” എന്ന് അമ്മയോട് പറഞ്ഞ് ഹരി ബൈക്കെടുത്തു. ഹരിയെ കാത്ത് മനുവും ഫൈസിയും പടിക്കൽ തന്നെ നിന്നിരുന്നു.
“എന്തായെടാ ഫൈസീ…ശിവയെ കുറിച്ച് എന്തെങ്കിലും…” അയാൾ ഫൈസിയെ പിടിച്ചു കുലുക്കി. ഇരുവരുടേയും മൗനം ഹരിയെ ദേഷ്യം പിടിപ്പിച്ചു. “എവിടേടാ എബി..? അവനെയല്ലേ ഞാൻ കാര്യങ്ങൾ ഏൽപ്പിച്ചത്..അവൻ പറയട്ടെ..”
“ഡാ ഹരീ…അവള് മാത്രല്ലടാ…നമ്മടെ എബിയും ചേർന്നാ നമ്മളെ ചതിച്ചത്…” മനു പറഞ്ഞത് കേട്ട് ഹരി ചാടിയെഴുനേറ്റ് അവന്റെ കോളറിൽ കുത്തിപ്പിടിച്ചു. “എന്താടാ നീ പറഞ്ഞത്. എബിയാണ് ശിവയെ…!!”
“അവൻ പറഞ്ഞത് സത്യമാടാ. അവൻ തന്നെയാ അത് ചെയ്തത്…” ഫൈസിയുടെ വാക്കുകൾ കേട്ട ഹരി ഒരു ഞെട്ടലോടെ മനുവിന്റെ പിടുത്തം വിട്ട് തളർച്ചയോടെ തറയിലേക്കിരുന്നു. ഇരു കൈകളും തലയിലേക്ക് വച്ച് എത്രനേരമങ്ങനെ ഇരുന്നെന്നറിയില്ല.
“ഹരീ..എഴുനേൽക്കെടാ…നമുക്കന്വേഷിക്കാം അവരെവിടെയുണ്ടെന്ന്..”
“എന്തിന്..?” അവനൊരു ചീറ്റലായിരുന്നു. “അവള് പോയത് പോട്ടേ. ചില പെണ്ണുങ്ങള് അങ്ങനാ. നമ്മള് ചങ്ക് പറിച്ചു തീറെഴുതിക്കൊടുത്ത് സ്നേഹിച്ചാലും മറ്റൊരുത്തൻ ചിരിച്ചു കാണിച്ചാ അവന്റെ പിന്നാലെ പൊക്കോളും. അതിൽ പെട്ടതാ അവളും…പക്ഷേ, അവൻ…അവനല്ലേടാ എന്നെ വിഡ്ഢിയാക്കിയത്. കാലത്രേയടാ നമ്മള് തോളു ചേര്‍ന്ന് നടത്തം തുടങ്ങീട്ട്…ആ അവൻ തന്നെ…അവൻ തന്നെ…എന്നെ ചതിച്ചില്ലേടാ മനുവേ…”
ഹരി, മനുവിന്റെ നെഞ്ചിലേക്ക് വീണ് ഒരു കരച്ചിലായിരുന്നു.
○○○○○○○○○○○○○○○○
കുതിച്ചോടിയ മനസ്സിനൊപ്പം ബൈക്കിന്റെ ബാലൻസും ഹരിയിൽ നിന്നും കൈവിട്ടു പോയി. ഒരലർച്ചയോടെ ദൂരേക്കു തെറിച്ചു വീണതു മാത്രമേ ഓർമ്മയുള്ളൂ. കണ്ണു തുറന്നപ്പോൾ ഹോസ്പിറ്റലിലാണ്. ചുറ്റും നിരവധി പേരുണ്ട്. മനുവും ഫൈസിയും അമ്മയുമുണ്ട്.
“ഭാഗ്യത്തിന് ചെറിയ ഇൻച്വറിയേ ഉള്ളൂ. ഒരു ദിവസം ഒബ്സർവേഷനിൽ കിടത്തിയിട്ട് നാളെ പോകാം…” ഡോക്ടർ പറഞ്ഞു.
കരഞ്ഞു തളർന്നിരുന്ന അമ്മയെ, മനു നിർബന്ധിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. “നിന്റെ പോക്ക് കണ്ടപ്പഴേ എനിക്ക് പന്തികേട് തോന്നിയതാ. നിനക്കെന്താടാ പ്രാന്താ വെറുതെ ഓരോന്ന് ആലോചിച്ച്…” ഫൈസി, ഹരിയെ ശാസിച്ചു. അയാളൊന്നും മിണ്ടിയില്ല. “വർഷം രണ്ട് കഴിഞ്ഞില്ലേടാ…എല്ലാം മറക്കാൻ വേണ്ടിയാ മറ്റൊരു കല്യാണത്തിനെ പറ്റി പറഞ്ഞത്. അപ്പഴും അവന്റെ കോപ്പിലെ ഓരോ ന്യായങ്ങള്…”
ഫൈസിയുടെ ദേഷ്യം മൂർച്ഛിച്ചുകൊണ്ടിരിക്കേയാണ് ഒരു യുവതി മുറിയിലേക്കു വന്നത്. “ഇയാളെന്നെ അറിയോ. .?” വന്നപാടെ അവർ ഹരിയോടു ചോദിച്ചു. ഹരി ഇല്ലെന്നർത്ഥത്തിൽ അവരെ നോക്കി.
“ഓഹ്…അപ്പോ അതുതന്നെ കാര്യം…മദ്യപിച്ച് വണ്ടിയോടിക്കൽ…” ആഗതയുടെ മറുപടി കേട്ട് ഇരുവരും അന്ധാളിച്ച് പരസ്പരം നോക്കി.
“താനാരാ…തനിക്ക് റൂം മാറിയതാവും” ഫൈസി പറഞ്ഞു.
“റൂമും ആളുമൊന്നും മാറീട്ടില്ല ഇയാളെയല്ലേ കുറച്ചു മുമ്പ് ആക്സിഡന്റു പറ്റി കൊണ്ടുവന്നത്?”
“അ…അതെ”
“എന്നാലേ, ഇയാളെയിവിടെ കൊണ്ടുവന്നത് ഞാനാ. എന്റെ കാറിനിട്ടാ ഇയാള് വന്നിടിച്ചത്. ഭാഗ്യത്തിന് എനിക്കൊന്നും സംഭവിച്ചില്ല. ബട്ട് കാറിന് ഡാമേജുണ്ട്. ഇവിടടുത്ത് വർക്ഷോപ്പിൽ കയറ്റിയിട്ടിട്ടുണ്ട്.” ഫൈസി, ഹരിയെ ഇടംകണ്ണിട്ടു നോക്കി. അയാൾ തല കുനിച്ചിരുന്നു. “വണ്ടീടെ എക്സ്പെൻസ് സെറ്റിൽ ചെയ്തില്ലേൽ ഞാൻ കംപ്ലയ്ന്റ് ചെയ്യും.”
“ഇതെന്ത് സാധനം…” ഫൈസി മനസ്സിൽ പറഞ്ഞു. “അതേയ്…താനൊന്ന് പുറത്തേക്കു വര്വോ…ഒരു കാര്യം പറയാനാ…പ്ലീസ്…” അവർ ഹരിയെയൊന്ന് നോക്കിയിട്ട് ഫൈസിക്കൊപ്പം പുറത്തേക്കു നടന്നു. “എന്റെ പൊന്നു പെങ്ങളേ…നിങ്ങടെ കാശൊക്കെ ഞങ്ങള് തന്നോളാം. വെറുതെ പുലിവാലിനൊന്നും നിക്കരുത്. അവൻ നിങ്ങള് കരുതുന്ന പോലെ കള്ളിന്റേം കഞ്ചാവിന്റേം ആളൊന്നല്ല. മനപൂർവ്വം നിങ്ങളെ ഇടിച്ചതുമല്ല…” അവൻ താഴ്മയോടെ പറഞ്ഞു.
“പിന്നെ…ദിവാസ്വപ്നം കണ്ടോണ്ടാണോ വണ്ടിയോടിക്കുന്നത്…?”
“അത് പിന്നെ…അവന്റെ ലൈഫ് തന്നെ കയ്യീന്ന് പോയിക്കിടക്കാ…പിന്നല്ലേ ബൈക്ക്..”
“ഇയാളെന്തോന്നാ ഈ പറയുന്നേ..?”
“മറ്റൊന്നുമല്ല…” അവൻ ഇരുവശവും നോക്കി പതുക്കെ പറഞ്ഞു… “അവന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയി…അതിന്റെ ഫീലിങിലാ അവൻ…”
“സത്യാണോടാ ഫൈസീ നീയീ പറയുന്നേ…”
ഫൈസി…!!
ഇത്തവണ അവൻ ശരിക്കും ഞെട്ടി. അവന്റെ പ്ലിങായ നിൽപ്പ് കണ്ടിട്ടാവണം അവർ ചിരിച്ചത്. “ഡാ ചെക്കാ…നിനക്കെന്നെ മനസ്സിലായില്ലേടാ. ഇത് ഞാനാടാ രാധിക..! നമ്മളൊക്കെ പ്ലസ് ടു വരെ ഒന്നിച്ചു പഠിച്ചതല്ലേടാ…”
“ഓഹ്..രാധിക…രാധിക മേനോൻ…! നീ യു എസിലെല്ലാർന്നോ. എപ്പോ നാട്ടീ വന്നു…?” ഫൈസി ആശ്ചര്യത്തോടെ അവളെ നോക്കി.
“ഞാൻ വന്നിട്ട് ഒരാഴ്ചയായി. എല്ലാമൊന്ന് സെറ്റിലായിട്ട് നിങ്ങളെയൊക്കെ കാണാനിരുന്നതാ. അപ്പോഴല്ലേ ഈ അപ്രതീക്ഷിത കൂടിക്കാഴ്ച….”
“ശരിക്കും അവനിടിച്ചത് നിന്നെത്തന്നെയാണോടീ…”
“പിന്നല്ലാണ്ട്…ആഹ് അതൊക്കെ പോട്ടേ…എവിടെ നമ്മുടെ നാലാമൻ. എബി…? മനുവിനെ ഞാൻ കുറച്ചു മുമ്പ് കണ്ടിരുന്നു” അവളുടെ ചോദ്യം ഫൈസിയെ നിരാശനാക്കി. അവൻ കഥകളെല്ലാം രാധികയെ പറഞ്ഞു കേൾപ്പിച്ചു.
“കഴിഞ്ഞ മാസമായിരുന്നു അവള് പോയതിന്റെ രണ്ടാമത്തെ ആനുവേഴ്സറി…” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞവസാനിപ്പിച്ചു. മുറിയിലേക്കു നടക്കുന്നതിനിടയിൽ മനുവിന്റെ വിവാഹക്കാര്യവും തന്റെ മൂന്നാമത്തെ പെങ്ങളെ കെട്ടിച്ചു വിട്ടിട്ടു വേണം തനിക്കുമൊരു മൊഞ്ചത്തിയെ കെട്ടാൻ…എന്നൊക്കെ ഫൈസി പറഞ്ഞുകൊണ്ടിരുന്നു.
രാധികയെ തിരിച്ചറിഞ്ഞ ഹരിയും തന്റെ ആക്സിഡന്റിന്റെ ട്വിസ്റ്റ് ഓർത്ത് ഒരുപാട് ചിരിച്ചു. “നീ നിന്നെ കുറിച്ച് മാത്രം പറഞ്ഞില്ല…” ഫൈസി ഓർമ്മിപ്പിച്ചു. “അച്ഛൻ മരിച്ചിട്ട് ഒരു വർഷമാകുന്നു. ഏട്ടൻ വിവാഹ ശേഷം ഫാമിലിയുമൊന്നിച്ച് ഓസ്ട്രേലിയയിൽ സെറ്റിലായി. പിന്നെ ഞാനും അമ്മയും…നാടും നാട്ടിൻപുറവും ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് അതൊരവസരമായി. ഇങ്ങു പോന്നു…”
“അപ്പോ വിവാഹം…?” അവൾ ചിരിച്ചു.
“അങ്ങനെ ഒരു പ്രഹസനവും ഇതിനിടയിൽ നടന്നു. ബട്ട്…ആറു മാസമേ ആയുസുണ്ടായിരുന്നുള്ളൂ ആ ബന്ധത്തിന്. രാജീവിന് എന്നോട് സ്നേഹമായിരുന്നോ അതോ വേറെ എന്തെങ്കിലും…? ആവോ അറിയില്ല…അങ്ങനെ നമ്മുടെയൊക്കെ ഭാഷയിൽ പറഞ്ഞാൽ, ആ കച്ചവടം എട്ടു നിലയിൽ പൊട്ടി.” ഇടയ്ക്ക് വച്ച് ചിരിയൊന്നു നിർത്തി അവൾ പറഞ്ഞു… “ഫോർമാലിറ്റീസൊക്കെ തീരാൻ കാത്തു നിന്നതാ. അതാ വരാൻ വൈകിയത്. നൗ അയാം ഫ്രീ..സുഖം..സ്വസ്ഥം..” ഉള്ളിൽ ഒളിപ്പിച്ച വേദനയെ കൂട്ടുകാരെ കാണിക്കാതെ അവൾ ചിരികൊണ്ട് നേരിട്ടു.
○○○○○○○○○○○○○
പിറ്റേ ദിവസം ഹരിയെ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോകാൻ കാറുമായി രാധികയും വന്നിരുന്നു. “കാറിന്റെ കളറ് പോയല്ലേ രാധികേ…ഞാനിടിച്ചിട്ട്…നമുക്ക് പുതിയ കളറടിക്കാട്ടോ…”
“ആദ്യം നീ നിന്റെ ലൈഫൊന്ന് കളറാക്കാൻ നോക്ക്. എന്നിട്ടു മതി കാറ് നന്നാക്കുന്നത്…” ഹരിക്കുള്ള രാധികയുടെ മറുപടി കേട്ട് ഫൈസിയും മനുവും ചിരിച്ചു. “അങ്ങനെ പറഞ്ഞു കൊടുക്ക് രാധികേ…” അവർ അവളെ സപ്പോർട്ട് ചെയ്തു. കാറിലേക്കു കയറുന്നതിനിടയിലാണ് അവരുടെ പിറകിലായി ഒരു ഓട്ടോ വന്നുനിന്നത്.
അതിൽ നിന്ന് മുഷിഞ്ഞ സാരിയുടുത്തൊരു സ്ത്രീ ഒരു കുഞ്ഞുമായി ഇറങ്ങിവന്നു. “ഇതിൽ ഇരുപത് രൂപയുടെ കുറവുണ്ടല്ലോ..”
“എന്റെ കയ്യിൽ വേറെയില്ല ചേട്ടാ..ബാക്കി പിന്നെത്തരാം…”
“അതൊന്നും പറ്റത്തില്ല. കാശില്ലെങ്കിൽ പിന്നെ വണ്ടി വിളിച്ചതെന്തിന്…? നടന്നാൽ പോരാരുന്നോ….”
“കുഞ്ഞിന് വയ്യാത്തോണ്ടാ ചേട്ടാ…” ഓട്ടോകാരനും ആ സ്ത്രീയും തമ്മിൽ കശപിശ നടന്നു. “നിന്റെ ഭർത്താവൊരുത്തനുണ്ടല്ലോ വീട്ടിൽ. അവനോട് കള്ളും കുടിച്ച് നടക്കാണ്ട് നേരാംവണ്ണം വല്ല പണിക്കും പോകാൻ പറ. അപ്പൊ ഇതുപോലെ നെരത്തീ കെടന്ന് കരയേണ്ടി വരില്ല…”
ഡ്രൈവറുടെ സംസാരവും സ്ത്രീയുടെ കരച്ചിലും കൂടി കണ്ടപ്പോൾ ഹരിക്ക് സഹിച്ചില്ല. അയാൾ പേഴ്സിൽ നിന്ന് ഇരുപത് രൂപയെടുത്ത് ഓട്ടോകാരനു നീട്ടി. “ഇതാ നിങ്ങടെ പൈസ. വേഗം പോകാൻ നോക്ക്. ഞങ്ങൾക്ക് വണ്ടിയെടുക്കണം…” കാശ് വാങ്ങി പോക്കറ്റിലിട്ട് അയാൾ പോയി. ഹരി കയ്യിൽ കരുതിയ നൂറിന്റെ നോട്ട് ആ സ്ത്രീക്കു നേരെ നീട്ടി. അവൾ പൈസ വാങ്ങി കൃതഞ്തയോടെ ഹരിയെ നോക്കി.
പെട്ടെന്ന്…ആ നോട്ടത്തിൽ ഞെട്ടലോടെ അയാളവളെ തിരിച്ചറിഞ്ഞു. ശിവാനി…!!
പിന്നിലൂടെത്തിയ മനുവും ഫൈസിയും അവളെ കണ്ട് കണ്ണുതള്ളി നിന്നു. മനു പറഞ്ഞപ്പോഴാണ് രാധിക ആളെ തിരിച്ചറിഞ്ഞത്. കുറച്ചു നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല. ഹരിയും ശിവാനിയും നിശ്ചലരായി പരസ്പരം നോക്കിനിന്നു. “ഏട്ടനിങ്ങു വന്നേ…അധിക സമയം നിൽക്കരുതെന്നല്ലേ ഡോക്ടർ പറഞ്ഞത്. വരൂ…വന്നു കാറിൽ കയറൂ…” രാധിക ഹരിയെ കൈക്കു പിടിച്ച് കാറിൽ കയറ്റി. തിരിഞ്ഞു നിന്ന് ശിവയെ നോക്കി ചെറുതായൊന്ന് ചിരിച്ച ശേഷം കാറിൽ കയറി ഡോറടച്ചു.
“അതു കലക്കി…” ഫൈസി ചിരിയോടെ വണ്ടിയെടുത്തു.
വണ്ടി ഏറെ ദൂരം പിന്നിട്ടിട്ടും ഹരി ചിന്തയിലായിരുന്നു. “എന്താടാ നീയൊന്നും മിണ്ടാത്തേ…നീയിപ്പോഴും അവളെ തന്നെ ഓർത്തോണ്ടിരിക്കാ…?” രാധിക ഹരിയെ നോക്കി ചോദിച്ചു. “ഏയ് ഞാനോർത്തത് അവനെപ്പറ്റിയാ. എബിയെ…ആ ഡ്രൈവറ് പറഞ്ഞത് കേട്ടില്ലേ അവനെപ്പറ്റി….”
“അതു പിന്നെ അങ്ങനല്ലേ വരൂ…അപ്പന്റെ സമ്പാദ്യത്തിൽ നിന്ന് തിന്നല്ലാതെ സ്വന്തമായി നാല് കാശുണ്ടാക്കാനോ വിയർക്കാനോ അവനറിയോ…പിന്നെ കള്ളുകുടി…അതവന് ആരേലും പഠിപ്പിക്കണോ…? നമ്മളൊക്കെ എത്ര ഉപദേശിച്ചതാടാ അവനെ….” മനു മറുപടി പറഞ്ഞു.
“തന്റെ ഈ കറകളഞ്ഞ സ്നേഹം കളഞ്ഞിട്ട് അക്കരപ്പച്ച കണ്ട് പോയതല്ലേ ശിവാനി. ഇയാൾടെ കണ്ണീരിന് ദൈവം കൊടുത്ത ശിക്ഷയായിരിക്കും ഇനിയുള്ള അവളുടെ ജീവിതം. സോ…ടേക്ക് ഇറ്റ് ഈസി മാൻ…” രാധിക, ഹരിയുടെ തോളത്തു തട്ടിയപ്പോൾ അയാൾ നിറമില്ലാതെ ചിരിച്ചു.
ഹരിയെ വീട്ടിലാക്കി തിരിച്ചു പോരുമ്പോൾ രാധിക അയാളോട് സ്വകാര്യം പറഞ്ഞു… “നേരത്തെ അഭിനയിച്ചതു പോലെ, ശരിക്കും ഞാൻ വന്നോട്ടെ തന്റെ ജീവിതത്തിലേക്ക്…തന്റെ പെണ്ണായിട്ട്…ഒന്നുമില്ലെങ്കിലും പണ്ടു താനെന്നെ ഒരുപാട് ഇഷ്ടപ്പെട്ടതല്ലേ…”
“അത്…തനിക്കെങ്ങനെ…?” ഹരി അത്ഭുതത്തോടെ അവളെ നോക്കി. “ചിലരുടെ സ്നേഹം അങ്ങനാ മാഷേ. പറയാതെത്തന്നെ അത് നമ്മെ തേടിവരും.”
അവൾ ആർദ്രതയോടെ അയാളെ പുൽകിയപ്പോൾ ആ വേനലിലും പുതിയൊരു വസന്തം തളിർക്കുകയായിരുന്നു.