താലിമാല ശരിക്കൊന്നു പുറത്തിട്ടു. വേറെ ആഭരണം ഒന്ന് ഇടാതെ സിന്ദൂരവും തൊട്ട് താഴേക്കിറങ്ങി ചെന്നു

രചന: ദിവ്യ അനു അന്തിക്കാട്

കല്യാണം ഇപ്പോഴൊന്നും വേണ്ടെന്നു പറഞ്ഞിട്ടും വീട്ടുകാർ സമ്മതിച്ചില്ല. ഇരുപത്തിനാല് വയസ്സൊക്കെ കൂടുതലായിപ്പോയെന്നു…

അങ്ങനെ ആണ് എൻജിനീയറായ മനുവിന്റെ ആലോചന വന്നതും, ജാതകം ചേർന്നതും. കല്യാണം തൃശൂർ ടൗണിൽ വച്ചായിരുന്നു. അതും ദിവസത്തിന് രണ്ടുലക്ഷത്തിനും മേലെ വാടകയുള്ള ഹാളിൽ…

വിവാഹ ശേഷം മനുന്റെ വീട്ടിലേക്കു പോകുന്ന വഴിക്കു മനു ചോദിച്ചു…എന്തിനെ ഇത്രക്കും ആർഭാടം…?

അതുപിന്നെ ഒരേഒരു മോളല്ലേ. അപ്പൊ അതിന്റെ ആർഭാടം ഒക്കെ ആകാമല്ലോ…

ഉം…

അമ്മായിമാരും അമ്മയും ചേർന്ന് നിലവിളക്കു കയ്യിൽ തന്നു. പ്രാർത്ഥിച്ചു വീടിനകത്തേക്ക് കയറി. വീട് പഴയ തറവാടാണെന്ന് അച്ഛൻ മുൻപേ പറഞ്ഞിരുന്നെങ്കിലും ഇത്രക്കും പ്രതീക്ഷിച്ചില്ല. ഓടിട്ട ഇരുനില വീട്. മച്ചകത്തു വിളക്ക് കൊണ്ട് വച്ച് പ്രാർത്ഥിചിറങ്ങി.

അമ്മായി ആണെന്ന് തോന്നുന്നു അടുത്ത് വന്നു പറഞ്ഞു. വേഷം മാറിക്കോളു വേണച്ചാൽ. മോളിലാണ് മുറി. മനുട്ടാ ഒന്ന് കൊണ്ടോയി കാണിച്ചുകൊടുക്കു.

വാടോ പതുക്കെ കയറണം ട്ടോ. മരത്തിന്റെ പടികളാണ്. മനുവേട്ടന്റെ പുറകെ പതുക്കെ മുകളിൽ കയറി ചെന്നു.

രണ്ടു പേർക്ക് കിടക്കാവുന്ന കട്ടിൽ ഇട്ടപ്പോഴേക്കും മുറിയിൽ നിന്ന് തിരിയാൻ ഇടമില്ലാത്തപോലെ…

“തന്റെ പെട്ടി ദാ ഇവിടെ വച്ചിട്ടുണ്ട്. ഡ്രസ്സ് മാറിക്കോളു. ഞാൻ പുറത്തു നിൽക്കാം ട്ടോ…”

വല്ലാത്തൊരു വീർപ്പു മുട്ടൽ. വലിയ രണ്ടുനില വീട്ടിൽ ഒറ്റ മോളായി ജീവിച്ച തനിക്കിവിടെ എങ്ങനെ…?

അറിയില്ല…അച്ഛന്റെ തീരുമാനം അല്ലെ…റിസപ്ഷന് വേണ്ടിയുള്ള ഗൗൺ എടുത്ത് കയ്യിൽ വച്ച് നിൽക്കുമ്പോഴേക്കും കതകിലാരോ തട്ടി…

എന്താ മനുവേട്ടാ..?

ടോ ഒരു കാര്യം പറയട്ടെ തനിക്കിഷ്ടാവോ…?

അതിപ്പോ പറഞ്ഞാലല്ലേ അറിയൂ…

അതെ വീട്ടിൽ വച്ചാണ് റിസപ്ഷൻ എന്നറിയാലോ…? താൻ ഒരു കാര്യം ചെയ്യോ…? ഇതാ ഇതുടുക്കാമോ മുണ്ടും നേര്യതും ആണ്.

തന്നോളൂ ഉടുക്കാം.

കുളിച്ചു മനുവേട്ടൻ തന്ന വേഷം എടുത്തണിഞ്ഞു. താലിമാല ശരിക്കൊന്നു പുറത്തിട്ടു. വേറെ ആഭരണം ഒന്ന് ഇടാതെ സിന്ദൂരവും തൊട്ട് താഴേക്കിറങ്ങി ചെന്നു. മനുവേട്ടന്റമ്മേടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്. ചോദിയ്ക്കാൻ ഒരു പേടി. എന്നാലും അടുത്ത് ചെന്ന് ചോദിച്ചു.

എന്തെ അമ്മ കരയുന്നെ…?

ഒന്നൂല്ല മോളെ അമ്മ മോളെ ഈ വേഷത്തിൽ കണ്ടപ്പോ ഒരുപാടിഷ്ടായി. ഇങ്ങു വന്നേ…അമ്മ ഈ പൂവ് വച്ചുതരാം.

എന്തോ ആ അമ്മയുടെ കൈ തലയിൽ തൊട്ടപ്പോ വല്ലാത്തൊരു അടുപ്പം പോലെ….

കാറ്ററിങ് കാരില്ല, ഒരുപാട് തിക്കും തിരക്കും ഇല്ല പണ്ടെങ്ങോ കേട്ട് മറന്ന പോലെ ഒരു ചെറിയ പരിപാടി. എല്ലാം കഴിഞ്ഞു അച്ഛനും അമ്മേം വീട്ടിന്നു വന്നവരൊക്കേം തിരിച്ചു പോയി. മനുവേട്ടന്റമ്മ തന്ന പാലും കൊണ്ട് മുറിയിലേക്ക് പോയി. മുറിയിൽ മനുവേട്ടൻ ഇല്ലാരുന്നു. പതിയെ കുഞ്ഞു ജനാല തുറന്നു പുറത്തേക്കു നോക്കി അവിടെ ആരോടോ സംസാരിച്ചോണ്ട് നിൽക്കുന്നുണ്ട്. ചെറുതായൊന്നു മയങ്ങിപോയപ്പോഴാണ് മുറിയിലേക്ക് ആളെത്തിയത്.

ഉറക്കം വരുന്നുണ്ടോ തനിക്കു…?

ഇല്ല…കാത്തിരുന്നപ്പോ ചെറുതായൊന്നു മയങ്ങിയതാ…

എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് തന്നോട്…

മനുവേട്ടൻ പറഞ്ഞോളൂ…

അത് പിന്നെ എന്താച്ചാൽ തനിക്കു ഈ വീട് ഇഷ്ടായോ ഇല്ലേ എന്നെനിക്കറിഞ്ഞൂടാ. ഇതല്ലാതെ ടൗണിൽ വീടുണ്ട് തന്റെ വീട് പോലുള്ള ഒന്ന്. അത് അമ്മ പറഞ്ഞിട്ട് മേടിച്ചതാ. കേറിവരുന്ന പെൺകുട്ടിക്ക് ഇവിടെ നില്ക്കാൻ ഇഷ്ടകില്ലെന്നു കരുതിയിട്ടു വാങ്ങിയത്. പിന്നെ എന്റെ അമ്മക്ക് തന്നെ എന്താ ഇത്ര ഇഷ്ടം എന്നറിയാവോ…?

എന്റെ ഒരനിയത്തി കുട്ടി ഇണ്ടായിരുന്നു. പാമ്പുകടിയേറ്റ് മരിച്ചു അഞ്ചു വർഷം ആയതേ ഉള്ളു. മായ അല്ല ആര് ഇവിടെ മരുമകളായി കേറി വന്നാലും ഞങ്ങടെ തങ്കത്തിനോടുള്ള അതെ ഇഷ്ടം അമ്മക്കുണ്ടാകും. അത്രയ്ക്ക് സാധുവാ അമ്മ….

പിന്നെ തനിക്കു നിർബന്ധം ആണേൽ നമുക്ക് മാറാം ട്ടോ ടൗണിലോട്ട്. പക്ഷെ അമ്മ പാവം ഒറ്റക്കായിപോകും. തങ്കം പിച്ചവെച്ചു വളർന്ന ഈ വീട് വിട്ട് എങ്ങോട്ടും വരില്ല. ദേഷ്യം തോന്നുന്നുണ്ടോ തനിക്ക്….?

എന്തിനാ ദേഷ്യം…? ദേഷ്യമൊന്നുമില്ല. വന്നപ്പോ എന്തോ ഒരു വല്ലായ്ക ഉണ്ടായിരുന്നു. പക്ഷെ ഏട്ടന്റെ അമ്മ എന്റെ തലയിൽ തൊട്ടപ്പോ ഞാനറിഞ്ഞിരുന്നു ആ സ്നേഹത്തിന്റെ ചൂട്. പിന്നെ ഇത്രനാളും വളർന്നത് വല്യേ വീട്ടിലല്ലേ….

ഇനിയുള്ള കാലം ഈ വീട്ടിൽ അമ്മക്ക് തങ്കം കൊടുക്കുന്ന പോലെ സ്നേഹം കൊടുത്തും ഏട്ടന്റെ പ്രാണനായും കഴിയാം. കാരണം എത്ര വല്യേ വീടുണ്ടായിട്ടും പണമുണ്ടായിട്ടും എത്രപേർക്ക് സ്നേഹമില്ലാത്ത വീട്ടുകാരെ കിട്ടുന്നു. എനിക്ക് ഇത്രേം നല്ലൊരമ്മയെ തന്നല്ലോ ദൈവം അതെന്നെ വല്യേ കാര്യാ….

നിറഞ്ഞ കണ്ണുകൾ തുടയ്ക്കാതെ മനു മായയെ ചേർത്ത് പിടിക്കുമ്പോ പതിയെ പറഞ്ഞു. പുണ്യമാ മോളെ നീ. പേടിയുണ്ടായിരുന്നു ഞങ്ങളെ മനസ്സിലാകുമോ നിനക്കെന്നു. ഇതിൽപ്പരം സന്തോഷം ഇനിയില്ല. സ്നേഹിക്കും നിന്നെ എന്റെ ആയുസ്സു തീരുന്ന വരെ നെഞ്ചിലെ ശ്വാസമായി….