അഞ്ചു മിനിട്ടൂടെ കഴിഞ്ഞിരുന്നേൽ ആ പെങ്കൊച്ചിന്റെ കൈയും പിടിച്ചു വീട്ടി വന്നേനെ…

രചന: ദിവ്യ അനു അന്തിക്കാട്

എടാ സിജോ നീ ഒന്നിങ്ങോട്ടെറങ്ങി വന്നേ….

ഇല്ലെടാ നിനക്കെന്നെ പഞ്ഞിക്കിടാൻ അല്ലെ…

ഏയ് ഒരിക്കലും ഞാനങ്ങനെ ചെയ്യൂല്ലടാ, ഞാനതൊക്കെ അപ്പോഴേ മറന്നു. നീ ഇങ്ങിറങ്ങി വാ…

നീ ശരിക്കും എന്നെ തല്ലില്ലല്ലോ…? ഒരബദ്ധം പറ്റിയതാ ഇനി ആവർത്തിക്കൂല്ലേടാ…ഉം ഇനി പറയ് നീ എന്തിനാ എന്നെ വിളിച്ചേ…?

വിളിച്ചതോ അത് നിനക്കൊരു പെണ്ണാലോചിക്കനാടാ…ശബ്ദം പോലും പൊറത്തു വരാത്ത രീതിയിൽ വായ പൊത്തിപിടിച്ചു പുറത്തോട്ട് ഇറക്കി കൊണ്ടുവന്നു.

എടാ സിജോ നീ എന്നാത്തിനാ ഈ രണ്ടു വള്ളത്തിൽ കാലുവച്ചു നിൽക്കുന്നെ…? നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇത് ആരോടും പറഞ്ഞു നാറ്റിക്കല്ലെന്നു…ഇതിപ്പോ ബാക്കിയുള്ള തലതെറിച്ചവന്മാരോട് പറഞ്ഞത് പോട്ടെ…നീ എന്തിനാടാ കുരിപ്പേ അമ്മേടേം പെങ്ങളുടേം അടുത്ത് പോയി പറഞ്ഞെ…? നാണിച്ചു തൊലിയുരിഞ്ഞു പോയി.

നീ കൈ എടുത്തേ…ഇതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിലെടുക്കണ്ടായോ….

ഉവ്വെട ഇവിടെ സകലരും കളിയാക്കി കൊല്ലുവാ അപ്പോള അവന്റൊരു സ്പിരിറ്റ്…

എന്നാലും നീ ഇങ്ങനൊക്കെ ചമ്മാവോ. എനിക്ക് ഇന്നലെ ചിരിച്ചിട്ട് വയറൊക്കെ വേദന ആയിരുന്നെടാ…എന്നാലും ഇന്നലെ ആ കല്യാണത്തിന് നിന്റെ കൂടെ എനിക്കും വരാൻ തോന്നിയതെത്ര നന്നായി…എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി, അമ്പും വില്ലും, എടാ നാണമുണ്ടോടാ ഒരുപെണ്ണിനെ കാണുമ്പോളെക്കും അവളെ സ്വപ്നം കാണാൻ…

സിജൊന്റെ പെങ്ങളിറങ്ങി വന്നു ഒരു ചോദ്യം. എന്ന ഏട്ടായിമാരെ എന്ന ഉണ്ടായേ…?

അതോ നിനക്കറിയണോ ഇന്നലെ ഉണ്ടല്ലോ ഇവന്റെ കൂടെ മ്മടെ ജിനിടെ കല്യാണത്തിന് പോയില്ലാരുന്നോ, അവിടെ ഞങ്ങൾ രണ്ടാളും ലാത്തിയടിച്ചോണ്ടിരിക്കുമ്പോ ദാണ്ടെ മുന്നിലെ കസാരയിൽ ഒരു പെൺ കൊച്ചു. സത്യം പറയാനാണേൽ അത്ര ഗംഭീര സൗന്ദര്യം ഒന്നുമില്ല. പക്ഷെ ദാണ്ടെ ഇവനങ്ങു ഒറ്റ നോട്ടത്തിൽ ആ കൊച്ചിനെ വല്ലാതങ്ങു പിടിച്ചു. ഏത് ആ കൊച്ചിനോട് പോയി പേര് ചോദിച്ചു. അത് പേരും പറഞ്ഞു കൊടുത്തു. അരമണിക്കൂറിൽ ഒരു ജീവിതം മുഴുവൻ സ്വപ്നം കണ്ടെങ്കിൽ ഇവനാരാ മോൻ. അയ്യോ എന്റെ ചെവി തിന്നു ഇവനവിടെ ഇരുന്നോണ്ട്…

ഇവന്റെ ഓഞ്ഞ ബൈക്കിൽ നട്ട പാതിരാത്രി മുഴുവൻ ആ കൊച്ചിനെ അതായതു ഇവൻ കെട്ടിയ പെണ്ണിനെ (ഈ പ്രാന്തൻ മനസ്സോണ്ട് അവളെ അവിടെ തന്നെ വച്ച് കെട്ടി. പ്രസവോം അവിടെ തന്നെ കഴിഞ്ഞു കൊച്ചിന്റെ നൂലും കെട്ടി) കൊണ്ട് രാത്രി മുഴുവൻ ആരുമില്ലാത്ത വഴിയൊക്കെ കറങ്ങുമത്രേ….

പിന്നെ ചെറിയ മഴ കൊണ്ട് കട്ടൻ കുടിക്കുംന്നു ( ദിവൻ വിചാരിക്കുമ്പോ മഴ പെയ്യാൻ മോട്ടോർ പമ്പ് കയ്യെ വച്ചിട്ടാണല്ലോ നടപ്പ് ) അങ്ങനെ രാത്രി മുഴുവൻ ഇവൻ കറങ്ങിയടിച്ചു പനി വന്ന് കിടക്കുമ്പോ ഒരു പുതപ്പിനുള്ളിൽ…അല്ലെ വേണ്ട നീ കേൾക്കണ്ട…ഹോ അവൾക്ക് കേട്ട് നിക്കാൻ എന്ന ഇഷ്ടവാ നോക്കിക്കേ…

ബാക്കി പറ ഏട്ടാ…

ആ എന്നിട്ടിവൻ അവിടിരുന്നുള്ള സ്വപ്നം മുഴുവൻ കണ്ടു. അഞ്ചു മിനിട്ടൂടെ കഴിഞ്ഞിരുന്നേൽ ആ പെങ്കൊച്ചിന്റെ കൈയും പിടിച്ചു വീട്ടി വന്നേനെ. ഇവന്റെ പരവേശം കണ്ടു ഞാൻ പറഞ്ഞു കൂടെ വന്നേക്കുന്നതു ഉറപ്പായും ആ കുട്ടീടെ അമ്മ തന്നെ ആയിരിക്കും നീ പോയി ചോദിക്ക് ആ കൊച്ചിനെ അടുത്തെങ്ങാനും കെട്ടിക്കുന്നുണ്ടോന്നു…

കേട്ടപാതി കേൾക്കാത്ത പാതി ഇവൻ പോയി ചോദിച്ചു. അപ്പൊ ആ അമ്മേടെ മറുപടി കേൾക്കണോ നിനക്ക്…

“മോനെ ഒരു ഒന്നര വർഷം കാത്തിരിക്കോ…? ഇവളുടെ കെട്ടിയോൻ അതായതെന്റെ മോൻ കെട്ടി കൊണ്ട് വന്നിട്ട് ആറുമാസം പോലും ആയിട്ടില്ല. അവനാണേൽ ദുബായിലാ…അവൻ വന്നിട്ട് അവനോടൊന്നു ചോദിച്ചിട്ടാവാം എന്താ പോരെന്ന്…”

ഇവനൊരു സോറിയും പറഞ്ഞു അവിടുന്ന് പാഞ്ഞ പാച്ചിലൊന്നു കാണണമായിരുന്നു. എന്റമ്മേ ആലോചിക്കുമ്പോ തന്നെ കൊടലുമറിയുന്നു…

അയ്യേ എന്നാലും എന്റെ അജിയേട്ടാ നിങ്ങളിങ്ങനെ നാണം കെട്ടല്ലോ…അയ്യേ…

സിജോ നിനക്കിനി ആരോടേലും പറയാൻ ബാക്കിയുണ്ടോടാ. എന്ത് ദ്രോഹമാട വഞ്ചക നിന്നോട് ഞാൻ ചെയ്തേക്കുന്നെ, എന്റെ ദൈവമേ ഏതു നേരത്താ എനിക്കി കാലമാടനേം കൊണ്ട് കല്യാണത്തിന് പോകാൻ തോന്നീത്…..