രചന: ദിവ്യ അനു അന്തിക്കാട്
ചേട്ടന്റെ കല്യാണനിശ്ചയം ആണ് ഇന്ന്…
എന്തോ ഒരു ഒരു പന്തികേട് പോലെ പെണ്ണിന്റെ വീട്ടിലാർക്കും വല്യേ സന്തോഷം ഒന്നുമില്ല. കുറച്ചു കഴിഞ്ഞപ്പോൾ കാര്യം മനസ്സിലായത്. അമ്മാവൻ ആകെ ബഹളം വക്കുന്നു.
ഞങ്ങളോട് വന്നു പറഞ്ഞു ഈ ബന്ധം ശരിയാവില്ല. നമുക്ക് പോകാം, വാക്കിന് വ്യവസ്ഥ ഇല്ലാത്ത കള്ളക്കൂട്ടങ്ങള്…
എനിക്ക് ആദ്യം ഒന്നും മനസ്സിലായില്ല. അച്ഛൻ ഇല്ലാത്തോണ്ട് അമ്മയുടെ ആങ്ങള, അതായതു ഈ അമ്മാവനാണ് വീട്ടിലെ കാര്യങ്ങൾ നോക്കുന്നത്. ഞങ്ങൾക്ക് ജീവിക്കാനുള്ളതൊക്കെ ഇഷ്ടം പോലെ അച്ഛൻ ഇണ്ടാക്കി വച്ചിട്ടുണ്ട്. ഞങ്ങൾ രണ്ട് ആണ്മക്കൾക്കു നല്ല ജോലിയുമുണ്ട്. എന്നിട്ടാണ് അമ്മാവൻ കഴുത്തറക്കുന്ന സ്ത്രീധനം പെണ്ണുവീട്ടുകാരോട് ചോദിച്ചേക്കുന്നത്. അവർക്കു അത് തരപ്പെടുത്താനായില്ല. അതിന്റെ ബഹളമാണ് ഇവിടെ…
പെട്ടെന്നാണ് ഒരു പെൺകുട്ടിയുടെ ശബ്ദം, ഇതുപോലത്തെ ആർത്തിയുള്ളവരുടെ വീട്ടിലേക്കു എന്ത് വിശ്വസിച്ചു ചേച്ചിയെ അയക്കും. അച്ഛൻ പറയു ചെന്നിട്ടു ഇത് നടക്കില്ലെന്നു…
ഒരു പെൺകുട്ടി ഇത്രയും ആൾക്കാരുടെ മുന്നിൽ വച്ച് ഇത് പറയുന്നകേട്ടപ്പോൾ ആകെ നാണക്കേടായി പോയി. എന്തായാലും അമ്മേനേം ചേട്ടനേം അടുത്ത് വിളിച്ചു ചോദിച്ചു. നിങ്ങൾക്കും അമ്മാവനെപ്പോലെ സ്ത്രീധനം വേണെന്നു നിർബന്ധം ഇണ്ടോ…?
അവർക്കൊന്നും ഒരു പരാതീം ഇല്ല. അമ്മക്കാണേൽ ഈ കുട്ടി തന്നെ മരുമോളായി വേണമെന്നും…അമ്മാവൻ പിണങ്ങിപ്പോയെങ്കിലും നിശ്ചയം കേമമായി നടന്നു.
പക്ഷെ തിരിച്ചുവന്നപ്പോ എന്റെ മനസ്സ് അവിടെ കളഞ്ഞുപോയി. ആ ചട്ടമ്പി പെണ്ണിന്റടുത്തു…ഏടത്തിയമ്മ ആവാൻ പോവുന്നയാളുടെ അനിയത്തിയാണ് കക്ഷി. എന്തോ ഒരു വല്ലായ്ക. ഇതുവരേം തോന്നാത്ത എന്തോ ഒന്ന്…പക്ഷെ നാണക്കേടല്ലേ…അമ്മയോട് പറഞ്ഞാലോ…?
രാവിലെ അമ്മയും ഞാനും കൂടി ആ വീട്ടിലേക്കു കേറി ചെന്നപ്പോൾ ആ അച്ഛൻ ആകെ പേടിച്ചു. വീണ്ടും എന്തേലും കുഴപ്പമായെന്നു കരുതിയിട്ടാകാം ഓടിവന്നു എന്താ കാര്യം എന്ന് തിരക്കി…അമ്മ കാര്യം പറഞ്ഞു. പേടിക്കാനൊന്നും ഇല്ല. എന്റെ ഇളയമോന് ഇവിടുത്തെ ഇളയകുട്ടിയെ കെട്ടിയാൽ കൊള്ളാം. അവനു ആ കുട്ടിയോട് എന്തോ സംസാരിക്കണം. വിരോധം എന്തെങ്കിലും….
ഏയ് എന്ത് വിരോധം. ഞങ്ങൾക്ക് സന്തോഷേ ഉള്ളു. സംസാരിക്കട്ടെ…
ഞാൻ മരത്തിന്റെ ചുവട്ടിലേക്ക് മാറി നിന്നു…ഹോ വീട്ടിൽ ഇട്ട് നിന്ന അതെ വേഷത്തിൽ അടുത്ത് വന്നു അവൾ. ഇന്നലെ ഒരുങ്ങി വന്നതിനേക്കാൾ സുന്ദരി. അവൾ ഒരു നാണവും ഇല്ലാതെ പറഞ്ഞു തുടങ്ങി…
എന്നെ ഇഷ്ടപ്പെട്ടു വന്നതല്ലേ…ഏതായാലും ഒരു മരങ്ങോടനെ കെട്ടണം. അത് നിങ്ങളായാലും കുഴപ്പം ഒന്നും ഇല്ല. പക്ഷെ ഒരു കണ്ടിഷൻ ചേച്ചിടെ വിവാഹത്തിന്റെ അന്ന് കെട്ടാൻ പറ്റോ…
ഞാൻ ആകെ അന്തം വിട്ടു. അമ്മയോട് ചോദിയ്ക്കാൻ ഒന്നും നിന്നില്ല. സമ്മതം പറഞ്ഞു. ഞാൻ ചോദിക്കട്ടെ എന്താ ഇത്ര പെട്ടെന്ന്…എന്നെ അത്രയ്ക്ക് ഇഷ്ടായോ….?
അയ്യടാ അതൊന്നും അല്ല കാര്യം. സദ്യക്കും പന്തലിനും ഉള്ള കാശ് അച്ഛൻ പലിശക്കെടുത്തതാ. രണ്ടും കൂടെ ഒരുമിച്ചു നടന്നാൽ എന്റെ അച്ഛന് അത്രേം ലാഭം ആയല്ലോ അതാ. ചിരിച്ചുകൊണ്ട പറഞ്ഞതെങ്കിലും അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
തിരിച്ചു പോരുമ്പോൾ എന്റെ മനസ്സും നിറഞ്ഞിരുന്നു. അച്ഛനെ ഇത്ര സ്നേഹിക്കുന്ന ഒരാൾക്ക് എന്നെയും അതുപോലെ സ്നേഹിക്കാൻ കഴിയൂല്ലോ എന്നോർത്ത്. തെറ്റുപറ്റിയില്ല എനിക്ക്…ആ കാന്താരി എനിക്ക് തന്നെ ദൈവനിശ്ചയം ആണത്…