പരിസരബോധമില്ലാതെ അവളുടെ പാറിനടക്കുന്ന മുടിയിഴകളിൽ തുരുതുരാ ചുംബിച്ചു. മനസ്സ് കൈവിട്ടു പോകുന്നപോലെ

രചന: ദിവ്യ അനു അന്തിക്കാട്‌

അത്യാവശ്യം നല്ല മഴയുണ്ട്…കെഎസ്ആർടിസി ബസിന്റെ സൈഡ് സീറ്റിൽ തന്നെ കേറിപ്പറ്റി…അതിരപ്പിള്ളി വരെ ഒരു യാത്ര.

ഒരാഴ്ചയിലെ കാത്തിരിപ്പിന്റെ ഉറവിടം. ബസ്സിന്റെ പാളികൾക്കിടയിലൂടെ ഇറ്റിവീഴുന്ന വെള്ളത്തുള്ളി. ഹോ വല്ലാത്തൊരു നീറ്റൽ നെഞ്ചിൽ മൊത്തം…വർഷങ്ങൾ മാറിയതല്ലാതെ ഞാനോ ബസ്സോ മാറ്റമില്ലാതെ…

ജോലി കിട്ടി കുറച്ചുനാൾക്കപ്പുറം അവളോട് ചോദിച്ചു, അതായതു യൂ പി ക്‌ളാസിൽ ചോറ്റുപാത്രത്തിലെ ഉപ്പുമാങ്ങ പങ്കിട്ടെടുത്തു തുടങ്ങിയ ബന്ധം…അവളേം കൊണ്ട് ഒരു യാത്ര എന്നും ഒരു സ്വപ്നമായിരുന്നു.

വീട്ടിന്ന് എന്തൊക്കെയോ കള്ളം പറഞ്ഞവൾ വന്നു….കറുത്ത നിറത്തിൽ വെള്ള ചെറിയ പൂക്കളുള്ള ചുരിദാറിട്ട്…അലസമായി കിടക്കുന്ന മുടിയുമായി…ഇത്രയും അടുത്തിരുന്നൊരു യാത്ര മുൻപൊരിക്കലുണ്ടായിട്ടില്ല.

അന്ന് സൈഡ് സീറ്റിൽ അവളോടൊപ്പം ചേർന്നിരിക്കുമ്പോ നെഞ്ചിനൊരു പടപടപ്പ്. പതിയെ അവളുടെ തോളിലൂടെ കൈ വച്ച് ചേർത്ത് പിടിച്ചു. താനൊന്നു ചേർത്തിരിക്കാൻ കാത്തിരുന്നപോലെ അവൾ തോളിൽ തല ചായ്ച്ചു.

പരിസരബോധമില്ലാതെ അവളുടെ പാറിനടക്കുന്ന മുടിയിഴകളിൽ തുരുതുരാ ചുംബിച്ചു. മനസ്സ് കൈവിട്ടു പോകുന്നപോലെ. കൂട്ടിനെന്ന പോലെ പുറത്തെ തുലാമഴയും…

ഇടിമിന്നൽ ചിതറി അവളുടെ മുഖം കൂടുതൽ സുന്ദരമായതുപോലെ…വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമൊന്നും കണ്ടില്ല. കാണാൻ ശ്രമിച്ചില്ല…അവൾ, അതായിരുന്നു എന്റെ മഴയും ഇടിയും മിന്നലുമെല്ലാം…

പക്ഷെ ആ ഒരു ദിവസം അവളെനിക്ക് തന്നത് ഇത്രകാലം അവളെ ഞാൻ മറക്കാതിരിക്കാനെന്നറിഞ്ഞില്ല…അത്രത്തോളം ചിന്തിക്കാൻ കഴിവില്ലാത്തവനായിപ്പോയി. അത് മനസ്സിലാക്കിയത് ഒപ്പം പഠിച്ചവർ പറഞ്ഞറിഞ്ഞപ്പോഴാണെന്നുമാത്രം.

അവളുടെ വിവാഹനിശ്ചയം കഴിഞ്ഞു. ചെക്കൻ അമേരിക്കയിൽ….ഒന്നും പ്രതികരിക്കാൻ പോലുമാകാതെ എത്രനാൾ…കാരണം അവളോടൊപ്പം ചിലവിട്ട ആ ദിവസത്തിന്റെ ഓർമ്മ മാഞ്ഞിരുന്നില്ല. അത്രമാത്രം അവളെ ഞാൻ അറിഞ്ഞെന്നു തെറ്റിദ്ധരിച്ചു.

ഇന്നും ഇത്രവർഷങ്ങൾക്കു ശേഷവും എല്ലാ ശനിയാഴ്ച്ച വൈകുന്നേരങ്ങളിൽ അതിരപ്പിള്ളിയിലേക്കൊരു യാത്ര പുറപ്പെടും. സീറ്റിൽ അവളുണ്ടെന്ന ഓർമ്മയിൽ തോളിലൂടെ കൈ ഇടാൻ ശ്രമിച്ചു പരാജിതനാകും. ചുംബിക്കാൻ ശ്രമിച്ച പരാജിതന്റെ ചുണ്ടുകൾ…

പക്ഷെ ഇനിയാർക്കും എന്നെ ഒരിക്കൽകൂടി തോൽപ്പിക്കാനാകില്ല അത്രമേൽ തോറ്റൊരുവൻ ആണ് ഞാൻ. വർഷങ്ങൾക്കിപ്പുറവും അവൾ പോയെന്നു വിശ്വസിക്കാനാകാതെ അവൾക്കായി, പ്രണയത്തിനായി ജീവിച്ചു തോറ്റു പോയൊരുവൻ…..