കുളി കഴിഞ്ഞു അമ്മു വൃത്തിയുള്ളൊരു നൈറ്റിയെടുത്തു ധരിച്ചു.നനഞ്ഞ മുടി തുവർത്തി കുളിപിന്നലുമിട്ടു താഴേക്ക് നടന്നു

പ്രിയപ്പെട്ടവൾ – രചന: ഭദ്ര മനു

ഹരിയേട്ടാ ഇത് കണ്ടോ രാവിലെ തന്നെ ഫോണിൽ കുത്തി കൊണ്ടിരുന്ന ഹരിയെ കയ്യിലെ പ്രെഗ്നൻസി ടെസ്റ്റിങ് കാർഡ് കാണിച്ചു കൊണ്ട് അമ്മു പറഞ്ഞു

ഹരി തലതിരിച്ചു അതിലേക്ക് നോക്കി….അതിലെ രണ്ട് പിങ്ക് വരകൾ കണ്ട് വിസ്മയത്തോടെ അവൻ അമ്മുവിനെ നോക്കി

സത്യാണോ അമ്മു ????എനിക്ക് വിശ്വസിക്കാൻ പറ്റണില്ല ഹരി അമ്മുവിനെ സന്തോഷത്തോടെ കെട്ടിപിടിച്ചു

ഇത് കണ്ടിട്ടും ഹരിയേട്ടന് മനസിലായില്ലേ……ഒന്നര വർഷമായില്ലേ നമ്മൾ മരുന്ന് കഴിക്കുന്നു….ആ കഴിച്ചതിനൊക്കെ ഫലമുണ്ടായി….അമ്മുവിന്റെ കണ്ണുകൾ ഈറനായി

ങേ…നീ കരയുവാണോ….. ഇനിയെന്തിനാ സങ്കടപെടുന്നത് നമുക്ക് ഒരു കുഞ്ഞുണ്ടാവാൻ പോവുകയല്ലേ

ഇത് സങ്കടം കൊണ്ടല്ല ഹരിയേട്ടാ….സന്തോഷം കൊണ്ടാ….ഇവിടെ പത്തും പതിനാറും വർഷങ്ങളായി കുഞ്ഞുങ്ങൾ ഇല്ലാത്തവരുണ്ട്…അപ്പോഴാണ് വെറും രണ്ട് കൊല്ലം കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഞാൻ ഇത്രയും കുത്തുവാക്കുകൾ കേട്ടത്….. ഇനി അവരുടെയൊക്കെ മുൻപിൽ എനിക്ക് തലയുർത്തി നിൽക്കാമല്ലോ അമ്മു ഇടർച്ചയോടെ പറഞ്ഞു

നീ വേഗം റെഡിയാവ്….എന്തെങ്കിലും ഗുഡ് ന്യൂസ്‌ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ഡോക്ടർ പറഞ്ഞതല്ലേ

അല്ല ഹരിയേട്ടാ….ഈ വിവരം ഇവിടെ ആരെയും അറിയിക്കണ്ടേ

അതൊക്കെ ഹോസ്പിറ്റലിൽ പോയി വന്നിട്ട് ആവട്ടെ

=================

കൺഗ്രാറ്റ്സ് ഹരി…. അമൃത ഗർഭിണി തന്നെയാണ്

ഡോക്ടർ മാത്യു ഹരിയെ നോക്കി പുഞ്ചിരിച്ചു

അടുത്തിരുന്ന അമ്മു സന്തോഷത്തോടെ ഹരിയുടെ കയ്യിൽ അമർത്തി പിടിച്ചു

ഒരുപാട് നന്ദിയുണ്ട് ഡോക്ടർ….ഡോക്ടറുടെ ചികിത്സ കൊണ്ടാണ് ഞങ്ങൾക്ക് ഈ ഭാഗ്യം ഉണ്ടായത് ഹരി ഡോക്ടറെ നന്ദിയോടെ നോക്കി

എന്റെ ചികിത്സ കൊണ്ട് മാത്രമല്ലല്ലോ….മാത്യു ചിരിയോടെ പറഞ്ഞു

ഹരി ചമ്മലോടെ അമ്മുവിനെ നോക്കി

ഞാൻ ദൈവാനുഗ്രഹത്തെയും കൂടിയാണ് ഉദ്ദേശിച്ചത് ഡോക്ടർ മാത്യു കൂട്ടി ചേർത്തു

അമ്മു ചിരിയോടെ ഹരിയുടെ കയ്യിൽ ചെറുതായി നുള്ളി

പിന്നെ….സീരിയസ് ആയി കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…..ഒന്നാമത് അമൃതയുടെ ബോഡി നല്ല വീക്ക്‌ ആണ്..അത്കൊണ്ട് തന്നെ മൂന്നു മാസം പൂർണവിശ്രമം ആവശ്യമാണ്…പിന്നെ ശാരീരികബന്ധം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം…വിറ്റാമിൻ കാൽസ്യം ടാബ്ലറ്റ് ഒക്കെ സമയത്തിനു കഴിക്കണം….വെള്ളം നന്നായി കുടിക്കണം….കേട്ടോ ഡോക്ടർ അമ്മുവിനെ നോക്കികൊണ്ട് പറഞ്ഞു

മ്മ്… അവൾ മൂളി

എന്നാൽ ശരി നിങ്ങൾ ഡോക്ടർ സീതയെ കൂടി ഒന്ന് കണ്ടേക്കു…. അവരാണ് ഇവിടുത്തെ മെയിൻ ഗൈനകോളജിസ്റ്റ്….. സ്കാനിംഗ് ഡേറ്റ് ഒക്കെ അവർ പറയും

ശരി ഡോക്ടർ…ഹരിയും അമ്മുവും എണീറ്റ് പുറത്തേക്ക് വന്നു

============

നിങ്ങൾ രാവിലെ തന്നെ എവിടെ പോയതായിരുന്നു….. ഹോസ്പിറ്റലിൽ നിന്നും തിരിച്ചെത്തിയ അമ്മുവിനോടും ഹരിയോടും ഹരിയുടെ അമ്മ സുധ ചോദിച്ചു

ഡോക്ടറെ കാണാൻ ഹരി മറുപടി പറഞ്ഞു

ഓ….അവരുടെ മുഖം പുച്ഛം കൊണ്ട് ഒരു വശത്തേക്ക് കോടി

ഒന്നര കൊല്ലം ആവാറായല്ലോ ഈ മച്ചിയെയും കൊണ്ട് നീ ഹോസ്പിറ്റൽ തോറും നടക്കുന്നു…..എന്നെ മുകളിലേക്ക് എടുക്കും മുൻപ് നിന്റെ ഒരു കുഞ്ഞിനെ ഓമനിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാവോ ഹരിയേ

ദേ അമ്മേ…..ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് അമ്മുവിന്റെ കുറ്റം കൊണ്ടല്ല മക്കൾ ഉണ്ടാവാത്തത്‌ എന്ന്….എന്റെ കുഴപ്പം കൊണ്ടാണെന്നു അമ്മയ്ക്ക് നന്നായി അറിയാമല്ലോ…അല്ലെങ്കി തന്നെ അമ്മയ്ക്ക് കല്യാണം കഴിഞ്ഞു 4വർഷങ്ങൾ കഴിഞ്ഞാണ് ഞാനും ഹിമയും ഉണ്ടായതെന്ന് അമ്മയെന്താ മറക്കുന്നത്

ഓ…. നീ ഇങ്ങനെയൊരു പെങ്കോന്തൻ ആയിക്കോ ഹരി….കെട്ട്യോൾടെ കുറവ് മറയ്ക്കാൻ സ്വയം കുറവ് ഉണ്ടെന്നു കള്ളമൊന്നും പറയണ്ട

ഹരിയെന്തോ തിരിച്ചു പറയാൻ തുടങ്ങിയതും അമ്മു അവന്റെ കയ്യിൽ കേറി പിടിച്ചു

അമ്മ ഇനി ഹരിയേട്ടന്റെ കുഞ്ഞിനെ ലാളിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞു വിഷമിക്കണ്ട….ഞാൻ ഗർഭിണിയാണ്….അതൊന്നു ഡോക്ടറെ കണ്ട് ഉറപ്പിക്കാനാ ഞങ്ങൾ പോയത് അമ്മു പറഞ്ഞു

ഉള്ളതാണോ മോളെ…. അവർ അമ്മുവിന്റെ കരം കവർന്നു

അല്ലേ അമ്മേ…അമ്മയെ സമ്മതിക്കണം കേട്ടോ …. അമ്മ തന്നെയല്ലേ കുറച്ചു മുൻപ് ഇവളെ മച്ചിയെന്നൊക്കെ വിളിച്ചത്….മിനിറ്റിന് മിനിട്ടിനു എങ്ങനെയാ ഇങ്ങനെ സ്വഭാവം മാറ്റാൻ പറ്റുന്നത്

അതുപിന്നെ നീ ഒന്ന് ആലോചിച്ചു നോക്കിക്കേ ഹരി….ഒരു മുത്തശി ആവണമെന്ന് എനിക്കും കൊതിയില്ലേ….എന്റെ വിഷമം കൊണ്ടല്ലേ ഞാൻ അങ്ങനെയൊക്കെ പറയുന്നത്

ഉവ്വേ…അമ്മയെ ഞാൻ കാണാൻ തുടങ്ങിയിട്ട് കൊല്ലം 30കഴിഞ്ഞില്ലേ എനിക്ക് അറിഞ്ഞൂടെ അമ്മയെ

നീയൊന്നു പോടാ ചെക്കാ….സുധ ചിരിയോടെ മരുമകളുടെ കയ്യും പിടിച്ചു അടുക്കളയിലേക്ക് നടന്നു

അമ്മു തിരിഞ്ഞു ചിരിയോടെ ഹരിയെ നോക്കി

ഉം ചെല്ല് ചെല്ല് ഹരി അവളെ കളിയാക്കി കൊണ്ട് വസ്ത്രം മാറാൻ മുറിയിലേക്ക് പോയി

============

മൂന്ന് മാസങ്ങൾ അതിവേഗം കടന്നു പോയി….സുധ മരുമകളെ ഓരോന്ന് കഴിപ്പിച്ചും കുടിപ്പിച്ചും പിന്നാലെ തന്നെ നടന്നു….ഓഫീസിൽ ആയിരുന്നാൽ പോലും ഹരി എപ്പോഴും അമ്മുവിനെ വിളിച്ചു വിശേഷങ്ങൾ തിരക്കി കൊണ്ടിരുന്നു

===========

അന്നൊരു ഞായറാഴ്ചയായിരുന്നു…..അത്കൊണ്ട് തന്നെ ഹരി വീട്ടിലുണ്ടായിരുന്നു….ഹരിയുടെ പെങ്ങൾ ഹിമയും ഭർത്താവും മക്കളും വിരുന്നിനും എത്തിയിരുന്നു….. അമ്മുവിന് കഴിക്കാനായി ഒത്തിരി പലഹാരങ്ങളും അവർ കൊണ്ട് വന്നിരുന്നു……

അമ്മേ….. അമ്മു എവിടെ…. വന്നപാടെ ഹിമ തിരക്കി….

അവൾ മുകളിൽ കാണും സുധ പറഞ്ഞു

ഞാൻ ചെന്ന് കാണട്ടെ ഹിമ മുകളിലേക്ക് നടന്നു

അമ്മു…… ഹിമ മുറിയിൽ അമ്മുവിനെ നോക്കിയിട്ടും കണ്ടില്ല

ഹിമേച്ചി….. ഞാൻ കുളിക്കുവാ അവൾ ബാത്‌റൂമിൽ നിന്നും വിളി കേട്ടു

ആഹാ….നിന്നെ കാണാനാ ഞങ്ങൾ വന്നത്….. വേഗം കുളിച്ചിട്ട് താഴേക്ക് വാട്ടോ…. ഞാൻ താഴെ കാണും

ശരി ചേച്ചി

കുളി കഴിഞ്ഞു അമ്മു വൃത്തിയുള്ളൊരു നൈറ്റിയെടുത്തു ധരിച്ചു….നനഞ്ഞ മുടി തുവർത്തി കുളിപിന്നലുമിട്ടു താഴേക്ക് നടന്നു

പെട്ടന്ന് തല ചുറ്റുന്നത് പോലെ തോന്നിയപ്പോൾ അവളൊന്നു നിന്നു …. താഴെ ഹാളിൽ ഹരിയും ഹിമയുടെ ഭർത്താവുമെല്ലാം ഇരിക്കുന്നത് അവൾക്ക് കാണാമായിരുന്നു…

അവൾ കൈ നീട്ടി ഹരിയെ വിളിച്ചതും കാലിന്റെ ബാലൻസ് തെറ്റി വീണതും ഒരുമിച്ചായിരുന്നു

ഹരി ഓടി വരുമ്പോഴേക്കും നിന്നയിടത് നിന്ന് രണ്ട് സ്റ്റെപ് താഴെ അമ്മു നടു ഇടിച്ചു വീണിരുന്നു

നട്ടെല്ലിലൂടെ ഒരു മിന്നൽ പാഞ്ഞു അടിവയറിൽ തുളച്ചു കേറുന്നത് അമ്മു തിരിച്ചറിഞ്ഞു…കാലുകൾ അനക്കാൻ കഴിയുന്നില്ല…. അടിവയർ കുത്തി കീറും പോലെ ശക്തമായ വേദന….. അറിയാതെ അവളുടെ ബോധം മറഞ്ഞു

ഹരി ഓടിവന്നു അമ്മുവിനെ കയ്യിൽ കോരിയെടുത്തു…. അമ്മു….. അമ്മു…… അവൻ ഭ്രാന്ത് പിടിച്ചത് പോലെ അവളെ കുലുക്കി വിളിച്ചു…..പക്ഷെ അവൾ കണ്ണ് തുറന്നില്ല
അവൻ അവളുമായി ഉയർന്നതും അവന്റെ കൈകളെ നനച്ചു കൊണ്ട് അവളുടെ തുടയിടുക്കിൽ നിന്നും കൊഴുത്ത ചൂടുള്ള രക്തം ഒഴുകി വന്നു

സുരേഷേട്ടാ വേഗം വണ്ടിയെടുക്ക് ഹരി ഹിമയുടെ ഭർത്താവിനെ നോക്കി അലറി

സുരേഷ് വേഗം കാർ സ്റ്റാർട്ട്‌ ആക്കി

അമ്മുവുമായി ഹരി പിൻസീറ്റിൽ കേറി…അവർക്കൊപ്പം ഹിമയും

ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ എപ്പോഴോ ഇടയ്ക്ക് അമ്മുവിന് ബോധം വന്നെങ്കിലും ഹരിയെ ദയനീയമായി നോക്കി കൊണ്ട് വീണ്ടും അവളുടെ ബോധം മറഞ്ഞു

മോളെ…. അമ്മു….. ഹരി അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊച്ച്കുട്ടികളെ പോലെ വാവിട്ടു കരഞ്ഞു

അമ്മുവിനെ ഐസിയുവിലേക്ക് കേറ്റുമ്പോൾ ഡോക്ടർ മാത്യു രക്തത്തിൽ കുളിച്ചു നിൽക്കുന്ന ഹരിയെ കടുപ്പത്തിലൊന്നു നോക്കി

ശ്രദ്ധിക്കണമെന്ന് ഞാൻ പറഞ്ഞതല്ലേ ഹരി….

ഹരി തല കുനിച്ചു

എന്തായാലും ഞാൻ ഒന്ന് നോക്കട്ടെ…..എന്തായാലും അമൃതയുടെ ബ്ലഡ്‌ ഗ്രൂപ്പ്‌ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് റെഡിയാക്കി നിർത്തിക്കോളൂ ബ്ലഡ്‌ ആവശ്യം വന്നേക്കും …

മ്മ്…. ഹരി മൂളി

മിടിയ്ക്കുന്ന ഹൃദയവുമായി ഹരി ഐസിയുവിന് മുന്പിലെ ചെയറിൽ മുഖം പൊത്തിയിരുന്നു….

ഏട്ടാ…… ഹിമ നിറഞ്ഞ കണ്ണുകളോടെ ഹരിയെ വിളിച്ചു….

വിഷമിക്കല്ലേ ഏട്ടാ….അവൾക്ക് ഒന്നും സംഭവിക്കില്ല….. പക്ഷെ കുഞ്ഞ്…ഹിമ വിഷമത്തിൽ അവനെ നോക്കി

അവൻ ഹിമയെ ഞെട്ടലോടെ നോക്കി

ശരിയാണ്…. ഹരി തന്റെ ദേഹത്തേക്ക് നോക്കി…..കൊഴുത്ത രക്തത്താൽ ദേഹം മൊത്തം നനഞ്ഞിരിക്കുന്നു

നീ വെറുതെ വേണ്ടാതീനം പറയല്ലേ ഹിമേ….. സുരേഷ് അവളെ നോക്കി മിണ്ടരുതെന്നു കണ്ണ് കാണിച്ചു

അളിയൻ വീട്ടിൽ ചെന്നു ഡ്രസ്സ്‌ ഒക്കെ ഒന്ന് മാറ്റിയിട്ടു വേഗം വാ അമ്മുവിന്റെ കാര്യങ്ങൾ നോക്കാൻ ഇപ്പൊ ഞങ്ങളില്ലേ….ചെല്ല്

ഐസിയൂവിന് നേർക്ക് ദയനീയമായി ഒന്ന് നോക്കികൊണ്ട് ഹരി കാർ പാർക്കിങ്ങിലേക്ക് നടന്നു

എന്റെ ഹിമേ….നിനക്ക് ഇപ്പോഴും ബോധമെന്ന സാധനമില്ലേ…..ഒരുപാട് മരുന്നും മന്ത്രവും കഴിച്ചാണ് ആ പെൺകൊച്ചു ഒന്ന് ഗർഭിണി ആയത്…..വീഴ്ചയിൽ അത് പോവുകയോ പോവാതിരിക്കുകയോ ചെയ്യട്ടെ ഈ സമയത്ത് ഇങ്ങനെയുള്ള സംസാരം ഒഴിവാക്കികൂടെ…..ഹരി പോയതും സുരേഷ് ഹിമയോട് ദേഷ്യപ്പെട്ടു

ഹിമ ഒന്ന് മിണ്ടാതെ മുഖം വീർപ്പിച്ചിരുന്നു…. എന്തെങ്കിലും തിരിച്ചു പറഞ്ഞാൽ പരിസരം പോലും നോക്കാതെ സുരേഷ് ദേഷ്യപെടുമെന്നു അവൾക്ക് അറിയാമായിരുന്നു

============

ഹരി വീട്ടിൽ പോയി വസ്ത്രം മാറി വന്നു…..അമ്മുവിന് ധരിക്കാനുള്ള വസ്ത്രങ്ങളും അവൻ കൊണ്ടുവന്നിരുന്നു…..ഹോസ്പിറ്റലിൽ തന്നെ ഒരു മുറിയും ബുക്ക്‌ ചെയ്യ്തു വെച്ചു

ഏകദേശം ഒന്നര മണിക്കൂറിനു ശേഷം ഡോക്ടർ സീതയും ഡോക്ടർ മാത്യുവും പുറത്ത് വന്നു… അവരെ കണ്ടതും ഹരി തിടുക്കപ്പെട്ടു എണീറ്റു

ഹരി എന്റെ റൂമിലേക്ക് വരൂ ഡോക്ടർ സീത പറഞ്ഞു

ഹരി ഡോക്ടറുടെ റൂമിലേക്ക് നടന്നു….

തന്റെ മുഖത്തു നോക്കി പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും തുറന്നു പറയുകയാണ് ഹരി

വീഴ്ചയിൽ വയറ്റിലെ കുഞ്ഞിനെ നഷ്ട്ടപെട്ടു…..മാത്രമല്ല ധാരാളം രക്തവും പോയിട്ടുണ്ട്

രണ്ടാമത്തെ കാര്യം ആ കുട്ടിയുടെ നട്ടെല്ലിന് വീഴ്ചയിൽ നല്ലപോലെ ക്ഷതവും സംഭവിച്ചിട്ടുണ്ട് …..അത്കൊണ്ട് തന്നെ അരയ്ക്ക് താഴോട്ട് തളർന്ന പോയ അവസ്ഥയിലാണ്

ഡോക്ടർ…..!!!!!

ഹരി പകപ്പോടെ ഡോക്ടർ സീതയെ നോക്കി

സത്യമാണ് ഹരി….തന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല….. പക്ഷെ സത്യം എന്നായാലും താൻ അറിയണ്ടേ

പക്ഷെ അമൃത ഇനി എണീറ്റ് നടക്കില്ല എന്നൊന്നും ഞങ്ങൾ തീർത്തു പറയുന്നില്ല…..പക്ഷെ എന്ന് എപ്പോൾ എങ്ങനെ എന്നൊന്നുമറിയില്ല

എന്തായാലും രണ്ടാഴ്ച ഇവിടെ അഡ്മിറ്റ്‌ ചെയ്യണം…. ഒരാഴ്ച ഐസിയുവിൽ നീരീക്ഷണത്തിലായിരിക്കും….. പിന്നീട് മുറിയിലേക്ക് മാറ്റാം

മറുപടി ഒന്നും പറയാൻ സാധിക്കാതെ ഹരി തരിച്ചിരുന്നു

നിറഞ്ഞ കണ്ണുകളെ തുടച്ചു കൊണ്ട് അവൻ പുറത്തിറങ്ങി

പുറത്തെ വരാന്തയുടെ ഒരു ഇരുണ്ട കോണിൽ നിന്ന് അവൻ ശബ്ദമില്ലാതെ വിങ്ങി കരഞ്ഞു

============

ഒരാഴ്ചയ്ക്ക് ശേഷം അമ്മുവിനെ റൂമിലേക്ക് മാറ്റി

ഫോണിലൂടെ വിവരങ്ങൾ തിരക്കിയിരുന്ന ഹരിയുടെ അമ്മ ഒരിക്കൽ പോലും അമ്മുവിനെ കാണാൻ ഹോസ്പിറ്റലിൽ വന്നിരുന്നില്ല…..ഹോസ്പിറ്റലിൽ നിന്ന് മുഷിഞ്ഞ ഹിമയും തിരികെ പോയിരുന്നു…. സുരേഷ് ഇടയ്ക്ക് വന്നു കാര്യങ്ങൾ തിരക്കി തിരികെ പോയി….അമ്മുവിന് കൂട്ടായി അവളുടെ അമ്മയും അച്ഛനും ഹരിയുമായിരുന്നു ഉണ്ടായിരുന്നത്

വാർഡിലേക്ക് മാറ്റിയ ശേഷം ഹരിയും അമ്മുവും തനിച്ചായ ഒരു നിമിഷത്തിൽ ഹരി അമ്മുവിന്റെ തളർന്ന കാലടികളിൽ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു

ഏട്ടാ……വിങ്ങലോടെ അമ്മു വിളിച്ചു

ഹരി അവളുടെ കയ്യെടുത്തു തന്റെ കണ്ണുകളോട് ചേർത്ത് പിടിച്ചു

മോൾക്ക് വേദന ഉണ്ടോ

ഉണ്ട്….. അമ്മുവിന്റെ കണ്ണ് നിറഞ്ഞു…അതിനേക്കാൾ അധികം മനസാണ് വേദനിക്കുന്നത്….എന്തൊക്കെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമായിരുന്നു….. അതൊക്കെ കണ്ണ് ചിമ്മി തുറക്കുംമുൻപേ നഷ്ട്ടമായില്ലേ… എല്ലാം എന്റെ തെറ്റാണ്…എന്റെ അശ്രദ്ധകൊണ്ടാണ് എന്റെ കുഞ്ഞിനെ എനിക്ക് നഷ്ട്ടപെട്ടത്

അതിന് നീ ഒന്നും ചെയ്തില്ലല്ലോ മോളെ…ഞാനാണ് തെറ്റുകാരൻ…. ഞാൻ കുറച്ചു കൂടി നിന്റെ കാര്യത്തിൽ ശ്രദ്ധ കാണിക്കണമായിരുന്നു…

അമ്മു വിഷമത്തോടെ ഹരിയുടെ മുടിയിൽ തലോടി

രണ്ടാഴ്ച പെട്ടന്ന് കടന്നുപോയി…. കുഞ്ഞിനെ നഷ്ട്ടപ്പെട്ട ഷോക്കിൽ നിന്നും അമ്മു അപ്പോഴും വിമുക്തയായിരുന്നില്ല…..ഹോസ്പിറ്റലിലെ തന്നെ മനോരോഗവിദഗ്ദ്ധന്റെ ചികത്സയിൽ ഒരാഴ്ച കൂടി കഴിഞ്ഞ ശേഷം അമ്മുവിനെ ഡിസ്ചാർജ് ചെയ്യുന്ന ദിവസം എത്തി

അമ്മു ഹോസ്പിറ്റലിൽ ആയിട്ട് ഇത്രയും ദിവസം അങ്ങോട്ട് വരാതെയിരുന്ന ഹരിയുടെ അമ്മ അന്ന് ഹോസ്പിറ്റലിൽ എത്തി

ഡോക്ടറുടെ നിർദ്ദേശങ്ങൾ ഒക്കെ കേട്ട ശേഷം അമ്മുവിന് കഴിക്കാനുള്ള മരുന്നുകളും വാങ്ങി ഹരി റൂമിൽ എത്തി

അല്ല ഹരി….അമ്മുവിനെ എങ്ങോട്ടാ കൊണ്ടുപോണെ സുധ തിരക്കി

ഇതെന്ത് ചോദ്യം….എന്റെ ഭാര്യയെ എന്റെ വീട്ടിലേക്ക് അല്ലാതെ വേറെ എങ്ങോട്ടാ കൊണ്ട് പോണ്ടേത്

ഒരു കാര്യം തുറന്നു പറയാലോ ഹരി…. ഈ വയസാംകാലത്ത് മരുമോളുടെ മലോം മൂത്രോം കോരാൻ എന്നെ കിട്ടുകേല…. ഹരിയുടെ അമ്മ അമ്മുവിന്റെ മാതാപിതാക്കൾ അവിടെ നിൽക്കുന്നുണ്ടെന്നു പോലും നോക്കാതെ പറഞ്ഞു

അമ്മയ്ക്ക് പറ്റില്ലെങ്കിൽ വേണ്ട ഞാൻ ഒരു ഹോം നേഴ്സ്നെ വെച്ചോളാം

വേണ്ട ഹരി….. മോളെ ഞങ്ങൾ കൊണ്ട് പൊയ്ക്കോളാം…..കുഞ്ഞായിരുന്നപ്പോൾ എന്റെ കുഞ്ഞിന്റെ മലോം മൂത്രോം ഒരുപാട് കോരിയതാ ഈ ഞാൻ….ഇനി ആയാലും അതിനെനിക്ക് ഒരു മടിയുമില്ല….. അമ്മുവിന്റെ അമ്മ വസുന്ധര പറഞ്ഞു

അതേ മോനെ… വസു പറഞ്ഞത് ശരിയാ…..മോന്റെ അമ്മയ്ക്ക് പ്രായമായില്ലേ…അമ്മുവിനെ ഞങ്ങൾ തന്നെ നോക്കുന്നതാ ശരി…..മോൻ ഇടയ്ക്കിടയ്ക്ക് വന്നാൽ മതി…അമ്മുവിന്റെ അച്ഛനും പറഞ്ഞു

ഡിസ്ചാർജ് ആയി അമ്മുവും ഹരിയും അമ്മുവിന്റെ അച്ഛനും അമ്മയും കൂടി അമ്മുവിന്റെ വീട്ടിലേക്ക് യാത്രയായി

=================

മാസം രണ്ട് കഴിഞ്ഞു….അമ്മുവിന്റെ അച്ഛന്റെ സുഹൃത്തായ ഒരു ആയുർവേദ വൈദ്യന്റെ നിർദ്ദേശപ്രകാരം തിരുമ്മലും ഉഴിച്ചലുമൊക്കെ മുറയ്ക്ക് നടന്നുകൊണ്ടിരുന്നു…..ഹരി എല്ലാ ദിവസവും അമ്മുവിനെ കാണാൻ അവിടെ മുടങ്ങാതെ ചെല്ലുകയും ചെയ്തു

മോളെ….. എനിക്ക് നമ്മുടെ വീട്ടിൽ നിൽക്കാൻ സാധിക്കുന്നില്ല…. നമ്മുടെ മുറി നിറയെ നിന്റെ ഗന്ധമാണ്….ഞാൻ ഇവിടെ നിന്നോളാം മോളെ…

ഇവിടെ നിന്നാൽ ഹരിയേട്ടൻ എങ്ങനെ ഓഫീസിൽ പോവും…. ഒരുപാട് ദൂരമല്ലേ…പിന്നെ ഡെയിലി വൈകുന്നേരം ഏട്ടൻ ഇങ്ങ് വരുന്നില്ലേ…. പിന്നെന്താ

മ്മ് അത് ശരിയാ….പിന്നെ ഒരു കാര്യം കൂടി പറയാനുണ്ട്….ഓഫീസ് ആവശ്യത്തിനായി ഞാൻ അടുത്താഴ്ച ബാംഗ്ലൂർക്ക് പോവുട്ടോ….അത്യാവശ്യം ആണ്…ഒഴിവാക്കാൻ പറ്റാത്ത മീറ്റിംഗ് ആണ്….അല്ലെങ്കിൽ ഞാൻ പോവില്ലായിരുന്നു

ഏട്ടൻ പോയി വാ….ഓഫീസ് ആവശ്യത്തിന് അല്ലേ… പോവാതെ ഇരിക്കേണ്ട അമ്മു പറഞ്ഞു

രണ്ട് ദിവസത്തിന് ശേഷം അവളോട് യാത്രയും പറഞ്ഞു ഹരി ബാംഗ്ലൂർക്ക് പോയി…..

ഹരി പോയി മൂന്നാമത്തെ ദിവസം ഹരിയുടെ അമ്മ അമ്മുവിന്റെ വീട്ടിലെത്തി

വസുന്ധര അവരെ അകത്തേക്ക് ക്ഷണിച്ചു

വസുന്ധര ചായ എടുക്കാൻ പോയ സമയത്ത് സുധ അമ്മുവിന്റെ മുറിയിലെത്തി

സുധയെ കണ്ടതും അമ്മു ചിരിച്ചു

സുധ അനക്കമറ്റ്‌ കിടക്കുന്ന അമ്മുവിനെ അടിമുടി നോക്കി…. വല്ല മാറ്റവും ഉണ്ടോ??? അവർ നിർവികാരതയോടെ ചോദിച്ചു

ഉണ്ട് അമ്മേ….വിരലൊക്കെ അനക്കാൻ കഴിയുന്നുണ്ട്

വെറുതെ കിടന്നു വിരൽ അനക്കിയിട്ട് എന്താ കാര്യം…..ഒരു കാര്യം മുഖത്തു നോക്കി പറയാമല്ലോ…. ഹരിയുമായുള്ള വിവാഹബന്ധം വേർപെടുത്തണമെന്നു പറയാനാണ് ഞാനിപ്പോ വന്നത്

അമ്മു ഞെട്ടലോടെ സുധയെ നോക്കി

നീയൊന്ന് ആലോചിച്ചു നോക്കിക്കേ…. ഈ അവസ്ഥയിൽ നിന്നും നീ എന്ന് രക്ഷപെട്ടു വരാനാണ്…..അതുവരെ എന്റെ മോൻ കാത്തിരിക്കണ്ടേ….ജീവച്ഛവമായ നിന്നെയും കാത്തിരുന്നു എന്റെ മോന്റെ നല്ല പ്രായം കടന്നു പോവില്ലേ ..അവനും ഒരു കുടുംബജീവിതം വേണ്ടേ…..കുഞ്ഞുങ്ങൾ വേണ്ടേ….എന്റെ മകനൊരു കുഞ്ഞിനെ കൊടുക്കാൻ നിനക്കിനി കഴിയുമോ…..ഒരു ഭാര്യയുടെ സ്ഥാനത്ത് നിന്ന് അവന്റെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാൻ നിനക്ക് കഴിയുമോ….. ഒരിക്കലുമില്ല അത്കൊണ്ടാ വിവാഹമോചനം വേണമെന്ന് ഞാൻ പറഞ്ഞത്

പിന്നെ നീ അറിയാത്തൊരു കാര്യം പറയട്ടെ…..ഇതൊക്കെ ഹരി തന്നെയാണ് നിന്നോട് പറയാൻ എന്നെ ഏല്പിച്ചത്….

ആ വാക്കുകൾ ഇടിതീ പോലെ അമ്മുവിന്റെ കാതിൽ അലയടിച്ചു

അവന് ഞങ്ങൾ ഒരു മിടുക്കി പെങ്കൊച്ചിനെ കണ്ട് വെച്ചിട്ടുണ്ട്…. അവനും സമ്മതമാണ്…ഹരിയുടെ സന്തോഷം നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നീ അവനുമായുള്ള ബന്ധം പിരിയണം സുധ കൂട്ടിചേർത്തു

അമ്മു മറുപടി ഒന്നും പറയാൻ സാധിക്കാതെ കിടന്നു….നാവിനു ശക്തിയില്ലാത്ത പോലെ…… അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി…. അവൾ കണ്ണുകൾ ഇറുക്കിയടച്ചു

ഞാൻ ഇറങ്ങുന്നു…. സുധ പറഞ്ഞു…അമ്മു കണ്ണുകൾ തുറന്നില്ല….ഒരു നിമിഷം കൂടി അവിടെ നിന്ന ശേഷം സുധ മുറിയ്ക്ക് പുറത്തിറങ്ങി…അവിടെ കയ്യിലൊരു ചായക്കപ്പുമായി നിറഞ്ഞ കണ്ണുകളുമായി വസുന്ധര നിൽപ്പുണ്ടായിരുന്നു…. അവരെ ഒന്ന് നോക്കിയ ശേഷം സുധ വീട്ടിൽ നിന്നും ഇറങ്ങി

സുധ പോയി 10മിനിറ്റ് കഴിഞ്ഞതും ഹരിയുടെ കാൾ അമ്മുവിന്റെ ഫോണിലേക്ക് വന്നു…..അവൾ ചങ്കു പിടയുന്ന വേദനയോടെ കാൾ കട്ട്‌ ചെയ്യ്തു ഫോൺ ഓഫാക്കി വെച്ചു

അമ്മ പറഞ്ഞതാണ് ശരി….ഹരിയേട്ടൻ സന്തോഷമായി ജീവിക്കട്ടെ

പിറ്റേന്ന് വൈകുന്നേരത്തോടെ മുറ്റത് വന്ന കാറിന്റെ ശബ്ദം അമ്മു നടുക്കത്തോടെ തിരിച്ചറിഞ്ഞു…ഹരിയേട്ടൻ….

അമ്മുവിന്റെ ഹൃദയം ശക്തിയായി തുടിയ്ക്കാൻ തുടങ്ങി….

ഹരി വണ്ടി ഒതുക്കി വെച്ചു അകത്തേക്ക് കേറാൻ ചെരുപ്പ് അഴിക്കവേ അമ്മുവിന്റെ അച്ഛൻ ഉമ്മറത്തേക്ക് ഇറങ്ങിവന്നു

എന്തിനാ ഇങ്ങോട്ട് വന്നേ….തന്റെ പുതിയ കല്യാണം വിളിക്കാനാണോ…അതോ അമ്മയെ പോലെ മോനും വാക്കുകൾ കൊണ്ട് എന്റെ കുഞ്ഞിനെ കീറിമുറിക്കണമെന്നുണ്ടോ അമ്മുവിന്റെ അച്ഛൻ നിന്ന് കിതച്ചു

അച്ഛൻ ഇതെന്തൊക്കെയാ പറയുന്നേ… എനിക്കൊന്നും മനസിലാവുന്നില്ല

താൻ പോയതിനു പിന്നാലെ തന്റെ അമ്മയിവിടെ വന്നിരുന്നു…. അമ്മുവിന്റെ അച്ഛൻ സുധ അവിടെ ചെന്നതും അമ്മുവിനോട് സംസാരിച്ചതുമൊക്കെ ഹരിയോട് പറഞ്ഞു

നോക്ക് ഹരി… ഞങ്ങൾക്ക് ആണും പെണ്ണുമായിട്ട് അമ്മു മാത്രമേയുള്ളു…. കണ്ണേ പൊന്നെ എന്ന് വെച്ചാണ് ഞങ്ങടെ കുഞ്ഞിനെ ഞങ്ങൾ വളർത്തിയതും…. ഞങ്ങളെക്കാൾ ഉയർന്ന കുടുംബമാണെന്ന് അറിഞ്ഞപ്പോ നിങ്ങൾ തമ്മിലുള്ള കല്യാണം ഞാൻ എതിർത്തതാണ്…. അപ്പൊ താൻ തന്നെയാണ് അമ്മു ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞു 65പവൻ സ്വർണം ഇങ്ങോട്ട് തന്നു ഈ കല്യാണം നടത്തിയതും ഇപ്പൊ തനിക്ക് വേണ്ടെന്ന് വെച്ചു താൻ പോവുകയാണെങ്കിൽ താൻ പൊയ്ക്കോളൂ..പക്ഷെ ഞങ്ങൾക്ക് അവളെ തള്ളി കളയാൻ കഴിയില്ല…എന്റെയും വസുവിന്റേയും പ്രാണന്റെ പാതിയാ ഞങ്ങടെ മോള്….അവൾക്ക് മരണം വരെ ഞങ്ങളുണ്ടാവും

എല്ലാം കേട്ടു ഹരിയുടെ ദേഹം പെരുത്ത് കയറി…

ഞാൻ മനസാവാചാ അറിയാത്ത കാര്യങ്ങൾ ആണിതൊക്കെ…. ഇതൊക്കെ എങ്ങനെ നിങ്ങളെ മനസിലാക്കി തരുമെന്ന് എനിക്കറിയില്ല..എന്തായാലും എനിക്ക് അമ്മുവിനെ കാണണം….

ഹരി അകത്തേക്ക് കയറി

കുഴമ്പും അരിഷ്ടവും മണക്കുന്ന അമ്മുവിന്റെ മുറിയിലേക്ക് ഹരി ചെന്നു

നിറഞ്ഞ കണ്ണുകളുമായി കിടന്ന അമ്മുവിന്റെ ചാരെ ഹരിയിരുന്നു

നീയും വിശ്വസിച്ചുവല്ലേ അമ്മ പറഞ്ഞതൊക്കെ

അത് പിന്നെ ഹരിയേട്ടാ…അമ്മുവിന്റെ ചുണ്ടുകൾ വിറച്ചു

ഇത്രയും കാലം എന്റെ കൂടെ ജീവിച്ചിട്ടും നിനക്കെന്നെ മനസിലായില്ലല്ലോ

നിനക്ക് തോന്നുന്നുണ്ടൊ നിന്നെ ഉപേക്ഷിച്ചു വേറെ ഒരു പെണ്ണിനെ ഞാനെന്റെ ജീവിതത്തിലേക്ക് കൂട്ടുമെന്ന്….അതിന് വേണ്ടിയാണോ ഞാൻ നിന്നെ എന്റെ പ്രാണനായി കണ്ടു സ്നേഹിച്ചത്…മരണം വരെ സുഖത്തിലും ദുഖത്തിലും പരസ്പരം താങ്ങായും തണലായും ജീവിക്കാനാണ് ഞാൻ നിന്നെ വിവാഹം ചെയ്യ്തത്….എനിക്കാണ് ഈ അവസ്ഥയെങ്കിൽ നീ എന്നെ ഇട്ടേച്ചു പോവുമായിരുന്നോ…. ഇല്ലല്ലോ… അതുപോലെയാണ് തിരിച്ചും….ഇനിയെന്തായാലും നീ ഇവിടെ നിക്കണ്ട…. ഞാൻ നിന്നെ കൊണ്ട് പോവുകയാണ്

പക്ഷെ ഹരിയേട്ടാ അമ്മ

അമ്മയുടെ കാര്യത്തിൽ നീ പേടിക്കണ്ട….നമ്മൾ അങ്ങോട്ടല്ല പോണത്…ഓഫീസിനു അടുത്ത് എനിക്കിപ്പോ വിളിച്ചു പറഞ്ഞാലും എന്റെ കൂട്ടുകാർ ഒരു വീട് ശരിയാക്കി തരും… നമുക്ക് അങ്ങോട്ട് പോവാം….നിന്നെ നോക്കാനായി ഒരു ഹോം നേഴ്സ്നെയും വെയ്ക്കാം പോരെ….

മതി അമ്മു പുഞ്ചിരിച്ചു

എന്നാ നമുക്ക് പോയാലോ….

മ്മ്… പോവാം

ഹരി അമ്മുവിനെ തന്റെ കയ്യിലേക്ക് കോരിയെടുത്തു ഉമ്മറത്തേക്ക് നടന്നു

ഞാൻ അമ്മുവിനെയും കൊണ്ട് പോവാണ്…നിങ്ങൾക്ക് മകൾ എന്ന അധികാരം ഉള്ളത് പോലെ എന്റെ ഭാര്യയെന്ന അധികാരം എനിക്കും അമ്മുവിന്റെ മേലുണ്ട്…..ഇനി നിങ്ങൾക്ക് ഇവളെ വേണ്ടെന്ന് തോന്നിയാലും എനിക്ക് അങ്ങനെ തോന്നില്ല….. ഒരിക്കലും ഇവളെ കൈവിടുകയുമില്ല….

പോട്ടെ അമ്മേ… പോട്ടെ അച്ഛാ അമ്മു അവരോട് യാത്ര ചോദിച്ചു

പോയിട്ട് വാ… അവർ നിറഞ്ഞ മനസോടെ അവരെ യാത്രയാക്കി

അമ്മുവുമായി ഹരി നേരെ പോയത് തന്റെ വീട്ടിലേക്കായിരുന്നു….

വീടിന്റെ തിണ്ണയിൽ ഹിമയും സുധയും ഇരിപ്പുണ്ടായിരുന്നു….കാറിൽ നിന്നു ഇറങ്ങിയ ഹരിയെ കണ്ട് സുധയൊന്നു ഞെട്ടി

നീ എപ്പോ വന്നു മോനെ സുധ ചോദിച്ചു

അമ്മയിന്നലെ അമ്മുവിന്റെ വീട്ടിൽ പോയിരുന്നോ ഹരി എരിയുന്ന കണ്ണുകളോടെ അമ്മയെ നോക്കി

അതുപിന്നെ ഞാൻ അവർ നിന്ന് വിക്കി

ആ പോയി അതിനെന്താ അവർ വീറോടെ ചോദിച്ചു

അമ്മ എന്തൊക്കെയാ അവിടെ പോയി പറഞ്ഞത്….അമ്മയും ഒരു പെണ്ണല്ലേ….ഒരു മോള് അമ്മയ്ക്ക് ഇല്ലെ….ഈ ഹിമയ്ക്കാണ് ഈ അവസ്ഥ വന്നതെങ്കിൽ അമ്മ എന്ത് ചെയ്യുമായിരുന്നു….അവളെന്റെ ഭാര്യയാണ് അമ്മേ…. രണ്ട് വർഷമായി എന്റെ കൂടെ ജീവിക്കുന്ന ഒരു പാവം പെണ്ണ്….ഒന്നിനും വേണ്ടി എന്റെ ഭാര്യയെ ഞാൻ ഉപേക്ഷിക്കില്ല…അത്കൊണ്ട് തന്നെ ആർക്കും ഒരു തടസ്സമാവാതെ ഞാനും അമ്മുവും മാറി താമസിക്കുകയാണ്…..

മോനെ നിന്റെ നല്ലതിന് വേണ്ടിയല്ലേ അമ്മ അങ്ങനെയൊക്കെ കള്ളം പറഞ്ഞത്…..നിനക്കൊരു കുടുംബജീവിതം ഉണ്ടായി കാണാനുള്ള ആഗ്രഹം കൊണ്ടല്ലേ അങ്ങനെയൊക്കെ കള്ളം പറയേണ്ടി വന്നത്

അമ്മയുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ അമ്മ ചെയ്യ്തത് ശരിയായിരിക്കും….. പക്ഷെ ഞാൻ അമ്മയെ സ്നേഹിക്കും പോലെ തന്നെ എന്റെ ഭാര്യയെയും സ്നേഹിക്കുന്നുണ്ട്…അവളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല

എന്റെ അമ്മു തളർച്ചയെല്ലാം മാറി എണീക്കുമെന്നും ഞങ്ങൾക്ക് ഇടയിലും ഒരു പൊന്നോമന വരുമെന്നും എനിക്ക് ഉറപ്പുണ്ട്…..ഇനി അഥവാ അവളിനി എണീച്ചില്ലെങ്കിലും അവൾക്ക് താങ്ങായി ഞാൻ ഉണ്ടാവും….ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യമില്ലാതെ വന്നാലും അവൾക്ക് മോനായി ഞാനും എനിക്കൊരു മോളായി അവളും ഉണ്ടാവും…. അത് മതി….അതുമാത്രം മതി

പിന്നീട് ഒന്നും പറയാൻ കഴിയാതെ അയാൾക്ക് തൊണ്ടയിടറി…

എന്നെങ്കിലും അമ്മയുടെ മനസിലെ കറ കഴുകി കളഞ്ഞു വരണമെങ്കിൽ അമ്മയ്ക്ക് അങ്ങോട്ട് വരാം….എന്തായാലും അമ്മുവുമായി ഇനിയൊരു തിരിച്ചു വരവ് ഇങ്ങോട്ട് ഉണ്ടാവില്ല….

ഇത്രയും പറഞ്ഞു ഹരി തിരിച്ചു കാറിൽ കേറി……

നമുക്ക് പോവാം?? … അവൻ കാറിലിരുന്ന അമ്മുവിന്റെ നിറുകയിൽ തലോടി

മ്മ്.. പോവാം…..അമ്മു നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പുഞ്ചിരിച്ചു