അതേയ് ഒന്നങ്ങോട്ടു നീങ്ങിയിരുന്നെ.ആരേലും കണ്ടാൽ കരുതൂലോ ഇയാളെന്റെ മടീൽ കേറിയിരിക്കുവാന്നു.

രചന: ദിവ്യ അനു അന്തിക്കാട്

അതേയ് ഒന്നങ്ങോട്ടു നീങ്ങിയിരുന്നെ..!! ആരേലും കണ്ടാൽ കരുതൂലോ ഇയാളെന്റെ മടീൽ കേറിയിരിക്കുവാന്നു.

ദാണ്ടെ പെണ്ണെ കുറെ നേരായല്ലോ കുനുകുനാന്ന്‌ ചെലക്കുന്നു. ന്തോന്നാ ഇയാളുടെ കൊഴപ്പം…? സീസൺ ടിക്കറ്റ് എടുത്തേച്ചും വരുമ്പോ കിട്ടുന്ന സീറ്റിൽ കേറിയിരുന്നേച്ചും എങ്ങനേലും വീട്ടിലോട്ടൊന്നു എത്തിയാൽ മതീന്ന് വിചാരിക്കുമ്പോഴാ ഒരുമാതിരി ചന്തസ്വഭാവം കാണിക്കുന്നേ..!!

“താനെന്താടോ പറഞ്ഞത് ചന്തസ്വഭാവോ…? അടിച്ചു തന്റെ അണപ്പല്ല് എടുക്കും. തോന്നിവാസം പറയുന്നോ…?”

“ഇങ്ങു വന്നേച്ചാലും മതി ഞാൻ വാ തുറന്നുവച്ചേച്ചും നിക്കാം…ഒന്ന് പോടീ കൊച്ചേ…നീ ആണുങ്ങള്ടെ കയ്യിന്റെ ചൂടറിയും ഇല്ലെങ്കിൽ…”

“ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും. ദാ എനിക്കിവിടെ ഇറങ്ങേണ്ട സ്ഥലമെത്തി, സീറ്റിന്റെ കാര്യത്തിൽ തർക്കം വേണ്ട.” അടുത്തിരുന്ന ആൾ എണീറ്റുപോയതും ശരൺ ഒന്ന് വിസ്തരിച്ചിരുന്നു. എന്നിട്ട് അവളെ നോക്കി. ഇപ്പോഴും പെണ്ണിന്റെ പിറുപിറുപ്പു മാറിയിട്ടില്ല. ഇതിനെയൊക്കെ കെട്ടുന്നോന്റെ ഒരു വിധി അല്ലാണ്ടെന്തു പറയാൻ….

ഒട്ടുമിക്ക ശനിയാഴ്ചകളിലും നാട്ടിലേക്കുള്ള യാത്രകളിൽ ഒരേ കംപാർട്മെന്റിലെ യാത്രക്കാരായി മാറി. പക്ഷെ ഒരിക്കൽ പോലും ഒന്ന് ചിരിക്കാൻ പോലും തയ്യാറായിട്ടില്ല. എന്തൊരു സ്വഭാവം..!! അല്ല ഞാനും അങ്ങോട്ട് ചിരിച്ചിട്ടില്ല എന്നതാണ് സത്യം. ഇതിപ്പോ സിനിമയൊന്നും അല്ലല്ലോ ആദ്യം വഴക്കുകൂടി പിന്നെ അങ്ങ് കൂട്ടാകാൻ….

ആ ശനിയാഴ്ചയാണ് അമ്മ വിളിച്ചു പറഞ്ഞു ഉച്ചക്ക് മുൻപേ വീട്ടിലെത്തണം ഒരു വീട്ടിൽ പെണ്ണുകാണാൻ പോണമെന്നു….ഇരുപത്തെട്ടു വയസ്സ് ആയുള്ളൂ എങ്കിലും നാട്ടുകാരുടെ കണ്ണിൽ പുര മാത്രമല്ല ആ നാട് മൊത്തം നിറഞ്ഞു നിൽക്കുന്നവനാണ്. ആളുകളുടെ ചോദ്യം കേട്ട് മടുത്ത അമ്മയ്ക്കും തോന്നി മകന് കെട്ടുപ്രായം അതിക്രമിച്ചെന്നു. ഇതിപ്പോ എട്ടാമത്തെ പെണ്ണുകാണലാണ്. ആരേം അങ്ങോട്ട് ബോധിക്കുന്നില്ല. ഇതിപ്പോ ആരാണാവോ…?

എന്തായാലും അമ്മ പറഞ്ഞ സമയത്തിന് വീട്ടിലെത്തി. പെണ്ണുകാണൽ ചടങ്ങിനിടെ ചുറ്റുപാടും കണ്ണോടിച്ചുകൊണ്ടിരിക്കുമ്പോ ദാണ്ടെ ആ ട്രെയിനിൽ കാണാറുള്ള അഹങ്കാരി പെണ്ണ്. മുറ്റത്തൂടെ ഒരു മിന്നായം പോലെ കണ്ടതാണ്. ആരോടാ ഒന്ന് ചോദിക്കുവാ. അത് ഈ വീട്ടിലെ ആരാണെന്നു…?

ന്തായാലും മനസ്സ് അമ്മ കേട്ടോ എന്നറിയില്ല. പെൺകുട്ടീടെ അച്ഛനോട് ചോദിച്ചു. ഏതാ ആ മുറ്റത്തൂടെ പോയ കുട്ടി. ഇവിടുത്തെ ആണോ…?

ഒരുനിമിഷം ആ മനുഷ്യന്റെ മുഖം വല്ലാതായി. അത് അതെന്റെ പെങ്ങളുടെ മകളാണ്. “മൃദുല” ഞങ്ങടെ മൃദു. അച്ഛനും അമ്മേം ചെറുതിലെ നഷ്ടപെട്ടതാ. എന്റെ മോളുടെ അതെ പ്രായം. ഇത്രേം പറഞ്ഞതോണ്ട് പറയുവാ അവൾക്കും കല്യാണം ആലോചിക്കാൻ തുടങ്ങിയതാ…പക്ഷെ അവളൊരു വാശിക്കാരിയാ, ആലോചന തുടങ്ങുമ്പോഴേ പറഞ്ഞൊരുകാര്യം…

“ഇത്രേം കാലം അമ്മാവൻ ഒരുപാട് പണം ചിലവാക്കി എനിക്കുവേണ്ടി. ഇന്നിപ്പോ നല്ലൊരു ജോലിയും ആയി. ഇനിയും കല്യാണത്തിന്റെ പേരും പറഞ്ഞു സ്ത്രീധനം അത് ഇതെന്നും പറഞ്ഞു എനിക്കുവേണ്ടി ഒരുപാടൊന്നും ചിലവാക്കിപ്പിക്കാൻ വയ്യ….”

“അതോണ്ട് എനിക്ക് വിദ്യാഭ്യാസവും ജോലിയും ഉണ്ട്. അതെ ധനമായി കരുതി എന്നെ കെട്ടാൻ ആരേലും വന്നാൽ അന്ന് ഞാൻ സമ്മതിക്കാം. എന്നെ നിർബന്ധിക്കരുത്.”

“ഇന്നത്തെ കാലത്തു ആര് വരാനാ ഇങ്ങനെ…? ഇതിനപ്പുറം അവളോട് തർക്കിക്കാൻ പറ്റില്ല. ഒരാൾടെയെങ്കിലും കഴിയട്ടെ എന്നുവച്ചിട്ട നിങ്ങളോട് വന്നോളാൻ പറഞ്ഞത്. മോളെ വിളിക്കട്ടെ…?”

“പെട്ടെന്ന് ഞാനങ്ങുകേറി പറഞ്ഞു…ഒന്നും തോന്നരുത് എനിക്ക് മൃദുലയെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. നിങ്ങള്ക്ക് വിരോധമില്ലെങ്കിൽ….?”

സത്യമാണോ പറയുന്നേ…? ഒക്കെ കേട്ടിട്ടും നിങ്ങള്ക്ക് സമ്മതമാണെങ്കിൽ ഞാനെന്തിനാ മോനെ തടയുന്നെ…ഞാൻ അകത്തു പോയി മൃദൂനെ വിളിച്ചിട്ടു വരാം.

ഒരു പത്തു മിനിറ്റിനുള്ളിൽ ആളിങ്ങെത്തി. ഇട്ടിരുന്ന വേഷം പോലും മാറാതെ. “അതേയ് എനിക്ക് നിങ്ങളോട് തനിച്ചൊന്നു സംസാരിക്കണം…”

“അല്ല മാഷെ എന്താ ഉദ്യേശം. സഹതാപമാണോ…?”

“എന്തിന്…?”

“അല്ല ആരെങ്കിലും തയ്യാറാവോ ഇങ്ങനെ…?”

“തനിക്കു ഇഷ്ടക്കുറവുണ്ടോ…?”

“എന്നായാലും ഒരു കോന്തനെ കെട്ടേണ്ടി വരും. അതിപ്പോ നിങ്ങളായാൽ എനിക്കെന്ന…?”

“പിന്നേയ് ഒരു കാര്യം കൂടെ ജനലിൽ കൂടെ ഞാൻ കണ്ടിരുന്നു. നിങ്ങളാണ് കാണാൻ വന്നേക്കുന്നതെന്ന്. എന്തോ ഒരു വിഷമം തോന്നി.”

“ആഹാ അമ്പടി നിനക്കെന്നെ ഇഷ്ടമാരുന്നോ…?”

“ഒലക്കയാണ്…”

“അവളുടെ ജീവിതം നിങ്ങളെ കെട്ടിയാൽ കട്ട പോകയാണല്ലോ എന്നോർത്തിട്ടാരുന്നു. ഇതിപ്പോ എന്റെ തലേലും ആയി.”

“ദൈവമേ വേലിയിൽ കിടന്ന പാമ്പിനെ ആണോ ഞാൻ….???”