ഇമ്പം – രചന: രേഷ്മ പി രവീന്ദ്രൻ
“ഞാനും നിന്റെ അമ്മയും തമ്മിൽ ചേർന്ന് പോകില്ല. ഞാൻ ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്യാൻ തീരുമാനിച്ചു.”
ഫോണിലൂടെ അച്ഛന്റെ ശബ്ദം കാതിലെത്തിയപ്പോൾ അശ്വതിയുടെ മുഖത്തെ ചിരി മാഞ്ഞു. അത് വരെ തന്നോട് ചിരിച്ചു കൊണ്ട് സംസാരിച്ചിരുന്ന അശ്വതിയുടെ മുഖത്തെ ചിരി മായുന്നത് മനു അമ്പരപ്പോടെ നോക്കി നിന്നു.
പ്രണയത്തിലാണെങ്കിലും ഒരിക്കൽ പോലും തന്നോടൊപ്പം ഒരു സിനിമയ്‌ക്കോ, കറങ്ങാനോ ഒന്നും അവൾ വരാറില്ല. ഒരുപാട് കാല് പിടിച്ചിട്ടാണ് ഇന്ന് സൺഡേ ഒരു സിനിമയ്ക്ക് പോകാമെന്നു അവള് സമ്മതിച്ചത്. അപ്പോഴാണ് നാട്ടിൽ നിന്ന് അവളുടെ അച്ഛന്റെ കാൾ…മനു ആകാംഷയോടെ അവളുടെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരുന്നു. പക്ഷെ അവൾ പറഞ്ഞ ആ വാക്കുകൾ കേട്ട് അവൻ ഞെട്ടിത്തരിച്ചു…
“എനിക്ക് അമ്മയെ വേണ്ട അച്ഛാ…എനിക്കെന്റെ അച്ഛൻ മാത്രം മതി. നാളെ തന്നെ ഞാൻ നാട്ടിലെത്താം, നമുക്ക് ഒരു വക്കീലിനെ കണ്ട് പെറ്റീഷൻ ഫയൽ ചെയ്യാം” അശ്വതിയുടെ ശബ്ദം ഉറച്ചതായിരുന്നു.
പക്ഷെ മനുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. “അച്ചു, നീയെന്തു പണിയാ കാണിച്ചത്…? അച്ഛനും അമ്മയും തമ്മിൽ എന്തെങ്കിലും ചെറിയ വഴക്ക് ആയിരിക്കും അത് പറഞ്ഞു തീർക്കുകയല്ലേ ചെയ്യേണ്ടത്.. കഴിഞ്ഞ ഇരുപത്തിയേഴു വർഷം ഒന്നിച്ചു ജീവിച്ച അവര് ഇപ്പൊ ഡിവോഴ്സ് വേണം എന്ന് പറയുമ്പോൾ അവരെ പറഞ്ഞു മനസ്സിലാക്കേണ്ടത് നീയല്ലേ…? എന്നിട്ട് നീയെന്താ കാണിച്ചത്…?”
“മനുവേട്ടാ പ്ലീസ്…ഇതൊരു പബ്ലിക് പ്ലേസ് ആണ്. ഇവിടെ നിന്ന് ബഹളം ഉണ്ടാക്കരുത്.” മനുവിന്റെ ശബ്ദം ഉയർന്നതും അശ്വതി പതിയെ അവനോട് പറഞ്ഞു. അവൻ ചുറ്റും നോക്കി കോഫി ഷോപ്പിൽ ഇരിക്കുന്ന പലരും തങ്ങളെയാണ് ശ്രദ്ധിക്കുന്നത് എന്നറിഞ്ഞപ്പോൾ അവൻ ഒന്നടങ്ങി. അവൻ നീരസത്തോടെ വീണ്ടും എന്തോ പറയുവാൻ ശ്രമിച്ചതും അവളുടെ ഫോൺ വീണ്ടും ശബ്‌ദിച്ചു. ചൂണ്ട് വിരൽ ചുണ്ടിൽ ചേർത്തു മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു കൊണ്ട് അവൾ കാൾ അറ്റൻഡ് ചെയ്തു.
“അമ്മേ…അച്ചുവാ…പറയ്യ്…” അപ്പുറത്ത് നിന്ന് സംസാരിക്കുന്നത് ശ്രദ്ധയോടെ കേൾക്കുന്ന അശ്വതിയുടെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരിക്കവേ മനുവിന് ഒന്നും മനസിലായില്ല…
“ഒക്കെ അമ്മേ…എനിക്കെല്ലാം മനസിലായി. എനിക്ക് അച്ഛനെ വേണ്ട…എന്റെ അമ്മ മാത്രം മതി. ഞാൻ നാളെ നാട്ടിൽ വരുമ്പോ വക്കീലിനെ കാണാം. എന്നിട്ട് ബന്ധം പിരിയാം…അമ്മയെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നോളാം. ഇവിടെ എന്റെ ഫ്ലാറ്റിൽ. അച്ഛൻ എങ്ങോട്ട് വേണമെങ്കിൽ പൊക്കോട്ടെ. ന്റെ അമ്മയെ വേദനിപ്പിക്കുന്ന അച്ഛനെ നിക്ക് വേണ്ട. എന്നാ ശരി അമ്മേ നാളെ ഞാൻ വരാം…”
പറഞ്ഞു തീർന്നു അശ്വതി ഫോൺ കട്ട് ചെയ്തതും മനു അവൾക്ക് നേരെ പൊട്ടിത്തെറിച്ചു. “കൊള്ളാം മോളെ…ഭാരത സ്ത്രീയുടെ ഭാവ ശുദ്ധി. നന്നായിട്ടുണ്ട്, നിന്റെ ബാഹ്യമായ സൗന്ദര്യം കണ്ടിട്ടല്ല ഞാൻ നിന്നെ സ്നേഹിച്ചത്. നിന്റെ മനസ്സ്….നിന്റെ മനസ്സിനെയായിരുന്നു ഞാൻ സ്നേഹിച്ചതും, സ്വന്തമാക്കാൻ ആഗ്രഹിച്ചതും…നീ എന്റെ അമ്മയ്ക്കും, അച്ഛനും ഒരു മകളെപ്പോലെയാവും എന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ എനിക്ക് തെറ്റിപ്പോയി. സ്വന്തം അച്ഛനെയും അമ്മയെയും പിരിക്കാൻ നടക്കുന്ന നിന്നെ ഒരു മനുഷ്യ ജീവിയായിട്ട് പോലും ഞാൻ ഇപ്പോൾ കണക്കാക്കുന്നില്ല. നമുക്ക് പിരിയാം.”
പറഞ്ഞു തീർന്നു മിന്നൽ വേഗത്തിൽ പുറത്തേയ്ക്ക് കുതിച്ച മനുവിന്റെ പിന്നാലെ അശ്വതി ഓടിച്ചെന്നു. അവന് മുന്നോട്ടുള്ള വഴി തടഞ്ഞു കിതപ്പോടെ അവൾ നിന്നു. “വഴിയിൽ നിന്ന് മാറ്. എനിക്ക് പോണം.” അവളെ നോക്കി വെറുപ്പോടെ അവൻ പറഞ്ഞു.
“മനുവേട്ടാ..പ്ലീസ്..ദയവ് ചെയ്തു എനിക്ക് പറയാനുള്ളത് ഏട്ടൻ കേൾക്കണം.” മനുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് അശ്വതി യാചിച്ചു.
“എനിക്കൊന്നും കേൾക്കണ്ടന്ന് പറഞ്ഞില്ലേ…?” അവളുടെ കയ്യ് തട്ടിയെറിഞ്ഞു കൊണ്ട് മനു ആക്രോശിച്ചു. “കേൾക്കണം…കേട്ടെ പറ്റൂ….” മനുവിന്റെ ആക്രോശം വകവെക്കാതെ, ദൃഢമായ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് അശ്വതി മനുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു.
പാർക്കിലെ ഒഴിഞ്ഞ ഒരറ്റത്ത് ബെഞ്ചിൽ അടുത്തടുത്ത് ഇരിക്കുമ്പോഴും, മനു അശ്വതിയോട് ഒരക്ഷരം മിണ്ടിയില്ല. രണ്ട് അപരിചിതരെപ്പോലെ ഒരു ബെഞ്ചിൽ ഇരിക്കുമ്പോഴും “ഇനിയെന്ത്…?” എന്നൊരു ചോദ്യമായിരുന്നു മനുവിന്റെ ഉള്ളു നിറയെ…
ആദ്യമായിട്ടായിരുന്നു അശ്വതിയുടെ മറ്റൊരു മുഖം കാണുന്നത്. അച്ഛനോടും അമ്മയോടും ബന്ധം പിരിയാൻ പറയുവാൻ മാത്രം അവളെപ്പോലെ നിഷ്ക്കളങ്കയായ ഒരു പെണ്ണിന് എങ്ങനെ സാധിച്ചു….? അതോ ഈ നിഷ്ക്കളങ്കത അവളുടെ അഭിനയമായിരുന്നോ…?
ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ അവന്റെ മനസ്സിലൂടെ കടന്ന് പോയി. പെട്ടന്നാണ് അശ്വതിയുടെ ഫോൺ ശബ്‌ദിച്ചത്. തന്നോട് ഒരു വാക്ക് പോലും സംസാരിക്കാതെയിരിക്കുന്ന മനുവിനെ ഒന്ന് നോക്കിയിട്ട് അവൾ ഫോൺ സ്പീക്കർ മോഡിലിട്ട് കാൾ അറ്റൻഡ് ചെയ്തു.
“ഹലോ അച്ഛാ….”
“മോളെ അച്ചൂ…” മറുവശത്തു നിന്ന് അശ്വതിയുടെ അച്ഛന്റെ ശബ്ദം കേട്ടതും മനു ആകാംഷയോടെ ശ്രദ്ധിച്ചു.
“അച്ഛാ…അച്ഛൻ ഒന്ന് കൊണ്ടും വിഷമിക്കണ്ട. നമ്മക്ക് നാളെ തന്നെ പരിഹാരം ഉണ്ടാക്കാം. അമ്മയോട് പറഞ്ഞേക്ക് ഇനി കുടുംബ കോടതിയിൽ വെച്ച് കാണാമെന്ന്….” അശ്വതി പറഞ്ഞു തീർന്നതും അപ്പുറത്ത് നിന്ന് അച്ഛന്റെ പൊട്ടിച്ചിരി മുഴങ്ങി. “അച്ഛാ…ന്താ കാര്യം….”
“മോളെ അച്ചൂ…നിന്റെ ലാലേട്ടൻ ഏതോ സിനിമയിൽ പറഞ്ഞ ഒരു ഡയലോഗ് ഉണ്ടല്ലോ..എന്തായിരുന്നു അത്….?”
“എന്ത് ഡയലോഗ്…? ഈ അച്ഛന് എന്ത് പറ്റി…?”
“ആ കിട്ടി….ഐഡിയ കൊള്ളാം മോളെ അച്ചൂ…പക്ഷെ നിന്റെ തന്തയല്ല എന്റെ തന്ത….ഞാനും എന്റെ ഭാര്യയും തമ്മിൽ പല പ്രശ്നവും ഉണ്ടാവും. അതൊക്കെ ഞങ്ങള് തീർത്തോളം കേട്ടോ. എന്റെ മോള് വിഷമിക്കണ്ട….”
അച്ഛന്റെ വാക്കുകൾ കേട്ടതും അത് വരെ മുഖം വീർപ്പിച്ചിരുന്ന മനു പൊട്ടിച്ചിരിച്ചു പോയി.
“ഈ കുരുത്തം കെട്ട പെണ്ണ് എന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോ….” പെട്ടന്ന് അച്ഛന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങിയ അമ്മയുടെ വാക്കുകൾ കൂടി കേട്ടതോടെ മനു ചിരിയടക്കാനാവാതെ അശ്വതിയെ നോക്കി.
“അമ്മേ… അത്…പിന്നെ ഒരു കൈയബദ്ധം” അശ്വതി ചമ്മിയ ചിരിയോടെ പറഞ്ഞു.
“അബദ്ധം പറ്റിയത് ഞങ്ങൾക്കാ…ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ…നീ നാട്ടിലോട്ട് വാ കുറുമ്പി, നിനക്കുള്ളത് ഇവിടെ വരുമ്പോ തരാട്ടോ….” ചിരിയോടെ ഫോൺ കട്ട് ചെയ്തതിന് ശേഷം അശ്വതി മനുവിനെ നോക്കി.
മനുവേട്ടാ…അച്ഛനും അമ്മയും തമ്മിൽ ഇടയ്ക്കിടെ ഇത് പോലെയുള്ള സൗന്ദര്യ പിണക്കം ഉണ്ടാവാറുണ്ട്. എന്നെ വിളിച്ചു രണ്ടാളും പരാതി പറയും. അപ്പോൾ ഞാൻ രണ്ടാളോടും പിരിയാൻ പറയും. വഴക്കിന്റെ കാഠിന്യം കുറയുമ്പോൾ അച്ഛൻ അമ്മയോട് പറയും. “നിന്നെ ഉപേക്ഷിച്ചേക്കാൻ എന്റെ മോള് പറഞ്ഞിട്ടുണ്ട് എന്ന്….” അപ്പോൾ അമ്മ പറയും… “എന്നോടും എന്റെ മോള് പറഞ്ഞിട്ടുണ്ട് നിങ്ങളെ ഉപേക്ഷിച്ചേക്കാൻ…” അപ്പോൾ അച്ഛന്റെ കുരുട്ട് ബുദ്ധി വർക്ക് ചെയ്യും. “ഇവള് നമ്മളോട് രണ്ടു പേരോടും ഇത് തന്നെയല്ലേ പറഞ്ഞത് എന്ന്.” അതോടെ രണ്ടു പേരും ഒന്നിച്ചു എന്നെ വിളിച്ചു ചീത്ത പറയും. അതോടെ അവരുടെ വഴക്ക് തീരും….അശ്വതിയുടെ വാക്കുകൾ മനു ചെറു പുഞ്ചിരിയോടെ കേട്ടിരുന്നു.
“മനുവേട്ടാ…കുടുംബ ജീവിതം എന്നത് പ്രെഷർ കുക്കർ പോലെയാണ്. ഇടയ്ക്കിടെ ചെറിയ പൊട്ടലും, ചീറ്റലും ഉണ്ടായാൽ വല്യ പൊട്ടിത്തെറി ഉണ്ടാവില്ല. പക്ഷെ ഈ പൊട്ടലും ചീറ്റലും ഉണ്ടായില്ലെങ്കിൽ അവസാനം വലിയൊരു പൊട്ടിത്തെറിയിൽ കലാശിക്കും.”
പിണക്കവും ദേഷ്യവും മാറി അവളെ നെഞ്ചോട് ചേർക്കുമ്പോൾ അവൻ അറിയുകയായിരുന്നു സ്വന്തമാവുന്നത് പൊന്ന് പോലെയൊരു പെണ്ണും സ്വർഗം പോലെയൊരു കുടുംബവും കൂടിയാണ്.