രാത്രിയിൽ തട്ടാനും മുട്ടാനും ചെന്നാൽ സാമാന്യം തരക്കേടില്ലാത്ത തട്ടലേറ്റു കട്ടിലിന്റെ താഴേക്ക് വീണതോടെ കളി കാര്യമായെന്ന് മനസ്സിലായി.

ന്നാലും എന്റെ മൂക്കൂത്തി – രചന: ശാലിനി മുരളി

“അതിന് നീയിങ്ങനെ വിഷമിക്കുന്നത് എന്തിനാ ഈ ലോക് ഡൗൺ കഴിയുന്നത് വരെയല്ലെയുള്ളൂ ഇതിന്റെ ഉപയോഗം. പിന്നെന്താ പ്രശ്നം…?”

“പിന്നെ സുകുവേട്ടന് അത് പറഞ്ഞാൽ മനസ്സിലാകില്ല. ആറ്റുനോറ്റിരുന്നു വാങ്ങിച്ചതാ. അതിപ്പോ ഇങ്ങനെയുമായി…”

ചിന്താവിഷ്ടയായ സീതയെപ്പോലെ താടിക്ക് കയ്യും കൊടുത്തിരിക്കുന്ന ഭാര്യയുടെ അവസ്ഥ കണ്ടപ്പോൾ ചിരി വന്നെങ്കിലും അവളെ പേടിച്ച് അതങ്ങു വിഴുങ്ങി.

കുറേ നാളായി പിറകെ നടന്നു ശല്യം ചെയ്തുകൊണ്ടിരുന്ന ഒരു കാര്യമായിരുന്നു അവൾക്ക് മൂക്ക് കുത്തണമെന്ന്…

കേട്ടപ്പോഴേ വിലക്കി. “വേണ്ടാ. ആവശ്യമില്ലാത്ത പണിക്കൊന്നും പോകണ്ട. ചുമ്മാ ഓരോ പെണ്ണുങ്ങള് കാണിക്കുന്നത് കണ്ട് അതിന്റെ പുറകെ വരാൻ എന്നെ കിട്ടില്ല…”

“സുകുവേട്ടൻ എന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്ക്. ഇത്രയും നല്ല നീണ്ട മൂക്കുണ്ടായിട്ടും എന്താ മൂക്കുത്തി ഇടാത്തത് എന്ന് ഫ്രണ്ട്‌സ് ഒക്കെ ചോദിക്കുവാ. ഞാൻ എന്താ പറയേണ്ടത്. മുറിമൂക്കുള്ളവര് പോലും മൂക്കുത്തി ഇട്ട് ഞെളിയുന്നു. പിന്നെ എനിക്ക് കുത്തിയാലെന്താ…? അല്ലെങ്കിലും എനിക്കിത്തിരി സൗന്ദര്യം കൂടിപ്പോകുന്നത്
സുകുവേട്ടനിഷ്ടമല്ലല്ലോ…?”

മുഖവും വീർപ്പിച്ചു തനിയെ പിറുപിറുത്തുകൊണ്ട് അടുക്കളയിൽ പാത്രങ്ങളോട് ഗുസ്തി തുടങ്ങിയ ഭാര്യയെ നോക്കി തലയ്ക്ക് കയ്യും കൊടുത്തു നിന്നു. ഹ്ഹോ ! ഇനി കാര്യം സാധിക്കാതെ പെണ്ണ് അടങ്ങില്ല. നല്ലൊരു മൂക്ക് വെറുതെ കുത്തി നാശമാക്കണ്ടെന്നു കരുതിയാണ് വേണ്ടാന്ന് പറഞ്ഞത്…

അല്ലെങ്കിലും മൂക്ക് കുത്തിയ സ്ത്രീകളെ കാണുമ്പോൾ ഒരു തമിഴ് ലുക്കാണ്. പണ്ട് കുപ്പിയും പാട്ടയും പെറുക്കാൻ വരുന്ന നാഗർകോവില്കാരി അണ്ടമ്മാളിനെ ആണ് ഓർമ്മ വരിക..!! ഇതൊന്നും ഈ മണ്ടൂസിനോട് പറഞ്ഞാൽ തലയിൽ കേറണ്ടേ.

പിണക്കം പ്രതീക്ഷിച്ചത് പോലെ നീണ്ടു നീണ്ടു പോയി. രാത്രിയിൽ തട്ടാനും മുട്ടാനും ചെന്നാൽ സാമാന്യം തരക്കേടില്ലാത്ത തട്ടലേറ്റു കട്ടിലിന്റെ താഴേക്ക് വീണതോടെ കളി കാര്യമായെന്ന് മനസ്സിലായി.

ആഹാരം ആർക്കോ കൊണ്ട് വെയ്ക്കുന്നത് പോലെ മുന്നിലേക്ക് തള്ളി വെച്ചേച്ചു പോകുന്നത് കണ്ടപ്പോൾ ഇവൾക്ക് മൂക്കൂത്തി അല്ല മൂക്ക് കയറാണ് ഇടേണ്ടതെന്ന് തോന്നിപ്പോയി. വീട് ഒരു പോർക്കളം ആകുന്നത് കണ്ടപ്പോൾ ഒരു രാത്രിയിൽ ആരോടെന്നില്ലാതെ അല്പ്പം ഉറക്കെ പ്രഖ്യാപിച്ചു.

“അടുത്ത മാസം വെഡിങ് ആനിവേഴ്സറിക്ക് എന്റെ വക സമ്മാനം ഒരു മൂക്കൂത്തി.” പറഞ്ഞു തിരിയുന്നതിന് മുൻപ് മൂർഖൻ വരിഞ്ഞു മുറുക്കുന്നത് പോലെ ഒരു ചുറ്റൽ…പെണ്ണിന്റെ ഒരു ഇളക്കമേ…ഇനി മൂക്ക് കുത്തി കഴിയുമ്പോൾ വേറെ എവിടെ എങ്കിലും കുത്താൻ പറയുമോ ഈശ്വരാ…

അങ്ങനെ പത്താം വിവാഹ വാർഷികത്തിന് അവളെയും കൊണ്ട് പോയി ആ ചടങ്ങ് അങ്ങ് നടത്തി. ശേഷമുള്ള അവളുടെ ചരിഞ്ഞും മറിഞ്ഞും നിന്നുള്ള സെൽഫി കണ്ട് കണ്ണ് തള്ളി വെളിയിൽ വരാഞ്ഞത് എന്തോ ഗുരുത്വം…മൂക്ക് മാത്രമായി കയ്യിൽ കിട്ടിയിരുന്നെങ്കിൽ അതും പിടിച്ചോണ്ട് അവൾ ഒരു കലക്ക് കലക്കിയേനെ…

ആ സമയത്തായിരുന്നു കൊറോണയെന്ന ചൈനാക്കാരൻ ചെറു വീരൻ കളി തുടങ്ങിയത്. ടീവി ന്യൂസിലും പത്രമായ പത്രത്തിലുമെല്ലാം ആളങ്ങനെ നിറഞ്ഞു നിന്നു. ചിരിയും കുസൃതിയും ട്രോളുമൊക്കെയായി വാട്സ്ആപ്പിലും ഫേസ്ബുക്കിലും തുടങ്ങിയ വർത്തമാനങ്ങൾ പതിയെ പതിയെ ലോകത്തെ മുഴുവനും കുലുക്കി തുടങ്ങി. അപ്പോഴാണ് കളി കാര്യമാണല്ലോ എന്ന് അറിഞ്ഞു തുടങ്ങിയത്.

താരമായി സാനിറ്റയിസർ വന്നു…എപ്പോഴും കൈ കഴുകി കഴുകി വിരലുകൾ ഫ്രിഡ്ജിൽ വെച്ചിരുന്ന മത്തി പോലെയായി. അപ്പോഴതാ അടുത്ത സമ്മാനമായി സമ്പൂർണ്ണ ലോക് ഡൗൺ വരുന്നു.

എങ്ങനെ പോകും…? എവിടെ പോകും…? വീട്ടിൽ തന്നെ ഇരുന്ന് തീറ്റിയും കുടിയും ടീവി യും മൊബൈൽ ഫോണും പിന്നെ ഉറക്കവും..!!

അപാരതകൾ പലതും കണ്ട് മടുത്തു പുതിയൊരു അപാരതയിലേക്ക് ഞാൻ കൂപ്പു കുത്താൻ തുടങ്ങി. ഒരു ലോക് ഡൗൺ അപാരത…മൂക്ക് തുളച്ചു സുന്ദരിയായ സന്തോഷത്തിൽ തുള്ളിച്ചാടി നടന്ന പെണ്ണുമ്പിള്ളയ്ക്ക് എങ്ങോട്ടും പോകാൻ പറ്റാത്ത വൈക്ലബ്യം…

അതിനും അവൾ ഒരു വഴി കണ്ട് പിടിച്ചു. വീഡിയോ കാളിങ്..!! കണ്ടവരൊക്കെ പുകഴ്ത്തി. നിനക്ക് നന്നായി ചേരുന്നുണ്ട് സുചീ. ഇപ്പൊ നിന്നെ കണ്ടാൽ നയൻ താരയുടെ ഒരു കട്ടുണ്ട്..!! ഭാഗ്യം മറ്റാരും കേൾക്കാഞ്ഞത് !!

അവരുടെ സുഖിപ്പീരു കേട്ട് വീടിനു പുറത്തേക്കും അയല്പക്കത്തേക്കും മൂക്കുത്തിയുടെ തിളക്കം പരത്താൻ കഴിയാത്ത ദേഷ്യം തീർത്തത് മുഴുവനും മക്കളുടെ നേർക്കും…

വീട്ടിലിരുന്നുള്ള ജോലിയും കഴിഞ്ഞു പുറത്തിറങ്ങി കാറ്റ് കൊള്ളുമ്പോഴേക്കും അതാ പൊടിപ്പും തൊങ്ങലും വെച്ച് അടുത്ത നിയമം വരുന്നു. ഇനിമുതൽ മാസ്ക് നിർബന്ധം !!!

ഇത് ധരിക്കാതെ പുറത്ത് ഇറങ്ങുന്നവർക്ക് ചുമത്തുന്ന പിഴ കൂടി കേട്ടപ്പോൾ കൊറോണ അല്ല അവന്റെ കുടുംബക്കാരെ മുഴുവനും വെടി വെച്ച് കൊല്ലാൻ തോന്നി.

വാർത്തയും കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഉറഞ്ഞു തുള്ളുന്ന കൊറോണ അല്ല സോറി ഭാര്യ !! ഇവൾക്കിതെന്ത് പറ്റി…ഇനി അടുത്ത കുരിശ് എന്താണാവോ ??

“നീ എന്നാത്തിനാ പെണ്ണെ ഇരുന്നു കരയുന്നത്. ഇപ്പൊ ഇവിടെ എന്ത് സംഭവിച്ചു…?”

“നിങ്ങൾക്കിപ്പോൾ സന്തോഷമായി കാണുമല്ലോ…ഏത് നേരത്താണാവോ ഈ മൂക്ക് കുത്താൻ എനിക്ക് തോന്നിയത് ദൈവമേ…”

മൂക്കും കൊറോണയും തമ്മിൽ എന്താ ബന്ധം…?

ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. പക്ഷെ ഇവിടെ ഇപ്പൊ എന്താ പ്രശ്നം.

“ഞാനിനി ഈ മാസ്ക്കും വെച്ചോണ്ട് പോകുമ്പോൾ എങ്ങനാ മനുഷ്യാ എന്റെയീ മൂക്കൂത്തി ആരേലും കാണുന്നെ…ഇത് വലിയ ചതിയായി പോയി…ങീ…”

അതെ വലിയ ചതി ! എന്നാലും ഈ ചതി എന്നോട് വേണ്ടായിരുന്നു എന്റെ കോറോണേ….