രചന: ദിവ്യ അനു അന്തിക്കാട്
ഏട്ടന്റെ കല്യാണം ഉറപ്പിച്ചിട്ട് ഒരാഴ്ചയായി. എല്ലാവരും വല്യേ സന്തോഷത്തിലാണ്. അതിനു കാരണവുമുണ്ട്.
ഞങ്ങൾ രണ്ടാണ്മക്കൾക്കിടയിലേക്കു ഒരു പെൺകൊച്ചു വരുന്നതിന്റെ സന്തോഷം. ഏട്ടൻ എന്ന് പറഞ്ഞാൽ മൂന്നു മിനിട്ടു വ്യത്യാസത്തിൽ ജനനം. ഇരട്ടകളാണ് ഞങ്ങൾ. ബന്ധുക്കളൊക്കെ ഇരട്ടപെൺകുട്ടികളെ തേടിപ്പിടിച്ചു കല്യാണം കഴിക്കാൻ പറഞ്ഞതാണ്. പക്ഷെ എനിക്കതിൽ ഒട്ടും താൽപ്പര്യമില്ല.
അങ്ങനെ ഒരു പാവം വീട്ടിലെ പെൺകുട്ടിയെ തേടിപ്പിടിച്ചു ഏട്ടന് വേണ്ടി…സ്വതവേ ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണ് ഏട്ടന്…ഞാൻ നേരെ തിരിച്ചും…
വിവാഹത്തിന് സമ്മതം മൂളിയ ഏട്ടൻ സാധാരണ ഇപ്പൊ നടക്കുന്ന പോലെ ഫോൺവിളിയൊന്നും നടത്തുന്ന കണ്ടില്ല. ആ കുട്ടി ഇങ്ങോട്ടു വിളിച്ചാലും എന്റെ കയ്യിൽ ഫോൺ തരും. ഇവിടെ ഇല്ലെന്നു പറയാൻ പറഞ്ഞു…
കല്യാണത്തിന് ഒരാഴ്ചകൂടിയെ ഉണ്ടായിരുന്നുള്ളു. ഒരീസം രാവിലെ എണീറ്റപ്പോൾ മുറിയിൽ ഏട്ടനെ കാണാനില്ല…ഫോൺ ആണെങ്കിൽ ഓഫ്…
കല്യാണഡ്രെസ്സ് എടുക്കാൻ പോകാനിരുന്നതാണ്. വൈകുന്നേരം വരെ നോക്കിയിട്ടും ആളെ കാണാനില്ല. എവിടെ പോയി തിരക്കും…ഒന്നും അറിയില്ല…
രണ്ടുദിവസം കഴിഞ്ഞു. പോകാവുന്നിടത്തൊക്കെ പോയി നോക്കി. ഒരു വിവരോം ഇല്ല…പോലീസ്‌സ്റ്റേഷനിൽ അറിയിക്കാം എന്ന് കരുതി ഇറങ്ങാൻ തുടങ്ങുമ്പോ ഒരു ഫോൺ വന്നത്..പുതിയ നമ്പർ ആണ്. മറുതലക്കൽ ഏട്ടനാണ്.
സുജി, എന്റെ വിവാഹം കഴിഞ്ഞു. എന്നെ ആരും തിരക്കണ്ട, അമ്മയോട് വിഷമിക്കരുതെന്നു പറയണം. ഞാൻ സ്നേഹിച്ച പെണ്ണിനെ ചതിക്കാൻ തോന്നിയില്ല. ഇത്രയും പറഞ്ഞു ഫോൺ കട്ട് ആക്കി.
തിരിച്ചു വിളിക്കാൻ തോന്നിയില്ല. എന്തിനാണ് വിളിക്കുന്നത്. ഒരുമനസാക്ഷി ഇല്ലാതെ ചെയ്ത കാര്യങ്ങൾക്ക് എന്തിനാണ് വിശദീകരണം. ആ മനുഷ്യനോട് ഈ കുട്ടിയെ തന്നെ വിവാഹം കഴിക്കാൻ ആരും നിർബന്ധിച്ചിട്ടില്ല. ആദ്യമേ പറയാമായിരുന്നില്ലേ. ഇതിപ്പോ ആ വീട്ടുകാരോട് എന്ത് പറയും.
അമ്മയുടെ ഉച്ചത്തിലുള്ള കരച്ചിൽ കണ്ട് വിഷമത്തിനേക്കാൾ ദേഷ്യം വരുന്നുണ്ട്. വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും കടം വാങ്ങി നടത്തി തളർന്നൊരച്ഛന്റെ മുന്നിൽ ഈ വിവാഹം നടക്കില്ല എന്ന് പറയേണ്ടി വരുന്ന അവസ്ഥ അത് പറഞ്ഞറിയിക്കാൻ ആകുന്നില്ല.
ബന്ധുക്കളൊക്കെ വല്ലാതെ ബഹളം വക്കാൻ തുടങ്ങി. പക്ഷെ ആ ബഹളത്തിനിടയിലും നിറഞ്ഞു തൂവിയ രണ്ടു കണ്ണുകൾ കണ്ടു. ഒരു നിമിഷം ആ കണ്ണുകളിൽ ഹൃദയം ഉടക്കിയ പോലെ…
പതിയെ ആ അച്ഛനരികിലേക്കു ചെന്ന് ആ കൈകൾ ചേർത്ത് പിടിച്ചു. ചേട്ടൻ ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം ആയിട്ടല്ല. ഇവളെനിക്കുള്ളതാണെന്നുള്ളൊരു തോന്നൽ…
തരോ അച്ഛന്റെ മകളെ എനിക്ക്…എന്റെ നെഞ്ചിൽ ചേർന്നുറങ്ങുന്ന ഈ പെണ്ണിനെ എനിക്ക് തന്നതിൽ ഇപ്പൊ ഏട്ടനോട് നന്ദി മാത്രമേ ഉള്ളു അത്ര ഇഷ്ടം എനിക്കീ പെണ്ണിനെ…..