രചന: ദിവ്യ അനു അന്തിക്കാട്
കാലിലെ കെട്ടുകൾ മുറുകി രക്തം ഒലിക്കുന്നുണ്ട്. അടിവയറിലെ വേദന സഹിക്കാൻ പറ്റുന്നില്ല. വയറിലാരോ കൂടം കൊണ്ടടിച്ച പോലുള്ള വേദന. മൂന്നുദിവസമായി ഈ വേദന സഹിക്കാൻ തുടങ്ങിയിട്ട്.
ആരൊക്കെയാണ്…? എവിടെയാണ്…? ഒന്നുമറിയില്ല.
മൂന്നുവർഷം പ്രണയം കൊടുത്തവൻ. അവനെ വിശ്വസിച്ചു ഇറങ്ങി തിരിച്ചിട്ടു അഞ്ചുദിവസം. രണ്ടു ദിവസം അവനെന്നെ വിശ്വസിപ്പിക്കാൻ ഉള്ള തത്രപ്പാടിലായിരുന്നു. പ്രണയം, കരുതൽ അവനെന്നെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു.
വീട്ടിൽ നിന്നും എല്ലാവരെയും വേദനിപ്പിച്ചിറങ്ങിപോന്നതിന്റെ ശിക്ഷ എങ്ങനെ ഒക്കെ അനുഭവിക്കേണ്ടി വരുമെന്നറിഞ്ഞുകൊണ്ടിരിക്കുന്നു ഈ നിമിഷം വരെ…
കൂട്ടുകാരന്റെ വീട്ടിലേക്കു വിരുന്നിനെന്നും പറഞ്ഞു കൊണ്ടുവന്നതാണ്. എന്റെ ശരീരമാണ് വിരുന്നിന്റെ വിഭവമെന്നറിയാൻ താമസമുണ്ടായില്ല. മനുഷ്യനെന്ന പരിഗണന പോലുമില്ലാതെ…
രക്തത്തിന്റെ മണമവരെ മത്തുപിടിപ്പിക്കുന്നോ…?അറിയില്ല…? ഇവിടുന്നിനി രക്ഷപെടൽ അസാധ്യം..!! അല്ലെങ്കിൽ തന്നെ ഇനിയെന്തിന്…? പക്ഷെ മിനിറ്റുകളിടവിട്ടുള്ള ഈ വേദന സഹിക്കുന്നില്ല. ആരെങ്കിലുമുണ്ടോ…? ശബ്ദം അവ്യക്തമായി പുറത്തു വരുന്നുള്ളു. വെള്ളമിറക്കിയിട്ട് മണിക്കൂറുകളായി.
“എന്തിനാടി കിടന്നു ഞരങ്ങുന്നേ…? നിനക്കെന്താ വേണ്ടത്…?”
“അലക്സ് എന്നെ അഴിച്ചുവിടു…എനിക്കൊന്നു ബാത്‌റൂമിൽ പോണം…എന്നോടിത്തിരി കരുണ കാണിക്കു.”
“നീ അവിടെ തന്നെ ആയിക്കോളൂ. ഞങ്ങൾക്കതൊന്നും ഒരു വിഷയമുള്ള കാര്യമല്ല”
“പ്ലീസ് അലക്സ്…ഒന്ന് അഴിച്ചു വിടു…”
കൂട്ടത്തിലുള്ള ആർക്കോ ഇത്തിരി ദയ തോന്നി. ഇവിടെ താഴെ മുറിയിലെ ബാത്റൂമുള്ളു. ദാണ്ടെ അവിടെ ടെറസ്സിന്റെ കോണിലേക്കു കൈ ചൂണ്ടി. അങ്ങോട്ട് പൊയ്ക്കോ…
അലക്സ് നീ കൂടെ പോ…അവളുടെ കൂടെ. ഇറങ്ങി ഓടിയാലും വക തന്നെ…
അവളെങ്ങനെ ഓടാനാ…? നൂൽബന്ധമില്ലാതെ റോഡിലിറങ്ങാൻ കഴിയില്ല. കെട്ടുകൾ അഴിക്കുന്നതിന്റെ ഇടയിൽ അലക്സിന്റെ പൊട്ടിച്ചിരി ഉയർന്നു പൊങ്ങി.
വേദനയെക്കാളേറെ വെറുപ്പ് വന്നു നിറഞ്ഞു കൊണ്ടിരുന്നു. കാലുകൾ തറയുന്നാൻ കഴിയുന്നില്ല. വേദന…ഹോ..അസഹനീയം. പതിയെ മുന്നോട്ടു നടന്നു.
നഗ്നത നോക്കി ഉറക്കെ ചിരിക്കുന്ന അലക്സിന്റെ കൈയിൽ പിടിച്ചു. എന്നെ അവിടം വരെ ഒന്ന് നടത്തിക്കു അലക്സ്…
ആ പിടിച്ചോ..കുറച്ചു ദിവസത്തേക്കുകൂടി നിന്നെ ഞങ്ങൾക്ക് വേണം.
ടെറസ്സിന്റെ കോണിലെത്തിയതും എവിടെനിന്നോ കിട്ടിയൊരു ശക്തിയിൽ അലക്സിന്റെ കൈയിൽ പിടിച്ചു താഴേക്ക് കുതിച്ചു…
അതെ ഇതേ ഉള്ളു നിനക്കും എനിക്കുമുള്ള ശിക്ഷ. പ്രണയത്തിന്റെ ശാപമാണ് നിന്നെ പോലുള്ള അലക്സ്മാർ. നല്ലതെതെന്നു തിരഞ്ഞെടുക്കാനറിയാത്ത എന്നെപോലുള്ളവർ പെണ്ണിന് തന്നെ അപമാനമാണ്….
“അതെ ഇതിൽ കുറഞ്ഞൊരു ശിക്ഷയില്ല നമുക്ക്….”