ആകെ വിഷമാവസ്ഥയിൽ നിൽക്കുന്ന ദേവനെ ഞെട്ടിച്ചുകൊണ്ടായിരുന്നു വരദ മായയുടെ കൈ പിടിച്ച് കൊണ്ട് സംസാരിച്ചത്

രചന: മഹാ ദേവൻ

അന്ന് അമ്പലത്തിന്റെ വിളക്ക്ക്കല്ലിനു മുന്നിൽകണ്ണടച്ച് തൊഴുകൈയ്യോടെ നിൽക്കുമ്പോളായിരുന്നു എന്നോ മറന്നുപോയ ആ ശബ്ദം കാതുകളിൽ വീണ്ടും പതിഞ്ഞത്.

“ദേവേട്ടാ” എന്ന വിളി കാതിലേക്കിമ്പമോടെ കടന്ന് വന്നപ്പോൾ കേട്ടുമറന്ന ആ വിളിക്ക് നേരെ പിന്തിരിഞ്ഞ മാത്രയിൽ നെഞ്ചിലേക്ക് ഒരു ഇടിത്തീ പോലെ ആയിരുന്നു ആ മുഖം വന്നു പതിച്ചത്. ഒരിക്കലും കാണുമെന്നു പ്രതീക്ഷിക്കാത്ത മുഖം. തന്റെ വിവാഹത്തിന് മുൻപ് പലപ്പോഴും ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ചവൾ.

പക്ഷേ, സഫലമാകാത്ത ഒരു ആഗ്രഹം പോലെ മനസ്സിൽ തന്നെ അതിനെ കുഴിച്ചുമൂടുമ്പോൾ ജീവനെ പോലെ സ്നേഹിച്ചവൾ മറ്റൊരുവന്റ ഭാര്യ ആയിരുന്നു. അടർത്തിമാറ്റിയത് സാഹചര്യങ്ങൾ ആയിരുന്നു. പക്ഷേ, മറക്കാൻ കഴിയാത്ത ഓർമ്മകളുമായി അലഞ്ഞിട്ടുണ്ട് അന്നൊക്കെ. പിന്നീട് ആണ് മനസിലായത് തന്റേതല്ലെന്ന് ബോധ്യമാക്കികൊണ്ട് അകലെ മറഞ്ഞ പ്രണയത്തിന്റെ പിന്നാലെ ഭ്രാന്തമായി സഞ്ചരിക്കുന്നത് വെറും ഭ്രാന്ത് ആണെന്ന്…അന്ന് മുതൽ ചിന്തിച്ചത് മുഴുവൻ തന്റെ ജീവിതത്തെ കുറിച്ചായിരുന്നു. അതുകൊണ്ട് തന്നെ എല്ലാം മറന്നൊരു പെണ്ണിനെ കെട്ടുമ്പോൾ ഇനിയുള്ള ജീവിതം അവളാണെന്ന് മനസ്സിൽ എഴുതിവെച്ചിരുന്നു.

പക്ഷെ, വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച്ച. ഒരിക്കലും പ്രതീക്ഷിക്കാതെ മുന്നിൽ നിൽക്കുന്ന ആ മുഖത്തേക്ക് നോക്കുമ്പോൾ അവളോട് എന്ത് പറയണം എന്ന ചിന്തയേക്കാൾ കൂടുതൽ അലട്ടിയത് അമ്പലത്തിനു ചുറ്റും വലം വെക്കാൻ പോയ ഭാര്യ ഈ കാഴ്ച കണ്ടാലുള്ള അവസ്ഥ ആയിരുന്നു.

എല്ലാം തുറന്നു പറഞ്ഞുള്ള ജീവിതത്തിൽ അവൾക്ക് മുന്നിൽ മറച്ചുവെച്ചത് ഈ പ്രണയം മാത്രമായിരുന്നു. അത് മനപ്പൂർവം അല്ലതാനും. ഭർത്താവിന്റ മുന്കാലപ്രണയം കേൾക്കാനും അത് അ സെൻസോടെ സ്വീകരിക്കാനും എല്ലാ ഭാര്യമാർക്കും കഴിയില്ലെന്ന് തോന്നിയപ്പോൾ അതിന്റ പേരിൽ ഒരു സ്വരച്ചേർച്ചയില്ലായ്‌മ ഉണ്ടാകാതിരിക്കാൻ വേണ്ടി മാത്രം ഈ ഒരു കാര്യം മറച്ചുവെച്ചു.

പക്ഷേ, ഈ അവസ്ഥയിൽ അവൾ ഇങ്ങനെ ഒരു കൂടിക്കാഴ്ച കണ്ടാൽ, ഇത് തന്റെ പഴയ കാമുകി ആയിരുന്നു എന്ന് അറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്ന് അറിയില്ല.

എന്ത് പറ്റി ദേവേട്ടാ…എന്നെ കണ്ടപ്പോൾ മുഖം വല്ലാതെ ആയല്ലോ. ഒരു സന്തോഷമില്ലാത്ത പോലെ. എന്നെ അത്രക്ക് വെറുപ്പായോ…? അതിന് മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ ദേവേട്ടാ…എല്ലാം അറിയാവുന്നതല്ലേ. അന്നത്തെ നമ്മുടെ രണ്ട് പേരുടെയും അവസ്ഥയും. അവസാനം ദേവേട്ടൻ തന്നെ അല്ലെ എന്നെ വിവാഹത്തിന് നിര്ബന്ധിച്ചതും. എന്നിട്ടിപ്പോ എന്നെ കണ്ടപ്പോൾ ഞാൻ ദേവേട്ടനെ മനപ്പൂർവം വേണ്ടെന്ന് വെച്ച പോലെ ആണല്ലോ ഭാവം…

അവളിലെ സങ്കടം കലർന്ന വാക്കുകൾക്ക് സമാധാനിപ്പിക്കാൻ പോലും സമയമില്ലാത്ത അവസ്ഥയിൽ ആണ് താൻ നില്കുന്നതെന്ന് അവളെ എങ്ങനെ ബോധ്യപ്പെടുത്തും എന്ന ആലോചനയിൽ ആയിരുന്നു ദേവൻ.

എന്റെ വരദേ, എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല. ഒരു സമയത്തു നമ്മൾ ഒരുപാട് ആഗ്രഹിച്ചിരുന്നു എങ്കിലും അതെല്ലാം നിന്റെയും എന്റെയും വിവാഹത്തോടെ തീർന്നു. അതിന്റ പേരിൽ ദേഷ്യം വെച്ചു നടക്കേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ…അതിനു മാത്രമുള്ള തെറ്റൊന്നും നീ ചെയ്തിട്ടും ഇല്ല. പക്ഷേ, ഇപ്പോഴത്തെ പ്രശ്നം അതല്ല, കൂടെ എന്റെ ഭാര്യയും ഉണ്ട്. ഈ കാര്യം മാത്രമാണ് ഞാൻ അവളിൽ നിന്നും മറച്ചുവെച്ചിട്ടുള്ള ഏകകാര്യം. ഇപ്പോൾ നമ്മളിങ്ങനെ സംസാരിക്കുന്നതും ചിരിക്കുന്നതുമെല്ലാം കണ്ട് അവൾ വന്നാൽ അവളുടെ പ്രതികരണം എന്തായിരിക്കും എന്ന് അറിയാത്തത് കൊണ്ടാണ് എന്റെ മുഖത്തു ചിരിയൊന്നും വരാത്തത്. ഇങ്ങനത്തെ ഒരു അവസ്ഥയിൽ എങ്ങനെ ചിരിക്കാൻ പറ്റും…? അതുകൊണ്ട് നീ ഇപ്പോൾ പോ…ഇതിന്റെ പേരിൽ ജീവിതത്തിൽ നാളെ ഒരു പ്രശ്നം ഉണ്ടാകരുതെന്ന് അതിയായ ആഗ്രഹം ഉണ്ട്.

ദേവന്റെ വാക്കുകൾ കേട്ട് നിൽക്കുമ്പോൾ കെട്ടിയ പെണ്ണിനെ അയാൾ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് അവൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു. അതെ സമയം തന്നെ ആയിരുന്നു അമ്പലം വലംവെച്ചു തൊഴാൻ പോയ മായ അവർക്ക് മുന്നിലേക്ക് എത്തിയതും.

ചെറുചിരിയോടെ ദേവനരികിലേക്ക് വരുമ്പോഴും ആ കണ്ണുകളിൽ ഉണ്ടായിരുന്നു കൂടെ ആരാണെന്ന ഒരു ചോദ്യം. മുഖത്തു മായാത്ത പുഞ്ചിരി കണ്ടപ്പോൾ മനസ്സിൽ ഒരു സമാധാനം തോന്നിയെങ്കിലും ഉള്ളിലെവിടെടോ ചെറിയ ഒരു പേടി ഉണ്ടായിരുന്നു നിഴൽ പോലെ.

ആരാ ദേവേട്ടാ ഇത്…?

അരികിലേക്ക് എത്തി നെറ്റിയിൽ ചന്ദനം തൊട്ടുകൊണ്ട് ഒരു ഭാവമാറ്റവുമില്ലാത്ത അവളുടെ ചോദ്യത്തിന് മുന്നിൽ എന്ത് പറയണമെന്ന് അറിയാതെ ഒന്ന് പതറിനിൽക്കുമ്പോൾ ആ ഭാവം ശ്രദ്ധിച്ചുകൊണ്ടാവണം അവൾ വീണ്ടും ഒന്നുകൂടി ചോദിച്ചതും, പഴയ ഫ്രണ്ട് ആണല്ലേ ദേവേട്ടാ…എന്നിട്ട് എന്താ എന്നെ പരിചയപ്പെടുത്താത്തത്…? എന്ന് ചോദിച്ചുകൊണ്ട് പുഞ്ചിരിയോടെ വരദക്ക് നേരെ തിരിയുമ്പോൾ….

“ഞാൻ കണ്ണേട്ടന്റെ വൈഫ്‌ ആണുട്ടോ..പേര് മായ…ചേച്ചിയുടെ പേരെന്താ…?” എന്ന് ചോദിക്കാൻ മറന്നില്ല അവൾ.

അപ്പോഴും എന്ത് പറയണമെന്നറിയാതെ നിൽക്കുകയായിരുന്നു ദേവൻ. ഫ്രണ്ട് ആണെന്ന് പറയാം, പക്ഷേ ഒരു കള്ളം മറക്കാൻ വേണ്ടി വീണ്ടും കള്ളം പറയുമ്പോൾ അത് അവളോട് പിന്നെയും ചെയ്യുന്ന തെറ്റ് ആണെന്ന് മനസ്സ് പറയുന്നു. പക്ഷേ, തുറന്ന് പറഞ്ഞാൽ അവളുടെ പ്രതികരണം എന്തായിരിക്കും എന്ന് അറിയാത്തത് കൊണ്ട് പറയാനും മടി.

ആകെ വിഷമാവസ്ഥയിൽ നിൽക്കുന്ന ദേവനെ ഞെട്ടിച്ചുകൊണ്ടായിരുന്നു വരദ മായയുടെ കൈ പിടിച്ച് കൊണ്ട് സംസാരിച്ചത്.

“ഞാൻ വരദ…ദേവേട്ടന്റെ ഫ്രണ്ട് അല്ലാട്ടോ…പഠിക്കുന്ന കാലത്ത് ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചവർ ആയിരുന്നു ഞങ്ങൾ. പക്ഷേ, അതൊന്നും നടന്നില്ല. സാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ ഞാൻ വേറെ ഒരാളുടെ ഭാര്യയായി. പിന്നെ ഏഴ് വര്ഷങ്ങള്ക്ക് ശേഷം ഇന്നാണ് ദേവേട്ടനെ കാണുന്നത്.”

ആ വാക്കുകൾ മായയിൽ വല്ലാത്തൊരു ആശ്ചര്യമാണ് ഉണ്ടാക്കിയത്. ദേവട്ടൻ ഇതുവരെ പറയാത്ത ഒരു കാര്യം കേൾക്കുന്ന ആകാംഷ ഉണ്ടായിരുന്നു ആ മുഖത്ത്‌.

എന്നെ കാണുമ്പോൾ ഒരുപാട് സന്തോഷം അ മുഖത്തുണ്ടാകും എന്നാണ് ഞാൻ കരുതിയത്ട്ടോ…പക്ഷേ, ആ മുഖത്തു ഞാൻ കണ്ടത് കുറ്റബോധം ആയിരുന്നു. ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളുടെ നിസ്സഹായാവസ്ഥ ആയിരുന്നു. വിവാഹജീവിതത്തിൽ ഭാര്യയുടെ സ്നേഹം കുറയരുതെന്ന സ്വാർത്ഥതയിൽ മറച്ചു വെച്ച പഴയ പ്രണയത്തെ കുറിച്ച് മായ ഈ നിമിഷം ഇവിടെ വെച്ച് അതറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ചുള്ള വ്യാകുലതകൾ ആയിരുന്നു. ഇത്ര കാലം കാണാത്ത പഴയ കാമുകിയയെ കാണുമ്പോൾ പിന്നെയും ബന്ധം പുതുക്കാൻ നടക്കുന്ന കാമുകന്മാർക്കിടയിൽ ഞാൻ കണ്ട ഒരു അത്ഭുതം ആണുട്ടോ ദേവേട്ടൻ. അങ്ങനെ ഒരാളെ കിട്ടിയ നീ ഭാഗ്യവതിയാ മായ…

വരദയുടെ വാക്കുകൾക്ക് നിശബ്ദമായി കേൾവിക്കാരിയായി നിൽക്കുമ്പോൾ തല താഴ്ത്തി നിൽക്കുന്ന ദേവന്റെ മുഖത്തായിരുന്നു അവളുടെ കണ്ണുകൾ. പതിയെ താഴ്ന്നു നിൽക്കുന്ന ആ മുഖം പിടിച്ചുയർത്തുമ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു.

“ഇതിന്റെ പേരിൽ എന്തിനാണ് ദേവേട്ടാ എന്റെ മുന്നിൽ തല താഴ്ത്തുന്നത്…? ദേവട്ടന് ഒരു പ്രണയം ഉണ്ടായിരുന്നെന്ന് പറഞ്ഞാൽ അതിൽ കടിച്ചുതൂങ്ങി ജീവിതത്തിലെ സന്തോഷം കെടുത്തുമെന്ന് കരുതിയോ….? പ്രണയിക്കാത്തവർ ആരുമുണ്ടാകില്ലെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ എനിക്കുണ്ട്. അത് ജീവിതത്തിന്റെ മനോഹരമായ ഒരു കാലം ആണെന്നും….ഇതൊക്കെ നേരത്തെ തന്നെ പറയാമായിരുന്നല്ലോ ദേവേട്ടാ. നമ്മുടെ സ്വകാര്യനിമിഷങ്ങളിൽ കേൾക്കാൻ രസമുള്ള ഒരു കഥ പോലെ ഞാൻ അതിനെ കേട്ടനെ…ഇപ്പോൾ ഇങ്ങനെ കേൾക്കേണ്ടി വന്നതിൽ വിഷമം ഉണ്ട്. പക്ഷേ, അതിന്റെ പേരിൽ വെറുതെ പിന്നാലെ നടന്ന് തോണ്ടാനൊന്നും എനിക്ക് താല്പര്യം ഇല്ലാട്ടോ….

പക്ഷേ, ഇതിനൊരു ശിക്ഷ വേണ്ടേ…അതുകൊണ്ട് ഇതിന്റെ പേരിൽ ഇന്നത്തെ ഭക്ഷണം പുറത്തു നിന്ന് ആയിക്കോട്ടെ…കൂടെ ഈ ചേച്ചിയും പോന്നോട്ടെ…ഒന്നുല്ലെങ്കിൽ ഭാര്യയുടെയും കാമുകിയുടെയും നടുക്കിരുന്ന് ഭക്ഷണം കഴിക്കാൻ കിട്ടുന്ന അപൂർവ്വഭാഗ്യം എന്തിനു കളയണം ദേവേട്ടാ….

അവൾ അതും പറഞ്ഞ് ചിരിക്കുമ്പോൾ ആണ് ദേവനും ശ്വാസം നേരെ വീണത്. നമ്മളെ മനസ്സിലാക്കുന്ന ഭാര്യ തന്നെ ആണ് ജീവിതത്തിന്റെ സന്തോഷം എന്ന് മനസ്സിൽ പറയുമ്പോൾ അവളുടെ ചിരിയിൽ വരദയും പങ്കുചേർന്നിരുന്നു.

ഭാര്യയും കാമുകിയും ഒരുമിച്ച് സന്തോഷിക്കുന്ന ആ നിമിഷം കണ്ട് ആസ്വദിക്കുകയായിരുന്നു അപ്പോൾ ദേവൻ.