സുദേവന്റെ പിടുത്തം അരക്കെട്ടിൽ മുറുകിയപ്പോൾ അവൾ കുതറി മാറി. വിട് ദേവേട്ടാ,ആരേലും കാണും

താലി – സിയ യൂസഫ്

എന്താടോ സമയെത്രായീന്നാ വിചാരം..കിടക്കണ്ടേ നമുക്ക് ..? സുദേവൻ ഇന്ദുവിനെ തിരഞ്ഞ് അടുക്കളയിലെത്തി.

ദാ വരണു ദേവേട്ടാ..ഇതുകൂടിയൊന്ന് കഴുകിവെക്കട്ടെ…സിങ്കിൽ പരന്നു കിടന്ന ബാക്കി പാത്രങ്ങളെ ചൂണ്ടി ഇന്ദു പറഞ്ഞപ്പോ…ഇതുമുഴുവൻ കഴിഞ്ഞു വരുമ്പോഴേക്കും നേരം വിളുത്തിട്ടുണ്ടാകും. വന്നേ ബാക്കി രാവിലെ കഴുകാം എന്നു പറഞ്ഞ് അയാളവളെ വട്ടം പിടിച്ചു.

എച്ചില് പാത്രം വീടിന് ഐശ്വര്യക്കേടാന്ന് അമ്മ പറയും…വഴക്കു പറയും. അവൾ ആവലാതിപ്പെട്ടു. രണ്ടു കൊല്ലം കൂടീട്ടൊന്ന് നാട്ടില് വന്നപ്പോ തനിക്കൊട്ടും നേരല്ലാണ്ടായോ ഇന്ദൂ…

സുദേവന്റെ പിടുത്തം അരക്കെട്ടിൽ മുറുകിയപ്പോൾ അവൾ കുതറി മാറി. വിട് ദേവേട്ടാ…ആരേലും കാണും. ഓ..പിന്നേ..ഈ പാതിരാത്രീലും നിനക്ക് ഉറക്കല്യാത്ത പോലല്ല മറ്റുള്ളോർക്ക്…

അയാളുടെ കരങ്ങളവളെ വരിഞ്ഞു മുറുക്കാൻ തുടങ്ങവേ..അടുക്കള വാതുക്കൽ ഒരു മുരടനക്കം കേട്ടു. ന്താടാ ദേവാ…ഇത് അടുക്കളയോ അതോ ബെഡ്റൂമോ…?

അമ്മയാണ്…! അത് പിന്നെ… അമ്മേ…

ഉം.. നെന്നെ പറഞ്ഞിട്ടെന്താ…അടക്കോം ഒത്ക്കോം വേണ്ടത് പെണ്ണുങ്ങക്കല്ലേ…അമ്മയുടെ ചീത്ത മുഴുവൻ തനിക്കുള്ളതാണെന്ന് നേരത്തെ അറിഞ്ഞു വച്ചതുകൊണ്ടാവാം ഇന്ദു വേഗം തന്റെ ജോലിയിൽ വ്യാപൃതയായത്.

നേരം ഒരുപാടായില്ലേ അമ്മേ…ബാക്കി ജോലിയൊക്കെ നാളെ ചെയ്യാമെന്ന് ഞാനിവളോട് പറയാരുന്നു. അയാൾ പറഞ്ഞപ്പോ അമ്മയുടെ മുഖത്ത് കണ്ടത് പുച്ഛമായിരുന്നു.

ആള് കൂടുംമ്പോ ചെലപ്പോ നേരത്തിരി വൈകീന്നൊക്കെ ഇരിക്കും. നമ്മടെ സുധേടെ കാര്യോ…വല്യൊരു തറവാടാ..എല്ലാരും കൂടിയങ്ക്ട് ആയാ പിന്നെ….പെണ്ണിന് ഊണൂല്യ ഒറക്കൂല്യ..പണിയെന്നെ പണി..!!

സുദേവനൊന്നും മിണ്ടാതെ ഇന്ദുവിനെ നോക്കി. അവളുടെ ശ്രദ്ധ കഴുകുന്ന പാത്രങ്ങളിൽ മാത്രമായിരുന്നു. രാവിലത്തെ കറിയ്ക്കുള്ള കടല വെള്ളത്തിലിടാൻ മറക്കണ്ട. അന്നത്തെ അവൾക്കുള്ള അവസാന നിർദേശവും നൽകി ദേവകിയമ്മ ഉറങ്ങാനായി പോയി.

ഏടത്തി ഇപ്പോഴും പഴേ പടിതന്നെയാല്ലേ ഇന്ദൂ…അടുക്കള ഭാഗത്തേക്കൊന്നും വരാറേയില്ലല്ലേ…?സുദേവന്റെ ചോദ്യത്തിന് അവളൊന്നു ചിരിച്ചതേയുള്ളൂ…തലവേദനിക്കണൂന്നും പറഞ്ഞ് ഊണു കഴിഞ്ഞ ഉടനെ കെടക്കാൻ പോയേർന്നു ഏടത്തി. അതാണല്ലോ മുമ്പത്തേയും പതിവ്. വിരുന്നുകാരുണ്ടേൽ പറയാനും ഇല്ല..!!

ഹാവൂ…അതങ്ങട് കഴിഞ്ഞു. ഇന്ദു കൈകൾ രണ്ടും തണ്ടലിലേക്കു കുത്തി ഒന്നു നിവർന്നു നിന്നു. അവളിൽ തന്നെ മിഴികൾ നട്ടു നിൽക്കുന്ന സുദേവനെ നോക്കിയൊന്ന് മന്ദഹസിച്ച് അവൾ പറഞ്ഞു. ഏട്ടൻ മുറിയിലേക്കു നടന്നോളൂ…ഞാനൊന്നു മേലു കഴുകീട്ടു വേഗം വരാം.

പിന്നേ…ഇനീപ്പൊ മേലു കഴുകാഞ്ഞിട്ടാ…നീയിങ്ങു വന്നേ പെണ്ണേ…മേലാകെ വിയർപ്പാണെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ സുദേവനവളെ അയാളിലേക്ക് ചേർത്തു പിടിച്ചു. നിന്റെയീ വിയർപ്പിന്റെ മണം എനിക്ക് കസ്തൂരിയേക്കാൾ സുഖന്ധമാണെന്നയാൾ പറഞ്ഞപ്പോൾ, അവൾ ഒരു കുഞ്ഞിനെ പോലെ ആ നെഞ്ചിലേക്ക് ചാഞ്ഞു.

**********************

ദേവകിയമ്മക്ക് മക്കൾ നാലാണ്. രണ്ടു പെണ്ണും…രണ്ടാണും…ചേച്ചിമാരായ സുധയേയും സുമയേയും വിവാഹം കഴിപ്പിച്ചയച്ചു. ഏട്ടൻ സഹദേവൻ വിവാഹം കഴിച്ചിരിക്കുന്നത് അമ്മയുടെ മൂത്ത ആങ്ങളയുടെ മോളെയാണ്. ഭദ്രയെ..!! അയാൾക്കത് തീരെ താൽപര്യമില്ലാത്ത ബന്ധമായിരുന്നു. ഒരുപാട് എതിർത്തെങ്കിലും ഫലമുണ്ടായില്ല. പണത്തിന് പെണ്ണിനേക്കാൾ വില കൽപ്പിച്ച അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ആ വിവാഹം നടന്നത്. അമ്മാവന്റെ കയ്യിലെ അതിരറ്റ സമ്പത്തിലായിരുന്നു അമ്മയുടെ നോട്ടം മുഴുവനും…ഭദ്ര ഒറ്റ മോളായതു കൊണ്ട് സമ്പത്തു മുഴുവൻ കാലംകൊണ്ട് ഇവിടെത്തന്നെ വന്നു ചേരുമെന്നാണ് അവർ കണക്കു കൂട്ടിയത്.

ആയിടക്കാണ് ദുബായിൽ നിന്ന് ലീവിന് വന്ന സുദേവൻ, അനാഥയായ ഇന്ദുവിനെ കണ്ടുമുട്ടുന്നത്. സൗമ്യമായ സംസാരം കൊണ്ട് ആരേയും കയ്യിലെടുക്കുന്നൊരു പാവം പെണ്ണ്. അവളെ ജീവിതത്തിലേക്ക് കൂട്ടാൻ അമ്മ സമ്മതിക്കില്ലെന്ന് അയാൾക്കുറപ്പായിരുന്നു. അങ്ങനെയാണ് ഏട്ടൻ സഹദേവന്റെ നിർദേശ പ്രകാരം അമ്പലത്തിൽ വച്ച് ആ ചടങ്ങങ്ങു നടത്തിയത്. വീട്ടിലന്ന് വലിയൊരു പുകില് തന്നെ നടന്നു. ആളുകളെ കൊണ്ട് അധികം പറയിപ്പിക്കണ്ടാന്നു കരുതീട്ടാവണം ദേവകിയമ്മ മനസ്സില്ലാ മനസ്സോടെ ഇന്ദുവിനെ വീട്ടിൽ കയറ്റിയത്.

എന്നാലും അവരവളെ തന്റെ മരുമകളായി കാണാൻ കൂട്ടാക്കിയില്ല. സദാ സമയവും കുറ്റപ്പെടുത്തലും ഇടതടവില്ലാതെ ജോലിയെടുപ്പിച്ചും ദേവകിയമ്മ ഇന്ദുവിനോട് പ്രതികരിച്ചു. നാത്തൂൻമാരും അമ്മയുടെ തനിനിറം തന്നെ. ഭദ്ര…നല്ലതിനും ചീത്തതിനും ഇല്ലാതെ സദാസമയവും ടിവിയും ഫോണുമായി കഴിഞ്ഞു കൂടും.

ഇന്ദു….ആരോടും പരാതിപ്പെട്ടില്ല, പരിഭവം പറഞ്ഞതുമില്ല. എല്ലാം സഹിക്കാനും ക്ഷമിക്കാനും അവളുടെ മനസ്സ് എന്നേ പാകമായതായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുമ്പേ സുദേവൻ തിരിച്ചു പോയി. അതിനു ശേഷം രണ്ടു വർഷങ്ങൾക്കിപ്പുറമാണ് ഈ തിരിച്ചു വരവ്. ആങ്ങളയുടെ വരവ് പ്രമാണിച്ച് പെങ്ങൻമാരും അളിയൻമാരും അവരുടെ മക്കളുമെല്ലാം ഒരാഴ്ച മുമ്പ് തന്നെ വീട്ടിൽ സന്നിഹിതരായിരുന്നു.

*******************

ഈശ്വരാ ആറരയായല്ലോ ഇന്ന്. രാവിലെത്തന്നെ അമ്മേടെ ചീത്ത ഉറപ്പായി. കുളിക്കാനോടുന്നതിനിടയിൽ ഇന്ദു പിറുപിറുത്തു. അമ്മയെ അത്രക്ക് പേടിയായിരുന്നു അവൾക്ക്…കുളി കഴിഞ്ഞ് ഈറൻമാറി താഴേക്കോടാനൊരുങ്ങിയ അവളെ ഉറക്കച്ചടവോടെ സുദേവൻ തടഞ്ഞു നിര്‍ത്തി.

എങ്ങോട്ടാ ഇത്ര ധൃതീല്…? കുറച്ചൂടെ കഴിഞ്ഞിട്ടു പോകാം. ഇവിടിരിക്ക് പെണ്ണേ….

ആഹ്…ഏട്ടനങ്ങനെ പറയാം. അമ്മേടെ ചീത്ത കേക്കണ്ടത് ഞാനല്ലേ…ഇപ്പൊ തന്നെ അമ്മ കലിതുള്ളി നിക്ക്ണ്ടാവും. അവളെ വരിഞ്ഞു മുറുക്കിയ അയാളുടെ കൈകളെ പതിയെ വേർപെടുത്തി ധൃതിയിൽ കോണിയിറങ്ങുന്ന ഇന്ദുവിനെ നോക്കി സുദേവൻ ആലോചിച്ചു.

ഇങ്ങനെയുണ്ടോ ഒരു അമ്മായമ്മപ്പേടി…? അമ്മയ്ക്കിപ്പോ എന്നോട് വല്യേ സ്നേഹാ ദേവേട്ടാ….ഞാൻ വിളിക്കുമ്പോഴെല്ലാം അവള് പറഞ്ഞിരുന്നത് വെറും കല്ലുവച്ച നുണകളായിരുന്നോ….?

ഇന്ദു പ്രതീക്ഷിച്ച പോലെ കലിയിളകിയാണ് ദേവകിയമ്മയുടെ നിൽപ്പ്..! കൂടെ എന്തിനും തയ്യാറായി രണ്ടു നാത്തൂൻമാരും..!! അവരുടെ ദഹിപ്പിക്കുന്ന നോട്ടത്തിന് ദൃഷ്ടി കൊടുക്കാതെ അവൾ വേഗം ചായയ്ക്കു വെള്ളം വച്ചു. വെള്ളത്തിൽ കുതിർത്തിയിട്ട കടലയെടുത്തു കഴുകി ഉപ്പും മഞ്ഞപ്പൊടിയും വെള്ളവും ചേര്‍ത്ത് കുക്കറിലിട്ടു. പുട്ടിനുള്ള പൊടിയെടുത്ത് നനച്ചു. അടുപ്പിൽ തീ പിടിപ്പിച്ച് പുട്ടുപാനിയിൽ വെള്ളം വച്ച് തേങ്ങ ചിരവാനിരുന്നു.

ഹരിയേട്ടന് ഒരു ഗ്ലാസ് ചായ വേണം. സുമ ഉച്ചത്തിൽ പറഞ്ഞു. ഇപ്പോ തരാം സുമേച്ചീ…അവൾ തിളച്ചു മറിയുന്ന വെള്ളത്തിലേക്ക് ചായിലയും പഞ്ചസാരയും ചേര്‍ത്ത് വാങ്ങിവച്ചു. ചൂട് പാകത്തിനു മതി. കൂടിയാൽ ഹരിയേട്ടൻ ദേഷ്യപ്പെടുമെന്ന് പറഞ്ഞപ്പോൾ കപ്പിലൊഴിച്ച് ആറ്റിയ ചായ ഇന്ദു സുമയുടെ കയ്യിൽ കൊടുത്തു.

നല്ലൊരു വാക്കിനു പകരം മുഖം കനപ്പിച്ചൊന്നു മൂളിയതിനു ശേഷം ഇന്ദുവിന്റെ കയ്യിലിരുന്ന ചായ വാങ്ങി സുമ പോയപ്പോൾ പരസ്പരം നോക്കി അർത്ഥം വച്ചു ചിരിക്കുന്ന അമ്മായിയമ്മയേയും നാത്തൂനേയും മനപൂർവ്വം അവൾ കണ്ടില്ലെന്നു നടിച്ചു.

പ്രഭാതഭക്ഷണം കഴിഞ്ഞപ്പോഴാണ് അമ്മയുടെ നേതൃത്വത്തിൽ എല്ലാവരും സുദേവനു മുന്നിൽ സംഘം ചേർന്നത്. “പെട്ടി പൊളിക്കണം” അതായിരുന്നു ആവശ്യം. പെട്ടിക്കു ചുറ്റും നിരന്നിരുന്ന ആൾകൂട്ടത്തെ മുഴുവൻ നിരീക്ഷിച്ചു കൊണ്ട് അയാൾ ചോദിച്ചു. ഇന്ദു എവിടെ…?

ആ ചോദ്യം ആർക്കുമത്ര രസിച്ചില്ല. ഓഹ്… അവള് വന്നോളും. തീരെ താൽപര്യമില്ലാത്ത മട്ടിൽ ദേവകിയമ്മ പറഞ്ഞു. എങ്കിലും സുദേവന്റെ കണ്ണുകൾ അവൾക്കു വേണ്ടി ചുറ്റിലും പരതി നടന്നു. അടുക്കളയിലെ നാല് ചുവരുകൾക്കുള്ളിൽ ഉച്ചയൂണിനുള്ള വിഭവങ്ങളുമായി മല്ലിടുകയായിരുന്നു അവളപ്പോൾ…

സുമയുടെ മോള് അമ്മൂനെ പറഞ്ഞയച്ചു, അമ്മായിയെ വിളിക്കാൻ….സന്തോഷത്തോടെ വന്ന ഇന്ദുവിനെ കണ്ടപ്പോൾ കടന്നല് കുത്തിയ കണക്ക് നിൽപ്പായിരുന്നു അമ്മയും പിന്നണികളും…ദേവകിയമ്മ തന്നെയാണ് സാധനങ്ങളെല്ലാം വീതം വച്ചത്. അതിലധികവും പെൺമക്കൾക്കു തന്നെ ഓഹരി നൽകാനും അവർ തിടുക്കം കാട്ടി.

സാരി വാങ്ങിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് എവിടേടാ ദേവാ…? സുമ ചോദിച്ചു. ദാ ചേച്ചി എല്ലാവർക്കും ഉണ്ട്. ആങ്ങള നീട്ടിയ കവറിൽ ആർത്തിയോടെ കയ്യിട്ട് “ഹാ കൊള്ളാലോടാ ദേവാ….” എന്നു പറഞ്ഞ് സുമ സാരികൾ തിരിച്ചും മറിച്ചും നോക്കി.

ആദ്യംതന്നെ അതിലൊന്നെടുത്ത് ദേവകിയമ്മ ഭദ്രക്കു നേരെ നീട്ടി. ഞാൻ സാരിയൊന്നും ഉടുക്കാറില്ലല്ലോ എന്നു പറഞ്ഞ് അവരത് നിരസിച്ചപ്പോൾ ഉടുക്കണ കാലത്ത് ഇടാലോന്നും പറഞ്ഞ് അമ്മയത് കയ്യിൽ പിടിപ്പിച്ചു. ഏടത്തിക്ക് ആ കളറ് നന്നായി ചേരുമെന്ന് പറഞ്ഞ് അവരെ സന്തോഷിപ്പിക്കാൻ നാത്തൂൻമാരും മത്സരിച്ചു.

കൂട്ടത്തിലെ പിങ്ക് നിറത്തിലുള്ള സാരിയെടുത്ത് സുധ ആവേശത്തോടെ “എനിക്കിതു മതി…എനിക്കിതു മതി” എന്നുറക്കെ പറഞ്ഞപ്പോഴാണ് സുദേവൻ പറഞ്ഞത്. സുധേച്ചീ…ആ സാരി ഇന്ദൂനുള്ളതാ….അതെന്താടാ എനിക്കിത് ഉടുത്താൽ കൊള്ളൂലേ…? അമ്മേ…എനിക്കിതാ ഇഷ്ടായത്…എനിക്കിതുമതി. ആഹ്…നെനക്കിഷ്ടള്ളത് നീയെടുത്തോ…അമ്മയും പറഞ്ഞു.

സുദേവന് ആ നിറത്തിനോട് വല്ലാത്തൊരിഷ്ടമുണ്ട്. ഇന്ദുവിനെ ആദ്യമായി കാണുമ്പോൾ അവളു ധരിച്ചിരുന്ന ചുരിദാറിന് ആ നിറമായിരുന്നു. അതിലവൾ ഒത്തിരി സുന്ദരിയായി അയാൾക്കു തോന്നിയിരുന്നു. സുദേവൻ ഇന്ദുവിനെ നോക്കിയപ്പോൾ അവളും പതിയെ കണ്ണുകളടച്ചു. അതൊരു മൗനാനുവാദമായിരുന്നു.

എല്ലാവർക്കുമുള്ളത് വീതം വച്ചശേഷം അവൾക്കും കിട്ടി അസ്സലൊരു സാരി. നിറമേതായാലെന്താ അത് തന്റെ പ്രാണന്റെ വിയർപ്പാണ്. അവളത് തന്റെ മാറോടടക്കിപ്പിടിച്ചു നിന്നു.

ഇതെന്താ മാമാ…? പെട്ടിക്കടിയിൽ നിന്ന് വലിച്ചെടുത്ത ഒരു ചെറിയ ഡബ്ബ കാണിച്ച് സുമയുടെ മൂത്ത മോള് ചിത്തിര പോദിച്ചപ്പോ…അതിങ്ങു തായെന്നും പറഞ്ഞ് സുദേവൻ കൈനീട്ടി.

പക്ഷേ…അതയാളിലേക്കെത്തും മുന്നേ അമ്മയത് തട്ടിപ്പറിച്ച് തുറന്നു നോക്കി. ഹായ്..മോതിരം..എന്തു ഭംഗിയാ കാണാൻ..പെണ്ണുങ്ങളെല്ലാം മോതിരത്തിനു ചുറ്റും കൂടിനിന്നപ്പോൾ സുദേവന്റെ നോട്ടം ഇന്ദുവിലേക്കെത്തി. അവൾക്കറിയാം ആ മോതിരത്തിന്റെ അവകാശി അവളാണെന്ന്…

ഇതാർക്കാടാ ദേവാ…? ചിത്തിരക്കുള്ളതല്ലേ…?അവള് പറഞ്ഞേര്ന്ന് പത്താം ക്ലാസ് ജയിച്ചേന് നീയേതാണ്ടൊക്കെ വാങ്ങിക്കൊടുക്കൂന്ന്. അമ്മ പറഞ്ഞതു കേട്ട് ചിത്തിരയുടെ കണ്ണുകളും വിടർന്നു.

അല്ലമ്മേ അത്…സുദേവൻ പറയാൻ തുടങ്ങും മുമ്പേ ഇന്ദു പറഞ്ഞു…അതേ ചിത്തുമോളേ അതു നിനക്കുള്ളതാ…മോതിരം വാങ്ങിച്ചു വച്ചിട്ടുണ്ടെന്ന് മാമൻ പറഞ്ഞേരുന്നു. ആണോ മാമാ…നല്ല മാമൻ…ഉം..മ്..മ്മ..അവൾ മാമനെ ഉമ്മവെച്ചു ഓടിപ്പോയപ്പോൾ, നോക്കട്ടെടീ എന്നും പറഞ്ഞ് ബാക്കിയുള്ളോരും പിന്നാലെ പോയി. സുദേവന്റെ ദയനീയ നോട്ടം കണ്ട് ഭദ്ര വാപൊത്തി ശബ്ദമില്ലാതെ ചിരിച്ചു.

ഏടത്തിയെന്താ ചിരിക്കണത്….? ഇന്ദു ചോദിച്ചു. അവനവനുള്ളത് നേടിയെടുക്കാൻ പോലും കഴിവില്ലാത്ത നിന്നേയോർത്ത് ചിരിക്കാതെ പിന്നെ…? കഷ്ടം..!! അതുംപറഞ്ഞ് ഭദ്ര ചിരിയോടെ അകത്തേക്കു പോയി.

സുദേവനെന്തോ പറയാൻ തുടങ്ങുമ്പോഴാണ് “എനിക്കൊന്നും കൊട്ന്നില്ലേടാ ദേവൻകുട്ടാ…” എന്നും ചോദിച്ചോണ്ട് അച്ഛൻ പെങ്ങള് കേറിവന്നത്. ഒന്നും കൊട്ത്തില്ലെങ്കി ഇനി അതുമതി ചേച്ചിക്ക് മിണ്ടാണ്ട് നടക്കാൻ…അമ്മ പിറുപിറുത്തു.

പിന്നേ..ചേച്ചിക്കുള്ളത് ഇവിടെത്തന്നേണ്ട് ഇതാന്നും പറഞ്ഞ് ഇന്ദുവിന്റെ സമ്മതത്തിന് കാത്തുനിൽക്കാതെ അവളുടെ നെഞ്ചിൽ ചേർത്തു പിടിച്ച സാരി ദേവകിയമ്മ വലിച്ചെടുത്ത് അവർക്കു സമ്മാനിച്ചു. ദേവകിയമ്മയുടെ പെട്ടന്നുള്ള പ്രവൃത്തിയിൽ സാരിയിൽ ഉടക്കി നിന്ന അവളുടെ താലി…കണ്ണിയറ്റ് നിലത്തേക്കു പതിച്ചു..!!ഈശ്വരാ ന്റെ താലി..!! ഇന്ദു വെപ്രാളത്തോടെ നിലത്തേക്കിരുന്നു.

പൊട്ടിയ താലിയെ മാറോട് ചേർത്തവൾ വിതുമ്പി. സുദേവനവളെ എഴുനേൽപ്പിച്ച് ആശ്വസിപ്പിക്കുമ്പോഴും കണ്ണുനീര് പുറത്തേക്കു വരാതിരിക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു..! ഇന്ദുവിന്റെ കണ്ണീരിനിടയിലും പുറത്ത് ഉറക്കെ പൊട്ടിച്ചിരികളുയർന്നു. ദേവകിയമ്മ ഒന്നും കാണാത്ത മട്ടിൽ ചേച്ചിയെ സൽകരിക്കാനായി ഉമ്മറത്തേക്കു പോയി.

ഇന്ദൂ നീ വാ…പൊട്ടിയ താലിയിൽ പടിമുറുക്കി ഇന്ദു സുദേവനൊപ്പം കോണിപ്പടികൾ കയറിപ്പോകുന്നതു നോക്കി ദേവകിയമ്മ മക്കളോടു പറഞ്ഞു, ആ താലി അവളുടെ കഴുത്തീന്നു മാത്രല്ല, അവളുടെ ജീവിതത്തീന്നു തന്നെ ഞാൻ പറിച്ചെറിയും. നിങ്ങള് കണ്ടോ….

ഈ രണ്ടു കൊല്ലവും നീയെന്നെ പറ്റിക്കുകയായിരുന്നു അല്ലേ ഇന്ദൂ. ഓരോ തവണ വിളിച്ചു വിശേഷങ്ങൾ തിരക്കുമ്പോഴും അമ്മയ്ക്കോ മറ്റുള്ളോർക്കോ നിന്നോട് ഒരിക്കലും തോന്നാത്ത സ്നേഹത്തിന്റെയും അലിവിന്റെയും കഥകൾ പറഞ്ഞ് നീയെന്നെ വിഡ്ഢിയാക്കുകയായിരുന്നല്ലേ…ഇത്രയൊക്കെ സഹിക്കാനും ക്ഷമിക്കാനും നീയാര് കണ്ണീർ പരമ്പരയിലെ നായികയോ…? സുദേവന്റെ ചോദ്യത്തിന് മറുപടിയില്ലാതെ കലങ്ങിയ കണ്ണുകളോടെ അവൾ തലകുമ്പിട്ടിരുന്നു.

അയാൾ പതിയെ അവളുടെ ചാരത്തെത്തി. അവളുടെ വാടിവീണ മുഖത്തെ തന്റെ കൈകുമ്പിളിൽ കോരിയെടുത്തു. ആ കണ്ണുകളിലേക്ക് തന്നെ മിഴികളുറപ്പിച്ച് അയാൾ പറഞ്ഞു….ഇനിയെങ്കിലും നിനക്കൊന്ന് പൊട്ടിക്കരഞ്ഞൂടേ എന്റെ പെണ്ണേ….അതോ ഇവിടെ വന്നതിനു ശേഷം നിന്റെ കണ്ണീരും വറ്റിപ്പോയോ…? സുദേവനത് പറഞ്ഞതും ഒരേങ്ങലോടെ അവളാ നെഞ്ചിലേക്ക് വീണു. ഉള്ളിലുള്ള നോവെല്ലാം ഒരു മഴപോലെ ആ മാറിലൂടെ ഊർന്നിറങ്ങി.

ഏട്ടൻ കൊണ്ടുവന്ന സമ്മാനങ്ങളൊന്നും ഞാനാഗ്രഹിച്ചിട്ടില്ല. അതിനേക്കാളൊക്കെ എത്രയോ വലിയ സമ്മാനമാണ് ഏട്ടൻ എന്റെ കഴുത്തിലണിഞ്ഞ ഈ താലി..!! ഓരോ തവണ അമ്മയെന്നെ കുത്തുവാക്കു പറയുമ്പോഴും ആക്ഷേപിക്കുമ്പോഴും പിടിച്ചു നിൽക്കാൻ എനിക്ക് ശക്തി തന്നത് ഈ താലിയാണ്. ഇതീ നെഞ്ചിലിങ്ങനെ ചേർന്നു കിടക്കുമ്പോൾ ഒരു ധൈര്യമാണ്. ഏട്ടനെന്റെ അടുത്തുതന്നെ ഉണ്ടെന്ന തോന്നലാണ്. ആ ധൈര്യമാണിപ്പോ കൈവിട്ടു പോയത്. എന്റെ ജീവനാണിപ്പോ….

വാക്കുകൾ ഇടറി…കണ്ണീര് നിയന്ത്രണം വിട്ടൊഴുകി. അതയാളുടെ കൈതലം പൊള്ളിച്ചു. അയാളവളെ ശക്തിയിൽ തന്നോടണച്ചു പിടിച്ചു. അവളുടെ മൂർധാവിൽ ചുംബിച്ചു കൊണ്ടയാൾ പറഞ്ഞു…

അമ്മ നിന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്ന നിന്റെ വിശ്വാസം, നിന്റെ സ്നേഹം കൊണ്ട് അമ്മക്ക് മാറ്റം സംഭവിക്കുമെന്ന എന്റെ വിശ്വാസം, അതാണ് നമുക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്. ഇനിയാ തെറ്റ് ആവർത്തിച്ചൂടാ…ഇനിയൊരാൾക്കും പന്താടാൻ നിന്നെ ഞാൻ വിട്ടുകൊടുക്കില്ല. അമ്മയല്ലേന്നു കരുതി അല്പം ക്ഷമ കാണിച്ചപ്പോ എന്നെ ഒന്നിനും കൊള്ളില്ലാന്ന് കരുതിക്കാണും. ആരുടേയും സമ്മതം നോക്കാതെ നിന്നെ കെട്ടാനെനിക്കു കഴിഞ്ഞിട്ടുണ്ടേൽ നിന്നെ സംരക്ഷിക്കാനും എനിക്കു കഴിയും. അതൊരു ഉറച്ച വാക്കായിരുന്നു. നട്ടെല്ലുള്ള ഒരാണിന്റെ വാക്ക്.

നീ വേഗം റെഡിയാവാൻ നോക്ക്.. നമുക്കൊന്ന് പുറത്തു പോയിട്ടു വരാം. മിഴിച്ചു നിൽക്കുന്ന ഇന്ദുവിനെ നോക്കി സുദേവൻ പറഞ്ഞപ്പോഴാണ് അടുപ്പത്തിരുന്ന പരിപ്പിന്റെ കാര്യം അവൾക്കോർമ്മവന്നത്…ഈശ്വരാ…അതപ്പിടി കരിഞ്ഞു കാണും. അവൾ വ്യാകുലപ്പെട്ടു.

പരിപ്പൊക്കെ പിന്നെ…ഇപ്പൊ ഞാൻ പറഞ്ഞതു ചെയ്യ്. വേഗം റെഡിയായി താഴേക്കു വാ…സുദേവന്റെ ശബ്ദമുയർന്നപ്പോൾ ഇന്ദു നിശബ്ദയായി. അവളെന്തെങ്കിലും പറയുന്നതിനു മുന്നേ അയാൾ മുറിവിട്ടിരുന്നു.

സുദേവൻ ഹാളിലെത്തിയപ്പോഴേക്കും അമ്മയുടെ ചോദ്യമെത്തി, ഇന്ദു എവടെ..? ഊണിന്റെ കാര്യൊക്കെ അവള് മറന്നോ..?

അല്ലമ്മേ എനിക്കൊരു സംശയം. അവളിവിടുത്തെ മരുമകളാണോ അതോ വേലക്കാരിയോ..?പെട്ടന്നുള്ള സുദേവന്റെ മറുചോദ്യത്തിന് ദേവകിയമ്മ ഒന്നു പതറാതിരുന്നില്ല.

നീയെന്താടാ അമ്മയെ ചോദ്യം ചെയ്യാണോന്ന് ചോദിച്ചു സുമ വന്നപ്പോഴാണ് അമ്മയൊന്ന് നിവർന്നു നിന്നത്. ചോദിക്കേണ്ടത് ചോദിച്ചു തന്നെ അറിയണ്ടേ ചേച്ചീന്ന് പറഞ്ഞപ്പോ ഉടൻ വന്നു സുധേടെ വക, “തലേണ മന്ത്രത്തിന്റെ ശക്തി…” അമ്മേന്ന് തികച്ചു വിളിക്കാത്തോനാ ഇപ്പോ അമ്മേടെ മെക്കിട്ടു കേറണത്.

അതുകേട്ടപ്പോ സുദേവന് ചിരിയാണു വന്നത്. അവന്റെ ചിരികണ്ട് ദഹിക്കാതെ സുധ ചോദിച്ചു “എന്തിനാടാ കിണിക്കണത്.” അല്ല…ആ തലേണമന്ത്രത്തിന്റെ ശക്തികൊണ്ടല്ലേ ചേച്ചി രായ്ക്കുരാമാനം അമ്മായമ്മയെ മകള്ടെ വീട്ടിലേക്ക് നാടുകടത്തിയതെന്നോർത്ത് ചിരിച്ചതാ…അല്ലേ അളിയാ…സുധേടെ ഭർത്താവപ്പോൾ സുദേവനെ ശരിവെക്കും വിധം തലകുനിച്ചു നിന്നു.

ഈ ബഹളത്തിനിടയിലേക്കാണ് ഇന്ദു പോകാൻ തയ്യാറായി വന്നത്. അവളെ കണ്ടപാടെ ദേവകിയമ്മക്ക് അടിമുടി വിറച്ചു. നീയെങ്ങോട്ടാ ഈ നേരത്ത് ഒരുങ്ങികെട്ടീട്ട്…? ഇപ്പൊ ചോദ്യോം പറച്ചിലൊന്നും വേണ്ടാന്നായോ…?

ഞങ്ങളൊന്ന് പുറത്തു പോവാ…ഇവള്ടെ താലിമാലയൊന്ന് പൊട്ടി. പകരം പുതിയൊരു മാല വാങ്ങണം. പിന്നെ കുറച്ചു ഡ്രസ്സും…ഭക്ഷണൊക്കെ ഞങ്ങള് പുറത്തൂന്ന് കഴിച്ചോളാം. വാ ഇന്ദൂ…സുദേവൻ അവളുടെ കയ്യിൽ പിടിച്ചു ഇറങ്ങാനൊരുങ്ങിയപ്പോൾ ദേവകിയമ്മ പറഞ്ഞു…

താലിമാല പൊട്ടിയതല്ലല്ലോ…പൊട്ടിച്ചതല്ലേ ഇവള്…ഞാനിവള്ടെ സാരി വാങ്ങിയ ദേഷ്യത്തിന്….അമ്മയ്ക്കുള്ള ചുട്ട മറുപടിയായി അവർക്കു നേരെ തിരിഞ്ഞ സുദേവന്റെ കയ്യിൽ ഇന്ദു അമർത്തിപ്പിടിച്ചു. ഒന്നും പറയരുതെന്ന് ദയനീയമായ നോട്ടം കൊണ്ടവൾ വിലക്കി.

നീ പോണേനു മുമ്പേ ഇവക്കൊരു കാര്യം പറയാന്ണ്ടെന്ന്….അമ്മ സുമയെ മുന്നിലേക്കു നിർത്തിക്കൊണ്ട് പറഞ്ഞു. ഉം…എന്താ സുമേച്ചീ…കാര്യെന്തായാലും വേഗം പറയ്…എനിക്ക് തിരക്കുണ്ട്. അതിനും അമ്മ തന്നെയാണ് മറുപടി പറഞ്ഞത്. ഇവള്ടെ വീടുപണിയൊക്കെ ഏതാണ്ട് കഴിഞ്ഞതല്ലേ…എന്നാപ്പിന്നെ ഈ മാസം തന്നെ പാലുകാച്ചില് നടത്തി ഇരുന്നാലോന്നാ ആലോചന…നീയിങ്ങനെ ഉള്ളതു മുഴുവൻ പണ്ടോം തുണീം വാങ്ങി തീർത്താല് ഇവള്ടെ കുടിയിരിപ്പിനുള്ളതൊക്കെ ആരാ വാങ്ങിക്കൊട്ക്കാ…? അച്ഛൻ പോയേ പിന്നെ നിങ്ങളൊക്കെല്ലേ ആ സ്ഥാനം നോക്കണ്ടോര്…

സുമ ഉത്സാഹത്തോടെ സുദേവന്റെ മറുപടിക്കായി കാത്തുനിന്നപ്പോ അയാൾ പറഞ്ഞു…ഞാൻ കൊടുത്ത ഒരു ലക്ഷത്തിനു പുറമെ രണ്ടു ലക്ഷം കൂടി അധികം വാങ്ങിക്കുമ്പോ…. “ഇനി നീയൊന്നും തരണ്ടാട്ടോ ദേവാ…” എന്നല്ലേ അന്നു പറഞ്ഞത്. അതോണ്ട് ഇനിയെന്റെ കയ്യീന്ന് ചില്ലിക്കാശ് പ്രതീക്ഷിക്കണ്ട ആരും.

പോയിപ്പോയി നീയിപ്പോ കണക്കു പറയാനും തുടങ്ങീല്ലേടാ ദേവാ…ചേച്ചി മൂക്കു പിഴിഞ്ഞും കണ്ണീരൊലിപ്പിച്ചും പതിവു അഭിനയം കാഴ്ചവച്ചു. പറയാതെ പറ്റില്ല ചേച്ചീ…പ്രത്യേകിച്ച് നിങ്ങളെപ്പോലെ നന്ദി കെട്ടവരോട്…ഇതേയ് വെറുതെ കിട്ടുന്നതല്ല. ചുട്ടു പഴുത്ത മരുഭൂമിയില് കിടന്ന് ഉരുകിത്തീർന്ന എന്റെ വിയർപ്പിന്റെ വിലയാ…അത് വെറും കടലാസ് കഷ്ണങ്ങളാക്കാൻ ഞാനുദ്ധേശിക്കുന്നില്ല. അതിനായി എന്റെ ചേച്ചിയിനി വിയർക്കേം വേണ്ട.

ഇതുവരെ കാണാത്ത സുദേവന്റെ പുതിയ മുഖം. കുറച്ചൊന്നുമല്ല അവരെ അമ്പരപ്പിച്ചത്. ഇന്ദുവിനെ പിന്നിലിരുത്തി സുദേവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തപ്പോഴാണ് ഭദ്ര ഓടിവന്നു പറഞ്ഞത്. ഡാ ദേവാ…നീ ടൗണിലേക്കാണേൽ എന്റെ ഫോണിലൊന്ന് റീചാർജ് ചെയ്യോ…എന്റെ ഡാറ്റ തീർന്നു പോയി. ഇതില്ലെങ്കി ആകെ ബോറടിക്കും അതോണ്ടാ…

അത്രേള്ളോ…ഈ ബോറടി മാറ്റാനേ നല്ലൊരു സൂത്രണ്ട്. നമ്മുടെ പൂമുഖത്തൂന്ന് കേറി നേരെ കാണുന്ന ഹാളില്ലേ…അതിന്റെ അങ്ങേയറ്റത്ത് വലതു ഭാഗത്തായി ഒരു മുറിയുണ്ട്. ഞങ്ങളിവിടെ അതിനെ ‘അടുക്കള’ എന്നു വിളിക്കും. അതിനകത്തേക്കൊന്ന് കേറി നോക്കിയാ മതി. പിന്നെ ഡാറ്റ പോയിട്ട് ഡേറ്റ് നോക്കാൻ പോലും നേരം കിട്ടില്ല..! കമ്പനിക്കു വേണേൽ രണ്ടു നാത്തൂൻമാരെ കൂടി കൂട്ടിക്കോ…അവരും അറിയട്ടെ അതിന്റൊരു സുഖം. എന്നാ ശരി…ഇപ്പൊ തുടങ്ങിയാ ഉച്ചയ്ക്ക് പട്ടിണി കൂടാതെ കഴിയാം എല്ലാവർക്കും. പോട്ടെ…

സുദേവന്റെ ബുള്ളറ്റ് പോയ വഴി നോക്കി. വടികൊടുത്ത് അടിവാങ്ങിയ പോലെ ഭദ്ര, നാത്തൂൻമാരെ നോക്കി. അവരും പറന്നുപോയ കിളികളെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു…

*********************

ഒക്കെ ആ അസത്ത് വന്നു കേറിയതിന്റെ ഗുണാ…ഒന്നിനും കൊള്ളാത്ത ആ ജന്തൂനെ അന്നെന്നെ ചൂലെടുത്ത് ആട്ടിയിറക്കണ്ടതായിരുന്നു. ദേവകിയമ്മ പിറുപിറുത്തു.

ഇനീപ്പൊ പറഞ്ഞിട്ടെന്താ…അട്ടേനെട്ത്ത് മെത്തേല് കെടുത്തുമ്പോ ആലോചിക്കണം. അമ്മ പായാരം പറയാണ്ട് ഇതൊന്ന് അരിഞ്ഞു തന്നേ…നേരം രണ്ടു കഴിഞ്ഞു. വെശന്നിട്ട് കൊടല് കരിയാറായി. ചോറ് വാർക്കുന്നതിനിടയിൽ സുമ പറഞ്ഞു.

ഊണെടുക്കാറായില്ലേന്നു ചോദിച്ച് ആണുങ്ങള് കയറ് പൊട്ടിക്കാൻ തുടങ്ങീണ്ടെന്നും പറഞ്ഞാണ് സുധ അടുക്കളയിലേക്ക് വന്നത്. അവിടമാകെ നിരീക്ഷിച്ചു പോകാനൊരുങ്ങിയ മകളെ ദേവകിയമ്മ പിടിച്ചു നിര്‍ത്തി. ഇതെന്തേലൊക്കെ ചെയ്യാൻ നോക്ക് സുധേ…അല്ലെങ്കി ആകെ നാണക്കേടാവും. എന്നാലും അവള് പറ്റിച്ചൊരു പണിയേയ്…ഇതൊക്കെ ഉണ്ടാക്കി വച്ചിട്ട് പൊയ്കൂടാരുന്നോ അവൾക്ക്…

സുധ മനസ്സില്ലാ മനസ്സോടെ പപ്പടം കാച്ചാനൊരുങ്ങി. ഏടത്തിയെക്കൂടി വിളിച്ചൂടായിരുന്നോന്ന് സുമഅമ്മയെ കുറ്റപ്പെടുത്തിയപ്പോ, അവൾക്കിതൊന്നും ശീലല്യാന്നു പറഞ്ഞ് ദേവകിയമ്മ മരുമകളെ സംരക്ഷിച്ചു. അത് മക്കൾക്കത്ര പിടിച്ചിട്ടില്ലാന്ന് മനസ്സിലാക്കിയ അവർ ഭദ്രയെ നീട്ടി വിളിച്ചെങ്കിലും അവളെ ആ വഴിക്കെങ്ങും കണ്ടതേയില്ല. എന്നാൽ ഉണ്ണാനിരുന്നപ്പോ കൃത്യമായി ഭദ്രയവിടെ ഹാജരായിരുന്നു.

നേരം ഇരുട്ടിയതിനു ശേഷമാണ് സുദേവനും ഇന്ദുവും വന്നു കയറിയത്. പേടിച്ചരണ്ട മാൻപേട കണക്കേ ഇന്ദു സുദേവന്റെ മറപറ്റിനിന്നു. കൊണ്ടുവന്ന പലഹാരപ്പൊതികൾ കുട്ടികളെ ഏൽപ്പിച്ച് സുദേവൻ അകത്തേക്കു കയറി. പിന്നാലെ നിഴലു പോലെ അവളും…അമ്മ കാലിൽ കുഴമ്പിട്ട് ഉഴിച്ചിലിലായിരുന്നു. അടുക്കളയിൽ നിന്നുള്ള നാത്തൂൻമാരുടെ കുശുകുശുപ്പ് ഉമ്മറത്തു നിന്നാലേ കേൾക്കാം.

അമ്മേ…ഇന്ദു പതുക്കെ വിളിച്ചു. തലയുയർത്താതെ തന്നെ അവരൊന്ന് അമർത്തി മൂളുക മാത്രം ചെയ്തു. അവളോട് കയറിപ്പോരാൻ ആംഗ്യം കാട്ടി സുദേവൻ മുകളിലേക്ക് കയറിപ്പോയി. മകൻ പോയെന്ന് ഉറപ്പുവരുത്തി ദേവകിയമ്മ എഴുനേറ്റു. അവളെ അടിമുടിയൊന്ന് നോക്കിയ ശേഷം അവർ ആജ്ഞാപിച്ചു. വേഗം ഈ ചേലയൊക്കെ മാറീട്ട് അടുക്കളയിലേക്ക് ചെല്ലടീ…പാതിരാവരെ ഒരു ഊര് തെണ്ടല്. ദരിദ്രവാസി..ത്ഫൂ..!!

കേട്ടപാടെ മുറിക്കത്തേക്കു പാഞ്ഞ് സാരിമാറ്റിയുടുത്ത് ഓടാൻ തുടങ്ങുന്ന അവളെ നോക്കി സുദേവൻ ചോദിച്ചു, എങ്ങോട്ടാ ഇത്ര ധൃതീല്…? അത്..അമ്മ..അടുക്കളേല്ക്ക് വേഗം ചെല്ലാൻ പറഞ്ഞു എന്തിന്…? നമ്മള് കഴിച്ചിട്ടല്ലേ വന്നത്. പിന്നെന്താ…? മിണ്ടാതെ നിൽക്കുന്ന ഇന്ദുവിനോട് അയാൾ പറഞ്ഞു. വേഗം ലൈറ്റണച്ച് കിടക്കാൻ നോക്ക്…അതല്ല ഇന്നിനി അടുക്കളേല് കേറാനാണ് ഭാവമെങ്കിൽ അവിടെത്തന്നെ കിടന്നാ മതി. പിന്നെ ഇങ്ങോട്ടു വരണ്ട. കുറച്ചു നേരം മൗനിയായി നിന്ന ശേഷം അവളും അയാളുടെ ഓരംപറ്റി പതുങ്ങിക്കിടന്നു.

എന്റെ പെണ്ണ് പേടിച്ചു പോയോ…? അവളെ തന്റെ ശരീരത്തിന്റെ ചൂടിലേക്ക് ചേർക്കുന്നേരം അയാൾ ചോദിച്ചു. അവളുടെ കണ്ണുകൾ വിടർന്നു. അധരങ്ങൾ വിറകൊണ്ടു. ഇങ്ങനൊരു മിണ്ടാപ്പൂച്ച…! പെമ്പിള്ളേരായാൽ ഇത്തിരി ഉശിരൊക്കെ വേണ്ടേ…അയാളവളുടെ ചെവിയിൽ മന്ത്രിച്ചപ്പോൾ അവൾ അയാളിലേക്കു മാത്രമായി ചുരുങ്ങി. അവരുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ച് പൂർണ്ണ ചന്ദ്രനും നാണത്താൽ മുഖം മറച്ചു.

*********************

അന്ന് പതിവിനു വിപരീതമായി ഇന്ദുവിനെ അടുക്കളയിൽ കണ്ടില്ല. വിളിച്ചു വരുത്താൻ എല്ലാവർക്കുമൊരു പേടി പോലെ…കാലിനു വയ്യെന്നും പറഞ്ഞ് ദേവകിയമ്മ ഒഴിഞ്ഞു മാറിയപ്പോൾ സുധയും സുമയും അടുക്കളയുമായി യുദ്ധം വെട്ടി.

ഞാൻ നാളെത്തന്നെ പോവാ അമ്മേ…ചായകുടിക്കിടയിൽ സുധ പറഞ്ഞതു കേട്ട് ദേവകിയമ്മ അമ്പരന്നു. സ്കൂള് തൊറന്നിട്ടേ പോവൂന്ന് പറഞ്ഞിട്ട്…? അവിടാകുമ്പോ ഞങ്ങള് നാലെണ്ണത്തിന്റെ കാര്യോം കഴിഞ്ഞ് ഒരുഭാഗത്തിരിക്കാല്ലോ…? ഇതിപ്പോ പണിയെടുത്തെന്റെ നടുവൊടിഞ്ഞു.

ഞാനും പോവാണമ്മേ…ഇവിടെ വരുമ്പോ ചെലതൊക്കെ കണക്കൂട്ടീട്ട്ണ്ടാർന്നു. ഒക്കെ വെറുതേയില്ലേ. ഇനിയാരാ ന്നെ സഹായിക്കാൻ..? സുമയും പറഞ്ഞു. മക്കളുടെ പരാതികളെല്ലാം കേട്ടു നിൽക്കാനേ ദേവകിയമ്മക്ക് കഴിഞ്ഞുള്ളൂ. അവരുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ഇന്ദുവിനെ അരച്ചു കലക്കി കുടിക്കാനുള്ള പകയുണ്ടായിരുന്നു അവരുടെയുള്ളിൽ…

പുതുതായി വാങ്ങിയ മാല അമ്മയെ കാണിക്കാനായി ഇന്ദു അങ്ങോട്ടു വന്നു. അവളെ കണ്ടില്ലെന്നു നടിച്ചിരുന്ന ദേവകിയമ്മ അവളടുത്തെത്തിയതും കയ്യിലിരുന്ന ചായക്കപ്പ് പതുക്കെയൊന്ന് തട്ടിക്കൊടുത്തു. നിലത്തു ചിതറിയ ചായയിൽ ചവിട്ടി നിലതെറ്റിയ ഇന്ദു പിന്നോട്ടു വീഴാൻ തുടങ്ങിയതും പിറകെയെത്തിയ സുദേവനവളെ കോരിയെടുത്തു. ഒരു വീഴ്ച പ്രതീക്ഷിച്ച ദേവകിയമ്മക്ക് കിട്ടിയ ഒന്നാന്തരമൊരു അടിയായിരുന്നു അത്.

എന്തേലും പറ്റിയോടാന്നും ചോദിച്ച് സഹദേവൻ ഓടിവന്നെങ്കിലും ഭദ്രക്കും അതൊരു രസികൻ കാഴ്ചയായിരുന്നു.

നടക്കുമ്പോ നോക്കി നടന്നൂടേ നെനക്ക്…? അമ്മയുടെ കളംമാറ്റിച്ചവിട്ടൽ മനസ്സിലായെങ്കിലും ദേവനൊന്നും പറഞ്ഞില്ല. അയാളെന്തൊക്കെയോ മനസ്സിൽ കണക്കു കൂട്ടിയിരുന്നു.

പിറ്റേദിവസം സുമയും സുധയും തിരിച്ചു പോകാൻ തയ്യാറായി നിൽക്കുമ്പോഴാണ് ഒരു പോലീസ് ജീപ്പ് മുറ്റത്തു വന്നുനിന്നത്. സുദേവനും ഏട്ടനും കൂടി മുറ്റത്തേക്കിറങ്ങിച്ചെന്നു എന്തൊക്കെയോ സംസാരിക്കുന്നതു കേട്ടു. പിന്നാലെ ഇന്ദുവിനെ വിളിച്ചും ഏതാണ്ടൊക്കെ ചോദിക്കുന്നുണ്ട്. ഒന്നും വ്യക്തമല്ല. ഇവളെ കൊണ്ടോവാനാവോ അവര് വന്നേക്കണത്…? എന്നാ രക്ഷപ്പെട്ടു…!! അമ്മയും മക്കളും കൂടി ചർച്ചചെയ്യുന്നതിനിടയിലാണ് ഒരു പോലീസുകാരൻ കേറിവന്നു ചോദിച്ചത്.

നിങ്ങളാണോ ദേവകിയമ്മ…? ചോദ്യം കേട്ടതോടെ ദേവകിയമ്മ അടിമുടി വിറയ്ക്കാൻ തുടങ്ങി. അ..അതെ സാറേ…

നിങ്ങളുടേയും നിങ്ങളുടെ പെൺമക്കളുടേയും പേരിലൊരു പരാതി കിട്ടിയിട്ടു വന്നതാണ്. നിങ്ങൾ മൂന്നു പേരും ചേര്‍ന്ന് ഇന്ദു എന്നൊരു പെൺകുട്ടിയെ അപായപ്പെടുത്താൻ നോക്കി എന്നതാണ് പരാതി. നിങ്ങളറിയില്ലേ ഇന്ദുവിനെ…?

അറിയാം സാറേ, എന്റെ എന്റെ മരുമകളാണ്. പക്ഷെ ഞങ്ങളവളെ ഒന്നും ചെയ്തിട്ടില്ല സാറേ…ആ അതൊക്കെ നമുക്ക് സ്റ്റേഷനിൽ ചെന്നിട്ട് തീരുമാനിക്കാം. വന്ന് ജീപ്പിൽ കേറ്…അതുകേട്ടതും ദേവകിയമ്മ ഞെട്ടിത്തരിച്ചു. സുമയും സുധയും അമ്മയെ മുറുകെപ്പിടിച്ച് പേടിച്ചു നിന്നു. എന്താ ഇത്ര താമസം. വേഗമാവട്ടെ…

ഇൻസ്പെക്ടർ ഒച്ച വച്ചപ്പോൾ അവരോടി സുദേവന്റെ അടുത്തെത്തി. മോനേ…അമ്മ നിരപരാധിയാണെന്നു പറയെടാ മോനേ…അവർ കരയാൻ തുടങ്ങി. അയാളോട് പറഞ്ഞിട്ട് കാര്യമില്ല. പരാതിക്കാരി പരാതി പിൻവലിച്ചാലേ…നിങ്ങൾക്കു രക്ഷയുള്ളൂ. അല്ലെങ്കിൽ ഇനിയുള്ള കാലം അമ്മക്കും മക്കൾക്കും ജയിലിൽ കഴിയാം.

അതു കേട്ടപാടെ മൂവരും ഇന്ദുവിന്റെ അടുത്തേക്കോടി. അവളുടെ മുന്നിൽ ചെന്ന് അവർ കൈകൂപ്പി. മോളെ ഇനി ഞങ്ങളൊന്നും ചെയ്യില്ല, പറയേം ഇല്ല, മോള് ആ സാറിനോടൊന്നു പറ ഞങ്ങളെ കൊണ്ടുപോകല്ലേന്ന്…പറ മോളേ…അവരുടെ യാചന കണ്ട് ഇന്ദു സുദേവനെ നോക്കി. അയാൾ പോലീസുകാരനോടെന്തോ സ്വകാര്യം പറഞ്ഞു.

ഓകെ…നിങ്ങൾക്കു ഞാൻ കുറച്ചു ദിവസത്തെ സാവകാശം തരാം. അതിനുള്ളിൽ നന്നായില്ലെങ്കിൽ…പരാതി ഈ കുട്ടി പിൻവലിച്ചിട്ടില്ല അതുകൊണ്ട് ഇവരെപ്പോ ആവശ്യപ്പെട്ടാലും ഞങ്ങൾക്കു നിങ്ങളെ അറസ്റ്റ് ചെയ്യാനുളള വകുപ്പുണ്ട്. എന്തുവേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. പിന്നൊരു കാര്യം കുറച്ചു ദിവസത്തേക്ക് നിങ്ങളാരും ഇവിടം വിട്ടു എങ്ങോട്ടും പോകാനേ പാടില്ല. കർശന നിയന്ത്രണങ്ങളോടെയാണ് പോലീസ് അവിടം വിട്ടു പോയത്.

ദേവകിയമ്മ സ്വബോധം നഷ്ടപ്പെട്ട കണക്കെ അവിടെത്തന്നെ നിന്നു. സുധയും സുമയും അവരവരുടെ പെട്ടികളുമായി അകത്തേക്കു തന്നെ തിരിച്ചു കയറി. അമ്മേ…സുദേവൻ ഉറക്കെ വിളിച്ചു. ആ വിളിയിൽ സർവ്വരും നിശ്ചലരായി. അയാൾ ഇന്ദുവിനെ അമ്മയ്ക്ക് മുന്നിലേക്കു നിർത്തിക്കൊണ്ട് പറഞ്ഞു….

“ഇതെന്റെ പെണ്ണാണ്. അഗ്നി സാക്ഷിയാക്കി ഞാൻ താലികെട്ടിയ എന്റെ പെണ്ണ്. അവളുടെ കഴുത്തിലെ ഈ താലി വെറുമൊരു താലിയല്ല. മറിച്ച് അതൊരു വാക്കാണ്. മരണംവരെ അവളുടെ ജീവനും മാനവും സംരക്ഷിച്ചു കൊള്ളാമെന്ന് ദൈവം സാക്ഷിയായി ഒരു ആണൊരുത്തൻ കൊടുത്ത വാക്ക്. അതെനിക്കു നിറവേറ്റിയേ പറ്റൂ. അല്ലെങ്കിൽ പിന്നെ ഞാനിവളുടെ ഭർത്താവാണെന്നു പറഞ്ഞിട്ടെന്താ കാര്യം…? നിങ്ങൾക്കു ഞാൻ അവസരങ്ങളൊരുപാട് തന്നു. പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു. അതൊന്നും ഞാനൊരു കൊള്ളരുതാത്തവനായതുകൊണ്ടല്ല. ഞാൻ നിങ്ങളുടെ വയറ്റിൽ പിറന്നുപോയതു കൊണ്ട് മാത്രമാണ്. നിങ്ങളെന്റെ അമ്മയായതു കൊണ്ട് മാത്രമാണ്. ഇനിയും ചിന്തിക്കാൻ സമയമുണ്ട്. ഈ പ്രായത്തിലും ജയിലാണ് നല്ലതെന്ന് തോന്നിയാൽ അങ്ങനെ…മറിച്ചാണേൽ അങ്ങനെ…എന്തും അമ്മയ്ക്ക് തീരുമാനിക്കാം…”

സുദേവൻ, ഇന്ദുവിനെ ചേർത്തു നിർത്തി അകത്തേക്കു നടന്നു. അന്നാദ്യമായി ദേവകിയമ്മയുടെ മിഴികൾ ഇന്ദുവിനെ ചൊല്ലി നിറഞ്ഞൊഴുകി. അതു കാൺകെ സഹദേവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.

ദിവസങ്ങൾക്കു ശേഷമുള്ളൊരു പ്രഭാതം….സുദേവൻ യാത്രക്കുള്ള പെട്ടികളെല്ലാം ഒരുക്കി ഉമ്മറത്തേക്കു വന്നു…ഒപ്പം ഇന്ദുവും…

എത്തിയാലുടനെ വിളിക്കണേ മോളേ…ദേവകിയമ്മ ഇന്ദുവിന്റെ നെറുകയിൽ ഉമ്മവെച്ചു. നാത്തൂൻമാർ സാരിത്തലപ്പുകൊണ്ട് കണ്ണീര് തുടച്ചു. ഒരുമണിക്കല്ലേ ഫ്ലൈറ്റ്…? നേരം കളയാതെ ഇറങ്ങാൻ നോക്ക്. സഹദേവൻ പറഞ്ഞു.

യാത്രപറഞ്ഞ് അവരുടെ കാർ മുന്നോട്ടു കുതിച്ചു. ഇന്ദു അയാളോട് ചേർന്നിരുന്നു. എല്ലാരുടേം സ്നേഹം കിട്ടീട്ട് കൊതിതീർന്നില്ല ദേവേട്ടാ….

എല്ലാരും മാറീട്ടും ഏട്ടനെന്തിനാ ആ സത്യമിപ്പോഴും മൂടിവച്ചത്…? അന്നുവന്ന പോലീസുകാര് എന്റെ പാസ്പോർട്ട് വെരിഫികേഷന് വന്നതാന്നും അതിലൊരാള് ഏട്ടന്റെ പഴയ ക്ലാസ്മേറ്റാണെന്നും അന്നു നടന്നതൊക്കെ വെറും നാടകമാണെന്നും…

അതുകേട്ട് സുദേവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അതൊരു കച്ചിത്തുരുമ്പാ പെണ്ണേ…ഇനിയെന്നേലും അവരാ പഴയ സ്വഭാവം കാണിച്ചാൽ നമുക്ക് പ്രയോഗിക്കാനുള്ള വജ്രായുധമായി അതവിടെ കിടക്കട്ടെ…അവരുടെ ചിരിക്കൊപ്പം ഒരു കുഞ്ഞു തെന്നലും…പതിയെ പങ്കുചേരാനെത്തി ശുഭയാത്ര നേർന്നുകൊണ്ട്….