പെണ്ണെ തന്നോട് മറ്റുള്ളോരോട് തോന്നാത്ത വല്ലാത്തൊരു അടുപ്പം ഫീൽ ചെയ്യുന്നു,തന്നെ ഞാൻ പ്രണയിച്ചോട്ടെടോ എന്ന്…

രചന: ദിവ്യ അനു അന്തിക്കാട്‌

പ്രണയത്തിന് ജാതിയും മതവും പണവും ഒന്നും നോക്കാനുള്ള കാഴ്ചയില്ലല്ലോ…അസ്സലായി പഠിക്കാനും വരക്കാനും ഒക്കെ നന്നായി അറിയുന്ന ക്ലാസ്സിലെ പഠിപ്പിസ്റ്റിനോട് മറ്റുള്ള പെൺകുട്ടികൾക്ക് തോന്നിയ പോലെ ഉള്ളൊരടുപ്പം…

പക്ഷെ ആദ്യകാലങ്ങളിൽ മിഥുനോട് മിണ്ടാൻ തന്നെ ഒരു ചമ്മലായിരുന്നു. കാരണം എന്നെക്കാളും കൊള്ളാവുന്ന ഒരുപാട് പേര് ആരാധികമാരുടെ ലിസ്റ്റിൽ ഉള്ളപ്പോ എങ്ങനെയൊക്കെ എങ്ങനെ ശ്രദ്ദിക്കാൻ…?

പക്ഷെ ആർട് ഡേ അന്ന് മിഥുൻ വന്നു പറഞ്ഞു, പെണ്ണെ തന്നോട് മറ്റുള്ളോരോട് തോന്നാത്ത വല്ലാത്തൊരു അടുപ്പം ഫീൽ ചെയ്യുന്നു…തന്നെ ഞാൻ പ്രണയിച്ചോട്ടെടോ എന്ന്…

കയ്യിൽ സ്വയം അമർത്തിയൊന്നു നുള്ളി. സത്യമാണോ എന്നറിയാൻ…എന്തായാലും പിറ്റേന്ന് മുതൽ കോളേജിലെ താരമായി മാറി.

ഇഷ്ടം മുറുകി നടക്കുമ്പോഴും മനസ്സിനുള്ളിൽ പേടിപ്പെടുത്തുന്ന കുറെ ചിന്തകൾ ഉണ്ടായിരുന്നു…അച്ഛനില്ലാത്ത എന്റേം അനിയന്റേം കാര്യങ്ങൾ നോക്കാൻ രാപ്പകൽ അധ്വാനിക്കുന്ന ഒരമ്മയുടെ മകൾക്ക് പ്രണയിക്കാനും അത് വിജയിപ്പിക്കാനും ഒക്കെ സാധിക്കുമോ എന്ന വേവലാതി…

പിജിയും കഴിഞ്ഞു കോളേജിൽ നിന്നിറങ്ങിയപ്പോ പ്രണയം അതിന്റെ മൂർദ്ധന്യ സ്ഥിതിയിലായിരുന്നു. വീട്ടിൽ അമ്മയോട് ഈ കാര്യം പറഞ്ഞപ്പോ ഭയമായിരുന്നു അമ്മക്ക്…

ഒരു മാസമായി മിഥുനെ കാണാൻ തന്നെ പറ്റുന്നില്ലായിരുന്നു. അത്യാവശ്യത്തിന് മാത്രം വിളിക്കും. മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു മിഥുൻ തന്നെ ചതിച്ചെന്ന്…പക്ഷെ പിറ്റേന്ന് രാവിലെ വീട്ടിൽ മിഥുൻ കയറിവന്നു.

ദിയ…ഇന്ന് തന്നെ നമ്മുടെ വിവാഹം റെജിസ്റ്റർ ചെയ്യണം. കാരണം സാധാരണ ഒരു വിവാഹം നടക്കാഞ്ഞിട്ടല്ല. അതിനുള്ള ധൈര്യവുമുണ്ട്. പക്ഷെ എല്ലാവരെയും പിണക്കുന്നത് നിനക്ക് എന്റെ വീട്ടിൽ താമസിക്കുന്നതിനൊരു ബുദ്ധിമുട്ടുണ്ടാക്കും. എനിക്ക് വിദേശത്തേക്ക് രണ്ടുവർഷത്തേക്കു പോയെ പറ്റു. ഞാൻ നിന്നെ ചതിച്ചു എന്നൊരുതോന്നൽ ഇല്ലാതിരിക്കാനാണ് രെജിസ്റ്റർ വേണം എന്ന് പറഞ്ഞത്.

അമ്മയുടേം കൂട്ടുകാരുടേം അടുത്ത് വച്ച് രെജിസ്റ്റർ കഴിഞ്ഞു. ഞാൻ പതിവുപോലെ ജോലിക്കും പോയിത്തുടങ്ങി.

വീട്ടിൽ നല്ല സാമ്പത്തികശേഷി ഉണ്ടായിട്ടും എന്തിനാണ് മിഥുൻ വിദേശത്തു പോയതെന്നറിയില്ല…വിളിയും സംസാരവുമൊക്കെയായി വർഷങ്ങൾ പോയി.

മിഥുൻ ലീവിൽ എത്തി ആദ്യം എന്റടുക്കലേക്കാണ് വന്നത്. അമ്മയുടെ ഗതികേടിനെ സ്വയം പഴിച്ചു മാറിനിന്ന അമ്മയുടെ അടുക്കലേക്കു മിഥുൻ ചെന്ന് ഒരു കവർ ഏൽപ്പിച്ചു.

അമ്മ ഇത് കയ്യിൽ വയ്ക്കണം. വിവാഹത്തിനാവശ്യമുള്ള സ്വർണ്ണവും പണവും ഉണ്ടിതിൽ. ഞാൻ സ്നേഹിച്ച എന്റെ പെണ്ണ് ആരുടെ മുന്നിലും അത് എന്റെ അമ്മയുടെ മുന്നിൽ പോലും ചെറുതാകുന്നത് എനിക്ക് സഹിക്കില്ല. ഇത് ഉണ്ടാക്കാൻ മാത്രമാണ് ഞാൻ വിദേശത്തു പോയത് തന്നെ…

എന്ത് പറയാണെമെന്നറിയാതെ കണ്ണ് നിറച്ചുനിന്ന എന്റെ അരികിലേക്ക് വന്നിട്ടവൻ പറഞ്ഞു, പെണ്ണെ അമ്മയെല്ലാം വിവാഹത്തിന് സമ്മതിച്ചിട്ട ഞാൻ ലീവിൽ വന്നേക്കുന്നെ. നീയൊന്നു ഉഷാറവടി പെണ്ണെ…

വിവാഹം കഴിഞ്ഞു…വീട്ടിൽ കയറി വന്ന എന്നെ ചേർത്തുനിർത്തി എന്റെനിറുകയിൽ ഒന്നുകൂടി സിന്ദൂരം ചാർത്തിയിട്ടു പറഞ്ഞു, പെണ്ണെ ഇതിനി ഞാൻ തൊട്ടു തരും നിനക്കെന്നും…എന്റെ ചുംബനം കൊണ്ട് പരക്കണം നിന്റെയീ കുങ്കുമം…

കണ്ണുകളടച്ചു ആ നെഞ്ചിലേക്ക് ചാരുമ്പോൾ ഒരുനൂറാവർത്തി ദൈവത്തോട് നന്ദിപറഞ്ഞു, എന്റെ പ്രണയത്തെ എനിക്ക് ജീവിതം മുഴുവൻ തന്നതിന്…..