രചന: ദിവ്യ അനു അന്തിക്കാട്
കൃഷ്ണാ നീ സമ്മതിക്കുന്നുണ്ടോ…? അതോ ഇത്രനാളും നീയെന്നെ വഞ്ചിക്കുവായിരുന്നോ പറയ്…?
എന്താ വിശ്വ നീ പറയുന്നേ, കുഞ്ഞിലേ തൊട്ട് അറിയുന്ന നീയാണോ എന്നെ സംശയിക്കുന്നെ…?
പിന്നെ ഞാനെന്തു പറയണം…? ഇത്ര വർഷം പ്രണയിച്ചിട്ട് നീ വേറൊരുത്തന്റെ ഭാര്യയാകുന്നത് ഞാൻ നോക്കിനിൽക്കാനോ…? ഇറങ്ങിവരുന്നെങ്കിൽ നീ ഇപ്പൊ വരണം ഇനി ഒരവസരം കിട്ടിയെന്നു വരില്ല. അതോ ഈ കീഴ്ജാതിക്കാരന്റെ കൂടെ കഴിയാൻ പറ്റില്ലെന്നുണ്ടോ…?
അതൊന്നുമല്ല വിശ്വ….അപ്പ…അപ്പയോട് ഞാൻ ചതിയാകില്ലേ ചെയ്യുന്നത്. വേളിക്ക് ഇനി ഒരാഴ്ച്ച കൂടിയല്ലേ ഉള്ളു….ഞാനെങ്ങനെ ഇറങ്ങി വരിക…? എന്റെ കയ്യും കാലും വിറക്കുന്നു വിശ്വ…
എനിക്കതൊന്നും കേൾക്കണ്ട, നീ വരുന്നുണ്ടോ ഇല്ലയോ…?
“ഉം…”
“എങ്കിൽ വാ പെട്ടെന്ന്.”
“കൃഷ്ണാ എണീക്കു പൊള്ളാച്ചിയെത്തി…തല്ക്കാലം നമുക്കൊരു ലോഡ്ജിൽ താമസിക്കാം. അതിനുശേഷം എന്താ വേണ്ടെന്ന് ആലോചിക്കാം എന്താ…”
“ഉം”
“എന്താ ഒരു മൂളൽ. ഇങ്ങു വാ പെണ്ണെ ഇനി ഇതാണ് നമ്മുടെ ലോകം. നീയൊന്നു സന്തോഷായിക്കെ.”
ലോഡ്ജിലെത്തി കുളിയൊക്കെ കഴിഞ്ഞു. കയ്യിൽ പൈസയൊന്നുമില്ലാത്തോണ്ട് നിശ്ചയത്തിന് ചെറുക്കൻ വീട്ടുകാർ ഇട്ടുകൊടുത്ത വള ഊരി വാങ്ങി കൊണ്ടുപോയി വിറ്റു. ഏഴായിരം രൂപാ കിട്ടി.
“കൃഷ്ണാ നീ ഇങ്ങടുത്തു വന്നേ. ആ കഴുത്തിങ്ങു കാണിച്ചേ ഒരു കുഞ്ഞു താലിയും മഞ്ഞച്ചരടും. കെട്ടുമ്പോൾ അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.”
“താലി കെട്ടിയാൽ ഭർത്താവും ഭാര്യയും ആയി. നീ ഇങ്ങനെ കരയാതെ. വെറുതെ സന്തോഷം കളയാനായിട്ടു. ഇതൊക്കെ ലോകത്തു നടക്കുന്ന കാര്യം തന്നെയാ…”
ദേഹത്ത് ഒട്ടിക്കിടക്കുന്ന വിശ്വത്തെ പതിയെ മാറ്റി കിടത്തി. എന്തോ ഒരു ദുഃസ്വപ്നം പോലെ. മൂന്നാല് ദിവസങ്ങളായി എന്തൊക്കെയാണ് നടക്കുന്നത്. രാവും പകലും വ്യത്യാസമില്ലാതെ കടിച്ചുപറിക്കുന്ന വിശ്വം. ഇതാണോ ജീവിതം ? ഇതാണോ പ്രണയം ? ഇതിനാണോ ഇറങ്ങിത്തിരിച്ചത് ?
കൃഷ്ണ പൈസയെല്ലാം തീർന്നു. ഞാൻ പുറത്തൊന്നു പോയിട്ട് വരാം. എന്തെങ്കിലും പണി കിട്ടോന്ന് നോക്കീട്ടെ….
“സർ…സ്ഥലമെത്തി.”
ഓർമ്മകളിൽ നിന്നും ഉണർന്നത് ഉച്ചത്തിലുള്ള അയാളുടെ ശബ്ദത്തിൽ നിന്നാണ്…
“എന്തിനാ സാറേ ഈ പഴഞ്ചൻ ലോഡ്ജ് ? ഇവിടെ നല്ല അടിപൊളി സ്ഥലങ്ങളുണ്ട്.” ടാക്സി ഡ്രൈവർ ഉച്ചത്തിൽ വിളിച്ചുകൂവുന്നുണ്ട്.
“ഇത് മതി എനിക്ക്. എത്രയായി ചാർജ്…?”
“മുന്നൂറ്റമ്പതു ആയി സാറേ എന്തേലും കൂടെ കൂട്ടി തന്നാൽ…” പൈസ വാങ്ങി അയാൾ മടങ്ങി. ഒരുബാഗ് മാത്രമായി കൗണ്ടറിനു നേരെ നടന്നു. “അമ്പത്തിമൂന്നാം നമ്പർ മുറി കാലിയായിരുക്ക…”
“ആമ സാർ ഇങ്കയിപ്പോ കസ്റ്റമേഴ്സ് യാരുമേ ഇല്ലൈ.”
“സരി നീങ്ക അത് കൊഞ്ചം ക്ലീൻ പണ്ണിട്….” റൂമിൽ വില കുറഞ്ഞ ഏതോ സ്പ്രായയുടെ മടുപ്പിക്കുന്ന ഗന്ധം മൂക്കിനകത്തു തുളച്ചുകയറുമ്പോഴും അവളുടെ പിൻകഴുത്തിലെ വല്ലാത്തൊരു മനം മയക്കുന്ന ഗന്ധം പതിനഞ്ചു വർഷങ്ങൾക്കു ശേഷവും ഈ മുറിയിൽ തങ്ങിനിൽക്കുന്ന പോലെ…
പണിക്കെന്നും പറഞ്ഞു ലോഡ്ജിൽ നിന്നിറങ്ങിയിട്ട് ഇന്നാണ് ഇവിടെ കാലുകുത്തുന്നത്. അതും മറ്റൊരുവളുടെ ഭർത്താവും, അതിലൊരു കുഞ്ഞും ആയതിനു ശേഷം….
സത്യം പറഞ്ഞാൽ ഞാൻ കൃഷ്ണയെ സ്നേഹിച്ചിരുന്നോ…? ഇല്ല…അവളുടെ ശരീരം അത് വല്ലാതെ കീഴ്പ്പെടുത്തുന്ന ഒന്നായിരുന്നു. അവളുടെ മാറിടങ്ങളിൽ മുഖം മറയ്ക്കാൻ അവളിലെ ഓരോ അണുവും ആസ്വദിക്കാൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു. പക്ഷെ പണം അത് തീർന്നപ്പോൾ അവളെ ഇവിടെ ഉപേക്ഷിച്ചു കടന്നുകളയാനാണ് ഒരു തരി ദയ ഇല്ലാത്ത മനസ്സ് പറഞ്ഞത്.
നാട്ടിലെത്തിയപ്പോൾ കൃഷ്ണ എവിടെയോ ? ആർക്കും അറിയില്ലായിരുന്നു. ആരുടെ കൂടെപോയി ഒന്നുമാർക്കുമറിയില്ല. കുറച്ചുനാൾ വല്ലാത്തൊരുവീർപ്പുമുട്ടൽ ആയിരുന്നു. പക്ഷെ ജീവിതത്തിന്റെ കുഴിയിൽനിന്നും രക്ഷപെടാനുള്ള ഓട്ടത്തിൽ മനഃപൂർവ്വം അവളെ മറന്നു.
ജോലികിട്ടി ബോംബേക്കു പോയി രണ്ടുവർഷം കഴിഞ്ഞു നാട്ടിലെത്തിയപ്പോ ആരോ പറഞ്ഞറിഞ്ഞു, കൃഷ്ണേടെ ഭൂമിയിലെ ആകെപ്പാടെ ഉണ്ടായിരുന്ന സ്വന്തം അവളുടെ അച്ഛൻ, ആ അച്ഛനെ ഒരാഴ്ചയായി കാണാനില്ലെന്ന്…
ഒന്നിലും തലയിടാൻ നിന്നില്ല. ജീവിതം സ്വന്തം ജീവിതം തന്നെയാണ് വലുതെന്നു തോന്നി.
ഈയിടെ ഉറക്കം പോലുമില്ലാതവസ്ഥ. കൃഷ്ണ, അവൾക്കെന്തു സംഭവിച്ചിരിക്കും…? ഈ ചിന്ത ഉറക്കം കെടുത്താൻ തുടങ്ങിയപ്പോ ഇറങ്ങിതിരിച്ചതാണ്. ആരോട് തിരക്കും ഒന്നുമറിയില്ല. ജീവിച്ചിരിപ്പുണ്ടൊന്നു പോലുമറിയില്ല. അതോ ഏതെങ്കിലും വേശ്യാലയത്തിൽ…?
ഓർമ്മകൾ ചുട്ടുപൊള്ളിക്കുന്നു. വന്നിട്ട് ദിവസം രണ്ടുകഴിഞ്ഞു ആർക്കുമറിയില്ല. ലോഡ്ജിലെ പഴയ ആളുകളൊക്കെ മാറി. വന്നകാര്യം നടക്കാതെ തിരികെ പോകാൻ ഇറങ്ങുമ്പോഴാണ് പരിചയമുള്ള ശബ്ദം.
“എന്ന തമ്പി ആളിരുന്താലും ഇല്ലെനാലും റൂംസ് എല്ലാമേ ക്ലീൻ പണ്ണണംന്നു യെവളോ വാട്ടി സൊല്ലിര്ക്കു…”
“സോറി അക്ക ഇനി മേ കണ്ടിപ്പ സെയ്യരെൻ…”
“കൃഷ്ണാ….”
“വിശ്വം…? നീ…”
“കൃഷ്ണ നീ ഇവിടെ…?”
“പിന്നെ ? നീ എന്നെ ഇവിടെയല്ലേ വിശ്വ കൊണ്ടുവിട്ടത്. അപ്പൊ ഞാൻ ഇവിടെയല്ലേ വേണ്ടത്…?”
കൃഷ്ണ….
“മാപ്പ് പറയാനാണെങ്കിൽ വേണ്ട, ഒരുതരത്തിൽ നീ അന്ന് ചെയ്തതാണ് ശരി. തെരുവിൽ കൊണ്ട് കളഞ്ഞില്ലല്ലോ നീ എന്നെ…”
അതുകൊണ്ടാകും നീ പോയെന്നറിഞ്ഞു ഫാനിൽ ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ എന്നെ ഈ മനുഷ്യന് രക്ഷിക്കാൻ തോന്നിയതും കാര്യമെല്ലാം അറിഞ്ഞപ്പോ കൂടെ കൂട്ടിയതും.
നീ തന്ന ആഘാതത്തിൽ നിന്നും കര കയറാൻ നാളുകളെടുത്തു. ഈ മനുഷ്യന്റെ കുട്ടികളുടെ അമ്മയാണിന്നു. നാട്ടിന്നു അച്ഛനെ കൂട്ടീട്ടു വന്നു. പിന്നെ ഈ മനുഷ്യൻ, എന്റെ ഭർത്താവ് ആരെന്നറിയോ ? ഈ ലോഡ്ജിന്റെ ലോഡ്ജിന്റെ ഓണർ. ഇന്നും ഈ ലോഡ്ജ് ഒരു കാര്യോമില്ലാതെ നിർത്തിയേക്കുന്നതു നിന്റെ ചതിയുടെ ഓർമ്മയ്ക്കാണ്.
ദിനവും കേറി കേറിവരുന്ന കൃഷ്ണയെന്ന ചോദ്യത്തിനുത്തരം കിട്ടിയെങ്കിലും ചെയ്ത പാപത്തിന്റെ കറ എവിടെ കഴുകിക്കളയണം…?