ഞാൻ കൂടെയുണ്ട് – രചന: Unni K Parthan
നീലിമയെ കാണാൻ ഒരാള് വന്നിട്ടുണ്ട് ലോ…
ഓഫിസ് ക്യാബിനിൽ വന്നു അനിത
പറയുന്നത് കേട്ട് നീലിമ തിരിഞ്ഞു നോക്കി…
ഉവ്വോ…ആരാണാവോ…നീലിമ എഴുന്നേറ്റു പുറത്തേക്ക് നടന്നു. വിസിറ്റിംഗ് റൂമിൽ ചെല്ലുമ്പോൾ ഒരാൾ അവിടെ അവളെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു.
ആരാ…? നീലിമ ചോദിക്കുന്നത് കേട്ട് ഹരി തിരിഞ്ഞു നോക്കി.
ഞാൻ ഹരി…മാട്രിമോണിയിൽ പരസ്യം കണ്ട് വിളിച്ചത് ഞാനാണ്.
ഓ…വരുമെന്ന് പറഞ്ഞിരുന്നു എങ്കിലും ഓഫിസിൽ വരുമെന്ന് കരുതിയില്ല.
ഡിസ്റ്റർബ് ആയോ ഇവിടെ വന്നത്…?
ഹേയ്…ഇല്ല. നമുക്ക് പുറത്തേക്ക് പോയാലോ…ഇവിടെ ആണേൽ ഒന്നും സംസാരിക്കാൻ കഴിയില്ല. വിരോധം ഉണ്ടോ…നീലിമ ഹരിയെ നോക്കി ചോദിച്ചു.
ന്ത് വിരോധം…ഞാൻ എവിടെ ആയാലും ഓക്കേ ആണ്. ചിരിച്ചു കൊണ്ടു ഹരി പറഞ്ഞു. ങ്കിൽ അഞ്ചു മിനിറ്റ്. ഞാൻ സാറിനോട് ഒന്ന് പോയി പറഞ്ഞിട്ട് വരാം. അതും പറഞ്ഞു നീലിമ തിരിഞ്ഞു നടന്നു.
പോയാലോ…തിരികെ വന്നു നീലിമ ചോദിച്ചു. പോകാം…ഹരി പറഞ്ഞു. രണ്ടാളും മുന്നോട്ട് നടന്നു.
*******************************
എനിക്ക് ഹരിയോട് ഒരു കാര്യം പറയാൻ ഉണ്ട്. അടുത്തുള്ള പാർക്കിലേ കസേരയിൽ ഇരുന്നു. കുറച്ചു നേരത്തെ നിശബ്ദത മുറിച്ചു കൊണ്ടു നീലിമ പറഞ്ഞു. ന്തായാലും പറയാം…ഹരി പറഞ്ഞു.
ഞാൻ ഒരിക്കൽ ബലാത്‌സംഗത്തിനു ഇരയായിട്ടുണ്ട്. നീലിമയുടെ വെട്ടി തുറന്നുള്ള സംസാരം കേട്ട് വെട്ടി വിയർത്തു പോയി ഹരി.
ന്തേ ഒന്നും മിണ്ടാത്തെ…ഞാൻ പറഞ്ഞത് കേട്ടില്ലേ…നീലിമയുടെ ശബ്ദം വീണ്ടും അവനെ ഉണർത്തി. കുറച്ചു നേരം നീലിമയെ നോക്കി നിന്നു അവൻ. ഇരുനിറം ആണെങ്കിലും കാണാൻ ഐശ്വര്യം ഉള്ള മുഖമാണ്. എന്നാലും…ഹരി സ്വയം ചോദിച്ചു. പിന്നെ ഒന്നും മിണ്ടാതെ എഴുന്നേറ്റു തിരിഞ്ഞു നടന്നു. രണ്ടു മൂന്നു അടി മുന്നോട്ട് വെച്ചിട്ട് അവൻ തിരിഞ്ഞു നിന്നു.
തനിക്കു ആരേലും ഇഷ്ടമാണോ…ഹരി നീലിമയെ നോക്കി ചോദിച്ചു.
അതെന്താ അങ്ങനെ ചോദിച്ചത്…?
കല്യാണം മുടക്കാൻ നൂറായിരം കഥകൾ പറയാം. എന്നാലും സ്വന്തം ചാരിത്ര്യം കളഞ്ഞു വേണോ മുടക്കാൻ…ഇച്ചിരി കട്ടിയിൽ ആയിരുന്നു ഹരിയുടെ ചോദ്യം.
ഞാൻ ന്തിന് തന്നോട് നുണ പറയണം. എനിക്ക് ആരോടും പ്രേമം ഇല്ല…ഞാൻ പറഞ്ഞത് സത്യമാണ്. ഒരിക്കൽ പിച്ചി ചീന്തപ്പെട്ട ഒരു പെൺകുട്ടി ആണ് ഞാൻ…ശബ്ദം വല്ലാതെ ഇടറിയിരുന്നു നീലിമയുടെ…
എന്നേ കാണാൻ വരുന്ന ആദ്യത്തെ ആളാണ് ആണ് ഹരി. കേൾക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞാൻ പറയാം. ഹരിയുടെ വീട്ടുകാരും ന്റെ വീട്ടുകാരും ഇത് ഏകദേശം ഉറപിച്ചു എന്ന് എനിക്ക് തോന്നുന്നു. അത് കൊണ്ട് ഈ കൂടിക്കാഴ്ച കേവലം ഒരു ഫോർമാലിറ്റി ആയിട്ടേ എനിക്ക് ഫീൽ ചെയ്യുന്നത്. നീലിമ ഹരിയെ നോക്കി പറഞ്ഞു.
എനിക്ക് തോന്നുന്നില്ല അങ്ങനെ…ഇത് നടക്കുമെന്ന്…ഹരി പറഞ്ഞു.
ങ്കിൽ പിന്നേ ഞാൻ പറയേണ്ട കാര്യം ഇല്ലാലോ…നീലിമ തിരിഞ്ഞു നടന്നു.
കേൾക്കാൻ എനിക്ക് ആഗ്രഹം ഉണ്ട്…എങ്കിലോ…ഹരിയുടെ ശബ്ദം നീലിമയുടെ ഉള്ളിൽ എവിടെയോ ഒന്ന് തൊട്ടു. തിരിഞ്ഞു നിന്നു ഹരിയെ ഒന്ന് നോക്കി. ഹരി എന്നേ ചേർത്ത് പിടിക്കും. എന്ന് എന്റെ മനസ് പറയുന്നു. തിരിഞ്ഞു നിന്നു കൊണ്ട് നീലിമ പറഞ്ഞു.
അറിയില്ല…നോട്ടം പുറത്തേക്ക് പായിച്ചു ഹരി.
ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു സംഭവം. ട്യൂഷൻ വിട്ടു വീട്ടിലേക്ക് തിരിച്ചു വരും വഴി. നേരം ഒരുപാട് വൈകിയിരിന്നു. കൂട്ടായി വരാറുള്ള അനിയന് അന്ന് പനി ആയിരുന്നത് കൊണ്ട് സ്കൂളിൽ വന്നില്ല. നടന്നു പോകും വഴി പുറകിലൂടെ നടന്നു വന്ന ഒരാൾ എന്നേ അടിച്ചു വീഴ്ത്തി. അയ്യാളെ ഞാൻ അറിയുക പോലും ഇല്ല. ഓർമ എനിക്ക് നഷ്ട്ടമായി തുടങ്ങിയിരുന്നു. അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ അയ്യാൾ എന്നേ പിച്ചി ചീന്തി. ഒച്ച വെക്കാൻ പോലും ത്രാണി ഇല്ലാതെ ഞാൻ തേങ്ങി. ഒടുവിൽ അയ്യാൾ എഴുന്നേറ്റു പോയി…
അയ്യാളുടെ മുഖം പോലും എനിക്ക് ഓർമയില്ല. ഓർമ വരുമ്പോൾ ഞാൻ വീട്ടിലെ കട്ടിലിൽ കിടപ്പുണ്ട്. അമ്മ തലയിൽ തലോടി കൊണ്ട് ഇരിക്കുന്നു. അമ്മയുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. എല്ലാം അറിയാൻ ഞാൻ കുറച്ചു നിമിഷങ്ങൾ എടുത്തു. ഒടുവിൽ പൊട്ടികരഞ്ഞു കൊണ്ട് അമ്മ എന്നേ നെഞ്ചോട് ചേർത്ത് പിടിച്ചു. ആ കണ്ണിലേക്കു ഞാൻ നോക്കി ഞാൻ വിളിച്ചു..അമ്മേ…ഇനി ന്തിനാ അമ്മേ എനിക്ക് ഒരു ജന്മം…
ഇല്ല മോളേ…മോൾക്ക് ഒന്നും സംഭവിച്ചിട്ടില്ല. അമ്മ എന്നേ മാറോട് ചേർത്ത് കൊണ്ട് പറഞ്ഞു. ആ നെഞ്ചിലേ ചൂട് പറ്റി ഞാൻ കണ്ണുകൾ അടച്ചു.
കുറച്ചു നാളുകൾക്ക് ശേഷം എനിക്ക് മനസിലായി. ഞാൻ പിച്ചി ചീന്തപെട്ടത് ആരും അറിഞ്ഞിട്ടില്ല എന്ന്…കാരണം…വരാൻ നേരം വൈകിയ എന്നേ തേടി അമ്മ വന്നത് ഞാൻ കിടന്ന വഴിയിലൂടെ ആയിരുന്നു. എങ്ങനെയോ താങ്ങി പിടിച്ചു അമ്മ വീടെത്തിച്ചു എന്നു എനിക്ക് അറിയാൻ കഴിഞ്ഞു.
പിന്നീട്…അമ്മ ഇല്ലാതെ എനിക്ക് ഒരടി മുന്നോട്ട് വെക്കാൻ കഴിയില്ലായിരുന്നു. എവടെ പോണമെങ്കിലും അമ്മ വേണം. എല്ലാരേം എനിക്ക് പേടി ആയിരുന്നു. എന്നേ നശിപ്പിച്ച ആളുടെ മുഖം എനിക്ക് ഓർമ ഇല്ലാത്തത് കൊണ്ടാവണം ആൾക്കൂട്ടത്തിലെ ഓരോ മുഖവും എനിക്ക് പേടി ആയിരുന്നു.
പതിയെ പതിയെ…മനസ് കൈ വിട്ടു പോയി തുടങ്ങി. വിദേശത്തു ആയിരുന്ന അച്ഛൻ ജോലി റിസൈൻ ചെയ്തു നാട്ടിൽ വന്നു. ഒരുപാട് കൗണ്സിലിംഗ് നടത്തി, ഒരുപാട് ചികിത്സ നടത്തി. ഞാൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഒറ്റക്ക് പുറത്തു പോയി തുടങ്ങി. ജോലിക്ക് പോകാൻ തുടങ്ങി. ജീവിതം വീണ്ടും തിരിച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു ഞാൻ.
തികട്ടി വരുന്ന ഇന്നലെകളെ കണ്ണുകൾ ഇറുക്കി അടച്ചു. കൈകൾ കൂട്ടി പിടിച്ചു കൊണ്ടു തിരിച്ചു പറഞ്ഞയാക്കാൻ ശീലമാക്കാൻ തുടങ്ങി ഞാൻ. ഒരു വിവാഹം ജീവിതത്തിൽ ഇല്ല എന്ന് തന്നെ ഞാൻ തീരുമാനം എടുത്തു. അച്ഛനും അമ്മയ്ക്കും ഒരിക്കലും അത് അംഗീകരിക്കാൻ കഴിഞ്ഞില്ല.
മോൾക്ക് ഒന്നും ഇല്ല…ഇരുവരും എന്നേ ചേർത്ത് പിടിച്ചു പറയും. എന്നാലും വിവാഹം എന്നുള്ള സമസ്യാ…അത് എനിക്ക് മുന്നിൽ ചോദ്യചിഹ്നമായി നിൽക്കാൻ തുടങ്ങി. വേണ്ടാ വേണ്ടാ എന്നു ഞാൻ പറഞ്ഞത് കേട്ട് ഒരു ദിവസം അച്ഛന് ഒരുപാട് ദേഷ്യം വന്നു. പെട്ടന്ന് ആളു കുഴഞ്ഞു വീണു. ഹോസ്പിറ്റലിൽ എത്തിച്ചു. ജീവൻ തിരിച്ചു കിട്ടി…
പക്ഷേ…ഇനി ഒരിക്കൽ കൂടി അച്ഛന് അങ്ങനെ ഉണ്ടായാൽ…പിന്നേ അച്ഛൻ ഈ ഭൂമിയിൽ ഉണ്ടാവില്ല എന്നുള്ള ഡോക്ടറുടെ മറുപടി. അത് തളർത്തിയത്…ന്റെ തീരുമാനത്തെ ആയിരുന്നു. ഞാൻ പതിയെ അയഞ്ഞു തുടങ്ങി. അങ്ങനെ ആണ് അച്ഛൻ മാട്രിമോണിയിൽ കണ്ട ഈ ആലോചനയുമായി എന്റെ അടുത്ത് വന്നത്. അച്ഛന് അടുത്തു അറിയാവുന്ന പയ്യൻ. ഇത് നമുക്ക് നടത്താം എന്നുള്ള അച്ഛന്റെ സംസാരം….പാതിയിൽ നിർത്തി ഹരിയെ നോക്കി നീലിമ.
ഞാൻ ഒരിക്കൽ പിച്ചി ചീന്തി എറിയപെട്ടവൾ ആണ്. അത് ഹരി അറിയുക തന്നെ വേണം. എല്ലാം അറിഞ്ഞിട്ടേ ഹരി ഇവിടന്ന് പോകാവൂ എന്നൊരു ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. ഇനി തീരുമാനിക്കാം ഹരിക്ക്…നീലിമ ഹരിയേ നോക്കി ഒരു നിമിഷം നിന്നു…ഒന്നും മിണ്ടാതെ ഹരി തിരിഞ്ഞു നടന്നു…
********************************
ന്തിനാ ഹരി കാണണമെന്ന് പറഞ്ഞത്…കടൽകരയിലെ തിരമാലകളെ നോക്കി ഇരിക്കുമ്പോൾ നീലിമ ചോദിക്കുന്നത് കേട്ട് ഹരി തിരിഞ്ഞു നോക്കി.
ഞാൻ കെട്ടിയാലോ നിന്നേ…ചിരിച്ചു കൊണ്ട് ഹരി ചോദിച്ചു.
അത്രേം വേണോ ഹരി…ഒന്നുടെ ഒന്ന് ആലോചിച്ചിട്ട് പോരെ.
നമ്മൾ കണ്ടു പിരിഞ്ഞിട്ട് ഇപ്പോൾ എത്ര നാളായി
രണ്ടാഴ്ച ആയിക്കാണും…നീലിമ പറഞ്ഞു.
ഈ രണ്ടാഴ്ച നല്ലൊരു കാലയളവ് ആണ്. ചില തീരുമാനങ്ങൾ എടുക്കാൻ…എടുക്കുന്ന തീരുമാനങ്ങൾ തെറ്റരുത് എന്നൊരു ആഗ്രഹം ഉണ്ട് എനിക്ക്…അതുകൊണ്ട് മനസിനോട് പലവുരു ചോദിച്ചു ഞാൻ…
എന്നിട്ട് ന്ത് പറഞ്ഞു ആ മനസ്…
കൂടെ കൂട്ടിക്കോളാൻ പറഞ്ഞു.
പിന്നീട് പശ്ചാത്തപിക്കേണ്ടി വരരുത്…നീലിമ പറഞ്ഞു…കാരണം…ഇപ്പോൾ തോന്നുന്ന ഈ സഹതാപം അത് മാറാൻ അധികം സമയമൊന്നും വേണ്ടാ…
സഹതാപം ഒന്നുമല്ല പെണ്ണേ…ശരിക്കും ഇഷ്ടമായത് കൊണ്ട് തന്നെ ആണ് പറഞ്ഞത്…തുറന്നു പറയാതെ വേണേൽ നിനക്ക് എളുപ്പം എന്നേ കൂടെ കൂട്ടമായിരുന്നു നിനക്ക്. പക്ഷേ അത് നീ ചെയ്തില്ല. മാത്രമല്ല…അറിവില്ലാത്ത പ്രായത്തിൽ നീ പോലും അറിയാത്ത, മുഖം പോലും ഇല്ലാത്ത ഒരാൾ…ആ മുഖം നമുക്ക് അറിയാത്തിടത്തോളം കാലം..ഓർമ്മകൾ നമ്മളെ വേട്ടയാടില്ല…മാത്രമല്ല…എല്ലാം നല്ലതിന് എന്നോർത്ത്…
നീലിമയുടെ കയ്യിൽ പിടിച്ചു ഹരി പറയുമ്പോൾ…കണ്ണുകൾ നിറഞ്ഞിരുന്നു നീലിമയുടെ…തിരമാലകൾ ഇരുവരെയും പുൽകി കടന്നു പോയി.
*********************************
വർഷങ്ങൾക്ക് ശേഷം….ജീവിതത്തിൽ ഏതൊരു മനുഷ്യന്റെയും മുന്നിൽ ഒരിക്കൽ ദൈവം പ്രത്യക്ഷപെടും. എന്റെ മുന്നിൽ പ്രത്യക്ഷപെട്ട..എന്റെ ദൈവം ആണ്…എന്റെ ഹരി…
നിങ്ങൾ ചോദിച്ചില്ലേ…ഒരു സ്ത്രീ എങ്ങനെ ഇത്രയും വലിയ ഒരു ബിസിനസ് സാമ്രാജ്യം വെട്ടി പിടിച്ചു എന്ന്…അതിനുള്ള ഉത്തരം ആണ് ന്റെ ഈ പാതി.
നിറഞ്ഞു കവിഞ്ഞ സദസ്സിലെ കരഘോഷം സാക്ഷി നിർത്തി നീലിമ പറയുമ്പോൾ വേദിയിലേക്ക് പതിയെ നടന്നു കയറി ഹരി.