രചന: ഗായത്രി ശ്രീകുമാർ
ബാംഗ്ലൂരിലെ തിരക്കേറിയ സായാഹ്നത്തിലൂടെ ഒറ്റക്ക് നടക്കുമ്പോഴാണ് അവളെ വീണ്ടും കണ്ടത്. രേവതി…ഒന്നുകൂടി നോക്കി. അതെ…അവൾ തന്നെ…
മാറത്തു പറ്റിച്ചേർന്നുറങ്ങുന്ന കുഞ്ഞിനെ ഉണർത്താതെ അവൾ കാറിൻ്റെ ഡോർ തുറന്നു. രേവതി ഒത്തിരി മാറിപ്പോയി…മുടിയുടെ ഉള്ളൊക്കെക്കുറഞ്ഞു. മുഖത്ത് വലിയ കണ്ണട…കുറച്ചു നിറം വച്ചിട്ടുണ്ട്.
അടുത്ത നിമിഷം തന്നെ ഒരു പുരുഷനും വണ്ടിയ്ക്ക് പുറത്തേക്കു വന്നു. ഭർത്താവാകണം…അയ്യാളെ കണ്ടപ്പോൾ അഭിയുടെ ഹൃദയത്തിൽ ഒരു നോവ്. അന്ന് പ്രണയം അവസാനിപ്പിച്ച് യാത്ര പറഞ്ഞ് പോയപ്പോൾ പോലും ഉണ്ടാവാത്ത വേദന ഇന്നെന്തിനാണെന്നന്ന് മനസ്സിലാവുന്നില്ല.
പോയി സംസാരിക്കണമെന്നുണ്ട്…പക്ഷേ ഒരു ധൈര്യക്കുറവ്…രേവതിയുടെ പ്രതികരണം അറിയില്ല. അവൾ ചിലപ്പോൾ തന്നെ അറിയില്ലെന്നു പോലും പറഞ്ഞേക്കാം…പറഞ്ഞ നേരം കൊണ്ട് അവരും തിടുക്കപ്പെട്ട് പോയിക്കഴിഞ്ഞു.
അഭി സ്വന്തം ഫ്ളാറ്റിലേക്കും തിരിച്ചു…ക്ഷീണം ഉണ്ടെങ്കിലും അന്നു രാത്രി അതൊന്നും അവനെ അലട്ടിയില്ല. ചിന്തകളിൽ മുഴുവൻ രേവതിയുടെ മുഖം മിന്നി നിന്നു.
മൂന്ന് വർഷം മാത്രം ആയുസ്സുള്ള കോളേജ് പ്രണയം ആയിരിക്കില്ലെന്ന് ഉറപ്പിച്ചാണ് ഇരുവരും അടുത്തത്. പുച്ഛിച്ചവരേയൊക്കെ വെല്ലുവിളിച്ചു….പക്ഷേ അവസാന നാളുകളിൽ അവളും പറഞ്ഞു തുടങ്ങി ഓരോന്ന്….
സമപ്രായം…തൊട്ടിളയ അനിയത്തി. ഇതിനെയൊക്കെ ഓർത്തുള്ള ആവലാതികൾ പങ്കുവയ്ക്കലായിരുന്നു എപ്പോഴും…അഭി ഒരു സാധാരണ കുടുംബത്തിലെ മകനാണ്. അവനും ജീവിതത്തിൽ ഉയരാൻ സമയം വേണ്ടിയിരുന്നു. അന്നത്തെ ചോരത്തിളപ്പിൽ പോകുന്നെങ്കിൽ പൊക്കോളാൻ പറഞ്ഞു അവളോട്…
വലിയൊരു ആശ്വാസത്തിൽ അവൾ നടന്നു നീങ്ങിയപ്പോൾ അപ്രതീക്ഷിതമായി ഒന്നും ഉണ്ടാവാത്ത പോലെ ആയിരുന്നു. എവിടെയൊക്കെയോ ഒരു വാശിയും…പിന്നീട് അവളെക്കുറിച്ച് തിരക്കിയെങ്കിലും ആർക്കുമൊന്നും അറിയില്ലായിരുന്നു. നമ്പറും മാറ്റിക്കളഞ്ഞു…
നീണ്ട ഏഴ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ ഗൾഫ് ജീവിതം. ഇപ്പോൾ ബാംഗ്ലൂർ…ഇടയ്ക്കൊക്കെ മാത്രം അവളെ ഓർത്തിരുന്നു. പിന്നീട് തിരക്കുകൾക്കിടയിൽ ആ ഓർമകൾക്ക് കനം കുറഞ്ഞു വന്നു…ഇന്ന് അവളെ വീണ്ടും കണ്ടു.
രേവതിയോട് സംസാരിക്കാനുള്ള ആഗ്രഹത്തോടെയാണ് പിറ്റേന്ന് അഭി ഉണർന്നത്. അവളെ വീണ്ടും കണ്ടെങ്കിലെന്ന് അവനു തോന്നി. കാണുന്നിടത്തു മുഴുവൻ കണ്ണുകൾ അവൾക്കായി പരതി. ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടു കിട്ടിയില്ല. ആ വണ്ടി നമ്പറും ഓർമയില്ല.
അന്നു രാത്രി ഷോപ്പിങ് മാളിൽ വച്ചാണ് ഒരു പിൻവിളി കേട്ടത്…തിരിഞ്ഞു നോക്കിയപ്പോൾ രേവതി ചിരിച്ചു കൊണ്ട് നിൽക്കുന്നു. “എന്താടോ ഇവിടെ…?” പെട്ടെന്നുള്ള ചോദ്യം വിശേഷങ്ങൾ തിരക്കുന്നതിനിടയിലും അവളുടെ ചിരി ചുണ്ടിൽ മാത്രമായിരുന്നു.
കണ്ണിൽ ഒളിച്ചിരുന്ന വിങ്ങലുകൾ അഭിയ്ക്ക് അറിയുന്നുണ്ട്. “ഭർത്താവും കുഞ്ഞുമെവിടെ…?” അവൻ്റെ ചോദ്യം അവളെ അത്ഭുതപ്പെടുത്തി. ഇന്നും രേവതി അവിവാഹിതയാണെന്ന് ഒരു ഞെട്ടലോടെ അവനറിഞ്ഞു.
താൻ കണ്ടത് രേവതിയുടെ അനിയത്തിയുടെ കുഞ്ഞിനെയും ഭർത്താവിനെയുമാണ്. ബാംഗ്ലൂരിൽ സെറ്റിലായ അവരെക്കാണാൻ എത്തിയതാണ് അവൾ. വിവാഹം എന്തേ ആകാഞ്ഞത് എന്ന് ചോദിച്ചപ്പോൾ ചൊവ്വാദോഷക്കാരിക്ക് ചെക്കനെ കിട്ടാൻ പ്രയാസമാണെന്ന് അറിയില്ലേയെന്ന് മറു ചോദ്യം.
വിവാഹാലോചനകൾ വന്നു തുടങ്ങിയപ്പോഴാണ് ജാതകം കുറിച്ചത്. പിന്നെ മുഴുവൻ പ്രശ്നങ്ങളായിരുന്നു. അവളുടെ അച്ഛൻ മരിച്ചു…കുടുംബം പുലർത്താൻ ഒരു ജോലി ആവശ്യമായി വന്നു. പിന്നീട് അമ്മയെയും അനിയത്തിയെയും നോക്കാൻ കെല്പുള്ള പെണ്ണായി മാറിയ രേവതിയുടെ സ്വരം ദൃഢമായിരുന്നു. താൻ കാരണം അനിയത്തിയുടെ വിവാഹം വൈകരുതെന്ന് കരുതി രണ്ട് വർഷം മുമ്പ് അവളുടെ വിവാഹം നടത്തി….
“ജാതകം പ്രശ്നമല്ലാത്ത ഒരാളെ സ്വയം തെരഞ്ഞെടുക്കാമായിരുന്നില്ലേ…” അവൻ ഒടുവിൽ ചോദിച്ചു.
“പ്രണയിക്കാനോ…? അതിനൊന്നും സമയമേ ഇല്ലായിരുന്നു. അത്രയും കടമകൾ.” അവളുടെ പക്വത അഭിയിൽ വലിയ ബഹുമാനം ഉണ്ടാക്കി. “ഞാൻ നാളെപ്പോവും.” അവൾ മൗനം മുറിച്ചു കൊണ്ട് പറഞ്ഞു.
“അല്ല…നീയെന്താ വിവാഹം കഴിക്കാഞ്ഞത്…?” ആദ്യം മുതൽ ചോദിക്കാൻ വെമ്പി നിന്ന കാര്യം രേവതിയുടെ ചുണ്ടിൽ നിന്നു പുറത്തു വന്നു.
“എനിക്കും നിന്നെപ്പോലെ ചൊവ്വാദോഷമുണ്ട്. അപ്പോ ഒരു ചൊവ്വാദോഷക്കാരിയെ തേടി നടക്കുകയായിരുന്നു ഇത്ര കാലം.”
“തമാശ വിടൂ അഭീ…” അവൾ ശാസിച്ചു.
“നോക്കൂ രേവതി, ഇന്നെനിക്കും നിനക്കും നല്ല ജോലിയുണ്ട്. പ്രായത്തിനൊത്ത പക്വതയും. ഒരു വിവാഹ ജീവിതത്തിൽ ആവശ്യം അതാണ്…” അഭി ഒറ്റ ശ്വാസത്തിൽ പറഞ്ഞു.”
“അപ്പോ ജാതകം..?”
“മനപ്പൊരുത്തം തന്നെയാണ് വലിയ പൊരുത്തം.” അഭി രേവതിയുടെ കൈ പിടിച്ചു. അവളുടെ കണ്ണുകൾ അപ്പോഴേക്കും നീരു പൊഴിച്ചു തുടങ്ങിയിരുന്നു. പക്ഷേ അതു തുടയക്കാനുള്ള തൂവാലയുമായി അന്നു മുതൽ അഭിയുമുണ്ടായിരുന്നു.