ലേഖ – രചന :അമൃത അജയൻ
നമ്മൾ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് മൂന്ന് വർഷം. ലേഖ നീയോർക്കുന്നുണ്ടോ…?
ബാൽക്കണിയിൽ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന ലേഖയോട് ആനന്ദിന്റെ ചോദ്യം വന്നു. ഉണ്ടെന്നോ ഇല്ലെന്നോ അവൾ പറഞ്ഞില്ല. പകരം നേർത്തൊരു പുഞ്ചിരി ആ ചുണ്ടുകളിൽ വിരിഞ്ഞു.
മാമരങ്ങളിലെ ശീതക്കാറ്റേറ്റ് അവളുടെ സിൽക്ക് മുടി പാറി പറന്നു. സ്ലീവ് ലെസ് ഗൗണിനുള്ളിലെ മുഴച്ചു നിൽക്കുന്ന അഴകളവുകളിലേക്ക് വീണ്ടും ആനന്ദിന്റെ കണ്ണുകൾ കുസൃതിയോടെ പാഞ്ഞു.
അൽപ്പം മുൻപ് അതെല്ലാം തന്റെ കൈകളിൽ ഒരു കളിക്കോപ്പു പോലെ…ആ ഓർമയിൽ അയാളുടെ സിരകൾ വീണ്ടും ചുടു പിടിച്ചു. അയാൾ അവൾക്കടുത്തേക്ക് നീങ്ങി നിന്നു, തോളിലൂടെയിട്ട കൈകൾ അവളുടെ മാറിടത്തിൽ വികൃതി കാട്ടാൻ തുടങ്ങിയപ്പോൾ അവളൊന്നു നെടുവീർപ്പിട്ടു.
മതി ആനന്ദ്….ആ ശബ്ദത്തിന് അവന്റെ കൈകളെ നിശ്ചലമാക്കാനുള്ള ശക്തിയുണ്ടായിരുന്നു.
ക്രുവൽ…അവനാരോടെന്നില്ലാതെ മന്ത്രിച്ചു. “യെസ് ആനന്ദ്…ആം വെരി ക്രുവൽ, വെരി വെരി ക്രുവൽ….” അവൾ കിതപ്പോടെ പറഞ്ഞു. അവൻ നിസഹായനായി അവളെ നോക്കി.
ആനന്ദ് പൊയ്ക്കോളു…എന്റെ മകൻ സ്കൂളിൽ നിന്ന് വരാറായി…
ലേഖാ, ഇന്ന് നീ ഞാൻ പറയുന്നത് മനസിരുത്തി കേൾക്കണം…അവന്റെ ശബ്ദത്തിൽ അധികാരത്തിന്റെ ധ്വനിയുണ്ടായിരുന്നു. അവൾ അയാളെയൊന്ന് പാളി നോക്കി.
മുറ്റത്ത് പരന്ന് കിടക്കുന്ന വെയിലിന്റെ കാഠിന്യം കുറഞ്ഞു തുടങ്ങിയിരുന്നു. മേൽച്ചുണ്ടിൽ പറ്റിപ്പിടിച്ചിരുന്ന വിയർപ്പുകണം കൈപ്പത്തിയുടെ പുറം കൊണ്ട് അമർത്തി തുടച്ചു കൊണ്ട് ലേഖ അവന്റെ നേർക്ക് തിരിഞ്ഞു…
ആനന്ദ് പറയാൻ പോകുന്നത് എനിക്കറിയാം. തനിക്ക് എന്നെ വിവാഹം ചെയ്യണം. ആ ആവശ്യത്തിന് മുന്നിൽ എനിക്കൊരൊറ്റ ഉത്തരമേയുള്ളു. നോ…നോ എന്നൊരുത്തരം മാത്രം. പിന്നെ കുറച്ച് മുൻപ് എന്റെ ബെഡ്രൂമിൽ തനിക്ക് കിട്ടിയ ഒരു മണിക്കൂറിന്റെ അധികാരത്തിൽ എന്നെ ബന്ധിക്കാമെന്നാണെങ്കിൽ ആനന്ദിന് തെറ്റി.
ലേഖാ..നീയെന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. എന്നെ നീ ഇങ്ങനെയൊക്കെയാണോ മനസിലാക്കിയിരിക്കുന്നത്.
ആയിരിക്കാം ആനന്ദ്…ഏഴെട്ട് വർഷം മുൻപ് ഒരുത്തനെ വിശ്വസിച്ച് കഴുത്ത് നീട്ടിക്കൊടുത്തിട്ടുണ്ട്. ബെഡ് റൂമിൽ അയാൾ കാട്ടിയ ക്രൂരതകളൊക്കെ സ്നേഹം കൊണ്ടാണെന്ന് കരുതി സഹിക്കാനും ക്ഷമിക്കാനും വരെ ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കൽ…ഒരിക്കൽ ഞാൻ കണ്ടു ആ നീചന്റെ യഥാർത്ത മുഖം. അയാളുടെ കാമം ബെഡിൽ ഉറങ്ങിക്കിടക്കുന്ന നാലു വയസുള്ള സ്വന്തം മകനിൽ തീർക്കാൻ ശ്രമിച്ചപ്പോൾ…
അവളുടെ കണ്ണുകൾ ആ ഓർമയിൽ ജ്വലിച്ചു. ആനന്ദ് നിശ്ചലനായി നിന്നു. വാക്കുകൾ അയാളുടെ തൊണ്ടയിലെവിടെയോ തടഞ്ഞു. അവൾ തിരിഞ്ഞ് അകത്തേക്ക് നടന്നു.
“പോലീസിലേൽപ്പിക്കാമായിരുന്നു…” അവളെ പിൻതുടരവെ ആനന്ദ് പറഞ്ഞു.
എൽപിച്ചേനേ…അതിന് മുൻപ് അയാൾ മരിച്ചു പോയി. തേനി റൂട്ടിൽ വച്ച് ഒരാക്സിഡന്റിൽ…ഒരു തമിഴന്റെ ലോറി അയാളെ ഇടിച്ചു തെറിപ്പിച്ചു. ഹാങ്കറിൽ നിന്ന് അയാളുടെ ഷർട്ട് എടുത്തു കൊടുത്തുകൊണ്ട് അവൾ പറഞ്ഞു. അയാൾ നിശബ്ദനായി.
ആനന്ദ്…അവൾ നേർപ്പിച്ചു വിളിച്ചു. അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് പതിച്ചു. കുറച്ച് മുൻപ് ഇവിടെ സംഭവിച്ചത് എന്റെ ഒരു നിമിഷത്തെ ചാപല്ല്യമാണ്. മൂന്ന് നാല് വർഷങ്ങർക്ക് ശേഷം ഒരു പുരുഷന്റെ കൂടെ…
വിവാഹ മോചിതയോ വിധവയോ ആയ ഒരു സ്ത്രി മക്കൾക്ക് വേണ്ടി വികാരങ്ങളൊക്കെ അടക്കിപിടിച്ച് ജീവിച്ചോണം എന്ന് കൽപ്പിച്ചിരിക്കുന്ന ഒരു വൃത്തികെട്ട സമൂഹമാണ് നമ്മുടേത്…അല്ലെങ്കിൽ പിന്നെ ഇനിയും അവളേതെങ്കിലുമൊരുത്തന്റെ വിഴുപ്പ് അലക്കണം. അരക്കെട്ടിൽ പൊടിയുന്ന വിയർപ്പുതുള്ളിക്ക് താലിച്ചരടിന്റെ ബന്ധനം വേണമത്രേ…അവൾ പുച്ഛത്തോടെ ചിരിച്ചു.
പക്ഷെ ആനന്ദ് ഒരു കാര്യമുണ്ട്. എന്റെ ഒരാഗ്രഹങ്ങൾക്കും വേണ്ടി എന്റെ മകനെ ഞാൻ ബലിയാടാക്കില്ല. അതിനു വേണ്ടിയായിരുന്നില്ല അവനെയും മാറോടണച്ച് ഞാനാ വീടിന്റെ പടിയിറങ്ങിയത്. എന്റെ ജീവിത ലക്ഷ്യം അവനാണ്. അവൻ മാത്രം…അവിടേക്കിനി മറ്റൊരാൾക്ക് പ്രവേശനമില്ല…അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
ബെഡിന് നേർക്ക് ഡ്രെസിംഗ് ടേബിളിലിരുന്ന ഫോൺ പോക്കറ്റിലേക്ക് വച്ച് ആനന്ദ് ലേഖയെ നോക്കി പുഞ്ചിരിച്ചു. ശരി, നിന്റെയിഷ്ടം.
പക്ഷെ ഒന്നുണ്ട് ലേഖ…നിന്റെ മകൻ എന്റെയും മകനാണ്. ലോകത്തിലെല്ലാ പുരുഷന്മാരും ഒരുപോലെയാണെന്ന് നീ തെറ്റിദ്ധരിക്കരുത്.
അതിനവൾ മറുപടി നൽകിയില്ല. അയാൾക്ക് പിന്നാലെ ചെന്ന് അവൾ ഡോർ തുറന്നു കൊടുത്തു. അവളുടെ നെറ്റിയിൽ അയാൾ ഒരു ചുംബനം കൂടി സമ്മാനിച്ചു.
ആനന്ദ് ഇനിയെന്നാ കോയമ്പത്തൂർക്ക്…? സെവന്തിന്…വരുന്ന ഫ്രൈഡേ….
മറ്റന്നാൾ കഴിഞ്ഞ് അല്ലെ…? അവൾ ചോദിച്ചു. അതെ….തിരിച്ചു വന്നിട്ട് ഞാൻ വരാം. അവന്റെ കണ്ണിൽ കുസൃതി നിറഞ്ഞു. അവളൊന്നു പുഞ്ചിരിച്ചു.
ഫ്ലാറ്റിന്റെ ഇടനാഴിയിലൂടെ നടന്നകലുമ്പോൾ അയാൾ പോക്കറ്റിലിരുന്ന ഫോണിലൊന്നു തൊട്ടു….
നീയോ നിന്റെ മകനോ ഒന്നും എന്റെ വിഷയമല്ല ലേഖാ…പക്ഷെ നിന്റെ കണക്കില്ലാത്ത സ്വത്ത്, അത് എനിക്ക് വേണം. അതിനുള്ളത് ഇപ്പോളീ ഫോണിലുണ്ട്. ഇനി നിനക്കെന്നെ വിവാഹം ചെയ്യാതിരിക്കാനാവില്ല ലേഖ…ഇതിനു വേണ്ടി തന്നെയാണ് ഈ മൂന്നു വർഷം നിന്റെ വിശ്വസ്ഥനായ സുഹൃത്തായി ഞാൻ നിന്നതും…
അയാൾ മനസിൽ ഊറിച്ചിരിച്ചുകൊണ്ട് നടക്കവെ പിന്നിൽ ലേഖ മഹേശ്വർ ബിഎ, എൽഎൽബി എന്ന ബോർഡ് അയാളെ നോക്കി പല്ലിളിച്ചു. അകത്ത് ചുളുങ്ങിക്കിടന്ന ബെഡിലേക്ക് ലേഖ സാകൂതം നോക്കി. പിന്നെ ടീപ്പോയിൽ നിന്ന് ഫോണെടുത്ത് ആരുടെയോ നമ്പറിലേക്ക് വാട്സപ്പ് ചെയ്തു. KL * * * *കോയമ്പത്തൂർ റൂട്ട്, 7/3/ 2020, ഫ്രൈഡേ…ഒപ്പം ആനന്ദിന്റെ ഒരു ഫോട്ടോയും അയച്ചു കൊടുത്തു.
അപ്പോൾ ആ ചോര കിനിഞ്ഞ ചുണ്ടിൽ വിടർന്ന പുഞ്ചിരിക്ക് മൂന്ന് വർഷം മുൻപത്തെ പഴക്കം തോന്നിച്ചു. അന്നത്തെ അതേ കൊല്ലുന്ന ചിരി.
ക്ലോക്കിൽ നാലടിച്ചു…ഫോൺ ടീപ്പോയിലേക്ക് വെച്ച് അവൾ ബെഡ്ഷീറ്റ് വലിച്ചെടുത്തു. പിന്നെ അണിഞ്ഞിരുന്ന ഗൗണും വലിച്ചൂരി നഗ്നയായി അവൾ ബാത്ത് റൂമിലേക്ക് നടക്കുമ്പോൾ അടഞ്ഞ് കിടന്ന ജനാല തുറന്നിടാൻ മറന്നില്ല.
മകൻ വരാറായി…അതിന് മുൻപ് എല്ലാം കഴുകി വൃത്തിയാക്കണം. അവന്റെ ദേഹത്ത് ആരുടേയും വിയർപ്പ് പുരളാൻ പാടില്ല…ഒരു മൂളിപ്പാട്ടോടെ അവൾ ബാത്ത് റൂമിന്റെ ഡോറടച്ചു….
ഒരു നനുത്ത കാറ്റ് ജാലകം കടന്നു ആ കിടക്കയിൽ നിദ്ര കൊണ്ടു…